ചൈന ഫെബ്രുവരിയിൽ ശീതകാല ഒളിംപിക്‌സിന് വേദിയൊരുക്കാനിരിക്കെ ആഗോള നയതന്ത്ര രംഗം പുകയുന്നു. വിന്റർ ഗെയിംസിന് നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും രംഗത്തു വന്നിട്ടുണ്ട്. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദിക്കുമെങ്കിലും സ്‌പോർട്‌സിനെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കേണ്ടെന്നാണ് ഫ്രാൻസിന്റെ നിലപാട്. ബഹിഷ്‌കരണം പ്രഖ്യാപിക്കുന്നവർ അതിന്റെ വിലയൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകിയ ചൈനയും ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്.
ഉയ്ഗൂർ മുസ്‌ലിംകളെ വംശഹത്യ ചെയ്യുന്നുവെന്ന ആരോപണമാണ് പാശ്ചാത്യ രാജ്യങ്ങൾ ചൈനക്കെതിരെ ഉന്നയിക്കുന്നത്. എങ്കിലും ടെന്നിസ് താരം പെംഗ് ഷുവായിയെ കാണാതായ സംഭവമാണ് പൊടുന്നനെ രംഗം ചൂടാക്കിയത്. മുൻ ഉപപ്രധാനമന്ത്രി തന്നെ തന്ത്രപൂർവം ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മുൻ ഒന്നാം നമ്പർ ഡബ്ൾസ് താരം അപ്രത്യക്ഷയായത്. വിവാദം കൊടുമ്പിരിക്കൊണ്ടതോടെ പെംഗ് രണ്ടു തവണ ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റി അധ്യക്ഷനുമായി വീഡിയൊ കോളിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
പെംഗ് ജീവിച്ചിരിക്കുന്നുണ്ടെന്ന് വ്യക്തമായെങ്കിലും അവർ സ്വതന്ത്രയാണോ, ചൈനീസ് നിയന്ത്രണങ്ങളിലാണോ എന്നൊന്നും വ്യക്തമായിരുന്നില്ല. വിന്റർ ഒളിംപിക്‌സ് ബെയ്ജിംഗിൽ നടക്കാനിരിക്കെ പ്രശ്‌നം ചൂടിപിടിക്കാതിരിക്കാനായിരുന്നു ഐ.ഒ.സി ഇടപെട്ടതെങ്കിലും അത് കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തിയത്. അതിഥി രാജ്യത്തിന്റെ നയങ്ങളെ ചോദ്യം ചെയ്യൽ ഐ.ഒ.സിയുടെ പണിയല്ലെന്നും ഒളിംപിക്‌സ് കൊണ്ട് ഒരു രാജ്യത്തെയും നന്നാക്കാനാവില്ലെന്നും പറഞ്ഞ് അവർ തടിതപ്പുകയാണ് ചെയ്തത്. അതേസമയം 2018 ൽ തെക്കൻ കൊറിയയിൽ നടന്ന വിന്റർ ഗെയിംസിനിടെ കൊറിയകൾ തമ്മിലുള്ള അനുരഞ്ജനത്തിന് ഐ.ഒ.സി എല്ലാ വഴിയും തേടിയിരുന്നു. വർണവിവേചന നയത്തിൽ പ്രതിഷേധിച്ച് 1964 മുതൽ 1992 വരെ ഗെയിംസുകളിൽ ദക്ഷിണാഫ്രിക്കയെ മാറ്റിനിർത്തിയിരുന്നു.
നയതന്ത്ര ബഹിഷ്‌കരണം ഫലത്തിൽ അർഥശൂന്യമാണ്. ഈ രാജ്യങ്ങൾ തങ്ങളുടെ അത്‌ലറ്റുകളെ ഒളിംപിക്‌സിന് അയക്കും. ടി.വിയിൽ ഒളിംപിക്‌സ് കാണുന്നവർക്കും ഒരു മാറ്റവുമുണ്ടാവില്ല. രാഷ്ട്രത്തലവന്മാരെ അണിനിരത്തി അഭിമാനം കൊള്ളാനുള്ള അവസരം ചൈനക്കു നഷ്ടമാവുമെന്നു മാത്രം.
1976 മുതൽ 1984 വരെ മൂന്ന് ഒളിംപിക്‌സുകൾ നൂറോളം രാജ്യങ്ങൾ ബഹിഷ്‌കരിച്ചതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. നിരവധി അത്‌ലറ്റുകൾ ജീവിതം തന്നെ നൽകി കാത്തിരുന്ന നിമിഷങ്ങളാണ് അതുവഴി അവരിൽനിന്ന് തട്ടിത്തെറിപ്പിക്കപ്പെട്ടത്.
1976 ലെ മോൺട്രിയൽ ഒളിംപിക്‌സ് ബഹിഷ്‌കരിച്ചത് ആഫ്രിക്കൻ രാജ്യങ്ങളാണ്. വർണവിവേചന നയം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയിലേക്ക് റഗ്ബി ടീമിനെ അയച്ച ന്യൂസിലാന്റിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തിൽ പ്രതിഷേധിച്ച് 1980 ലെ മോസ്‌കൊ ഒളിംപിക്‌സ് അമേരിക്കയുടെ നേതൃത്വത്തിൽ മുതലാളിത്ത രാജ്യങ്ങൾ ബഹിഷ്‌കരിച്ചു. 1984 ലെ ലോസ്ആഞ്ചലസ് ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് സോവിയറ്റ് ചേരി തിരിച്ചടിച്ചു.
ബെയ്ജിംഗ് വിന്റർ ഗെയിംസ് അമേരിക്കൻ ചേരി ബഹിഷ്‌കരിച്ചാൽ ചൈനയിൽ നിന്ന് തിരിച്ചടിയുണ്ടാവുമെന്നുറപ്പ്. 2029 ൽ ലോസ്ആഞ്ചലസിലാണ് ഒളിംപിക്‌സ്. 2032 ൽ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലും.
ചൈനക്കെതിരെ അതിശക്തമായ നിലപാടെടുത്തത് ഡബ്ല്യു.ടി.എയാണ് (വനിതാ ടെന്നിസ് അസോസിയേഷൻ). പെംഗ് സംഭവത്തിൽ സുതാര്യമായ അന്വേഷണം ഉണ്ടാവുന്നതുവരെ ചൈനയിലെ എല്ലാ ടൂർണമെന്റുകളും അവർ പിൻവലിച്ചു. ഡബ്ല്യു.ടി.എക്ക് ഇതുവഴി കോടികളുടെ നഷ്ടമുണ്ടാവും. അവരുടെ ഏറ്റവും പ്രധാനപ്പെട്ട സ്‌പോൺസർമാർ ചൈനയിൽ നിന്നാണ്.
ചൈനയിലെ ഒളിംപിക്‌സ് ബഹിഷ്‌കരിക്കാൻ അമേരിക്കയിലെയും സഖ്യ രാജ്യങ്ങളിലെയും വൻകിട കമ്പനികൾ തയാറാവുമോ? കൊക്കക്കോളയും ഇന്റലും പി ആന്റ് ജിയും വിസയും ടൊയോട്ടയുമുൾപ്പെടുന്ന കമ്പനികളാണ് പ്രധാന ഒളിംപിക് സ്‌പോൺസർമാർ. ഇവരാരും ഡബ്ല്യു.ടി.എയുടെ വഴി സ്വീകരിക്കില്ലെന്നുറപ്പ്.