54 രാജ്യങ്ങളിൽ നിന്നുള്ള 1100 പേരാണ് ഫിഫ അറബ് കപ്പ് ടൂർണമെന്റിന്റെ സംഘാടനത്തിൽ ഉള്ളത്. 90 രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം വളണ്ടിയർമാരും സേവന സന്നദ്ധരായി സജീവമാണ്.
ഖത്തറിൽ നടന്നുകൊണ്ടിരിക്കുന്ന പ്രഥമ ഫിഫ അറബ് കപ്പ് ഖത്തർ 2021 വൻ വിജയമായതായി സംഘാടകർ. അടുത്ത വർഷം ദോഹയിൽ നടക്കാനിരിക്കുന്ന ഫിഫ 2022 ലോക കപ്പിന്റെ മുന്നോടിയായി ലോകോത്തര സ്‌റ്റേഡിയങ്ങളിൽ നടന്ന അറബ് കപ്പ് മൽസരങ്ങൾ ജനപങ്കാളിത്തത്തിലും സംഘാടക മികവിലും ശ്രദ്ധിക്കപ്പെട്ടു.
ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ അവസാനിച്ചപ്പോൾ മൊത്തം 4,76,000 ടിക്കറ്റുകളാണ് വിറ്റത്. ഈജിപ്തും അൾജീരിയയും തമ്മിലുള്ള മത്സരത്തിനാണ് ഗ്രൂപ്പ് മൽസരങ്ങളിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റത്. സെമിഫൈനൽ, ഫൈനൽ മൽസരങ്ങൾക്കുള്ള ടിക്കറ്റുകൾക്കും വലിയ ഡിമാന്റാണ് അനുഭവപ്പെട്ടത്. ഫൈനലിന്റെ മിക്ക നിരക്കിലുള്ള ടിക്കറ്റുകളും ഏതാണ്ട് വിറ്റു തീർന്ന അവസ്ഥയാണ്.
ഖത്തറും യു.എ.ഇയും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മൽസരങ്ങൾക്കാണ് ഏറ്റവും കൂടുതലാളുകൾ കളി കാണാനെത്തിയത്. കാൽപന്തു കളി മൽസരത്തിൽ ഖത്തറിലെ എക്കാലത്തെയും റെക്കോർഡാണ് അൽ ബെയ്ത്ത്് സ്‌റ്റേഡിയം സൃഷ്ടിച്ചത്. 63,439 പേരാണ് വാശിയേറിയ ഈ മൽസരം കാണാൻ സ്‌റ്റേഡയത്തിലെത്തിയതെന്നാണ് കണക്ക്.
ഫിഫ അറബ് കപ്പ് ഖത്തർ 2021 ന്റെ പ്രാദേശിക സംഘാടക സമിതി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഏറ്റവും പ്രധാനപ്പെട്ട നമ്പറുകളും സ്ഥിതിവിവരക്കണക്കുകളും വെളിപ്പെടുത്തിയത്.
16 ടീമുകൾ പങ്കെടുക്കുന്ന ഫിഫ അറബ് കപ്പ് അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷന്റെ (ഫിഫ) മേൽനോട്ടത്തിൽ ഡിസംബർ 18 വരെ തുടരും. അറബ് കപ്പിലെ 32 ൽ 28 മത്സരങ്ങളായിരുന്നു ഗ്രൂപ്പ് ഘട്ടം മുതൽ ക്വാർട്ടർ ഫൈനൽ വരെ. സെമി ഫൈനലിലേക്ക് മുന്നേറിയ ഖത്തർ, തുനീഷ്യ, ഈജിപ്ത്, അൾജീരിയ ടീമുകളെ അഭിനന്ദിക്കുന്നതായും 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ ഓപറേഷൻസ് വൈസ് പ്രസിഡന്റ് ജാസിം അൽ ജാസിം പറഞ്ഞു.
ഫിഫ അറബ് കപ്പ് ഖത്തർ 2021 ഒരു അറബ് രാജ്യം സംഘടിപ്പിക്കുന്ന മഹത്തായ കായിക മൽസരമാണെന്നും അടുത്ത വർഷം ഖത്തർ ലോകകപ്പിന്റെ ഏറ്റവും മികച്ച പതിപ്പ് സംഘടിപ്പിക്കുമെന്ന് ഉറപ്പാക്കാൻ ഈ പരീക്ഷണം പ്രയോജനപ്പെടുത്തുകയാണ് ഈ ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഖത്തർ 2022 ലെ ഫിഫ ലോകകപ്പിനുള്ള എട്ട് സ്‌റ്റേഡിയങ്ങളിൽ അൽ ബൈത്ത് സ്‌റ്റേഡിയം, അൽ ജനൂബ് സ്‌റ്റേഡിയം, അൽ തുമാമ സ്‌റ്റേഡിയം, സ്‌റ്റേഡിയം 974, എജ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയം, അഹമ്മദ് ബിൻ അലി എന്നിവിടങ്ങളിലാണ് അറബ് കപ്പിന്റെ വിവിധ മൽസരങ്ങൾ നടന്നത്. അൽ ബൈത്ത് സ്‌റ്റേഡിയം, അൽ തുമാമ സ്‌റ്റേഡിയം, സ്‌റ്റേഡിയം 974 എന്നിവിടങ്ങളിൽ സെമി ഫൈനൽ അരങ്ങേറി. ഫൈനൽ മത്സരത്തിന് അൽ ബൈത്ത് സ്‌റ്റേഡിയം വേദിയാകുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ലക്ഷത്തോളം ഫാൻ ഐഡികളാണ് അറബ് കപ്പിൽ പരീക്ഷിച്ചത്. 750 ലധികം മാധ്യമ പ്രവർത്തകർക്ക് ടൂർണമെന്റ് അക്രഡിറ്റേഷൻ നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
ദോഹ മെട്രോ 71,000 യാത്രകളാണ് അറബ് കപ്പിനായി ഒരുക്കിയത്. സാധാരണയിലെ 17 മണിക്കൂറിന് പകരം ദോഹ മെട്രോ 21 മണിക്കൂർ സർവീസ് നടത്തി.
പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ 62,000 പാർക്കിംഗ് ഒരുക്കിയാണ് കളിക്കെത്തുന്നവർക്ക്് സൗകര്യം ചെയ്തത്.
54 രാജ്യങ്ങളിൽ നിന്നുള്ള 1100 പേരാണ് ഫിഫ അറബ് കപ്പ് ടൂർണമെന്റിന്റെ സംഘാടനത്തിൽ ഉള്ളത്. 90 രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം വളണ്ടിയർമാരും സേവന സന്നദ്ധരായി സജീവമാണ്.