1992 ഡിസംബർ 6 ഞായറാഴ്ച.ഒരു സാധാരണദിവസം. അത് ചരിത്രപ്രധാനമായി. ഡൽഹി ദൂരദർശനിൽ നിന്ന് അയോദ്ധ്യയിലെ കർസേവകരുടെ കവറേജിന് വാർത്താ വിഭാഗത്തിലുളളവരുടെ സംഘങ്ങൾ പോയിരുന്നുവെന്നതൊഴിച്ചാൽ, എനിക്ക് തണുപ്പുകാലത്തെ ആ ദിവസം തുടങ്ങിയത് സാധാരണ നാളായിട്ടായിരുന്നു. പക്ഷേ, അവസാനിച്ചത് ജീവിതകാലം മുഴുവൻ ഓർമ്മിക്കാനാവുന്ന തരത്തിലായിരുന്നു.
ആ കാലത്ത് ദൂരദർശന്റെ എൻജിനീയർ ഇൻ ചീഫ് തിരുവനന്തപുരത്തുകാരനായ എൻ.ജെ.നായരായിരുന്നു. മാത്രവുമല്ല, അദ്ദേഹം തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ സൂപ്രണ്ടിംഗ് എൻജിനീയറായിരുന്ന ആർ. രാമചന്ദ്രൻ ഉണ്ണിത്താന്റെ (സഹപ്രവർത്തകനെന്നതിലുപരി അദ്ദേഹം എനിക്ക് ഒരു മുതിർന്ന കുടുംബാംഗത്തെപ്പോലെ ആദരണീയനായിരുന്നു) സഹപാഠിയും. അദ്ദേഹവുമായി ഞാൻ തിരുവനന്തപുരത്തുവച്ചു തന്നെ വളരെ അടുപ്പത്തിലായിരുന്നു. ഞങ്ങളോടുളള സൗഹൃദം കൊണ്ട് അദ്ദേഹം തിരുവനന്തപുരം കേന്ദ്രത്തിന് വഴിവിട്ട് ആനുകൂല്യങ്ങൾ അനുവദിച്ചിരുന്നു. അക്കാലത്തെ ഏറ്റവും മികച്ച, അത്യാധുനികമായ എട്ട് ക്യാമറകൾ പ്രവർത്തിപ്പിക്കാവുന്ന ഒബി വാൻ (പുറത്തുനിന്ന് പരിപാടികൾ റെക്കോർഡ് ചെയ്യാനും പ്രക്ഷേപണം ചെയ്യാനും) അനുവദിച്ചത് അക്കൂട്ടത്തിൽ ഒന്നായിരുന്നു. പലപ്പോഴും എഞ്ചിനീയർമാരെ സ്ഥലംമാറ്റുമ്പോൾ അവ റദ്ദുചെയ്യാൻ ഞാൻ അദ്ദേഹത്തെ സമീപിക്കുകയും അനുകൂല നടപടികൾ എടുക്കുകയും ചെയ്തിരുന്നു. കുടപ്പനക്കുന്നിലെ സ്റ്റാഫ് ക്വാർട്ടേഴിന് വേണ്ടി അക്കാലത്തെ മന്ത്രി ആദരണീയനായ ഇ.ചന്ദ്രശേഖരൻ നായരിൽ നിന്ന് സ്ഥലം അനുവദിക്കാനുളള വാഗ്ദാനം ലഭിച്ചപ്പോൾ ശ്രീ.നായർ സർവ്വാത്മനാ സഹായിച്ചു. ഞങ്ങൾ മൂന്നുപേരും ഉത്സാഹിച്ചിരുന്നില്ലെങ്കിൽ ആ കെട്ടിടങ്ങൾ ഒരിക്കലും ഉണ്ടാവുമായിരുന്നില്ല!
ഒക്ടോബർ 12 മുതൽ ആറാഴ്ചക്കാലത്തെ ദൂരദർശൻ സമരകാലത്ത് ഏതാനും തവണ അദ്ദേഹം ഡൽഹി കേന്ദ്രത്തിൽ വന്ന് എഞ്ചിനീയർമാരുടെ സഹകരണം ഉറപ്പുവരുത്തി. സമരം കഴിഞ്ഞ്, സ്വസ്ഥതയോടെ കാര്യങ്ങൾ നീങ്ങിത്തുടങ്ങിയപ്പോൾ അദ്ദേഹം കേരള ഹൗസിൽനിന്ന് വിട്ട് ഒരു ദിവസം വീട്ടിലെ ഭക്ഷണം കഴിക്കാൻ എന്നെ വിളിച്ചു. ഞായറാഴ്ച മറ്റൊന്നു ചെയ്യാനില്ലാത്തതിനാൽ, ഞാൻ നേരത്തെ തന്നെ മോത്തിബാഗിലുളള അദ്ദേഹത്തിന്റെ വീട്ടിലെത്തുകയും രുചികരമായ ഉച്ചയൂണ് കഴിഞ്ഞ് കുറെ നേരം സംസാരിച്ചിരിക്കുകയും ചെയ്തു. അദ്ദേഹം തന്നെ എന്നെ കേരള ഹൗസിൽ കൊണ്ടുവിട്ടു. കാറിൽ നിന്നിറങ്ങുമ്പോൾ തന്നെ കേരള ഹൗസിലുളളവർ പറഞ്ഞു: 22 തവണയായി ദൂരദർശനിൽ നിന്നും മന്ത്രിയുടെ ഓഫീസിൽ നിന്നും ഫോണിൽ വിളിക്കുന്നു. മൂന്നുതവണ വിളിച്ചുകൊണ്ട് ചെല്ലാൻ കാർ വന്നിരുന്നു!
ഞാൻ ഉടനെ തന്നെ അടുത്തുളള ഓഫീസിലെത്തി. അവിടെ ആക്ടിംഗ് ഡയറക്ടർ ജനറൽ കൃഷ്ണനും വാർത്താവിഭാഗത്തിലുളളവരും മറ്റു സഹപ്രവർത്തകരും കാത്തിരിക്കുന്നു. ഞാൻ ആരെയും അറിയിക്കാതെ എവിടെയാണ് പോയതെന്ന് അറിയാതെ വിഷമിക്കുകയായിരുന്നുവെന്നും സുപ്രധാനമായ പല കാര്യങ്ങളും ചെയ്യാനുണ്ടെന്നും അറിയിച്ചു.
അങ്ങനെയാണറിയുന്നത് അയോദ്ധ്യയിൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടിരിക്കുന്നു. ഒരിക്കലും സംഭവിച്ചുകൂടാത്തത് നടന്നിരിക്കുന്നു. എല്ലാവരും ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്, നേതൃസ്ഥാനത്ത് നില്ക്കണം. മതസൗഹാർദ്ദം അരക്കിട്ടുറപ്പിക്കാനുളള പരിപാടികൾ ഉടനെ പ്രക്ഷേപണം ചെയ്തു തുടങ്ങണം. അപ്പോഴത്തേക്കും പല കേന്ദ്രങ്ങളിൽ നിന്നും മന്ത്രികാര്യാലയത്തിൽ നിന്നടക്കം ഫോൺവിളികൾ തുരുതുരെ വന്നുകൊണ്ടിരുന്നു. ദൂരദർശന്റെ അക്കാലത്തെ സുരക്ഷയുടെ ചുമതലയുളള ഒരു പൊലീസുദ്യോഗസ്ഥൻ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ഓഫീസിൽ സ്വാധീനമുളള വ്യക്തിയാണ്. അദ്ദേഹവും നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു, അവിടെനിന്നാണെന്ന് പറഞ്ഞുകൊണ്ട്.
അക്കാലത്തെ ഡൽഹിയിലെ മുതിർന്ന സഹപ്രവർത്തകരായ ഡോ.ഗോവിന്ദ് ഗുന്തെ (ഡെപ്യൂട്ടി ഡയറക്ടർ) സീനിയർ പ്രൊഡ്യൂസർമാരായ ശരദ് ദത്ത്, രഘുനാഥ് സിങ്, വിജയകുമാർ തുടങ്ങിയവരോട് ഉടനെ തന്നെ മതസൗഹാർദ്ദസന്ദേശങ്ങൾ ഉൾക്കൊളളുന്ന ചലച്ചിത്രരംഗങ്ങളും ഗാനങ്ങളും ഫിലിംസ് ഡിവിഷൻ ചിത്രങ്ങളും ലൈബ്രറിയിൽ നിന്നെടുത്ത് പരിപാടികൾ തയ്യാറാക്കാനവശ്യപ്പെട്ടു. കേന്ദ്രമന്ത്രിസഭായോഗം നടക്കുമ്പോൾഅവിടെയെത്തുന്ന മന്ത്രിമാരുടെ മതമൈത്രീ സന്ദേശങ്ങൾ റെക്കോർഡ് ചെയ്യാനും പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുളള സന്ദേശം റെക്കോർഡ് ചെയ്യാനും വാർത്താവിഭാഗം തയ്യാറെടുത്തതായി അറിയിച്ചു. ഡൽഹി കേന്ദ്രത്തിലുളള എല്ലാ ക്യാമറ സംഘങ്ങളോടും പൊതു സമൂഹത്തിൽ അഭിപ്രായസ്വാധീനമുളള മതനേതാക്കന്മാരുടെ മതമൈത്രിയും സാമൂഹ്യസൗഹൃദവും അരക്കിട്ടുറപ്പിക്കുന്ന സമാധാനത്തിനുമുളള സന്ദേശങ്ങൾ റെക്കോർഡ് ചെയ്യാൻ തുടങ്ങി. ദൂരദർശൻ കേന്ദ്രത്തിലെ ബന്ധപ്പെട്ട എല്ലാ ശ്രേണികളിലും പ്രവർത്തിക്കുന്ന സഹപ്രവർത്തകർ സർവ്വാത്മനാ സഹകരിച്ചു. അയോദ്ധ്യയിൽ ബാബറി മസ്ജിദ് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ജഗ്മോഹൻ ഭസിൻ എന്ന പ്രൊഡ്യൂസറുടെ നേതൃത്വത്തിലുളള സംഘം ലക്നൗ ദൂരദർശനിലെത്തി, അവിടെ നിന്നാണ് ഡൽഹിയിലേക്ക് ദൃശ്യങ്ങൾ ഫീഡ് ചെയ്തത്. അത് എഡിറ്റ് ചെയ്താണ് വാർത്തകളിൽ നൽകിയിരുന്നത്.പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുളള സന്ദേശം റെക്കോർഡ് ചെയ്യാൻ പോയ സംഘത്തോട് അദ്ദേഹം ബാബറി മസ്ജിദ് തകർത്തകാര്യം പ്രഖ്യാപിച്ചു കൊണ്ടാണ് വാർത്ത പുറത്തുവിട്ടത്. വൈകുന്നേരം 7.30നുളള ദൂരദർശൻ വാർത്താബുളളറ്റിനിൽ ബാബ്റി മസ്ജിദിന് വ്യാപകമായ കേടുപാടുകൾ സംഭവിച്ചുവെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ, തുടർന്നുവന്ന രാഷ്ട്രത്തോടുളള പ്രക്ഷേപണത്തിലാണ് പ്രധാനമന്ത്രി തന്നെ ബാബ്രിമസ്ജിദ് തകർക്കപ്പെട്ട വിവരം അറിയിച്ചത്.
ജനങ്ങളോട് സംയമനം പാലിക്കാൻ ഉദ്ബോധിപ്പിച്ചു കൊണ്ടുളള പ്രസിഡന്റിന്റെ രാഷ്ട്രത്തോടുളള പ്രക്ഷേപണവും അന്ന് രാത്രി തന്നെ നടത്തി. പിറ്റേദിവസം അയോദ്ധ്യയിൽ നിന്ന് കിട്ടിയ ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിശദമായ ഒരു റിപ്പോർട്ട് പ്രക്ഷേപണം ചെയ്തു. ദൂരദൂരദർശൻ റിപ്പോർട്ടു വസ്തുനിഷ്ഠമായിരുന്നു. പല അന്തർദ്ദേശീയ ടെലിവിഷൻ ചാനലുകളും ദൂരദർശൻ ദൃശ്യങ്ങൾ ഉപയോഗിച്ചു. സരളാ മഹേശ്വരിയായിരുന്നു വാർത്ത വായിച്ചത്്.
അന്നു രാത്രി വൈകുന്നതുവരെയും പിന്നീടുളള ദിവസങ്ങളിലും ഡൽഹി ദൂരദർശൻ കേന്ദ്രത്തിലെ പ്രൊഡ്യൂസർമാരുടെ സംഘങ്ങൾ നൂറ് കണക്കിന് മഹത് വ്യക്തികളുടെയും മറ്റും സാഹോദര്യ-മൈത്രീ സന്ദേശങ്ങൾ പ്രേക്ഷകരിലെത്തിക്കാൻ നടപടികളെടുത്തു. മഹാനഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ക്ഷേത്രങ്ങളിലും പളളികളിലും ഗുരുദ്വാരകളിലും ചെന്ന് രാജ്യത്ത് നിലവിലുളള മതേതരത്തിന്റെ നിദാനങ്ങളുടെ ദൃശ്യങ്ങളും റെക്കോർഡ് ചെയ്തുകൊണ്ടുവന്ന് എഡിറ്റ് ചെയ്ത് പ്രക്ഷേപണം ചെയ്തു. വെറുമൊരു വാചകത്തിൽ ആ ചരിത്രപരമായ ശ്രമം, ഊണും ഉറക്കവും ഉപേക്ഷിച്ചുകൊണ്ടുളള പ്രവർത്തനം, എഴുതി ഫലിപ്പിക്കാൻ കഴിയില്ല.
വാർത്താവിതരണപ്രക്ഷേപണ മന്ത്രികാര്യാലയത്തിൽ നിന്ന് സെക്രട്ടറി അശോക് ചന്ദ്ര ഉത്തർപ്രദേശിലേക്ക് ചീഫ് സെക്രട്ടറിയായി മാറിയിരുന്നു. പുതിയ സെക്രട്ടറി നിയമിതനായിരുന്നില്ല. അതിനാൽ അഡീഷണൽ സെക്രട്ടറിയായിരുന്ന വരദനായിരുന്നു ചുമതല. പിന്നീട് പല ഉയർന്ന ചുമതലകളും വഹിച്ചിരുന്ന നവീൻ ചാവ്ലയായിരുന്നു ജോയിന്റ് സെക്രട്ടറി. പ്രധാനമന്ത്രിയുടെ ഓഫീസിലെ മാധ്യമഉപദേഷ്ടാവ് പി.വി.ആർ.കെ പ്രസാദായിരുന്നു. കാബിനറ്റ് സെക്രട്ടറിയടക്കമുളള പ്രധാനികളെല്ലാം ഡൽഹി ദൂരദർശന്റെ സംപ്രേഷണം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു.
പലരും ഫോണിൽ വിളിച്ച്് റെക്കോർഡ് ചെയ്യേണ്ടവരുടെ പേരുകൾ നിർദ്ദേശിച്ചുകൊേണ്ടയിരുന്നു. ഇതിന് പുറമെ വിവിധ ദൂരദർശൻ കേന്ദ്രങ്ങളിൽ നിന്നു വരുന്ന ക്ലിപ്പിംഗുകളും സ്വീകരിച്ച് അവയും പരിപാടികളിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു. അവിടങ്ങളിലുളള കേന്ദ്രമേധാവികളുമായി ഏകോപനം നടത്താൻ സഹപ്രവർത്തകർ സഹായിച്ചു.
ഡിസംബർ 7-ാം തീയതി പുലർച്ചെ വരെ ആക്ടിംഗ് ഡയറക്ടർ ജനറൽ കൃഷ്ണനും ഞാനും ഡൽഹി ദൂരദർശൻ കേന്ദ്രത്തിൽ തന്നെ കഴിച്ചുകൂട്ടി, ഇടയ്ക്കൊരു തവണ ശ്രീ.വരദൻ വന്ന് ഞങ്ങൾക്ക് ധാർമിക പിന്തുണ നൽകിക്കൊണ്ട് അർദ്ധരാത്രിവരെ ഞങ്ങളുടെ കൂടെയിരുന്നു. ചില വിശിഷ്ടാതിഥികൾ ആ രാത്രിയിലും ദൂരദർശൻ കേന്ദ്രത്തിലെ സ്റ്റുഡിയോവിൽ റെക്കോർഡിംഗിന് വന്നിരുന്നു. അവരെ പ്രോട്ടോക്കോൾ അനുസരിച്ച് സ്വീകരിക്കാനുളള ചുമതലയുണ്ടായിരുന്നു. കുറെ നേരം ഞങ്ങൾ ആകാശവാണി ഭവനും ഡൽഹി റേഡിയോ സ്റ്റേഷനും ഇടയിൽ, ഡൽഹി ദൂരദർശനിലെ വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്ത് കസേരയിട്ട് മണിക്കൂറുകളോളം തണുപ്പും സഹിച്ച് ഇരുന്നു, അതിഥികളെ സ്വീകരിക്കാൻ. പക്ഷെ, ടെലിഫോൺ വിളികൾ വന്നത് അഞ്ചാം നിലയിലെ ഓഫീസിലാണ്! അത്രയും ഫോൺ വിളികൾ ജീവിതത്തിലൊരിക്കലും കേൾക്കേണ്ടി വന്നിട്ടില്ല.
ന്യൂസ് റൂമും സ്റ്റുഡിയോയും താഴത്തെ നിലയിൽ അടുത്തുതന്നെയായിരുന്നു.പക്ഷേ, അവിടെ വാർത്താബുള്ളറ്റിനുകളുടെ തിരക്കുകൾക്കിടയിൽ ഓടി നടന്നു ജോലി ചെയ്യുന്നു. അവിടെയിരുന്ന് അവരെ ശല്യപ്പെടുത്തുന്നത് അധികനേരത്തേക്ക് കഴിയുമായിരുന്നില്ല.
ആ ഒരാഴ്ച മുഴുവൻ ഡൽഹി ദൂരദർശൻ കേന്ദ്രത്തിലെ എല്ലാ ഉദ്യോഗസ്ഥൻമാരും ഏകോദരസഹോദരങ്ങളെപ്പോലെ പൂർണ്ണസമർപ്പണബുദ്ധിയോടെ ജോലിചെയ്ത്് സഹകരിച്ചു. ഏത് സമയത്തും എല്ലാ നിർദ്ദേശങ്ങളും അനുസരിക്കാൻ അവർക്ക് നേതൃത്വം കൊടുത്ത് പൊതുജനസേവനപ്രക്ഷേപണത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് എക്കാലവും നിത്യഹരിതസ്മരണയാണ്. പൊതുജനാഭിപ്രായ രൂപീകരണത്തിലും സ്വാധീനിക്കുന്നതിലും ഒരു പ്രക്ഷേപണമാധ്യമത്തിന്റെ മികവും കഴിവും വ്യക്തമാക്കിയ നാളുകളായിരുന്നു അവ.
കെ. കുഞ്ഞികൃഷ്ണൻ






