മുന്നൂറ് ആണ്ടുകൾ ഉറങ്ങിപ്പോയ ഏഴു യുവാക്കൾ. ജോർദാനിലെ അമ്മാനിൽ നിന്ന് സഹാബ് എന്ന ചെറുപട്ടണത്തിലേക്ക് യാത്ര ചെയ്യുമ്പോൾ അൽ റജീബ് എന്ന ചെറിയ ഗ്രാമം കാണാം. പാതയോരത്ത് ഒരു ഫലകത്തിൽ സെവൻ സ്ലീപേഴ്സ് കേവ് (ഉറങ്ങുന്നവരുടെ ഗുഹ) എന്ന് എഴുതിവെച്ചിരിക്കുന്നു. ഇതിഹാസവും വർത്തമാനവുമായി സംവദിക്കുന്ന ഒരു ചരിത്ര ഭൂമിയാണ് മുന്നൂറ് ആണ്ടുകൾ ഗുഹയ്ക്കകത്ത് ഉറങ്ങിപ്പോയ ഏഴ് ക്രിസ്ത്യൻ യുവാക്കളുടെ കഥ പറയുന്ന ഉറങ്ങുന്നവരുടെ ഗുഹ. ബൈബിൾ കഥകളിലും ഖുർആനിലെ സൂറത്തുൽ കഹ്ഫിലും (0117) ഈ ഗുഹയെപ്പറ്റി പരാമർശം ഉണ്ട്. 'കഹ്ഫ്' എന്ന വാക്കിന് ഗുഹ എന്നർത്ഥം. ഖുർആനിൽ 9 മുതൽ 26 കൂടിയുള്ള വചനങ്ങളിൽ ഗുഹയിൽ അഭയം തേടിയ ഒരു കൂട്ടം വിശ്വാസികളെ സംബന്ധിച്ചു വിവരിക്കുന്നുമുണ്ട്. ആരായിരുന്നു ആ ഏഴ് യുവാക്കൾ?
അവരുടെ പേരുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടെങ്കിലും അവർ എ.ഡി 250 കാലഘട്ടത്തിൽ റോമൻ ചക്രവർത്തിയുടെ ഗവർണറായിരുന്ന ഡസിയൂസിന് കീഴിൽ ജീവിച്ചിരുന്ന ഏഴ് ക്രിസ്ത്യൻ യുവാക്കളാണ്. വാമൊഴിയും വരമൊഴിയും പ്രകാരം മക്സാൽമിയ, മാർട്ടിനസ്, കസ്തൂനസ്, ബൈറൂനു, ഡാനിമസ്, യത്ബുനസ്, തംലിക എന്നിവരായിരുന്നു. ആ ആത്മസുഹൃത്തുക്കൾ എന്തുകൊണ്ട് നാടു വിട്ടു? റോമാ ചക്രവർത്തിമാരുടെ ഭരണത്തിൻ കീഴിൽ ഡെസിയൂസ് റോമൻ വിശ്വാസ പ്രമാണങ്ങൾ ക്രിസ്ത്യൻ യുവാക്കളിൽ അടിച്ചേൽപിച്ചു. എന്നാൽ അവർ ഭരണകൂട കൽപനകൾ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. യുവാക്കൾ രക്ഷ തേടി പലായനം ചെയ്തു. അങ്ങനെ അവർ ഒരു ഗുഹയിൽ അഭയം തേടി. അവർക്ക് വഴികാട്ടിയായി ഒരു നായയും ഒപ്പം ചേർന്നു. താമസിയാതെ ആ യുവാക്കൾ ഗുഹയിൽ കിടന്ന് ഉറങ്ങി. 309 വർഷങ്ങൾ നീണ്ട ഉറക്കം. ദീർഘകാലത്തെ ഉറക്കത്തിനു ശേഷം അവർ ഉറക്കമുണർന്നു. അവർക്കത് ഒരു രാത്രി ഉറക്കം പോലെയേ തോന്നിയുള്ളൂ.. വിശന്നു വലഞ്ഞപ്പോൾ യുവാക്കളിൽ ചിലർ കൈവശമുള്ള റോമൻ നാണയങ്ങളുമായി അന്നം തേടി പുറത്തിറങ്ങി. അപ്പോഴാണ് കഥയും കാലവും എല്ലാം മാറിയ കാര്യം അവർ അറിഞ്ഞത്. നാടും നഗരവും അടിമുടി വ്യത്യാസം. ഭയം കാരണം ആദ്യം അവർ മിണ്ടിയില്ല.' കടയിലെത്തിയപ്പോൾ കള്ളി വെളിച്ചത്തായി..! കൈമാറിയ നാണയത്തിൽ കടക്കാരന് സംശയം തോന്നി. പഴയ നാണയങ്ങൾ ! മൂല്യമേറെയുള്ള പുരാതന നാണയങ്ങൾ കൈവശമുള്ള നിധി സൂക്ഷിപ്പുകാരായ യുവാക്കളെപ്പറ്റി വാർത്ത പരന്നു. വിവരം പുതിയ രാജാവിന്റെ ചെവിയിലും എത്തി. എന്നാൽ കാലം ഏറെ കഴിഞ്ഞപ്പോൾ രാജവംശത്തിന്റെ പ്രമാണങ്ങളിൽ മാറ്റം വന്നിരുന്നു, വിശ്വാസത്തിലും! അതുകൊണ്ട് തന്നെ ഏഴ് യുവാക്കളോടും പുതിയ നാടും ഐക്യപ്പെട്ടു. നാടു ഭരിച്ചവർ തന്നെ യുവാക്കളെ കാണാൻ എത്തി എന്നു പറയുന്നു. തിരികെ ഗുഹയിലെത്തിയ യുവാക്കൾ അവിടെ വെച്ച് തന്നെ അന്ത്യനിദ്ര പൂണ്ടു.
അൽ റജിബ് പ്രകൃതി ഭംഗി ഏറെയുള്ള ഗ്രാമം തന്നെയാണ്. നഗരവൽക്കരണത്തിലേക്കുള്ള പാതയിലാണെങ്കിലും ഗ്രാമീണതയുടെ കെട്ടുപാടുകൾ പൊട്ടിക്കാൻ ഈ ചരിത്ര ഭൂമിക്ക് കഴിഞ്ഞിട്ടില്ല. പഴയ പള്ളിയുടെ അവശിഷ്ടങ്ങളും ബൈസന്റൈൻ കാലത്തെ ശ്മശാനവും ഇന്നും ഈ പ്രദേശത്ത് സംരക്ഷിച്ചത് കാണാം. അതിൽ ഏറ്റവും സവിശേഷത ഏഴു യുവാക്കളുടെയും ഒരു നായയുടെയും ഭൗതിക ശരീരത്തിന്റെ ശേഷിപ്പുകളാണ്. ഒരു വലിയ ഗുഹയിലേക്ക് തവിട്ടു നിറത്തിൽ ഉള്ള വാതിൽ കടന്ന് വേണം അകത്ത് കയറാൻ. അതിന്റെ ഒരു ഭാഗത്ത് 4 പേരുടെയും മറുഭാഗത്ത് 3 പേരുടെയും ശവകുടീരങ്ങൾ കാണാം. ചെറിയ സുഷിരങ്ങളിലൂടെ മഖ്ബറയിലേക്ക് നോക്കുമ്പോൾ മനുഷ്യ അസ്ഥികളുടെ വിചിത്രമായ ശേഖരം ഇപ്പോഴും ദൃശ്യമാണ്. പുതിയ കാലത്ത് ഇതിനോട് ചേർന്ന് മനോഹരമായ പള്ളിയും ഗ്രന്ഥശാലയും ഉണ്ട്. ഇന്നും ഒരു പുരാവസ്തു ശാലയുടെ പ്രാധാന്യത്തോടെ അൽ കഅ്ഫ് സംരക്ഷിക്കപ്പെടുന്നു. എന്നാൽ തുർക്കിയിലും ഇതുപോലെയുള്ള സെവൻ സ്ലീപേഴ്സ് കേവ് ഉണ്ടെന്ന വാദമുണ്ട്. എന്തായാലും ഭൂതകാലത്തെ വർത്തമാനവുമായി ബന്ധിപ്പിക്കാനുള്ള ഒരു പ്രതീകം തന്നെയാണ അൽ റജീബിലെ ഗുഹ. ഇഹലോകവാസം കഴിഞ്ഞുള്ള അവസാന യാത്രയിൽ പഞ്ചപാണ്ഡവരും പാഞ്ചാലിയും ഒരു നായയും ഉണ്ടായിരുന്നു എന്ന് ഇതിഹാസങ്ങളിൽ പരാമർശം ഉണ്ട്.






