റിയാദ് - എട്ടു സാഹചര്യങ്ങളിൽ മുൻകൂട്ടി നോട്ടീസ് നൽകാതെയും സർവീസ് ആനുകൂല്യങ്ങളും നഷ്ടപരിഹാരവും നൽകാതെയും സ്വകാര്യ മേഖലാ തൊഴിലാളികളെ പിരിച്ചുവിടാൻ തൊഴിൽ നിയമം തൊഴിലുടമകൾക്ക് അവകാശം നൽകുന്നു.
തൊഴിലുടമയെയോ മാനേജറെയോ ആക്രമിക്കൽ, തൊഴിൽ കരാറിൽ അനുശാസിക്കുന്ന അടിസ്ഥാന ബാധ്യതകൾ കരുതിക്കൂട്ടി പാലിക്കാതിരിക്കൽ, മാന്യമല്ലാത്ത മോശം പെരുമാറ്റം, തൊഴിലുടമക്ക് കോട്ടംതട്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ കരുതിക്കൂട്ടി എന്തെങ്കിലും പ്രവർത്തിക്കൽ, തൊഴിൽ ലഭിക്കാൻ വ്യാജ രേഖകൾ സമർപ്പിക്കൽ, പ്രൊബേഷൻ കാലം എന്നീ സാഹചര്യങ്ങളിൽ മുൻകൂട്ടി നോട്ടീസ് നൽകാതെയും സർവീസ് ആനുകൂല്യങ്ങളും നഷ്ടപരിഹാരവും നൽകാതെയും സ്വകാര്യ മേഖലാ തൊഴിലാളികളെ പിരിച്ചുവിടാവുന്നതാണ്. വ്യക്തിപരമായ നേട്ടത്തിന് ജോലി ദുരുപയോഗിക്കൽ, ജോലിയുമായി ബന്ധപ്പെട്ട വാണിജ്യ, വ്യവസായ രഹസ്യങ്ങൾ പരസ്യപ്പെടുത്തൽ, നിയമാനുസൃത കാരണമില്ലാതെ ഒരു വർഷത്തിൽ 20 ൽ കൂടുതൽ ദിവസങ്ങൾ ജോലിയിൽനിന്ന് വിട്ടുനിൽക്കൽ, തുടർച്ചയായി 10 ദിവസം ജോലിയിൽ നിന്ന് വിട്ടുനിൽക്കൽ എന്നീ സാഹചര്യങ്ങളിലും ഇതേപോലെ തൊഴിലാളികളെ പിരിച്ചുവിടാവുന്നതാണ്.
നിയമാനുസൃത കാരണമില്ലാതെ ഒരു വർഷത്തിൽ 20 ൽ കൂടുതൽ ദിവസങ്ങൾ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നവരെ സർവീസ് ആനുകൂല്യങ്ങളും നഷ്ടപരിഹാരവും നൽകാതെ പിരിച്ചുവിടാൻ പത്തു ദിവസത്തിനുശേഷം തൊഴിലാളിക്ക് രേഖാമൂലം വാണിംഗ് നോട്ടീസ് നൽകിയിരിക്കണമെന്നും തുടർച്ചയായി 10 ദിവസം ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ ഇങ്ങനെ പിരിച്ചുവിടാൻ ജോലിയിൽനിന്ന് വിട്ടുനിന്ന് അഞ്ചു ദിവസത്തിനു ശേഷം തൊഴിലാളിക്ക് രേഖാമൂലം വാണിംഗ് നോട്ടീസ് നൽകിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.






