ഇരുളിൽ മിന്നുന്ന  കറുത്ത വെളിച്ചം

പ്രശസ്ത കവി എൻ.കെ.ദേശത്തിന്റെ (എൻ. കുട്ടികൃഷ്ണപിള്ള) സമ്പൂർണ കവിതകളുടെ സമാഹാരമാണ് ദേശികം-എൻ.കെ.ദേശത്തിന്റെ കവിതകൾ. ജ്യേഷ്ഠ സഹോദരൻ എൻ.ജയകുമാർ കവിയുടെ കൈയൊപ്പോടെ അയച്ചുതന്ന പുസ്തകം ആദരവോടെയാണ് കൈപ്പറ്റിയത്. നവതിയുടെ നിറവിൽ നിൽക്കുന്ന കവിക്ക് അദ്ദേഹത്തിന്റെ കവിതകളുടെ ആസ്വാദകരുടെയും പ്രിയപ്പെട്ടവരുടെയും ഒരു സ്‌നേഹ ദക്ഷിണയായി ഈ പുസ്തകത്തെ കരുതാം. എണ്ണൂറു പേജിൽ   മനോഹരമായി തയാറാക്കിയ  ദേശികം കവിയെ സമഗ്രമായി അവതരിപ്പിക്കുന്നുണ്ട്. 
ദേശികം മറിക്കുമ്പോൾ കവി സ്വന്തം കൈപ്പടയിൽ എഴുതിയ കവിതകളാണ് നിറയുന്നത്. കവിയുടെ കൈയെഴുത്തും പുരാരേഖയാണെന്ന് വൈകിയാണെങ്കിലും നമ്മൾ മനസ്സിലാക്കിയിരിക്കുന്നു. കവിത മാത്രം നോക്കുകയും കവിയെ വിസ്മരിക്കുകയും ചെയ്യുന്ന ശീലമാണ് ഭാരതീയരുടേത്. കവി എങ്ങനെ ജീവിച്ചുവെന്നോ, എങ്ങനെയെഴുതിയെന്നോ ആരും നോക്കിക്കാണാറില്ല. കലാകാരന്മാരെ കുറിച്ചുള്ള പൊതുശീലമതാണ്. കർമം ചെയ്യുക, ഫലം ഇഛിക്കരുതെന്ന് ഭഗവത്ഗീത നമ്മെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടാവാം കലാകാരന്മാർക്കും ഇതിൽ പരിഭവമില്ല. നമ്മുടെ മഹാകവികളുടെയോ, എഴുത്തുകാരുടെയോ, ദാർശനികരുടെയോ കലാകാരന്മാരുടെയോ ജീവിതത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ കൈമലർത്തുകയാണ്  ഇവിടെ പതിവ്. ഇതിന് മാറ്റം വരേണ്ടിയിരിക്കുന്നു.
കവിത വാർന്നു വീണ അക്ഷരങ്ങൾ പോലും പ്രധാനപ്പെട്ടതാണെന്ന് നമ്മൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നുവെന്നത് നല്ല കാര്യം.  കവിത കവിയെ വിലയിരുത്താൻ മതിയായ സൂക്ഷ്മദർശിനിയാണ്. അതുപോലെ കൈയക്ഷരത്തിനും പ്രാധാന്യമുണ്ട്. കൈരേഖ നോക്കി ഫലം പറയുന്നതുപോലെ കൈയക്ഷരം കവിയുടെ ഉള്ളതിലേക്കുള്ള വഴി തുറക്കുന്ന താക്കോൽകൂട്ടമാണ്. ഈ രേഖപ്പെടുത്തൽ കൈയക്ഷരത്തിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്ന് വിസ്മരിക്കാതിരിക്കാം.
ദേശികം എന്ന ആമുഖ കുറിപ്പിൽ എൻ.കെ.ദേശം എഴുതുന്നു.
എന്നെകുറിച്ച് എന്റെ കവിയെക്കുറിച്ച്, മഹാമേരുവും പരമാണുവും ദ്രവ്യം കാളിദാസനും എൻ.കെ.ദേശവും കവി
ഈ സമാഹാരം ഈ രൂപത്തിലാക്കാൻ പ്രവർത്തിച്ച
ആത്മാരാമന് എൻ.ജയകുമാറിന് 
കാവാലം ബാലചന്ദ്രന്,
എന്റെ കുടുംബത്തിന്,
എങ്ങനെ നന്ദി പറയാൻ...
ആത്മാരാമന്റെ കറുത്ത വെളിച്ചമെന്ന പ്രൗഢമായ അവതാരിക പുസ്തകത്തിന്റെ തിലകക്കുറിയാണ്. വെളിച്ചത്തിനെന്ത് വെളിച്ചമെന്ന് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞുവെച്ചിട്ടുണ്ട്. കറുത്ത ഫലിതത്തെക്കുറിച്ച് കേൾക്കുന്നുണ്ട്. ഇതാ ഇവിടെ കറുത്ത വെളിച്ചം. സൂര്യനിലും ഇരുട്ടുണ്ടെന്നാണെന്റെയൊരു തോന്നൽ. ഇതേക്കുറിച്ച് പ്രകാശത്തിന്റെ പർവതം എന്ന എന്റെ നോവലിൻ ഞാനെഴുതിയിട്ടുണ്ട്. 
കവി എഴുതുന്നു.
രണ്ടുപേരെ കൂടുതൽ സ്‌നേഹാദരവോടെ ഞാനോർക്കുന്നു. ഞാനെഴുതുന്നതെന്തും കേമമെന്ന് അഭിനന്ദിച്ച് എന്റെ കൗമാരകാവ്യ രചനാകൗതുകത്തെ ലഹരി പിടിപ്പിച്ച വടക്കേടത്തു രാമൻ നായരെയും മാതൃഭൂമി ആഴ്ചപതിപ്പിന് ഞാനയച്ച കവിതകൾ ഏറിയ കൂറും പ്രസിദ്ധീകരിക്കാതെ തിരിച്ചയച്ച് എന്റെ കുറവുകൾ പലതും സ്വയം കണ്ടെത്താൻ എന്നെ നിശ്ശബ്ദം സഹായിച്ച എൻ.വി. കൃഷ്ണവാരിയരേയും.( ഈ വാക്കുകളെ വെളുത്ത ഫലിതമെന്നാണോ, അതോ കറുത്ത ഫലിമെന്നാണോ വിളിക്കേണ്ടത്)
ആളിപ്പടരുന്ന തീനാളങ്ങൾ അൽപാൽപ
മാറിത്തുടങ്ങുമീ വേളയിൽ പ്രാണനിൽ
മന്ദസ്മിതോൽഫല്ലമാകുന്നു മന്ദമാ-
രന്തിമലരിപോൽ നിന്മുഖമോമനേ (അന്തിമലരി).
ആ തീനാളങ്ങൾ കത്തിക്കരിച്ച സ്വപ്‌നസാനുക്കളെ ചൂഴ്ന്ന ഇരുളിൽ മിന്നുന്ന കറുത്ത വെളിച്ചമാണ് ദേശത്തിന്റെ കവിതകളുടെ അന്തഃ-സാരമെന്ന് ആത്മാരാമൻ ചൂണ്ടിക്കാട്ടിത്തരുന്നു. എൻവി.കൃഷ്ണവാരിയർ എൻ.കെ.ദേശത്തെ വിലയിരുത്തുന്നതിങ്ങനെ:
'ശ്രീ.ദേശത്തിന്റെ വിരലടയാളമായി എനിക്ക് തോന്നിയിട്ടുള്ളത് സൗമ്യ മധുരമായ നർമ രസമാണ്.നമ്മുടെ കാലത്തിന്റെ ദേശത്തിന്റെ കവിയാണ് ശ്രി.ദേശം'
ഏതാണ്ടാകെപ്പുകനിറമങ്ങി
ങ്ങേറെയിരുണ്ടും, തെളിവാർന്നും,
പള്ളയിലിരുപുറമുണ്ടുടനീളം
വെള്ളിക്കസവോളിയടയാളം
വാലറ്റത്തുകറുപ്പോരുവിരലിട
മേലെവെള്ളയുമീവണ്ണം
ചാരുകളേബരനാമക്കിളിയുടെ 
പേരുതിരഞ്ഞെൻതലചൊറികെ
കുട്ടനുരച്ചുകളിമ്പമോ'ടച്ചാ,
കുട്ട്യൂർളിക്കിളി കണ്ടില്ലേ' പക്ഷിനിരീക്ഷണം) കുട്ട്യൂർളിക്കിളി, പൂങ്കുറിഞ്ഞി, ഓലോഞ്ഞാലി എന്നീ പേരുകളിൽ അറിയപ്പെടുന്ന പക്ഷിയെ  ഇങ്ങനെ വരച്ചിടുകയാണ് കവി ദേശം. 
'ഈ പക്ഷിയുടെ ദേഹത്തിൽ പ്രധാനമായി മൂന്ന് നിറങ്ങളാണുള്ളത്. തവിട്ട് നിറം, കറുപ്പ്, വെള്ള. ഈ വർണങ്ങളുടെ യോജിപ്പ് പക്ഷിക്ക് പ്രത്യേകമായ ഒരു അഴകു കൊടുക്കുന്നു. അതിന്റെ നിറങ്ങൾക്കു വൃത്തിയും ഭംഗിയുമുണ്ട്. പക്ഷിയുടെ തലയും കഴുത്തും മാറിടവും ഒട്ടാകെ പുകപിടിച്ച കടുംതവിട്ട് നിറമാണ്. ഇതാണ് അതിന് പുകബ്ലായി എന്ന പേരു വരുവാൻ കാരണം.' (കേരളത്തിലെ പക്ഷികൾ- ഇന്ദുചൂഡൻ). മരക്കവികളെന്ന് ഒരു കാലത്ത് പരിഹാസത്തോടെ വികസനവാദികൾ വിളിച്ച കവികളിലൊരാളായ വിഷ്ണു നാരായണൻ നമ്പൂതിരിക്ക് ദേശം കേരളത്തിലെ പക്ഷികളെന്ന പുസ്തകത്തെക്കുറിച്ച് എഴുതിയ കവിത കത്തിങ്ങനെ:
നന്ദി പക്ഷികവിതാസ്തുതി,യ്കതിൻ
നന്മ എൻമൊഴി പകർന്നതല്ലെടോ
ഇന്ദുചൂഡരചിതംമോനോഹര-
ഗ്രന്ഥമാണതുവിളഞ്ഞൊരാകാരം'
കാക്കകളിൽ തുടങ്ങി വെള്ളിക്കണ്ണിക്കുരുവിയിൽ അവസാനിക്കുന്ന 123 പക്ഷികളെക്കുറിച്ചുള്ള ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികൾ എഴുത്തുകാരെ വല്ലാതെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഗദ്യ കവിതയെന്ന് പോലും ഈ പുസ്തകത്തെ വിശേഷിപ്പിക്കാനാകും. (കേരളത്തിലെ പക്ഷികളുടെ പുതിയ പതിപ്പിൽ കൈകടത്തൽ നടത്തി അതിന്റെ ഭാഷാതനിമ ചോർത്തിയെന്ന് വ്യസനപൂർവം ഞാനിവിടെ ഓർക്കുന്നു).
'ദേശത്തിന്റെ കവിതയിലെ പരിസ്ഥിതിപരമായ ഉൽക്കണ്ഠകളിലൂന്നി ചിന്തിക്കാവുന്ന സന്ദർഭമാണിത്. എഴുപതുകളുടെ അന്ത്യപാദത്തോടെ പരിസ്ഥിതി സംരക്ഷണം മുഖ്യ പ്രമേയമായ കുറച്ചു രചനകൾ നമ്മുടെ ഭാഷയിൽ അവതരിച്ചുവല്ലോ. സൈലന്റ് വാലി മഴക്കാടുകളുടെ സംരക്ഷണമായിരുന്നു സദ്യ:പ്രചോദനം. മൊഴിചൊല്ലി മുടിവെട്ടിവിട്ട പെൺകുട്ടിപോൽ മൊഴിമുട്ടി നിൽക്കുമാത്താഴ്‌വരയും എന്നു ദേശം. തൊള്ളായിരത്തി എഴുപത്തിയഞ്ചു ജൂൺ മുതൽ തൊള്ളായിരത്തി എഴുപത്തിയേഴു മാർച്ച് വരെ നീണ്ട അടിയന്തരാവസ്ഥക്കാലത്ത് അവലംബിച്ച ഭീരുത്വത്തിന്റെയും മൗനത്തിന്റെയും പ്രായശ്ചിത്തം അനുഷ്ഠിക്കാനെന്നതുപോലെ ചില കവികളെങ്കിലും പ്രകൃതി സംരക്ഷണത്തിന്റെ ബാൻഡ് വാഗണിലേക്ക് ഓടിക്കയറി. തൊള്ളായിരത്തിയെൺപത് ജൂൺ എട്ടിന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്ത കവികളിൽ ഒരാൾ ദേശമായിരുന്നു' ആത്മാരാമൻ ചൂണ്ടിക്കാട്ടുന്നുണ്ട്.
രാവിലുറക്കമിളച്ചുവെളുപ്പിനു
കോവിലിൽ നിന്നു മടങ്ങുമ്പോൾ
പച്ചപ്പൊന്തപ്പഴുതൂടെ പുലർ-
വെട്ടമൊലിച്ചു തുടങ്ങുമ്പോൾ
വീടണയാൻ വയലോരത്തൂടെൻ
ചോടുകളലസം നീളുമ്പോൾ
ഇരവിൽപ്പാടിക്കേട്ടൊരുപാട്ടി
ന്നീരടിയെൻ ചൊടിമൂളുമ്പോൾ
കാട്ടുപടർപ്പിനിടയി,ലരങ്ങിൽ
ക്കേട്ടൊരുഗോഗ്വാ വിളി വീണ്ടും (പ്രകൃതിയിലേക്ക്)
ദേശത്തിന്റെ കവിതയെക്കുറിച്ച് വിഷ്ണുനാരായണൻ നമ്പൂതിരി എഴുതി: ദേശത്തിന്റെ കവിതയിൽ പ്രത്യേയ ശാസ്ത്രങ്ങൾക്ക് വേണ്ടിയുള്ള പരക്കം പാച്ചിലില്ല. അസ്തിത്വത്തെച്ചൊല്ലിയുള്ള ചുഴിഞ്ഞിറക്കങ്ങളില്ല. ഉദ്വിഗ്നതയും സന്ത്രാസവും ഇല്ല, ഇളന്നീരിന്റെ മാധുര്യവും കാട്ടുചോലയുടെ സംഗീതവും കാഴ്ചവെയ്ക്കുന്ന ശാലീന കന്യാഹൃദയത്തിന്റെ വിശുദ്ധമുഗ്ധത..
നമ്മുടെ ജനാധിപത്യ നാഗരികതയിലെ കൊച്ചു മനുഷ്യരുടെ സുഖദുഃഖങ്ങളുടെയും മനോരാജ്യങ്ങളുടെയും ആവേശ നൈരാശ്യങ്ങളുടെയും വിശ്വസ്തനായ പ്രതിനിധിയാണീ കവി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും (2009) കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്‌കാര ( 2016) ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഈ കവിയെ തേടിയെത്തിയിട്ടുണ്ട്. ദേശികം കവിതാ സമാഹാരം മലയാള സാഹിത്യത്തിന് തീർച്ചയായും ഒരു മുതൽകൂട്ടാണ്.
വള്ളത്തോൾ വിദ്യാപീഠം ശുകപുരം എടപ്പാൾ ആണ് പ്രസാധകർ.
വിതരണം നാഷണൽ ബുക്ക് സ്റ്റാൾ
കോട്ടയം വില - 1000 രൂപ

Latest News