കോവിഡ് കാലത്ത് അടഞ്ഞുപോയ വീടകത്തിൽ തളയ്്ക്കപ്പെട്ട ഒറ്റപ്പെടലിൽ ചായക്കൂട്ടുകൾ കൊണ്ട് വിസ്മയം തീർക്കുകയായിരുന്നു സാലിഹ തസ്‌നി. ജീവനുള്ള ചിത്രങ്ങൾ കൊണ്ട് ചിത്ര കലാ രംഗത്ത് സർഗാത്മകമായ വൈഭവം തെളിയിച്ചു തന്റെ നൈപുണ്യം വാനോളം ഉയർത്തുകയാണ് സാലിഹാ തസ്‌നി. നാല് ചുവരുകൾക്കുള്ളിൽ തളച്ചിടുന്ന യൗവനത്തെ ഭാവനയുടെ അത്ഭുത പ്രപഞ്ചത്തിന്റെ വിഹായസിലേക്ക് മാസ്മരികമായ ഉൾക്കാഴ്ചയിൽ നിന്നും തന്റെ ചായക്കൂട്ടുകളിൽ നിന്നും വിരിയുന്ന ചിത്രങ്ങൾക്ക് രൂപ കൽപ്പന ചെയ്യുമ്പോൾ ആത്മാവ് കൂടി സൃഷ്ടിച്ചെടുക്കുകയാണ് ഈ കൊച്ചു കലാകാരി.
കടലാസ് കഷ്ണങ്ങളിൽ വെറുതെ കോറിയിട്ടു തുടങ്ങിയ വരകൾ മൂന്നു ദിവസം കൊണ്ട് ഒരു വലിയ കലാ സൃഷ്ടിയായി പരിണമിക്കുകയായിരുന്നു. പ്രകൃതിയെയും മറ്റു ജീവ ജാലകങ്ങളെയും അവയ്ക്ക് ജീവൻ നൽകുന്നതിനപ്പുറം ചരിത്രത്തിൽ ഇടം നേടിയ പതിനേഴു പ്രമുഖ വ്യക്തിത്വങ്ങളെ അവരുടെ അസ്തിത്വത്തെ വെല്ലുന്ന സാലിഹ തസ്‌നിയുടെ രചനാത്മകമായ കഴിവിനെ കണ്ടെത്താൻ ബുക്ക് ഓഫ് റിക്കോഡ് അധികൃതർക്ക് കൂടുതൽ പ്രയാസമുണ്ടാക്കിയിട്ടില്ല.

സർഗാത്മകമായ കഴിവുകൾ കൊണ്ട് നിരവധി ആളുകൾ വിവിധ മേഖലകളിൽ തിളങ്ങുന്നതും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതും പലപ്പോഴും വാർത്തയാകുന്ന ഈ വർത്തമാന കാലത്ത് തീർത്തും വ്യത്യസ്തമായ ശൈലിയിൽ സാലിഹ തസ്‌നി തന്റെ വരകളിൽ ചാരുത തീർക്കുകയാണ്.
പെൻസിലുകൾ ഉപയോഗിച്ച് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരക്കുന്നതിലൂടെ പ്രേക്ഷകരുടെ കണ്ണും മനസ്സും കവർന്നു ദേശാന്തരങ്ങളിലൂടെ യശസ്സുയർത്തി തസ്‌നി ഇപ്പോൾ താരമാവുകയാണ്. നെഹ്റു വിന്റെയും എ പി ജെ അബ്ദുൽ കലാമിന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മാത്രമല്ല സിനിമാ രംഗത്തെ യുവ തുർക്കികകളുടെയും, സ്‌പോർട്‌സ് രംഗത്തെ പ്രമുഖരുടെയും വെറും ഒരു പടങ്ങളായിരുന്നില്ല വരച്ചു കൂട്ടിയത്. അതിനപ്പുറം ചലനാത്മകമായ വർണ്ണ പൊലിമ നില നിറുത്തുന്നതോടൊപ്പം ചിത്ര രചനയിൽ വലിയ വാതായനങ്ങൾ തുറക്കുവാനുള്ള ആഗ്രഹത്തിലും പരിശ്രമത്തിലുമാണെന്നും ഇപ്പോൾ തന്നെ തേടിയെത്തിയ ഈ അംഗീകാരം കൂടുതൽ പ്രചോദനം നൽകുന്നതായും സാലിഹ തസ്‌നി വിശ്വസിക്കുന്നു.

പെരിന്തൽമണ്ണ താഴേക്കോട് കളക്കണ്ടൻ അബ്ദുൽ കരീം- സുലൈഖ ദമ്പതികളുടെ മകളായ സാലിഹ തസ്‌നി, പി ടി എം ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ടാം വർഷ ഹുമാനിറ്റീസ് വിദ്യാർത്ഥിയാണ്. കോവിഡ് കാലത്ത് മൂന്നു ദിവസം കൊണ്ട് പതിനേഴ് പ്രമുഖരുടെ ചിത്രങ്ങൾ വരച്ചാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ അംഗീകാരം നേടിയത്.

തന്റെ മനസ്സിനെയും സ്വപ്‌നങ്ങളെയും വർണാഭമാക്കാൻ പെൻസിലും സി ഡി മാർക്കറും ഉപയോഗിച്ചുള്ള സ്‌റ്റെൻസിൽ ആർട്ടുമായി സല്ലപിച്ചു തുടങ്ങിയതോടെ തന്റെ രക്ഷിതാക്കളും കുടുംബവും അധ്യാപകരും ശക്തമായ പിന്തുണ നൽകി ഏറ്റെടുക്കുകയും അതിലൂടെ തന്റെ വരയുടെ ലോകം വീണ്ടെടുക്കുകയുമായിരുന്നു.






