ജിദ്ദാ ജീവിതം പകർന്ന രാഗതാളം, മാളവിക നായികയായി

മാളവിക മനോജ്
മാളവിക മനോജ്
മാളവിക കുടുംബത്തോടൊപ്പം
സിനിമയിൽ നിന്നുള്ള രംഗം
മാളവിക മനോജ്

ഭാരതീയ ക്ലാസിക്കൽ നൃത്തത്തിന്റെ ജിദ്ദയിലെ പര്യായമായിരുന്നു പ്രസീതാ മനോജ്. ചിലങ്ക എന്ന തന്റെ ഡാൻസ് സ്‌കൂളിന്റെ പേര് അന്വർഥമാക്കുംവിധം നിരവധി കുട്ടികളെ പ്രസീത കാൽച്ചിലങ്കയണിയിച്ചു. വേദികളിൽ ആ കുട്ടികൾ ആടിത്തിമിർത്തു. പ്രസീത സ്വയം കൈവിരൽത്തുമ്പുകളിലും കണ്ണിണകളിലും പദചലനങ്ങളിലും മുദ്രകളുടെ മഹോൽസവം തീർത്താണ് ജിദ്ദയിലെ നൃത്തപ്രേമികളുടെ മനസ്സിൽ നിറഞ്ഞുനിന്നത്. 
ലാസ്യനിബദ്ധമായ ആ ചുവടുവെപ്പുകളിൽ നിന്ന്് മകൾ മാളവികയും ശാസ്ത്രീയ നൃത്തവേദികളിൽ പദസ്വനമുണർത്തി. ജിദ്ദ ഇന്ത്യൻ സ്‌കൂളിലെ കായികതാരം കൂടിയായിരുന്ന, പ്രിയപ്പെട്ടവർക്കിടയിൽ മാളു എന്നറിയപ്പെടുന്ന ഈ പതിനേഴുകാരിയിപ്പോൾ അഭ്രപാളികളിൽ തന്റെ അഭിനയ സിദ്ധിയുമായി സഹൃദയ ലോകത്തിന്റെ ശ്രദ്ധ പിടിച്ചെടുത്തിരിക്കുന്നു.
ഷഹദ് നിലമ്പൂർ എന്ന നവാഗത സംവിധായകന്റെ ഒരു കുടുംബ കഥയുടെ അഭ്രാവിഷ്‌കാരമായ 'പ്രകാശൻ പറക്കട്ടെ' എന്ന ചിത്രത്തിലാണ് മാളവിക നായികയാവുന്നത്്. പ്രകാശന്റേയും (ദിലീഷ് പോത്തൻ) കുടുംബത്തിന്റേയും കഥയാണിത്. 
കുടുംബ ബന്ധത്തിന്റെ വൈകാരിക മുഹൂർത്തങ്ങളും അച്ഛനും മകനും തമ്മിലുള്ള അടുപ്പവുമെല്ലാം അൽപം ഹാസ്യരസ പ്രധാനമായി അവതരിപ്പിച്ച ഈ ചിത്രത്തിൽ നീതു എന്ന് പേരുള്ള നായികയെയാണ് മാളവിക അവതരിപ്പിക്കുന്നത്. 


- കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ ആനക്കാംപൊയിൽ, തിരുവമ്പാടി ഭാഗങ്ങളിലായിരുന്നു ഷൂട്ട്. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം. നടീനടന്മാരും സാങ്കേതിക വിഭാഗത്തിലെ വിദഗ്ധന്മാരുമടങ്ങിയ ക്രൂ എനിക്ക് വിസ്മയമായിരുന്നു. അവരുടെ സൗഹൃദം, ഉപദേശ നിർദേശങ്ങൾ എല്ലാം എനിക്ക് കംഫർട്ടബ്ൾ ആയി. അതുകൊണ്ടു തന്നെ ഒരു തുടക്കക്കാരിയെന്ന പ്രശ്‌നമേ ഉണ്ടായില്ല. 
ഷഹ്ദിക്ക എനിക്ക് പൂർണ സ്വാതന്ത്ര്യം തന്നിരുന്നു. പ്രകാശൻ പറക്കട്ടെ, നമ്മുടെ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന വിശ്വാസമാണ് പടത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും... മാളവിക പറഞ്ഞു. ധ്യാൻ ശ്രീനിവാസന്റേതാണ് തിരക്കഥ. ധ്യാൻ സാറുടെ സാന്നിധ്യം സെറ്റുകളെ സജീവമാക്കിയിരുന്നു. മുപ്പത് ദിവസത്തെ ഷൂട്ടിംഗ് അനുഭവം മറക്കാനാവില്ല. ജീവിതത്തിലെ ഏറ്റവും നല്ല ത്രില്ലിംഗ്് എക്‌സ്പീരിയൻസ്. 
പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഹ്രസ്വ ചിത്രത്തിൽ നിന്നു തുടങ്ങി പ്ലസ് ടു പൂർത്തിയായപ്പോൾ ഒരു ഡസൻ സിനിമകളുടെ സഹസംവിധായകനായി പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച ഷഹദ്്, ധ്യാൻ ശ്രീനിവാസന്റെ അസോസിയേറ്റ് ഡയരക്ടറായിരിക്കേയാണ് പ്രകാശൻ പറക്കട്ടെ എന്ന സിനിമയുടെ ത്രെഡ് കിട്ടുന്നതും സ്വന്തമായി സംവിധാനം ചെയ്യാമെന്ന ധൈര്യമുണ്ടാകുന്നതും. ധ്യാൻ ഇക്കാര്യത്തിൽ തന്റെ വഴികാട്ടിയാണെന്ന് ഷഹദ് പറയുന്നു. ധ്യാൻ ആണ് തനിക്ക് ക്ലീൻ ചിറ്റ്്് നൽകിയതെന്നും ഷഹദ് സ്‌നേഹത്തോടെ അനു്‌സമരിച്ചു.
ഹൈറേഞ്ചിലെ സുന്ദര ഗ്രാമമായ പൂവാറംതോടിലെ ഒരു സാധാരണ കച്ചവടക്കാരനാണ് പ്രകാശൻ. 

 

ഭാര്യ ലതയും ദാസ് പ്രകാശ്, അഖിൽ പ്രകാശ് എന്നീ രണ്ടു മക്കളുമടങ്ങുന്ന, നാട്ടിൻപുറത്തിന്റെ നന്മ നിറഞ്ഞ കുടുംബത്തിന്റെ സ്വപ്‌നങ്ങളുടേയും മോഹങ്ങളുടേയും ആത്മബന്ധങ്ങളുടേയും ആവിഷ്‌കാരമാണ് പ്രകാശൻ പറക്കട്ടെ. പ്രകാശനായി വേഷമിട്ട ദിലീഷ് പോത്തന്റെ ഭാര്യയായി നിഷാ സാരംഗ് അഭിനയിക്കുന്നു. മാത്യു തോമസും മാളവികയുമാണ് ചിത്രത്തിൽ കാൽപനികതയുടെ പ്രണയ വസന്തം തീർത്തത്.  
ഫെന്റാസ്റ്റിക് ഫിലിമിന്റെ ബാനറിൽ ടി.ജി. രവിയുടെ പേരമകനും ശ്രീജിത്ത് രവിയുടെ മകനുമായ അഞ്ചു വയസ്സുകാരൻ ഋതുഞ്ജയ്് ചിത്രത്തിൽ അഖിൽ പ്രകാശനായി വേഷമിടുന്നു. ഷാൻ റഹ്മാൻ സംഗീതവും മനു മഞ്ജിത് ഗാനരചനയും നിർവഹിച്ചു. ഗുരു പ്രസാദാണ് ആനക്കാംപൊയിലിന്റെ ഭംഗി ഒപ്പിയെടുത്ത ഛായാഗ്രഹകൻ. 

 


പഠനത്തോടൊപ്പം നൃത്തവും അഭിനയവുമായി മുന്നോട്ടു പോകാനാണ് മാളവികയുടെ ആഗ്രഹം. അച്ഛൻ മനോജും അമ്മ പ്രസീതയും കരുത്തായി ഒപ്പമുണ്ടെന്ന ആത്മവിശ്വാസം ഈ ഇളം പ്രതിഭയുടെ വൈഭവത്തിന് പ്രചോദനം പകരുന്നു. 
ജിദ്ദയിലെ പ്രവാസമാണ് തന്നിലെ കലാകാരിയെ കണ്ടെത്തിയതെന്നും ഇക്കാര്യത്തിൽ മാതാപിതാക്കളോടുള്ള കടപ്പാടിനൊപ്പം ജിദ്ദയിലെ സഹൃദയരോടും കലാസംഘടനകളോടുമുള്ള നന്ദിയും സ്‌നേഹവും മറക്കാനാവില്ലെന്നും പറഞ്ഞ മാളവിക, തന്റെ സിനിമാ ജീവിതത്തിലെ ആദ്യ സംരംഭത്തിന് ജിദ്ദാ പ്രവാസികളുടെ പ്രാർഥനയും പിന്തുണയുമുണ്ടാകണമെന്നും അഭ്യർഥിച്ചു.   

Latest News