ചോദ്യം: എക്‌സിറ്റ് റീ എൻട്രി വിസ ഉള്ളയാൾക്ക് നിശ്ചിത കാലാവധിക്കുള്ളിലായി തിരിച്ച് സൗദിയിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് സംഭവിക്കുക?. കാലാവധിക്കു ശേഷം എക്‌സിറ്റ് റീ എൻട്രി പുതുക്കി സൗദിയിലേക്ക് തിരിച്ച് എത്താൻ സാധിക്കുമോ?
ഉത്തരം: സൗദിയിലെ നിലവിലെ എമിഗ്രേഷൻ നിയമപ്രകാരം എക്‌സിറ്റ് റീ എൻട്രിയിൽ പോയ ആൾ എക്‌സിറ്റ് റീ എൻട്രിയുടെ കാലാവധി അവസാനിക്കുന്നതിനു മുൻപ് സൗദിയിൽ തിരിച്ചെത്തണം. അതല്ലെങ്കിൽ ആറു മാസത്തിനു ശേഷം ഓട്ടോമാറ്റിക് ആയി അയാൾ ബ്ലാക് ലിസ്റ്റിൽ പെടുകയും തുടർന്നു മൂന്നു വർഷത്തേക്ക് തൊഴിൽ വിസയിൽ സൗദിയിൽ എത്താൻ കഴിയാതാവുകയും ചെയ്യും. എന്നാൽ ഇക്കാലയളവിൽ ഇദ്ദേഹത്തിന് ഉംറ, ഹജ് വിസയിൽ തീർഥാടനത്തിന് വരുന്നതിന് തടസമുണ്ടാവില്ല. തൊഴിൽ എടുക്കാൻ തൊഴിൽ വിസയിൽ എത്തുക സാധ്യമല്ല. വിസ റദ്ദാക്കപ്പെട്ടയാൾക്ക് അതേ സ്‌പോൺസറിനു കീഴിൽ പുതിയ വിസയിൽ വരുന്നതിനു മൂന്നു വർഷ കാലാവധി ബാധകമല്ല. സ്‌പോൺസർ അനുമതി നൽകുകയും വിസ നൽകുകയും ചെയ്താൽ പുതിയ വിസയിൽ വീണ്ടും സൗദിയിൽ എത്താൻ സാധിക്കും.
നാടുകടത്തപ്പെട്ടവർ
ബ്ലാക്ക് ലിസ്റ്റിൽ
ചോദ്യം: നിയമ ലംഘനത്തിന് പിടിക്കപ്പെട്ട് തർഹീൽ (നാടുകടത്തൽ കേന്ദ്രം) വഴി കയറ്റി വിട്ടയാൾക്ക് പുതിയ തൊഴിൽ വിസയിൽ സൗദിൽ എത്താൻ കഴിയുമോ?
ഉത്തരം: ഇല്ല. സൗദി അറേബ്യയിൽനിന്ന് നാടുകടത്തൽ കേന്ദ്രം വഴി നാട്ടിലേക്ക് അയക്കപ്പെട്ടയാൾക്ക് പിന്നീട് ഒരിക്കലും തൊഴിൽ വിസയിൽ സൗദിയിൽ തിരിച്ചെത്താൻ കഴിയില്ല. കാരണം അയാൾ ബ്ലാക്ക് ലിസ്റ്റിൽ ആയിരിക്കും. അതേ സമയം തീർഥാടന വിസയിൽ ഉംറക്കോ, ഹജിനോ വരുന്നതിന് തടസ്സമില്ല. തൊഴിലെടുക്കാനായി വരാൻ കഴിയില്ലെന്നു മാത്രം.






