മാണിക്യമലരായ പൂവി: പോലീസ് കേസ് റദ്ദാക്കാന്‍ സുപ്രീം കോടതിയില്‍ ഹരജി

കൊച്ചി- ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിന്റെ പേരില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി ചോദ്യം ചെയ്ത് ചിത്രത്തിലെ നടി പ്രിയാ വാര്യര്‍ സുപ്രിം കോടതിയെ സമീപിച്ചു. മതനനിന്ദ ആരോപിച്ച തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. കേസ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കേസ് റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
പ്രിയയ്ക്ക് പുറമെ ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇരുവരുടെയും അഭിഭാഷകര്‍ നാളെ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടേക്കും.
ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ വൈറല്‍ ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു കൂട്ടം യുവാക്കാള്‍ നല്‍കിയ പരാതിയിലാണ് തെലങ്കാന പോലീസ് കേസെടുത്തത്. ഇതിനു പിന്നാലെ മഹാരാഷ്ട്രയിലും ഗാനത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Latest News