ഹാഷിമിന്റെ ഉരു ജീവിതം

കോഴിക്കോട്ട് ബേപ്പൂർ പുഴയും കടലുണ്ടിപ്പുഴയും അതിരിടുന്ന ചാലിയത്ത് മീൻ ബോട്ടുകൾ വന്നണയുന്ന കരയിൽ രണ്ടു മിനിട്ട് കാത്തു നിന്നപ്പോഴേക്കും ഹാഷിം പറഞ്ഞു വിട്ട യന്ത്രം ഘടിപ്പിച്ച കൊച്ചു ബോട്ട് അവിടേക്കെത്തി. നിമിഷങ്ങൾക്കകം പുഴയ്ക്ക് നൂറ് മീറ്ററിനപ്പുറം കാണുന്ന കൊച്ചു ദ്വീപിലെ കൂറ്റൻ ഷെഡ്ഡിലേക്കെത്തി. അവിടെയാണ് ലോകത്തിന് തന്നെ അത്ഭുതമായി മാറിയ ഉരു നിർമാണത്തിന്റെ ചരിത്രവും വർത്തമാനവുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നത്. പാരമ്പര്യത്തിന്റെ കരുത്തും പഴമയുടെ പ്രൗഢിയും കരവിരുതിന്റെ ചാരുതയുമെല്ലാം ഒത്തുചേർന്ന് പല രൂപത്തിലും വലിപ്പത്തിലുമുള്ള ഉരു അവിടെ അണിഞ്ഞൊരുങ്ങുകയാണ്.

അറബികൾക്ക്  ആഢ്യത്വത്തിന്റെ പ്രതീകമാണ് പുരാതന പായ്ക്കപ്പലായ ഉരു. കടലിലൂടെയുള്ള ഉല്ലാസ യാത്രകൾക്കും ചരക്കു ഗതാഗതത്തിനും മത്സ്യബന്ധനത്തിനും അറബ് രാജ്യങ്ങളിലെ സമ്പന്ന കുടുംബങ്ങൾ ഇന്നും ഉരു ഉപയോഗിക്കുന്നു. 

പഴയ കാലത്ത് കേരളത്തിലെ സമ്പന്നമായ തറവാടുകൾ തലയെടുപ്പുള്ള ലക്ഷണമൊത്ത ആനകളെ സ്വന്തമാക്കുന്നത് പോലെയാണ് അറബ് കുടുംബങ്ങൾ ഉരു സ്വന്തമാക്കുന്നത്. 

ബേപ്പൂരുകാരുടെ സ്വന്തം ഉരു

വിദേശ രാജ്യങ്ങളിലെ കടലുകളിലൂടെ ലോകം ചുറ്റുന്ന ഉരുവിന്റെ ദേശം ഇങ്ങ് കേരളത്തിലെ ബേപ്പൂരാണ്.  കോഴിക്കോടിന്റെ പെരുമ അറബ് നാടുകളിൽ എത്തിച്ചത് ബേപ്പൂരുകാരുടെ സ്വന്തം ഉരുവാണ്.

കുവൈത്തികളും ദുബായ് ശൈഖുമാരും ഖത്തറിലെ രാജകുടംുബങ്ങളുമെല്ലാം ഉരു തേടി ഒരു നൂറ്റാണ്ട് മുൻപ് തന്നെ ബേപ്പൂരിലെത്തിയതിന് ചരിത്രം സാക്ഷിയാണ്. ഉരു വാങ്ങാൻ ബേപ്പൂരിലേക്കുള്ള അവരുടെ യാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണ്.  ഉല്ലാസ യാത്രക്കുപയോഗിക്കുന്ന ഉരുവിനാണ് അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ളത്.


1916 ൽ കുവൈത്തിലേക്ക് ആദ്യ ഉരു

113 വർഷങ്ങൾക്കു മുൻപ് കുവൈത്തിലെ മഹറഫി കുടുംബത്തിന് വേണ്ടിയാണ് കോഴിക്കോട്ട് നിന്ന്  ആദ്യമായി ഉരു നിർമാണം ആരംഭിച്ചതെന്ന് ചരിത്ര രേഖകൾ പറയുന്നു. 1916 ലാണ് ഈ ഉരു നീറ്റിലിറക്കിയത്. കോഴിക്കോട്ടെ പരമ്പരാഗത മര വ്യാപാര  കുടുംബാംഗമായ കാമക്കന്റകത്ത് കുഞ്ഞഹമ്മദ് കോയയാണ് കുവൈത്തിലെ മഹറഫി കുടുംബത്തിന് വേണ്ടി ഉരു നിർമാണ ദൗത്യം ഏറ്റെടുത്തത്. 

ലോകത്തിന് തന്നെ അത്ഭുതമായി മാറിയ ബേപ്പൂരിലെ ഉരു നിർമാണത്തിന്റെ ചരിത്രം ഇവിടെ പിറക്കുകയായിരുന്നു. ആ ചരിത്രത്തിന്റെയും സമ്പന്നമായ പാരമ്പര്യത്തിന്റെയും പിന്തുടർച്ചക്കാരനും സൂക്ഷിപ്പുകാരനുമാണ് മനസ്സിൽ ഉരുവിനെക്കുറിച്ചുള്ള ചിന്തകൾ മാത്രം പേറിനടക്കുന്ന പി.ഒ. ഹാഷിം എന്ന കേരളത്തിന്റെ ഉരു മനുഷ്യൻ. 

കുഞ്ഞഹമ്മദ് കോയക്ക് ശേഷം കുടുബത്തിന്റെ മൂന്നാം തലമുറയിൽ പെട്ട ഹാഷിം ബേപ്പൂരിന്റെ ഉരു പാരമ്പര്യം യാതൊരു പോറലുമേൽക്കാതെ ഇന്നും പ്രൗഢിയോടെ കാത്തു സൂക്ഷിക്കുകയാണ്. അതിന് തെളിവായി ഹാഷിമിന്റെ ഉരു യാർഡ് സദാസമയവും ഉരു നിർമാണത്തിന്റെ തിരക്കിലാണ്.

ഹാഷിമിന്റെ നേതൃത്വത്തിലുള്ള ഹാജി പി.ഐ. അഹമ്മദ് കോയ എന്ന ഉരു നിർമാണ കമ്പനിയുടെ ചാലിയത്തെ ഉരു നിർമാണ യാർഡിലേക്ക് അറബി നാടുകളിൽ നിന്നും ഉരു തേടി അറബി കുടുംബങ്ങളിൽ നിന്ന് ഇപ്പോഴും അന്വേഷണങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. ഖത്തറിൽ നിന്നാണ് ഉരുവിന് ഇപ്പോൾ  കൂടുതൽ ആവശ്യക്കാരുള്ളതെന്ന് ഹാഷിം പറയുന്നു. 

കടൽ കടന്നത് ഇരുന്നൂറിലധികം ഉരു

കുഞ്ഞഹമ്മദ് കോയ സൃഷ്ടിച്ച ഉരു പാരമ്പര്യം മൂന്ന് തലമുറകൾ കടന്ന് ഹാഷിമിലെത്തിയപ്പോഴേക്കും ഇരുന്നൂറിലധികം ഉരു ഇവരുടെ യാർഡിൽ നിന്ന് കടൽ കടന്നു പോയിട്ടുണ്ട്. ബേപ്പൂരിൽ മറ്റു ചില കമ്പനികളും ഉരു നിർമാണ മേഖലയിലുണ്ടെങ്കിലും നൂറ്റാണ്ടിനപ്പുറമുള്ള ഉരു പാരമ്പര്യത്തിന്റെ കാത്തുസൂക്ഷിപ്പവകാശം ഹാഷിമിനും കുഞ്ഞഹമ്മദ് കോയയുടെ താവഴികൾക്കും മാത്രം അവകാശപ്പെട്ടതാണ്.

വിദഗ്ധരായ തച്ചൻമാരുടെ കരവിരുതും മനസ്സും ഒരുമിക്കുമ്പോഴാണ് മനോഹരമായ ഉരു പിറക്കുന്നത്. പാരമ്പര്യമായി കൈമാറിക്കിട്ടിയ തച്ചുശാസ്ത്ര വൈദഗ്ധ്യമാണ് തച്ചൻമാരുടെ കൈമുതൽ. 

ജലയാനങ്ങൾ നിർമിക്കുന്നതിൽ നാലു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ബേപ്പൂരിലെ എടത്തുംപടിക്കൽ കുടുംബത്തിലെ കണ്ണിയായ ഗോകുൽദാസ് മേസ്തിരിയുടെ നേതൃത്വത്തിലുള്ള തച്ചൻമാരാണ് ഹാഷിമിന്റെ ഭാവനകൾക്കനുസരിച്ച് ഉരു രൂപപ്പെടുത്തിയെടുക്കുന്നത്. 

നാടൻ തേക്കാണ് ഉരു നിർമാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. മറ്റു ചില മരങ്ങളും ഇതിന്റെ ഭാഗങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നുണ്ട്. അടിമരം തീർത്ത് അതിന് മുകളിൽ ഉരുവിന്റെ ഫ്രെയിം തീർക്കുകയാണ് ചെയ്യുന്നത്. 

ഖലാസി പെരുമ

ഭാരം ഉയർത്തുന്നതിൽ വിദഗ്ധരായ ബേപ്പൂരിലെ ഖലാസികളും ഉരു നിർമാണത്തിൽ പങ്കാളികളാണ്. ടൺ കണക്കിന് ഭാരമുള്ള ഉരു ഖലാസികളാണ് നീറ്റിലിറക്കുന്നത്. ഇവരുടെ കൈക്കരുത്ത് മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്.

വിവിധ ആവശ്യങ്ങൾ മുൻനിർത്തി ബാഗല, സംബോക്ക്, ബൂം, ജാൽബൂത്ത് എന്നീ പരമ്പരാഗത മോഡലുകളിലാണ് ഉരു നിർമിക്കുന്നത്. വൻകിട ഹോട്ടലുകളിലും കൊട്ടാരങ്ങളിലുമെല്ലാം പ്രദർശനത്തിനായുള്ള വിവിധ മോഡലുകളിലുള്ള ഉരുവും ഇവിടെ നിർമിക്കുന്നുണ്ട്.

പുതിയ തലമുറ ഉരു നിർമാണ വിദ്യ പഠിക്കാൻ തയാറാകുന്നില്ലെന്ന് ഗോകുൽ ദാസ് മേസ്തിരി പറയുന്നു. കരവിരുതും മനസ്സും ശരീരവുമെല്ലാം ഒന്നിക്കുമ്പോഴാണ് ഉരു രൂപപ്പെടുന്നത്. അതിന് ചിട്ടയായ പരിശീലനം ആവശ്യമാണ്. അതിനുള്ള ക്ഷമ കാണിച്ചുകൊണ്ട് ഇത് പഠിച്ചെടുക്കാൻ പുതിയ തലമുറ തയാറാവുന്നില്ല. 

മരങ്ങൾ തമ്മിൽ യോജിപ്പിച്ചാണ് ഉരു നിർമമ്മിക്കുന്നത്. യോജിപ്പിക്കുന്ന ഭാഗത്തിലൂടെ കടൽ വെള്ളം ഉള്ളിൽ കയറാതിരിക്കാൻ യോജിപ്പിച്ച ഭാഗങ്ങളിൽ  മത്സ്യ എണ്ണ പുരട്ടിയ പരുത്തി തിരുകിവെക്കുകയാണ് ചെയ്യുന്നത്. ഉരു നിർമാതാക്കൾ സ്വന്തമായി വികസിപ്പിച്ച ഒരു നാടൻ വിദ്യയാണത്. അങ്ങനെ ചെയ്താൽ വർഷങ്ങളോളം ഒരു തുള്ളിവെള്ളം പോലും ഉരുവിലേക്ക് കയറില്ലെന്ന് ഉരു നിർമാണത്തിലേർപ്പെട്ട ഖലാസിയായ ഉമ്മർ പറയുന്നു.

ഖത്തർ രാജകുടുംബത്തിന് വേണ്ടി ഹാഷിമിന്റെ യാർഡിൽ ഒരു കൂറ്റൻ ഉരു ഇപ്പോൾ ഒരുങ്ങുന്നുണ്ട്. ഖത്തറിലേക്ക് തന്നെ മറ്റൊരു ഉരു നീറ്റിലിറക്കിക്കഴിഞ്ഞു. ഇതിൽ എന്ജിൻ ഘടിപ്പിച്ച ശേഷം കൊണ്ടുപോകും. 


ഖത്തർ ലോകകപ്പിനും ബേപ്പൂരിന്റെ ഉരു 

അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിലും ഇന്ത്യക്ക് ഇടമില്ല. എന്നാൽ ഖത്തറിൽ കാൽപന്തുകളിയുടെ ആരവം മുഴങ്ങുമ്പോൾ അവിടെ കാണികൾക്ക് കൗതുകം പകരുന്നതിനായി പ്രദർശിപ്പിക്കാൻ കയറുകൊണ്ട് നിർമിക്കുന്ന ഉരുവുണ്ടാകും. ലോകകപ്പിനുള്ള ഉരു ഹാഷിമിന്റെ യാർഡിൽ അവസാന മിനുക്കുപണിയിലാണ്. 27 അടി നീളവും 7 അടി വീതിയുമുള്ള ഉരുവിൽ ആണികളോ നട്ടുകളോ ബോൾട്ടുകളോ ഒന്നും ഉപയോഗിച്ചിട്ടില്ലെന്നതാണ്  പ്രത്യേകത. മരങ്ങൾ പരസ്പരം കയറുകൊണ്ട് തുന്നിക്കെട്ടിയാണ് ഇത് നിർമിച്ചിട്ടുള്ളത്. മരപ്പാളികളിൽ അയ്യായിരത്തിലേറെ തുളകൾ നിർമിച്ച് എണ്ണ പുരട്ടിയ കയറുകൾ കൊണ്ട് മരപ്പാളികൾ പരസ്പരം ബന്ധിപ്പിച്ചാണ് ഉരു നിർമിക്കുന്നത്. പണി പൂർത്തിയായാൽ ഖത്തറിലേക്ക് കൊണ്ടുപോകും.

ഖത്തറിൽ എല്ലാ വർഷവും നടക്കുന്ന ഉരു ഫെസ്റ്റിവെലിൽ കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യയിൽ നിന്ന്  പങ്കെടുക്കുന്നത് ഹാഷിമിന്റെ ഉരു നിർമാണ കമ്പനിയാണ്.

ഉരു മ്യൂസിയം

ഉരു നിർമാണത്തിന്റെ ചരിത്രവും ഇതുമായി ബന്ധപ്പെട്ട തന്റെ കുടുംബ ചരിത്രവും വിവിധ ഉരു മോഡലുകളും ഉൾക്കൊള്ളുന്ന ഉരു ചരിത്ര മ്യൂസിയം കോഴിക്കോട് സൗത്ത് ബീച്ച് റോഡിലെ സ്വന്തം കെട്ടിടത്തിൽ ഹാഷിം സജ്ജീകരിച്ചിട്ടുണ്ട്. 

ഉരു നിർമാണവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് ഒപ്പിട്ട അത്യപൂർപ രേഖകളും ഫോട്ടോഗ്രഫുകളുമെല്ലാം ഇവിടെയുണ്ട്. ഉരുവിനെക്കുറിച്ച് ഗവേഷണം നടത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ള ചരിത്ര കുതുകികൾ ഈ മ്യൂസിയത്തിൽ എത്താറുണ്ട്.


മലബാറിന്റെ ടൂറിസം ഭൂപടത്തിൽ ബേപ്പൂരിലെ ഉരു നിർമാണ കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പ്രചാരണങ്ങൾക്ക്  സംസ്ഥാന ടൂറിസം വകുപ്പ് ശ്രമം നടത്തുന്നുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് ഹാഷിമിന്റെ ഉരു നിർമാണശാല കഴിഞ്ഞ ദിവസം സന്ദർശിക്കുകയും ഇതിന്റെ ടൂറിസം സാധ്യതകൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.


 

Latest News