Sorry, you need to enable JavaScript to visit this website.

ഒന്നും നേടാതെ ഒരു സമരം

പീതാംപുര ടി. വി ടവർ
അശോക് മനുഷ്കാനി, ദൂരദർശൻ ഫിനാൻസ് ഡയറക്ടർ


1976 ഏപ്രിൽ ഒന്നാം തീയതി വരെ ആകാശവാണിയും ദൂരദർശനും കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ മന്ത്രികാര്യാലയത്തിന്റെ നേരിട്ടുളള ഭരണസംവിധാനത്തിലായിരുന്നു. പിന്നീട് ദൂരദർശൻ  വ്യത്യസ്തമായി. ടെലിവിഷന്റെ സാങ്കേതിക ശാസ്ത്രം റേഡിയോയിൽ നിന്നും വിഭിന്നമാണ്, ദൃശ്യപ്രധാനമായ മാധ്യമമെന്ന നിലയിൽ. അതിൽ പ്രവർത്തിക്കുന്നവർക്ക് റേഡിയോയിൽനിന്നും വ്യത്യസ്തമായി വിശേഷവത്കൃത സാങ്കേതികജ്ഞാനം ആവശ്യമാണ്. പക്ഷേ, ആകാശവാണിയിൽ നിന്നുളള ഉദ്യോഗസ്ഥന്മാരെയും ദൂരദർശനിൽ നിന്നുളളവരെയും പരസ്പരം സ്ഥലം മാറ്റുന്ന സമ്പ്രദായം തുടർന്നുവന്നു. റേഡിയോയിൽ പ്രോഗ്രാം വിഭാഗത്തിൽ ഗവണ്മെന്റ് ഉദ്യോഗസ്ഥരും സ്റ്റാഫ് ആർട്ടിസ്റ്റുകളുമുണ്ടായിരുന്നു. സ്റ്റാഫ് ആർട്ടിസ്റ്റുകളെ കരാർ അടിസ്ഥാനത്തിലായിരുന്നു നിയമിച്ചിരുന്നത്. മറ്റുളളവർ ഗവണ്മെന്റിന്റെ നിയമന പ്രക്രിയയുടെ പടികൾ കയറിവരുന്നവർ. ദൂരദർശനിലും ആദ്യകാലങ്ങളിൽ ഈ വകതിരിവുണ്ടായിരുന്നെങ്കിലും പിന്നീട് എല്ലാവരും ഗവണ്മെന്റുദ്യോഗസ്ഥരായി. 

    1992 ൽ ദൽഹി ദൂരദർശൻ കേന്ദ്രത്തിന്റെ ഡയറക്ടറായി ഞാൻ ജോലി ചെയ്യുന്ന കാലത്ത് പരിപാടികൾ നിർമിക്കുന്ന എല്ലാ ജീവനക്കാരുടെയും സംയുക്ത സംഘടന 13 ആവശ്യങ്ങളുമുന്നയിച്ച് രാജ്യവ്യാപകമായി ഒരു സമരം നടത്തി: പ്രൊഡ്യൂസർ, പ്രൊഡക്ഷൻ അസിസ്റ്റന്റ്, സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന സീനിക് ഡിസൈനർ, കാർപെന്റർ, പെയിന്റർ, ഫ്‌ളോർ മാനേജർ, ഫ്‌ളോർ അസിസ്റ്റന്റ്, ഗ്രാഫിക്, മേക്കപ്, എഡിറ്റർ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും പെട്ടവർ ആറാഴ്ചയോളം സമരം ചെയ്തു. ദുഃഖകരമെന്ന് പറയട്ടെ, സമരം കൊണ്ട് ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നു പോലും അവർ നേടിയില്ല.

    ആദ്യം സമരം തുടങ്ങിയത് ചട്ടമനുസരിച്ചുളള പ്രവർത്തനം മാത്രമായിട്ടായിരുന്നു. പിന്നീടത് ബഹിഷ്‌കരണത്തിലേക്ക് നീങ്ങി. പ്രവർത്തനം സ്തംഭിപ്പിക്കുമെന്നും സംപ്രേഷണം ചെയ്യാനനുവദിക്കുകയില്ലെന്നും സമരക്കാർ നിലപാടെടുത്തു. രാജ്യമാകെയുളള ടെലിവിഷൻ പ്രക്ഷേപണത്തിന്റെ സിംഹഭാഗവും ദൽഹി ദൂരദർശൻ കേന്ദ്രത്തിൽ നിന്നായിരുന്നതിനാൽ എന്റെ ഉത്തരവാദിത്തം വലുതായിരുന്നു.

    ഒരു വിഭാഗത്തിന് പരിപാടികളുടെ പ്രക്ഷേപണം തടസ്സപ്പെടുത്തുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അവർ സമരക്കാരുടെ നീക്കങ്ങളെക്കുറിച്ച് അറിയിക്കുമായിരുന്നു.  പക്ഷേ, ആരെയും വിശ്വസിക്കാൻ പറ്റില്ല. ഡെപ്യൂട്ടി ഡയറക്ടർമാരിൽ രണ്ടുപേർ സമരാനുകൂലികളായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർമാരിൽ മിക്കവരും സീനിയർ പ്രൊഡ്യൂസർമാരും നിഷ്പക്ഷമതികൾ, പ്രക്ഷേപണം നടത്താൻ തയ്യാറുളളവർ. ദൽഹി കേന്ദ്രത്തിന് നാല് സ്റ്റുഡിയോകളുണ്ടായിരുന്നു. വാർത്താ ബുളളറ്റിനുകൾ മാത്രം തത്സമയം  പ്രക്ഷേപണം ചെയ്യപ്പെടുന്നത് ഒരു വിധത്തിലും തടസ്സപ്പെടാതിരിക്കാൻ പ്രത്യേക ശ്രമം നടത്തി. മറ്റുളള പരിപാടികളുടെ റെക്കോർഡ് ചെയ്തവ-ടെയ്പുകൾ പ്രക്ഷേപണം കൈകാര്യം ചെയ്യുന്ന എൻജിനീയർമാർക്ക് നൽകി. ദൽഹി കേന്ദ്രത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയുളള പീതംപുരയിലായിരുന്നു ട്രാൻസ്മിറ്റർ. ഉപഗ്രഹത്തിലേക്ക് രാജ്യവ്യാപകമായി അപ#്‌ലിങ്ക് ചെയ്യുന്നതും അവിടെനിന്നായിരുന്നു.

    പെട്ടെന്നൊരു ദിവസം സമരക്കാരിൽ ചിലർ വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്താൻ പോകുന്ന വിവരം അറിയിച്ചു. വാർത്തകൾ മുടങ്ങിയാൽ ദുരന്തമാവും. (തിരുവനന്തപുരത്ത് സ്റ്റുഡിയോക്കുളളിൽ കയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയിരുന്നത് തത്സമയം പ്രേക്ഷകർ കണ്ടിരുന്നു!) വാർത്താ വിഭാഗത്തിന്റെ തലവൻ ഹരീഷ് അവസ്തിയുമായും സൂപ്രണ്ടിംഗ് എൻജിനീയർ ബിസാരിയയുമായും കൂടിയാലോചിച്ച് പീതംപുരയിലെ ട്രാൻസ്മിറ്റിംഗ് സെന്ററിൽ വാർത്തകൾക്ക് മാത്രമായി ഒരു താൽക്കാലിക സ്റ്റുഡിയോ തയാറാക്കാൻ ഞങ്ങൾ തീരുമാനിച്ചു. അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടറെയും വിളിച്ച് പീതംപുരയിലെത്തി. ടെലിവിഷൻ വാർത്താ ബുളളറ്റിനുകൾ തയാറാക്കുന്നത് സങ്കീർണമായ പ്രക്രിയയാണ്. വളരെയേറെ ഉദ്യോഗസ്ഥരും സാങ്കേതിക സംവിധാനവും ഒരേസമയം ഏകോപിപ്പിച്ച് പ്രവർത്തിക്കണം.


    വാഹനത്തിരക്ക് മൂലം അവിടെയെത്താൻ ഒന്നര മണിക്കൂറെടുത്തു. ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടെ, അവിടെ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ വാർത്താ സംപ്രേഷണത്തിന് മാത്രമായി അന്ന് അർധരാത്രിയാവുമ്പോഴേക്ക് ഒരു മിനി സ്റ്റുഡിയോ സജ്ജമാക്കി. വാർത്താ ബുളളറ്റിൻ ദൽഹി കേന്ദ്രത്തിൽ നിന്ന് ഫാക്‌സിൽ അയയ്ക്കുക. ദൃശ്യങ്ങൾ ഒഴിവാക്കാൻ പറ്റാത്തവ എഡിറ്റ് ചെയ്യാനുളള സംവിധാനം തത്സമയ സംപ്രേഷണത്തിനുളള ക്യാമറാ സംവിധാനങ്ങൾ എന്നിവ അവിടെയൊരുക്കി; വാർത്താ അവതാരകരെ മുൻകൂട്ടി അവിടെയെത്തിക്കുക, അവരെ സുരക്ഷിതമായി വീടുകളിലെത്തിക്കുക അങ്ങനെ ഒട്ടേറെ കാര്യങ്ങൾ ഏർപ്പാട്  ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു.

    ദൂരദർശന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ ദീർഘകാലം ആകാശവാണിയിൽ മാത്രം ജോലി ചെയ്തിരുന്ന എസ്.കൃഷ്ണന് ടെലിവിഷൻ പ്രവർത്തന രീതിയെക്കുറിച്ച് ധാരണയൊന്നുമില്ല. മന്ത്രികാര്യാലയത്തിൽ നിന്ന് മന്ത്രിയോ സെക്രട്ടറിയോ അഡീഷണൽ സെക്രട്ടറിയോ വിളിക്കുമ്പോൾ കൂടെ പോകേണ്ട ചുമതലയും എനിക്കായി; ദൽഹി കേന്ദ്രം മർമപ്രധാനമാണ്. സമരക്കാരുടെ പ്രതിനിധികളും എന്നെ കണ്ട് ദിവസവും സംസാരിച്ചുകൊണ്ടിരുന്നു; ഞാൻ അവരുടെ ആവശ്യങ്ങളോട് അനുഭാവം പ്രകടിപ്പിക്കണം. സംപ്രേഷണം തടസ്സപ്പെടാൻ ഒരു വിധത്തിലും സമ്മതിക്കുകയില്ലെന്ന് ഖണ്ഡിതമായി പറഞ്ഞു. താമസം അടുത്തുളള കേരളാ ഹൗസിലായിരുന്നതിനാലും കുടുംബം കൂടെയില്ലാതിരുന്നതിനാലും അർധരാത്രി വരെ ഓഫീസിൽ തന്നെ കഴിച്ചുകൂട്ടി. മണ്ഡിഹൗസിൽ നിന്ന് എനിക്ക് ധാർമിക പിന്തുണ നൽകാൻ ചില ദിവസങ്ങളിൽ അക്കാലത്തെ ഫൈനാൻസ് മേധാവിയായിരുന്ന അശോക് മൻസുഖാനി (പിന്നീട് ദൂരദർശൻ വിട്ട് രഹേജാസിന്റെ  ടെലിവിഷൻ ശൃംഖലയുടെ തലവനായി) എത്തുമായിരുന്നു. നിത്യേനയുളള സമരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉപദേശിച്ച് അദ്ദേഹം സഹായിച്ചു. 

    സമരം മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയിൽ ഒരു ദിവസം രാവിലെ, അപ്പോൾ ആകാശവാണിയുടെ ഡയറക്ടർ ജനറലായിരുന്ന ശശികാന്ത് കപൂർ എന്നെ വിളിപ്പിച്ച് അദ്ദേഹത്തെ അനുഗമിക്കാനാവശ്യപ്പെട്ടു. ഞങ്ങൾ കേന്ദ്ര സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായിരുന്ന (ദൂരദർശന്റെ എക്കാലത്തെയും മികച്ച ഡയറക്ടർ ജനറൽ) ഭാസ്‌കർ ഘോഷിന്റെയടുത്ത് ചെന്നു. ഭാസ്‌കർ ഘോഷ് ഞങ്ങളെ കൊണ്ടുപോയത് ആ കാലത്തെ കാബിനറ്റ് സെക്രട്ടറി രാജഗോപാലന്റെ അടുത്തായിരുന്നു. സമരം നീണ്ടുപോകുന്നതിൽ എല്ലാവർക്കും വിഷമമുണ്ടായിരുന്നു. സമരക്കാരുടെ ആവശ്യങ്ങളെക്കുറിച്ച് അദ്ദേഹം ആരാഞ്ഞു. ആവശ്യങ്ങളിൽ ചിലവ പ്രായോഗികമായി നടപ്പിലാക്കാൻ പെട്ടെന്ന് കഴിയുമായിരുന്നില്ല. പാർലമെന്റ് 1990 ൽ പാസാക്കിയ പ്രസാർ ഭാരതി നിയമം നടപ്പിലാക്കുക മുതൽ ആകാശവാണിയും ദൂരദർശനും പൂർണമായും വേർപെടുത്തുക എന്നിങ്ങനെയുളള 13 ആവശ്യങ്ങളിൽ പെട്ടെന്ന് സമരം അവസാനിപ്പിക്കാൻ ഏതാണ് സമ്മതിക്കേണ്ടതെന്ന് അദ്ദേഹം ആരാഞ്ഞു. സമരം നേരിടുന്നത് എന്റെ ജോലിയായതിനാൽ ഉത്തരം പറയേണ്ടത് ഞാനായിരുന്നു. സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്യുന്ന സമാന തസ്തികയിലുളളവർക്ക് ഷിഫ്റ്റ് ആനുകൂല്യങ്ങളുണ്ട്. അതേസമയം അവരോടൊപ്പം സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നവർക്ക് ആ ആനുകൂല്യമില്ല. അതൊരു വിവേചനം തന്നെയാണ്. അത് സമ്മതിച്ചുകൊടുത്താൽ സമരക്കാരിൽ ബഹുഭൂരിപക്ഷം വരുന്നവർ തൃപ്തരാകുമെന്നാണ് എന്റെ അഭിപ്രായമെന്ന് ഞാൻ അദ്ദേഹത്തെ ധരിപ്പിച്ചു. വളരെ അനുഭാവത്തോടെ അദ്ദേഹം അക്കാര്യത്തിൽ തന്നാലായത് ചെയ്യാമെന്ന് സമ്മതിച്ചു. അദ്ദേഹത്തിന്റെ ലളിതവും ഹൃദ്യവുമായ പെരുമാറ്റം ആരാധനാപൂർവം ഇപ്പോഴും ഓർമിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ ഏതാവശ്യത്തിനും വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരുടെ എട്ടാമത്തെ ആവശ്യമായ ഷിഫ്റ്റ് ഡ്യൂട്ടി നടപ്പായേക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

    സമരം ഏകദേശം ആറാഴ്ച കടക്കാറായപ്പോൾ, ഗവണ്മെന്റ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറിയായിരുന്ന, തമിഴ്‌നാട്ടുകാരനായ കെ.എ.വരദന്റെ (കർണാടിക് സംഗീത പ്രേമിയായിരുന്നു. സുമനസ്‌കനായിരുന്ന അദ്ദേഹം) നേതൃത്വത്തിൽ സമരക്കാരുടെ ആവശ്യങ്ങളെല്ലാം പരിഗണിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഏതാനും തവണ അദ്ദേഹം സമരക്കാരുടെ -പ്രോഗ്രാം സ്റ്റാഫ് അസോസിയേഷനുകളുടെ- പ്രതിനിധികളുമായി ചർച്ച നടത്തി. ചില ചർച്ചകളിൽ എന്നെയും പങ്കെടുപ്പിച്ചിരുന്നു. പക്ഷേ, നാൽപത്തിയൊന്നു ദിവസം നീണ്ടുനിന്ന സമരം കൊണ്ട് ഒന്നും നേടാൻ നിർഭാഗ്യവശാൽ കഴിഞ്ഞില്ല. പക്ഷേ അവയിൽ ചിലവ പ്രധാനമായും കരാറടിസ്ഥാനത്തിൽ നിയമിച്ച എല്ലാ സ്റ്റാഫ് ആർട്ടിസ്റ്റുകളെയും പിന്നീട് ഗവണ്മെന്റ് ജീവനക്കാരായി മാറി. ചില ആവശ്യങ്ങൾ കേന്ദ്ര ജീവനക്കാർക്കുളള ശമ്പള കമ്മീഷൻ മുഖേനയും നടപ്പായി. സ്വയംഭരണം കിട്ടുമെന്ന് പ്രതീക്ഷിച്ച പ്രസാർ ഭാരതി നിയമം 1997 ൽ നടപ്പിൽ വരുത്തിക്കഴിഞ്ഞ് ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം പ്രസാർ ഭാരതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജീവനക്കാർ പിന്നീടൊരു സമരം നടത്തിയത് ചരിത്രത്തിന്റെ വിരോധാഭാസം!

    സമര നാളുകളിൽ ദൽഹി ദൂരദർശൻ കേന്ദ്രത്തിന്റെ നേതൃസ്ഥാനത്ത് സ്തുത്യർഹമായി പ്രവർത്തിച്ചതിന് മന്ത്രികാര്യാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്മാർ എന്നെ അഭിനന്ദിച്ചിരുന്നു. സമരക്കാരോട് പ്രകോപനപരമായ രീതിയിൽ പെരുമാറാതിരുന്നതിനാൽ അവരും നേതാക്കളും മധുരം നൽകി നന്ദി പറഞ്ഞു. അത് കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് ഒരു ഔദ്യോഗിക യാത്രയ്ക്കിടയിൽ എന്നെ സ്ഥലംമാറ്റിയതും പിൻഗാമിയെക്കൊണ്ട് ചുമതല ഏറ്റെടുപ്പിച്ചതും. മാറ്റാനുളള കാരണമെന്തായിരുന്നുവെന്ന് ഞാൻ പ്രക്ഷേപണ വകുപ്പിന്റെ ജോയന്റ് സെക്രട്ടറിയോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ''ഡൽഹി  കേന്ദ്രത്തിലെ തലതിരിഞ്ഞ ഭൂരിപക്ഷത്തെ നേരിടാൻ പറ്റിയത് മാന്യതയും മര്യാദയുമുളള ഒരാളല്ല എന്നതിനാലാണ് ഞാൻ മുൻകൈയെടുത്ത് മാറ്റിയത്'' എന്നായിരുന്നു. മാറ്റം ഉർവശീശാപം പോലെ ഉപകാരമായി.


 

Latest News