Sorry, you need to enable JavaScript to visit this website.

നാരോ കാസ്റ്റിംഗ് എന്ന പരീക്ഷണം

ദൂരദർശൻ റിലേ കേന്ദ്രം, പാലക്കാട്
ആർ.കെ. ഗുപ്ത (എൻജിനീയർ ഇൻ ചീഫ് (ദൂരദർശൻ)

1980 കളിലും 90 കളിലും ലോകമെമ്പാടും ടെലിവിഷൻ പരിപാടികളുടെ വിതരണം ഉപഗ്രഹ കേബിൾ ശൃംഖല വഴി മുന്നേറുമ്പോൾ ഇന്ത്യയിൽ ടെലിവിഷൻ വ്യാപനത്തിന് തെരഞ്ഞെടുത്തത് ഭൂതല സംപ്രേഷിണികളായിരുന്നു; പത്ത് കിലേവാട്ട് പ്രസരണ ശേഷിയുളള (ഹൈ പവർ ട്രാൻസ്മിറ്റർ) സംപ്രേഷിണികൾ 80 കിലോമീറ്റർ ചുറ്റളവിൽ മികച്ച സിഗ്നലുകൾ ലഭ്യമാക്കും; ഇവ മിക്കവാറും വലിയ നഗരപ്രദേശങ്ങളിലാണ് സ്ഥാപിക്കപ്പെട്ടത്. 


ലോ പവർ ട്രാൻസ്മിറ്ററുകളിൽ നിന്ന് 15-25 കിലോമീറ്റർ ചുറ്റളവിൽ പരിപാടികൾ കാണാനാവും. പക്ഷേ, ഇവയെല്ലാം ഇപ്പോൾ അടച്ചുപൂട്ടാൻ തുടങ്ങിയിരിക്കുന്നു. ഇവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലെല്ലാം ദേശീയ പരിപാടികളോ സംസ്ഥാന കേന്ദ്രങ്ങളിൽ നിന്നുളള പ്രാദേശിക പരിപാടികളോ ആണ് ലഭ്യമായിരുന്നത്. ഈ മേഖലയിൽ പ്രാദേശികമായ മാറ്റം വരുത്താൻ തുടങ്ങിയതാണ് 'നാരോ  കാസ്റ്റിംഗ്'. 2002 ലാണ് ഇതിന് തുടക്കം കുറിച്ചത്. രണ്ട് ഷിഫ്റ്റുകളിലായിരുന്നു സാങ്കേതിക വിഭാഗത്തിലുളളവരുടെ ജോലി, 24 മണിക്കൂറും 2000 മുതൽ സംപ്രേഷണമുണ്ട്. 
നാരോ കാസ്റ്റിംഗ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത് 2002 ലാണ്. ആ കാലത്ത് ദൂരദർശന് 22 ഉപഗ്രഹ ചാനലുകളും 56 സ്റ്റുഡിയോ കേന്ദ്രങ്ങളും 1244 ലോ പവർ ട്രാൻസ്മിറ്ററുകളുമുണ്ടായിരുന്നു. ജനസംഖ്യയുടെ 90% പേർക്കും രാജ്യ വിസ്തൃതിയുടെ 77% പ്രദേശങ്ങളിലും ദൂരദർശൻ പരിപാടികൾ ലഭ്യമായിരുന്നു.
ടെലിവിഷൻ എന്ന മാധ്യമത്തെപ്പറ്റിയും അതിന്റെ അനന്തമായ സാധ്യതകളെപ്പറ്റിയും നല്ല അവഗാഹമുളള സുമനസ്‌കനായ രാംകുമാർ ഗുപ്തയായിരുന്നു ആ കാലത്ത് ദൂരദർശന്റെ എൻജിനീയർ ഇൻ ചീഫ്. അദ്ദേഹം കുറെ ലോ പവർ ട്രാൻസിസ്റ്ററുകൾ സന്ദർശിക്കുകയും സഹപ്രവർത്തകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു; അദ്ദേഹത്തിന്റെ ആശയമായിരുന്നു, പരീക്ഷണാടിസ്ഥാനത്തിൽ വികസനോൻമുഖമായ പരിപാടികൾ, ആഴ്ചയിൽ ഒരു തവണ അര മണിക്കൂർ വീതം അവതരിപ്പിക്കുക എന്നത്. 


പരിപാടികൾ നിർമിക്കാനുളള വൈദഗ്ധ്യം സാങ്കേതിക വിഭാഗത്തിലുളളവർക്കില്ലാതിരുന്നതിനാൽ അവ തൊട്ടടുത്തുളള സ്റ്റുഡിയോ കേന്ദ്രത്തിലെ നിർമാണ വിഭാഗക്കാർ നിർമിച്ച്, സംപ്രേഷണത്തിനുളള ഉത്തരവാദിത്തം ലോ പവർ ട്രാൻസിസ്റ്ററിലെ ഉദ്യോഗസ്ഥരെ ഏൽപിക്കുക: ഇതായിരുന്നു ശ്രീ.ഗുപ്ത വിഭാവനം ചെയ്തിരുന്നത്. (ദേശീയ,പ്രാദേശിക ഭാഷാ ശൃംഖലകളിൽ നിന്നുളള പരിപാടികൾ ആ സമയം നിർത്തി പകരം തികച്ചും പ്രാദേശികമായ പരിപാടി സംപ്രേഷണം ചെയ്യുക.) ഇക്കാര്യം വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പരേതയായ സുഷമ സ്വരാജിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തികച്ചും പുതുമയുളള ആശയത്തിന് അവർ പച്ചക്കൊടി കാട്ടി. അത് നടപ്പിലാക്കാൻ ആ കാലത്തെ പ്രസാർ ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അനിൽ ബൈജാലിന് നിർദേശം നൽകി.


എല്ലാ പ്രവൃത്തി ദിവസങ്ങളിലും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർ രാവിലെ തന്നെ ഉയർന്ന ഉദ്യോഗസ്ഥന്മാരുമായി ഒരു ചർച്ചായോഗം നടത്താറുണ്ട്. അതത് ദിവസത്തെ മുൻഗണനാ ജോലികൾ നിശ്ചയിക്കുകയും ഉടൻ പ്രശ്‌നപരിഹാരം വേണ്ടവ ചർച്ച ചെയ്ത് തീരുമാനങ്ങളെടുക്കുകയും ചെയ്യും. നാരോകാസ്റ്റിംഗ് എന്ന പുതിയ പരിപാടിയെക്കുറിച്ച് എൻജിനീയർ ഇൻ ചീഫ് വിശദീകരിച്ചു. തെരഞ്ഞെടുത്ത് പന്ത്രണ്ട് ലോ പവർ ട്രാൻസ്മിറ്ററുകളിൽ നാരോ കാസ്റ്റിംഗ് നടപ്പിലാക്കാൻ തീരുമാനമായിട്ടുണ്ട്. അവിടങ്ങളിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന പരിപാടികളുടെ കാര്യത്തിൽ ഡയറക്ടറേറ്റിൽ ഏകോപനം നടത്താൻ ആരെങ്കിലും തയാറുണ്ടോ എന്നദ്ദേഹം ചോദിച്ചു. ഞാൻ ആ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് പറഞ്ഞപ്പോൾ ബൈജൽ എന്നെത്തന്നെയാണ് ഏൽപിക്കാനുദ്ദേശിച്ചിരുന്നതെന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. 
പന്ത്രണ്ട് ചെറുനഗരങ്ങളിൽ തെരഞ്ഞെടുത്ത മാനദണ്ഡങ്ങൾ വിശദമാക്കപ്പെട്ടു. പ്രാദേശിക വികസന സംബന്ധിയായിരുന്നു ഉളളടക്കമെന്നതിനാൽ കാർഷിക സർവകലാശാലകളുടെ സാമീപ്യം ഒരു ഘടകമായിരുന്നു. മറ്റൊന്ന് ഈ സംപ്രേഷിണികളുടെ ചുമതലയുളള എൻജിനീയർമാരുടെ ജോലിയോടുളള പ്രതിബദ്ധതയും. ഛത്തീസ്ഗഢിലെ ബിലാസ്പൂർ, ഝാർഖ ണ്ഡിൽ ഹസാരിബാഗ്, മഹാരാഷ്ട്രയിൽ അകോള, മധ്യപ്രദേശിലെ സാഗർ, പഞ്ചാബിൽ പട്യാല, ഫിറോസ്പൂർ, ഹരിയാനയിലെ ഹിസാർ, കർണാടകയിൽ ബെല്ലാരി, തമിഴ്‌നാട്ടിൽ കോയമ്പത്തൂർ, കേരളത്തിൽ പാലക്കാട് എന്നിവയായിരുന്നു ആദ്യ ഘട്ടത്തിൽ നാരോ കാസ്റ്റിംഗിനായി തെരഞ്ഞെടുക്കപ്പെട്ടത്. 


ഓരോ സംപ്രേഷിണികളിലേക്കും ശരാശരി 20 ലക്ഷം ഉറുപ്പികയോളം വില വരുന്ന ഉപകരണങ്ങൾ നൽകി. സാങ്കേതിക വിഭാഗത്തിൽ ഏകോപനം നടത്തിയിരുന്നത് ഊർജസ്വലനും സമചിത്തനുമായ ഹരീഷ് വാധ്വ എന്ന എൻജിനീയറിംഗ് ഡയറക്ടറായിരുന്നു. പന്ത്രണ്ട് സ്ഥലങ്ങളിലും തയാറെടുപ്പുകൾ പൂർത്തിയായപ്പോൾ അപ്രതീക്ഷിതമായി കേരളത്തിൽ നിന്ന്, അന്ന് മലപ്പുറം ജില്ലാ കലക്ടറായിരുന്ന എം.ശിവശങ്കർ എന്നെ കാണാനെത്തി. മലപ്പുറം ജില്ലയിൽ കേരളത്തിൽ ആദ്യമായി വിവരസാങ്കേതിക സാക്ഷരത നടപ്പിലാക്കുന്നതിനായി നാരോ കാസ്റ്റിംഗിൽ അവിടം കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എല്ലാം തീരുമാനിച്ചു കഴിഞ്ഞതിനാൽ നടക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും  ്രഗുപ്ത എന്റെ അപേക്ഷ സ്വീകരിച്ചു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ പതിമൂന്നാമത്തെ നാരോ കാസ്റ്റിംഗ് സെന്റർ തുടങ്ങി. അവിടെ മാത്രം പരിപാടികൾ മലപ്പുറം ജില്ലാ ഭരണകൂടവും കേരള ഐ.ടി വകുപ്പും നിർമിച്ച് സംപ്രേഷണത്തിന് നൽകി. കേരളത്തിലെ അക്ഷയ പ്രോജക്ടിന് അത് വലിയ തുണയായി. 
2002 ഒക്ടോബർ - നവംബർ മാസങ്ങളിലായി ഉദ്ഘാടനം നടത്തുന്ന പ്രമുഖരുടെ സൗകര്യത്തിനനുസരിച്ച് കേന്ദ്രങ്ങൾ പരിപാടികൾ തുടങ്ങി. ഒക്ടോബർ 29 ന് പാലക്കാട്ടും അമലാപുരത്തും ഉദ്ഘാടനം നടന്നു; അക്കാലത്തെ റെയിൽവേ മന്ത്രി ബംഗാരു ദത്താത്രേയയാണ് അമലാപുരത്ത് ഉദ്ഘാടനം നടത്തിയത്. പാലക്കാട്ട് ഒ. രാജഗോപാലും.


സാധാരണ ഗതിയിൽ ഒരു പുതിയ പദ്ധതി നടപ്പാക്കുമ്പോൾ അതിന്റെ കടലാസുകളും ഫയലുകളും കൈകാര്യം ചെയ്യുന്നതിന് ദൂരദർശൻ ആസ്ഥാനത്ത് ഒരു സെക്ഷനുണ്ടാവും. ഫയലുകളുടെ നീക്കം അനുസരിച്ചാണ് കാര്യങ്ങളുടെ പുരോഗതി. പക്ഷേ, നാരോ കാസ്റ്റിംഗിന് ഗവണ്മെന്റ് വലിയ പ്രാധാന്യം കൽപിച്ചിരുന്നതിനാൽ ഞാൻ നേരിട്ട് തന്നെ എല്ലാ കാര്യങ്ങളും സെക്‌ഷനെന്ന ചുവപ്പുനാട ഒഴിവാക്കി ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബൈജാൽ നിർദേശിച്ചിരുന്നു. അതിനാൽ പരിപാടികൾ നിർമിച്ച് എത്തിക്കേണ്ട ദൂരദർശൻ കേന്ദ്രങ്ങളുമായി നിരന്തരമായി ടെലിഫോണിലും ഫാക്‌സിലൂടെയും സമ്പർക്കം പുലർത്തേണ്ടിയിരുന്നു. ഉദ്ഘാടനച്ചടങ്ങുകളുടെ വിശദാംശങ്ങൾ തൊട്ട് ഓരോ ആഴ്ചയും പരിപാടികൾ നിർമിച്ച് എത്തിച്ചുകൊടുക്കുന്നതിന്റെ രീതികൾ വരെ ഏകോപിപ്പിക്കേണ്ടിയിരുന്നു. 
എന്റെ പ്രൈവറ്റ് സെക്രട്ടറിമാരായിരുന്ന പി.എസ്.നേഗിയും ഗുൽഷൻ കുമാറും മികച്ച പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന രാമസ്വാമി സുരേഷും അഹോരാത്രം ഒരു സെക്‌ഷൻ ചെയ്യേണ്ട ജോലി ചെയ്തു. 2003 ലെ ദൂരദർശൻ അവാർഡുകളിൽ ജോലിക്കുളള മികവിന് എനിക്കൊരു പുരസ്‌കാരം ലഭിച്ചു. 25,000 രൂപയായിരുന്നു അവാർഡ് തുക. എല്ലാം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തനക്ഷമമാകണമെങ്കിൽ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കണമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഉദ്ഘാടനച്ചടങ്ങിൽ ആശംസാപ്രസംഗത്തിനായി ചില കേന്ദ്രങ്ങളുടെ മേധാവികൾ പേര് അച്ചടിച്ചിരുന്നെങ്കിലും എവിടെയും പോകാൻ, മറ്റ് ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറിനിൽക്കാനാവാത്തതുകൊണ്ട് കഴിഞ്ഞിരുന്നില്ല. സന്ദർശിച്ചിരുന്നത് കോയമ്പത്തൂരും പാലക്കാടും മാത്രം; അവിടങ്ങളിൽ മദ്രാസിലെയും തിരുവനന്തപുരത്തെയും മുൻകാല സഹപ്രവർത്തകർ വലിയ ആവേശത്തോടെയാണ് തങ്ങളുടെ പുതിയ ഉത്തരവാദിത്തം ഏറ്റെടുത്തത്.


തൃശൂരിലെ ദൂരദർശൻ കേന്ദ്രത്തിനായിരുന്നു പാലക്കാട്ടെ പരിപാടികളുടെ നിർമാണച്ചുമതല. തിരുവനന്തപുരത്തുണ്ടായിരുന്ന പ്രോഗ്രാം എക്‌സിക്യൂട്ടീവായിരുന്ന ദേവകുമാർ വയനാട്, പാലക്കാട്, തൃശൂർ ജില്ലകളിൽ കാർഷിക മേഖലകളിൽ നിന്ന് തന്നെ 'നെല്ലറ വിശേഷം' എന്ന പരിപാടി നിർമിച്ചു. പിന്നീട് കാർഷിക വാർത്തകളും ക്വിസ് പരിപാടിയും കാർഷിക സർവകലാശാലയുടെ  സഹകരണത്തോടെ നിർമിച്ചു. പരിപാടി വലിയ പ്രേക്ഷക പ്രീതി നേടി.
പരിപാടിയുടെ പരീക്ഷണ ഘട്ടത്തിലെ വിജയം പിന്നീടത് 180 റിലെ കേന്ദ്രങ്ങളിലേക്കും, 2004 ൽ ഒരു കിസാൻ ചാനലിന്റെ തുടക്കത്തിനും വഴിതെളിയിച്ചു. മാത്രവുമല്ല, ആദ്യകാല പരീക്ഷണത്തിൽ നിന്ന് ദൂരദർശൻ പരസ്യങ്ങളിലൂടെ വരുമാനം നേടുകയും ചെയ്തു.


പ്രാദേശിക സംപ്രേഷിണികൾ അനലോഗ് സംപ്രേഷണമായതിനാൽ അടച്ചുപൂട്ടുന്നതിന് പകരം അവ സ്ഥിതിചെയ്യുന്ന ഓരോ നഗരത്തിലും കേബിൾ കമ്പനികൾ ചെയ്യുന്നതുപോലെ സാങ്കേതിക മികവോടെ ഒരു പ്രാദേശിക ചാനൽ തുടങ്ങിയിരുന്നെങ്കിൽ വലിയ വരുമാനം നേടുകയും വികസനത്തിന്റെയും വിജ്ഞാനത്തിന്റെയും സന്ദേശങ്ങൾ കൂടുതൽ ഫലപ്രദമായി ജനകോടികളിൽ എത്തിക്കാനും വരുമാനമുണ്ടാക്കാനും കഴിഞ്ഞേനേ. 
പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതു പോലെയാണ് ഈ അടച്ചുപൂട്ടൽ. രാജ്യത്ത് ഒരു പുതിയ പരീക്ഷണത്തിന് ചുക്കാൻ പിടിക്കാൻ കഴിഞ്ഞത് ഓർമച്ചെപ്പിലെ ഒരു നിധിയായി സൂക്ഷിക്കുന്നു.

Latest News