കുവൈത്ത് സിറ്റി- കുവൈത്തിന്റെ വ്യോമയാത്രാ വ്യവസായം പുതിയ ഒമിക്രോണ്‍ കൊറോണ വകഭദത്തിന് മുന്നില്‍ അചഞ്ചലം. രണ്ട് വര്‍ഷമായി ലോകത്തെ സ്തംഭിപ്പിച്ച പകര്‍ച്ചവ്യാധിയുടെ വിനാശകരമായ ഫലത്തില്‍ നിന്ന് പൂര്‍ണ്ണമായ വീണ്ടെടുക്കലിലേക്കുള്ള പാതയിലാണ് രാജ്യമെന്ന് പ്രാദേശിക വ്യവസായ വിദഗ്ധര്‍ പറഞ്ഞു. 'തുടക്കത്തില്‍ ചില ആശങ്കകളും പരിഭ്രാന്തിയും ഉണ്ടായിരുന്നു. പെട്ടെന്ന് ബുക്കിംഗുകളും റദ്ദാക്കി. എന്നാല്‍ പുതിയ വകഭേദത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ രണ്ട് ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ, ഇപ്പോള്‍ എല്ലാം സാധാരണ നിലയിലായി'-കുവൈത്ത് ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ട്രാവല്‍ പ്രൊഫഷണലായ അനസുദ്ദീന്‍ അസീസ് പറഞ്ഞു.
പുതിയ വകഭേദം ലോകമെമ്പാടും ആശങ്കക്ക് തിരികൊളുത്തുകയും ദക്ഷിണാഫ്രിക്കയില്‍ ഇത് കണ്ടെത്തിയതിന് ശേഷം പുതിയ യാത്രാ നിരോധനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. യുനൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, യുനൈറ്റഡ് കിംഗ്ഡം, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള യാത്രാ നിരോധം ഉടന്‍ പ്രഖ്യാപിച്ചു. കുവൈത്ത് സര്‍ക്കാര്‍ പൗരന്മാര്‍ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും വകഭേഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.