Sorry, you need to enable JavaScript to visit this website.

ഒടുവിൽ പിണറായി സാർ 'ഇടപെട്ടു' 


ഫുൾ പേജ് പരസ്യം ലഭിച്ചാൽ അത് നൽകിയ സ്ഥാപനത്തിന്റെ കൊള്ളരുതായ്മ കണ്ടില്ലെന്ന് നടിക്കുന്ന മാധ്യമങ്ങളാണേറെയും. പരസ്യ സ്ലോട്ടിന്റെ വലിപ്പം നോക്കാതെ ദൃശ്യ മാധ്യമങ്ങളും ഇറങ്ങിക്കളിക്കില്ല. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ ആരോപണമുയർന്നപ്പോൾ തന്നെ ഷാരൂഖിനെ ബൈജൂസ് ആപ് പരസ്യങ്ങളുടെ ബ്രാൻഡ് അംബാസഡർ സ്ഥാനത്തു നിന്ന് തൽക്കാലം മാറ്റിയെന്ന വാർത്ത ആവേശത്തോടെ സംപ്രേഷണം ചെയ്ത ടി.വി ചാനലുകൾ മലയാളത്തിലുണ്ട്. എന്നാൽ ഇവരാരും ബൈജൂസ് ആപ്പിനെതിരെ പരാതി ഉയർന്നാൽ അറിഞ്ഞതായി ഭാവിക്കില്ല. തലയെടുപ്പുള്ള അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിക്കെന്ത് ബൈജൂസ്? മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പിനെതിരെ ഗുരുതര ആരോപണവുമായി ബി.ബി.സി രംഗത്തെത്തി. രക്ഷിതാക്കളിൽ നിന്നും മുൻ ജീവനക്കാരിൽ നിന്നും ആപ്പിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത് എന്നാണ് ബി.ബി.സി പറയുന്നത്. റീഫണ്ട്, സേവനം തുടങ്ങിയവയ്‌ക്കെതിരെ രക്ഷിതാക്കൾക്കിടയിൽ പരാതിയുണ്ട്. വാഗ്ദാനം ചെയ്ത സേവനങ്ങളും റീഫണ്ടും കമ്പനി നൽകുന്നില്ലെന്നാണ് പരാതി. ആറ് മില്യണിലധികം ഉപഭോക്താക്കളാണ് ബൈജൂസ് ആപ്പിനുള്ളത്. 2011 ലാണ് ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള എജുടെക് സ്റ്റാർട്ടപ്പായ ബൈജൂസിന്റെ  തുടക്കം. ഫേസ്ബുക്ക് സ്ഥാപകൻ സക്കർബർഗിന്റെ മകളുടെ പേരിലുള്ള ചാൻ സക്കർബർഗ് ഇനീഷ്യേറ്റീവാണ് ഇതിൽ കൂടുതൽ മൂല്യനിക്ഷേപം നടത്തിയിരിക്കുന്നത്. അമേരിക്കൻ കമ്പനികളായ ടിഗർ ഗ്ലോബൽ, ജനറൽ അറ്റ്‌ലാന്റിക് എന്നിവയും ഇതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.


രക്ഷിതാക്കളെ നിരന്തരമായി ഫോണിൽ വിളിക്കുന്നതാണ് കമ്പനിയുടെ വിൽപന തന്ത്രങ്ങളിലൊന്ന്. എന്നാൽ റീഫണ്ടിനായി വിളിച്ചാൽ സെയിൽസ് ഏജന്റ്‌റുമാർ തങ്ങളെ കബളിപ്പിക്കുകയാണെന്നും രക്ഷിതാക്കൾ പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. കമ്പനി ഏൽപിച്ച ടാർഗറ്റിലേക്കെത്താൻ വേണ്ടി ദിവസവും 12 മുതൽ 15 മണിക്കൂർ വരെ ജോലിയെടുക്കേണ്ടി വരുന്നുവെന്നായിരുന്നു ബൈജൂസിന്റെ മുൻ ജീവനക്കാർ പ്രതികരിച്ചത്. അമിതമായ ജോലി ഭാരം മാനസികാരോഗ്യത്തെ വരെ ബാധിച്ചു. കച്ചവട തന്ത്രത്തിൽ വീഴാൻ സാധ്യതയുള്ള ഉപഭോക്താവിനെ 120 മിനിറ്റിൽ കൂടുതൽ ഫോണിൽ സംസാരിക്കാൻ കഴിയാത്തവരെ ജോലിയിൽ ഹാജരായില്ലെന്ന് രേഖപ്പെടുത്തുകയും അന്നേ ദിവസത്തെ ശമ്പളം നൽകില്ലെന്നും മുൻ ജീവനക്കാർ ബി.ബി.സിയോട് വെളിപ്പെടുത്തി. ആപ്പിന്റെ മോശം സേവനങ്ങളെ കുറിച്ച് ഇന്ത്യയിലെ പല ഉപഭോക്തൃ കോടതികളിലും കേസുകൾ നിലവിലുണ്ട്. റീഫണ്ടുകളും സേവനങ്ങൾ നൽകാത്തതും സംബന്ധിച്ച പരാതികളിൽ നഷ്ടപരിഹാരം നൽകാൻ ഇന്ത്യയിലെ മൂന്ന് ഉപഭോക്തൃ കോടതികൾ ഉത്തരവിട്ടിരുന്നു.


***  ***  ***

ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞ കാര്യങ്ങളുടെ പട്ടിക പുറത്ത് വന്നു. വിനോദം, കായികം വാർത്തകൾ എന്നീ വിഭാഗത്തിൽ ഇന്ത്യക്കാർ തെരഞ്ഞ 10 കാര്യങ്ങളുടെ പട്ടികയാണ് പുറത്ത് വന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ), കോവിൻ, ഐസിസി ടി 20 ലോകകപ്പ്, യൂറോ കപ്പ്, ടോക്കിയോ ഒളിംപിക്‌സ്, കോവിഡ് വാക്‌സിൻ, ഫ്രീഫയർ റഡീം കോഡ്, കോപ്പ അമേരിക്ക, നീരജ് ചോപ്ര, ആര്യൻ ഖാൻ എന്നിവയാണ് പ്രധാനമായും ഗൂഗിളിൽ ജനങ്ങൾ തെരഞ്ഞത്. സ്ഥലങ്ങളോ മറ്റോ തെരയുമ്പോൾ 'നിയർമി' എന്ന് കൂട്ടി ച്ചേർത്ത് തെരഞ്ഞ പത്ത് കാര്യങ്ങൾ കോവിഡ് വാക്‌സിൻ നിയർമി, കോവിഡ് ടെസ്റ്റ് നിയർ മി, ഫുഡ് ഡെലിവറി നിയർമി, ഓക്‌സിജൻ സിലിണ്ടർ നിയർമി, കോവിഡ് ഹോസ്പിറ്റൽ നിയർമി, ടിഫിൻ സർവീസ് നിയർമി, ടേക്ക്ഔട്ട് റസ്‌റ്റോറന്റ്‌സ് നിയർമി, ഫാസ്ടാഗ് നിയർമി, ഡ്രൈവിംഗ് സ്‌കൂൾ നിയർമി എന്നിവയാണ് ഏറ്റവും കൂടുതൽ നിയർമി ഉപയോഗിച്ച് ഗൂഗിളിൽ തെരഞ്ഞ 10 കാര്യങ്ങൾ. കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്നു കഴിഞ്ഞ വർഷം ഈ സാഹചര്യത്തിൽ അത് സംബന്ധിച്ച് ഗൂഗിളിൽ തെരഞ്ഞവരുമുണ്ടായിരുന്നു. കോവിഡ് രണ്ടാം തരംഗം എങ്ങനെ പടരുന്നുവെന്നാണ് തെരഞ്ഞത്. കോവിഡ് വാക്‌സിന് എങ്ങനെ രജിസ്റ്റർ ചെയ്യാം, വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം, ഒക്‌സിജൻ ലെവൽ എങ്ങനെ വർധിപ്പിക്കാം, പാൻ കാർഡ് ആധാറുമായി എങ്ങനെ ബന്ധിപ്പിക്കാം, വീട്ടിൽ എങ്ങനെ ഒക്‌സിജൻ നിർമിക്കാം, ഇന്ത്യയിൽ ഡോഗ്‌കോയിൻ എങ്ങനെ വാങ്ങാം, ബനാന ബ്രഡ് ഉണ്ടാക്കുന്നത് എങ്ങനെ, ഐപിഒ അലോട്ട്‌മെന്റ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം, ബിറ്റ്‌കോയിനിൽ എങ്ങനെ ഇൻവെസ്റ്റ് ചെയ്യാം, മാർക്കുകളുടെ ശതമാനം എങ്ങനെ കണക്കൂകൂട്ടാം തുടങ്ങിയ കാര്യങ്ങളാണ് ഗൂഗിളിൽ തെരഞ്ഞത്. മുംബൈയിലെ ലഹരിക്കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനുമായി ബന്ധപ്പെട്ട കേസ്, ലൈംഗിക സിനിമാ കേസിൽ അറസ്റ്റിലായ രാജ്കുന്ദ്ര എന്നിവയാണ് വ്യക്തികളുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ തെരഞ്ഞത്.


***  ***  ***

ഇതാണ് യഥാർഥ പ്രണയം. മുംബൈയിൽ കുറേക്കാലമായി പുര നിറഞ്ഞു നിന്ന കത്രീന കെയിഫിന് മംഗല്യ സൗഭാഗ്യം. രണ്ടു വർഷം നീണ്ട റൊമാൻസിന് ശേഷമാണ് വിക്കി കൗശൽ താലി ചാർത്തിയത്. ഏകദേശം ഒന്നര ദശകങ്ങൾക്കപ്പുറം സൽമാൻ ഖാനുമായി മുടിഞ്ഞ പ്രേമത്തിലായിരുന്നു താരം. സല്ലുവിന്റെ വാപ്പ അടുത്ത ജ്വല്ലറിയിൽ നിന്ന് രത്‌നാഭരണം മഹർ നൽകാൻ വാങ്ങിയതൊക്കെ അക്കാലത്ത് ഫിലിം ഫെയറിൽ വന്നിരുന്നു. പിന്നീടാണ് കപൂർ കുടുംബത്തിലെ യുവനടനുമൊത്ത് ജുഹു കടാപ്പുറത്ത് പ്രണയ ഗീതങ്ങൾ ആലപിച്ച്  നടന്നത്. നിന്നെ എനിക്ക് ഇഷ്ടമല്ലെന്ന് പെൺകുട്ടി പറഞ്ഞാൽ വെടിവെച്ച് കൊല്ലുന്ന കേരളത്തിലെ കാമ്പസ് യുവത്വത്തിന് കത്രീനയുടെ അനുഭവത്തിൽ നിന്ന് പഠിക്കാനേറെയുണ്ട്. പഴയ കാമുകിയുടെ വിവാഹം ഭംഗിയായി നടക്കാൻ രാജസ്ഥാനിലെ കൊട്ടാരത്തിലേക്ക് പേഴ്‌സണൽ ബോഡി ഗാർഡിനെ വരെ വിട്ടുകൊടുത്ത സല്ലുവിന്റെ ഹൃദയവിശാലത കാണാതെ പോകരുത്.  രാജസ്ഥാനിലെ ജയ്പൂരിൽ ഫോർട്ട് ബർവാരയിലെ സിക്‌സ് സെൻസസ് റിസോർട്ടിൽ #െവച്ചായിരുന്നു മൂന്നു ദിവസം നീണ്ടുനിന്ന വിവാഹ ചടങ്ങുകൾ. വിവാഹത്തിന്റെ സംപ്രേഷണാവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി.  എൺപത് കോടി രൂപയ്ക്കാണ് ഇരുവരുടെയും വിവാഹ വീഡിയോയുടെ ഒടിടി റൈറ്റ്‌സ് വിറ്റുപോയത്. 2022 തുടക്കത്തിൽ വിവാഹ വീഡിയോ റിലീസ് ചെയ്യാനാണ് തീരുമാനം. 
ഡിസംബർ 7 മുതൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് ഒരുക്കിയിരുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗീത്, മെഹന്ദി ആഘോഷങ്ങൾക്കൊടുവിൽ വ്യാഴാഴ്ചയായിരുന്നു  താരവിവാഹം. വൻ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് വിവാഹം നടക്കുക. നേരത്തേ നൽകിയിരിക്കുന്ന രഹസ്യ കോഡുമായി മാത്രമേ വിവാഹ സ്ഥലത്തേക്ക് അതിഥികൾക്ക് എത്തിച്ചേരാൻ സാധിക്കൂ. ഈ രഹസ്യ കോഡ് പുറത്തു പറയില്ലെന്ന ഉടമ്പടിയിലും അതിഥികൾ ഒപ്പുവെച്ചിരുന്നു. വിവാഹം നടക്കുന്ന റിസോർട്ടിനുള്ളിലേക്ക് ഫോൺ കൊണ്ടുപോവാനോ ഫോട്ടോ എടുക്കാനോ പാടുള്ളതല്ല. ഫോണുകൾ റൂമിൽ സൂക്ഷിക്കണം എന്നും കത്തിലുണ്ടായിരുന്നു.  ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ ആകെ 120 പേർക്ക് മാത്രമാണ് ക്ഷണമുള്ളത്. സ്ഥലത്തെ സുരക്ഷയ്‌ക്കൊപ്പം തന്നെ സൽമാൻ ഖാന്റെ ബോഡി ഗാർഡ് ഗുർമീത് സിംഗിന്റെ സംഘവും പ്രത്യേക സുരക്ഷയൊരുക്കി.  


***  ***  ***

 കൊറോണ ക്വാറന്റൈൻ ലംഘിച്ചതിനു നടൻ കമൽ ഹാസനെതിരെ ആരോഗ്യ വകുപ്പ്. കൊറോണ ബാധിതനായ ശേഷം ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാത്തതിന് ആരോഗ്യ വകുപ്പ് താരത്തിന് നോട്ടീസ് കൈമാറി. കോവിഡ് ചികിത്സ കഴിഞ്ഞ ശേഷം ഒരാഴ്ച വീട്ടിൽ സമ്പർക്ക വിലക്കിൽ കഴിയണമെന്ന നിർദേശം കഴിഞ്ഞ ദിവസം കമൽ ഹാസൻ ലംഘിച്ചിരുന്നു. ചികിത്സ കഴിഞ്ഞു ശനിയാഴ്ചയാണ് നടൻ ആശുപത്രി വിട്ടത്. വീട്ടിലേക്കു പോകുന്നതിനു പകരം നേരെ സ്വകാര്യ ചാനലിന്റെ ബിഗ് ബോസ് ഷോ ഷൂട്ടിങ് സെറ്റിലേക്കു പോയതിനാണ് നടപടി. സംഭവത്തിൽ അദ്ദേഹത്തോട് വിശദീകരണവും ആരോഗ്യ വകുപ്പ് തേടിയിട്ടുണ്ട്. സമൂഹത്തിന്റെ ഉന്നത പദവിയിലുള്ളവർ ഇത്തരം പ്രവൃത്തികൾ ചെയ്യരുതെന്നും ആളുകളെ കൂടുതൽ അപകടത്തിലേക്ക് തള്ളിവിടരുതെന്നും ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു.
ബിഗ് ബോസ് അഞ്ചാമത്തെ സീസനാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കമൽ ഹാസൻ ആണ് പരിപാടിയുടെ അവതാരകനായി എത്തുന്നത്. എന്നാൽ താരത്തിന് കോവിഡ് പോസിറ്റിവ് ആയതോടെ താൽക്കാലികമായി പരിപാടിയിൽ നിന്നും പിൻവാങ്ങിയിരുന്നു. തുടർന്ന് കമൽ ഹാസന് പകരമായി രമ്യ കൃഷ്ണയാണ് പരിപാടി അവതരിപ്പിച്ചത്. 2017 ൽ ബിഗ്‌ബോസിന്റെ ആരംഭം മുതൽ തന്നെ കമൽ ഹാസൻ തന്നെയാണ് പരിപാടി നയിച്ചിരുന്നത്. ഇതിന് മുമ്പ് ബിഗ് ബോസ് തെലുങ്കിലെ അവതാകരനായ നാഗാർജുനക്ക് പകരമായി രമ്യ പരിപാടി അവതരിപ്പിച്ചിരുന്നു.


***  ***  ***

ഒരൊറ്റ സൂം കോളിൽ 900 ജീവനക്കാരെ പിരിച്ചുവിട്ട നടപടി അബദ്ധമായിപ്പോയെന്ന് ബെറ്റർ ഡോട്ട് കോം സിഇഒ വിശാൽ ഗാർഗ്. ബെറ്റർ കമ്പനി ഇറക്കിയ വാർത്താക്കുറിപ്പിലൂടെ ജീവനക്കാരോട് അദ്ദേഹം മാപ്പ് ചോദിച്ചു. സൂം കോളിൽ ജീവനക്കാരെ പിരിച്ചുവിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് കമ്പനി സിഇഒയ്‌ക്കെതിരേ വലിയ വിമർശനങ്ങളാണ് ഉയർന്നത്.
ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള വാർത്ത പുറത്തുവിട്ട രീതി തെറ്റായിപ്പോയി. അതൊരു മോശം സാഹചര്യത്തെ കൂടുതൽ മോശമാക്കി. ജീവനക്കാരെ പുറത്താക്കിയ രീതി വിഷമകരമായ സാഹചര്യം സൃഷ്ടിച്ചെന്ന് ഞാൻ മനസ്സിലാക്കുന്നു. വിപണി, ജീവനക്കാരുടെ പ്രകടനം, ഉൽപാദന ക്ഷമത എന്നിവയാണ് തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ. ജീവനക്കാരോട് ക്ഷമ ചോദിക്കുന്നെന്നും വിശാൽ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ബെറ്റർ ഡോട്ട് കോം സിഇഒ വിശാൽ ഗാർഗ്‌ബെറ്റർ സൂം കോളിലൂടെ ജീവനക്കാരെ പിരിച്ചുവിട്ടത്. ഡിസംബർ ഒന്നിനായിരുന്നു സംഭവം. ഇന്ത്യയിലേയും അമേരിക്കയിലേയും ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. സൂം കോളിൽ പങ്കെടുത്തിരുന്ന ഒരാൾ ഇത് റെക്കോർഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കമ്പനിയുടെ ആകെ ജീവനക്കാരിൽ ഒമ്പത് ശതമാനം പേർക്കാണ് അന്ന് ഒരൊറ്റ കോളിൽ ജോലി നഷ്ടമായത്.


***  ***  ***


സിനിമാ അഭിനയത്തേക്കാൾ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന  സിനിമാ താരവും മുൻ മിസ് കേരളയുമായ ഗായത്രി സുരേഷിന്റെ ഏറ്റവും ഒടുവിലത്തെ ആവശ്യം സോഷ്യൽ മീഡിയയിലെ കമന്റുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സാർ ഇടപെട്ട് നിരോധിക്കണമെന്നാണ്. ട്രോളുകൾ ബാൻ ചെയ്യുകയും വേണം. കുറച്ചു നാളുകളായി പ്രധാന ട്രോളന്മാരെല്ലാം ഇതിന്റെ ആഘോഷത്തിലായിരുന്നു. പിണറായി ഇടപെട്ടതിന്റെ വീഡിയോയും യുട്യൂബിൽ കണ്ടു. എഡിറ്റിംഗ് ഗംഭീരമായി. ട്രംപും പിഷാരടിയും കലഹിക്കുന്നതിനേക്കാൾ രസകരമായി. 


 


 

Latest News