Sorry, you need to enable JavaScript to visit this website.

സൂപ്പർ കപ്പ്: കൊച്ചിക്ക് സാധ്യത

ന്യൂദൽഹി - ഫെഡറേഷൻ കപ്പിന് പകരമായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ആസൂത്രണം ചെയ്യുന്ന സൂപ്പർ കപ്പ് ഫൈനൽ റൗണ്ട് മാർച്ച് 31 നും ഏപ്രിൽ 22 നുമിടയിൽ നടത്തും. യോഗ്യതാ റൗണ്ട് മത്സരങ്ങൾ മാർച്ച് 12 മുതൽ 31 വരെയാണ്. കട്ടക്കും കൊച്ചിയുമാണ് ടൂർണമെന്റിനായി പരിഗണിക്കുന്നത്. എ.ഐ.എഫ്.എഫ് സംഘം വേദി പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. 
ദൽഹിയിലെ ഫുട്‌ബോൾ ഹൗസിൽ ചേർന്ന യോഗത്തിലാണ് തിയ്യതിയെക്കുറിച്ച് ധാരണയിലെത്തിയത്. ഐസ്വാൾ എഫ്.സിയുടെയും ബംഗളൂരു എഫ്.സിയുടെയും എ.എഫ്.സി കപ്പ് മത്സരക്രമം കൂടി പരിഗണിക്കാനും യോഗം തീരുമാനിച്ചു. 
വർഷങ്ങളായി നടക്കുന്ന ഫെഡറേഷൻ കപ്പിനു പകരമാണ് പുതിയ ടൂർണമെന്റ് പരിഗണിക്കുന്നത്. ഇതിൽ ഐ-ലീഗ് ടീമുകളും ഐ.എസ്.എൽ ടീമുകളും പങ്കെടുക്കുമെന്നതിനാൽ ആവേശമേറുമെന്ന് ലീഗ് കമ്മിറ്റി ചെയർമാനും എ.ഐ.എഫ്.എഫ് സീനിയർ വൈസ് പ്രസിഡന്റുമായ സുബ്രതദത്ത പറഞ്ഞു. 
16 ടീമുകൾ നോക്കൗട്ട് അടിസ്ഥാനത്തിലാണ് ടൂർണമെന്റിൽ മത്സരിക്കുക. ഐ-ലീഗിലെയും ഐ.എസ്.എല്ലിലെയും ആദ്യ ആറ് വീതം ടീമുകൾക്ക് പ്രി ക്വാർട്ടറിലേക്ക് നേരിട്ട് പ്രവേശനം നൽകും. രണ്ട് ലീഗുകളിലെയും അവശേഷിച്ച നാലു വീതം ടീമുകൾ യോഗ്യതാ റൗണ്ടിൽ പോരാടും. യോഗ്യതാ റൗണ്ടിൽ നിന്ന് നാലു ടീമുകൾ കൂടി പ്രി ക്വാർട്ടറിലെത്തും. 
സൂപ്പർ കപ്പ് മത്സരങ്ങളിൽ ഓരോ ടീമിലും എത്ര വിദേശ കളിക്കാർ ആവാമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുത്തില്ല. ക്ലബ്ബുകളുമായി ഇക്കാര്യം ചർച്ച ചെയ്യും. രണ്ടാം ഡിവിഷൻ ഐ-ലീഗ് രണ്ട് ഘട്ടങ്ങളായി നടത്താനും തീരുമാനിച്ചു. പ്രാഥമിക റൗണ്ടും ഫൈനൽ റൗണ്ടും. പ്രാഥമിക റൗണ്ടിൽ 18 ടീമുകൾ മൂന്നു ഗ്രൂപ്പുകളിലായി പൊരുതും. മത്സരങ്ങൾ ഹോം ആന്റ് എവേ രീതിയിലായിരിക്കും. 
മൂന്നു ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച റെക്കോർഡുള്ള രണ്ട് രണ്ടാം സ്ഥാനക്കാരും ഫൈനൽ റൗണ്ടിലെത്തും. ഐ.എസ്.എൽ ക്ലബ്ബുകളിലെ റിസർവ് ടീമുകളാണ് ഗ്രൂപ്പുകളിൽ ചാമ്പ്യന്മാരോ രണ്ടാം സ്ഥാനക്കാരോ ആവുന്നതെങ്കിൽ അവർക്കു പകരം തൊട്ടുപിന്നിലുള്ള ഐ.എസ്.എല്ലിലേതല്ലാത്ത ടീമുകളെ പരിഗണിക്കും. 
ഫൈനൽ റൗണ്ട് ഒരു വേദിയിൽ വെച്ചാവും നടക്കുക. ഓരോ ടീമിലും മൂന്ന് വിദേശ കളിക്കാരെ രജിസ്റ്റർ ചെയ്യാം. എല്ലാ സ്റ്റേറ്റ് അസോസിയേഷനുകളുടെ കീഴിലും പ്രായ ഗ്രൂപ്പ് ടൂർണമെന്റുകൾ ആരംഭിക്കാനും തീരുമാനിച്ചു.
 

Latest News