ഇളംപ്രതിഭകൾ മാറ്റുരച്ചു;  'ജിദ്ദ മൈത്രി' കലയുടെ കളിവിളക്ക് തെളിയിച്ചു 


കലാ സാംസ്‌കാരിക - സാമൂഹിക സംഘടനകൾ കൊണ്ടും പ്രാദേശിക ജില്ലാ കൂട്ടായ്മകൾ കൊണ്ടും ധന്യമാണ് ജിദ്ദാ നഗരം. ഓരോ വർഷവും ആയിരക്കണക്കിന് ഒത്തുചേരലുകൾക്കു ജിദ്ദ വേദിയാവാറുണ്ട്. ഈ മഹാമാരിക്കാലത്ത്  ഏറെ ഓൺലൈൻ യോഗങ്ങൾക്കും ഈ നഗരം സാക്ഷിയായി.
തികച്ചും വ്യത്യസ്തമായ ഒരു സാംസ്‌കാരിക സമ്മേളനത്തിനും കലാപരിപാടികൾക്കും ഈയിടെ ജിദ്ദ സാക്ഷ്യം വഹിച്ചു. കാൽ നൂറ്റാണ്ടു കാലമായി ജിദ്ദയിൽ കലാ സാംസ്‌കാരിക രംഗത്തു സജീവമായ 'മൈത്രി ജിദ്ദ' യുടെ ശിശുദിനാഘോഷവും സ്‌നേഹ സംഗമവും വേറിട്ട അനുഭവമായി.
എന്നും വ്യത്യസ്തമായ പരിപാടികൾ ജിദ്ദക്ക് പരിചയപ്പെടുത്താറുള്ള മൈത്രി ഇത്തവണയും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല.

ഒരു വയസ്സു മുതൽ പതിനേഴു വയസ്സ് വരെ പ്രായമുള്ള ഇരുപത്തഞ്ചോളം കുട്ടികളാണ് മൈത്രി കുട്ടിക്കൂട്ടായ്മയിൽ ഇപ്പോൾ ഉള്ളത്. കുട്ടികളുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയാണ് മൈത്രി ആദ്യം ചെയ്തത്. ശിശുദിനാഘോഷമാണ് ഈ കമ്മിറ്റിയുടെ മുഖ്യ പരിപാടി. മുഹമ്മദ് ആസിം (പ്രസിഡന്റ്) ഷയാൻ റിയാസ് (വൈസ് പ്രസിഡന്റ് ) അദ്‌നാൻ സഹീർ (ജനറൽ സെക്രട്ടറി ) മാസിൻ വീരാൻ (ജോയന്റ് സെക്രട്ടറി) യദു നന്ദൻ  (ട്രഷറർ) ഇഷാൻ ഷിഹാബ് (കൾച്ചറൽ സെക്രട്ടറി) എന്നിവരുടെ കമ്മിറ്റിയിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായി പൂജ പ്രേം, മിൻഹ ഫാത്തിമ , റിഷാൻ റിയാസ്, റൈഹാൻ വീരാൻ, ബെഞ്ചമിൻ സ്റ്റീഫൻ എന്നിവരുമുണ്ട് .
കുട്ടികളുടെ സാംസ്‌കാരിക സമ്മേളനത്തിന് മുൻതൂക്കം കൊടുത്തു പരമാവധി കുട്ടികളെക്കൊണ്ട് മലയാളത്തിൽ തന്നെ സംസാരിപ്പിക്കുക എന്ന ഒരു നിർദേശം മൈത്രിക്കുണ്ടായിരുന്നു. എങ്കിലും മലയാളത്തിൽ സ്ഫുടത കുറവുള്ള കുട്ടികളെ ഇംഗ്ലീഷിൽ സംസാരിക്കാനും അനുവദിച്ചു. നെഹ്‌റു എന്ന ഭരണാധികാരി, നെഹ്‌റു എന്ന സ്വാതന്ത്ര്യ സമര സേനാനി, നെഹ്‌റു എന്ന അച്ഛൻ, നെഹ്‌റു എന്ന എഴുത്തുകാരൻ, നെഹ്‌റു എന്ന ലോക നേതാവ്  വിഷയങ്ങൾ കുട്ടികൾക്ക് നൽകി ..പഠിച്ചു സംസാരിച്ചു പരിശീലിക്കാൻ. മലയാളം, ഇംഗ്ലീഷ്  ഭാഷകളിലായി കുട്ടികൾ അതേറ്റെടുത്തു. പിന്നീട് അവതരിപ്പിക്കാനുള്ള കലാപരികൾ ചിട്ടപ്പെടുത്തുക എന്നതായിരുന്നു. ശിശുദിനത്തിന്റെ സത്ത ഒട്ടും ചോർന്നു പോകാതെയുള്ള ഇനങ്ങൾ വേണമെന്ന് ആദ്യമേ തീരുമാനിച്ചു. അതിനുള്ള പരിശീലകരെയും കണ്ടെത്തി ഷറഫിയയിലെ ഇമ്പാല ഗാർഡനിൽ ശുഭ്ര വസ്ത്രദാരികളായ കുട്ടികൾ അണിനിരന്ന ഘോഷ യാത്രയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ചാച്ചാ നെഹ്‌റുവായി റിഷാൻ റിയാസ് വേഷമിട്ടു. ദേശീയ പതാകയേന്തി വെള്ളത്തൊപ്പിയും അണിഞ്ഞു മൈത്രിയിലെ കുട്ടികളുടെ കൂടെ അതിഥികളുടെ കുട്ടികളും  പിന്നെ മുതിർന്നവരും പങ്കുചേർന്നു. സാരേ ജഹാൻ സെ അച്ചാ എന്ന വരികൾ ആലപിച്ച് ഘോഷ യാത്ര വേദിയിൽ എത്തിയപ്പോൾ നെഹ്‌റുവിന്റെ പ്രസിദ്ധമായ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി എന്ന പ്രസംഗത്തിലെ ഏതാനും വരികൾ കുട്ടികളുടെ നെഹ്‌റു ഓർത്തെടുത്തു. കുട്ടികൾ ആഹഌദത്തോടെ കൈയടിച്ചു. തുടർന്ന് കുട്ടികൾ തന്നെ അതിഥികൾക്കായി മധുരം വിതരണം ചെയ്തു.
സാംസ്‌കാരിക സമ്മേളനത്തിന്റെ മുന്നോടിയായി പഴയകാല സ്‌കൂൾ അസംബ്ലികളിലെ സ്ഥിരം പ്രാർത്ഥനയായിരുന്ന 'അഖിലാണ്ഡ മണ്ഡലം അണിയൊച്ചൊരുക്കി' പ്രസിദ്ധ പ്രാർത്ഥനാ ഗാനവുമായി   അമ്മമാരായ  മുംതാസ്  അബ്ദുറഹ്മാൻ, വിജിഷ ഹരീഷ്, സോനാ സ്റ്റീഫൻ എന്നിവർ എത്തി. 
തുടർന്ന് മൈത്രി ബാലവേദിയിലെ ഇളം തലമുറക്കാർ അവതരിപ്പിച്ച മനോഹരമായ ഒരു സ്വാഗത നൃത്തം. ശ്രീമതി വിജിഷ ഹരീഷ്   ചിട്ടപ്പെടുത്തിയ ഈ നൃത്തത്തിൽ നദ സഹീർ, ഇശൽ  റിയാസ്, വിഷ്ണു കിരൺ, ഇഹ്‌സാൻ നവാസ്, ഹരിശങ്കർ എന്നിവർ താളം ചവിട്ടി. സാംസ്‌കാരിക സമ്മേളനത്തിനായി കുട്ടി നേതാക്കൾ വേദിയിലേക്ക് ..പരിചിതരെ പോലെ സെക്രട്ടറി അദ്‌നാൻ സ്വാഗതം ആശംസിച്ചു . തുടർന്ന് അധ്യക്ഷ പ്രസംഗവുമായി പ്രസിഡന്റ്  ആസിം അബ്ദുറഹ്മാൻ എത്തി. ഉദ്ഘാടനത്തിനായി ജിദ്ദയിലെ പ്രമുഖ ട്രെയ്‌നറും കിംഗ് അബ്ദുൽഅസീസ് യൂനിവേഴ്‌സിറ്റി അധ്യാപകനുമായ പ്രൊഫസർ ഇസ്മായിൽ മരുതേരിയെ  ക്ഷണിച്ചു. അദ്ദേഹം വർത്തമാന കാലത്തു ഇത്തരം പരിപാടികൾ സംഘടിപ്പിച്ചതിനു മൈത്രിയെ അഭിനന്ദിച്ചതോടൊപ്പം നെഹ്‌റുവിനെ കുറിച്ച് സംസാരിച്ചു കൊണ്ട് ശിശുദിനം ഉദ്ഘാടനം ചെയ്തു.
ഇഷാൻ ശിഹാബ്, മിൻഹ ഫാത്തിമ, അഭിരാമി ഹരീഷ്, റെഹാൻ വീരാൻ, യദു നന്ദൻ, ബെഞ്ചമിൻ സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു. മലയാളം ന്യൂസ് എഡിറ്റർ  മുസാഫിർ, ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ ഇഖ്ബാൽ പൊക്കുന്ന്, കവിയും ചിത്രകാരനുമായ അരുവി മോങ്ങം, നാടക പ്രവർത്തകൻ മുഹ്‌സിൻ കാളികാവ്, സാമൂഹ്യ പ്രവർത്തകരായ നസീർ വാവാകുഞ്ഞു, അബ്ദുൽ മജീദ് നഹ, സി.എം. അഹ്മദ് എന്നിവർ ആശംസകൾ നേർന്നു.

 

ബാലവേദി വൈസ് പ്രസിഡന്റ് ഷയാൻ റിയാസ് നന്ദി പറഞ്ഞു. തുടർന്ന് കൾച്ചറൽ സെക്രട്ടറി ഇഷാൻ ശിഹാബിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു. വിജിഷ ഹരീഷ് പരിശീലിപ്പിച്ച ജൂനിയർ ഗ്രൂപ്പിന്റെ ദേശഭക്തി നൃത്തത്തിൽ അദ്‌നാൻ സഹീർ, റിഷാൻ റിയാസ്, ബെഞ്ചമിൻ സ്റ്റീഫൻ, പൂജ പ്രേം, മിൻഹ ഫാത്തിമ, അഭിരാമി ഹരീഷ് എന്നിവർ ചുവടുവെച്ചു.
പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ  ആശയങ്ങൾക്ക് ഈ കാലത്തും പ്രസക്തിയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഇഖ്ബാൽ പൊക്കുന്ന് രചിച്ച് സംവിധാനം ചെയ്ത 'നെഹ്‌റുവിനെ തേടി' എന്ന ചിത്രീകരണം സദസ്സിന്റെ കൈയടി നേടി. വളരെ ലളിതമായ അവതരണത്തിലൂടെ നിറഞ്ഞ സദസ്സിൽ പ്രശംസ നേടാൻ കുട്ടികൾക്കായി. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വില വർധനയും കാർഷിക - വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളും അഭിനേതാക്കൾ സദസ്സിലേക്കെത്തിച്ചു. പൂജാ പ്രേം, ബെഞ്ചമിൻ സ്റ്റീഫൻ,  ആസിം അബ്ദുറഹിമാൻ, റിഷാൻ റിയാസ്, അഭിരാമി ഹരീഷ്, ഷയാൻ റിയാസ്, അദ്‌നാൻ സഹീർ എന്നിവർ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.

 

കലാലയങ്ങളിലെയും സമൂഹത്തിലെയും ലഹരി ഉപയോഗത്തിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പ്രേംകുമാർ വട്ടപ്പൊയിൽ സംവിധാനം ചെയ്ത മുരുകൻ കാട്ടാക്കടയുടെ ദു-ഃസ്വപ്‌ന ദേവത എന്ന കവിതാ ശിൽപം ഒരു സാമൂഹ്യ വിഷയത്തിലേക്കു വെളിച്ചം വീശി. റഫീഖ് മമ്പാട് സഹ സംവിധായകൻ ആയിരുന്നു.
അദ്‌നാൻ സഹീർ, റിഷാൻ റിയാസ്, ബെഞ്ചമിൻ സ്റ്റീഫൻ, വിഷ്ണു കിരൺ, പൂജ പ്രേം, മിൻഹ ഫാത്തിമ, അഭിരാമി ഹരീഷ്, നദ സഹീർ, ഇശൽ റിയാസ്, ഹരി ശങ്കർ, വിജിഷ ഹരീഷ് എന്നിവർ അരങ്ങിലെത്തി. ഇരകളുടെ  അമ്മമാരുടെ പ്രതിനിധിയായി വേഷമിട്ട വിജിഷയുടെ അഭിനയം ശ്രദ്ധേയമായി. മറ്റൊരാകർഷണമായിരുന്നു കുട്ടികൾ അവതരിപ്പിച്ച ലൈവ് ഓർക്കസ്ട്ര.


ബാലവേദി അംഗങ്ങളായ  വെബ്‌സാൻ ഖാൻ, ഇലാൻ ഖാൻ, വിഷ്ണു കിരൺ എന്നിവരുടെ ഉപകരണ സംഗീതത്തിന്റെ താളത്തിൽ ബാലവേദി മ്യൂസിക്‌സ്‌ന്റെ ഗായകരായ ഇഷാൻ ശിഹാബ്, ആസിം അബ്ദുറഹ്മാൻ, യദു നന്ദൻ, മിൻഹ ഫാത്തിമ എന്നിവർ ഗാനങ്ങൾ ആലപിച്ചു. രാവേറെ ചെന്ന് പരിപാടി അവസാനിക്കുമ്പോഴും ആസ്വാദകർ ഹാൾ വിട്ടിട്ടില്ലായിരുന്നു .
മൈത്രി രക്ഷാധികാരി ഉണ്ണി തെക്കേടത്ത്, പ്രസിഡന്റ്  ബഷീർ അലി പരുത്തിക്കുന്നൻ, ജനറൽ സെക്രട്ടറി തുഷാര ശിഹാബ്, കൾച്ചറൽ സെക്രട്ടറി പ്രിയാ റിയാസ് എന്നിവരുടെ നേതൃത്വത്തിൽ മൈത്രി ഭരണ സമിതിയും അംഗങ്ങളും ആവശ്യമായ നിർദേശങ്ങൾ നൽകി കൂടെയുണ്ടായിരുന്നു.

Latest News