ഫിഫ 2022 ന്റെ തയാറെടുപ്പ് വിശേഷങ്ങൾ ലോകത്തെമ്പാടുമുള്ള കളിയാരാധകരിലേക്കെത്തിക്കുന്നതിനായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി ഖത്തറിലെത്തിച്ച 40 അംഗ സംഘത്തിലെ ഏക മലയാളിയാണ് ആനക്കയം സ്വദേശി ജാമിർ
കായിക ലോകം കാത്തിരിക്കുന്ന ഫിഫ 2022 ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി സംഘടിപ്പിക്കുന്ന ഫാൻ ലീഡർ പ്രോഗ്രാമിൽ ശ്രദ്ധേയ സാന്നിധ്യമായി മലപ്പുറത്തു നിന്നൊരു യുവാവ്. മലപ്പുറം ആനക്കയം സ്വദേശി ജാമിർ വലിയ മണ്ണിലാണ് ഫിഫ 2022 ന്റെ തയാറെടുപ്പ് വിശേഷങ്ങൾ ലോകത്തെമ്പാടുമുള്ള കളിയാരാധകരിലേക്കെത്തിക്കുന്നതിനായി
സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി ഖത്തറിലെത്തിച്ച 40 അംഗ സംഘത്തിലെ ഏക മലയാളി. കാൽപന്തു കളിയുടെ നാട്ടിൽ നിന്നും ലോകകപ്പിന്റെ വികാരങ്ങളും ആവേശവും പ്രചരിപ്പിക്കാൻ ലഭിച്ച അവസരം മഹാഭാഗ്യമായാണ് കാണുന്നതെന്നും കാൽപന്തു കളിയാരാധകർക്ക് സവിശേഷമായ അനുഭവമാണ് ഖത്തർ സമ്മാനിക്കുകയെന്നും ജാമിർ അഭിപ്രായപ്പെട്ടു.
മലപ്പുറത്തുനിന്നുളള ഏതൊരു ചെറുപ്പക്കാരനെയും പോലെ കളിയാവേശം ജാമിറിന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ്. സെവൻസായാലും ലെവൻസായാലും ഗാലറിയെ ഇളക്കി മറിക്കുന്ന കളിയാവേശം എന്നും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി അന്താരാഷ്ട്ര ഫുട്ബോൾ വേദികളിൽ ആരാധകരുടെയിടയിൽ സജീവമായി പ്രവർത്തിക്കുകയാണ് ഈ ചെറുപ്പക്കാരൻ. കഴിഞ്ഞ ദിവസം ദോഹയിലെത്തിയ 30 രാജ്യങ്ങളിൽ നിന്നുള്ള 40 അംഗങ്ങളിലെ ഏക മലയാളിയാണ് ജാമിർ. ഇന്ത്യക്കാരായി മുംബൈയിൽ നിന്നു രണ്ട് യുവാക്കളും സംഘത്തിലുണ്ട്.
2019 ൽ യു.എ.ഇയിൽ നടന്ന ഏഷ്യൻ കപ്പിന്റെ പ്രൊമോഷന്റെ ഭാഗമായി പ്ളേ മേക്കേഴ്സിൽ ചേർന്നാണ് അന്താരാഷ്ട്ര ഫുട്ബോൾ ഫാൻ കാമ്പയിനിൽ ഭാഗമായത്. അറുന്നൂറിലധികം പ്ളേ മേക്കേഴ്സാണ് അന്നുണ്ടായിരുന്നത്. പ്ളേ മേക്കേഴ്സിൽ നടന്ന മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെ രംഗത്ത് കൂടുതൽ സജീവമായി. ആ വർഷം തന്നെ ഫിഫ ഫാൻ മൂവ്മെന്റിൽ സെലക്ഷൻ ലഭിച്ചു. സോഷ്യൽ മീഡിയയിലൂടെ ഫാൻസ് വീഡിയോയും മറ്റും ആരാധകരിലേക്കെത്തിക്കുകയും കളിയുടെ വികാരം മാധ്യമങ്ങളിൽ സജീവമായി നിലനിർത്തുകയുമാണ് ഫാൻ മൂവ്മെന്റിന്റെ പ്രധാന ജോലി. ഫിഫയുടെ വിവിധ പഌറ്റ് ഫോമുകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഏതാണ് കൂടുതൽ കാര്യക്ഷമമെന്ന് കണ്ടെത്തുകയും ചെയ്താണ് ഫാൻ മൂവ്മെന്റ് പ്രവർത്തിക്കുന്നത്.
യു.എ.ഇ പ്രോ ലീഗ്, 2019 ലെ ഫിഫ കഌബ് കപ്പ്, ഫിഫ ദ ബെസ്റ്റ് അവാർഡ് തുടങ്ങിയ വിവിധ പരിപാടികളിൽ പങ്കെടുത്ത ജാമിർ പല ഫുട്ബോൾ ഇതിഹാസങ്ങളെയും നേരിൽ കാണാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ്.
ഫിഫ 2022 ഖത്തർ ലോകകപ്പിന്റെ ഒരുക്കങ്ങളും സംവിധാനങ്ങളും നേരിൽ കണ്ട് ലോകത്തെമ്പാടുമുള്ള കളിയാരാധകരിലേക്കെത്തിക്കുന്നതിനാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി ഫാൻ ലീഡർ പ്രോഗ്രാമൊരുക്കിയത്. ലോക കപ്പിന്റെ മുന്നോടിയായി ഖത്തറിൽ നടക്കുന്ന പ്രഥമ ഫിഫ അറബ് കപ്പിന്റെ കിക്കോഫിനും സാക്ഷ്യം വഹിക്കാൻ ജാമിറിന് സാധിച്ചു.
കഴിഞ്ഞ ഏഴ് വർഷമായി യു.എ.ഇയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ജാമിർ. നിംശയാണ് ഭാര്യ.