Sorry, you need to enable JavaScript to visit this website.

കോലിയും പൂജാരയും പൂജ്യര്‍, എല്‍.ബി വിവാദത്തില്‍

മുംബൈ - ഓപണര്‍ മായാങ്ക് അഗര്‍വാള്‍ ഉജ്വല സെഞ്ചുറിയോടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ചുമലിലേറ്റി.  
ക്യാപ്റ്റന്‍ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായി. കോലിയുടെ എല്‍.ബി വിധി ഏറെ വിവാദം സൃഷ്ടിച്ചു. രണ്ടു ദിവസമായി മുംബൈയില്‍ മഴയായിരുന്നു. ഔട്ഫീല്‍ഡില്‍ ഈര്‍പ്പമുള്ളതിനാല്‍ ആദ്യ സെഷന്‍ പൂര്‍ണമായി നഷ്ടപ്പെട്ടു. 70 ഓവറാണ് ആദ്യ ദിനം കളിച്ചത്. 
ഓപണര്‍മാരായ മായാങ്കും ശുഭ്മാന്‍ ഗില്ലും (44) വിക്കറ്റ് പോവാതെ ഇന്ത്യയെ 80 റണ്‍സിലെത്തിച്ച ശേഷം ഇന്ത്യക്ക് തുടരെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഒരു ജീവന്‍ കിട്ടിയതിന് തൊട്ടുപിന്നാലെ ഗില്‍ സ്ലിപ്പില്‍ റോസ് ടയ്‌ലര്‍ക്ക് പിടികൊടുക്കുകയായിരുന്നു. അടുത്ത ഓവറില്‍ പൂജാരയെ ബൗള്‍ഡാക്കിയ അജാസ് നാലു പന്തിനു ശേഷം കോലിയെയും പുറത്താക്കി. അതോടെ മൂന്നിന് 80 ലേക്ക് തകര്‍ന്ന ഇന്ത്യയെ മായാങ്കും ശ്രേയസുമാണ് (18) കരകയറ്റിയത്. 16 പന്തിനിടെ പൂജ്യത്തിന് 80 ല്‍ നിന്ന് ഇന്ത്യന്‍ സ്‌കോര്‍ മൂന്നിന് 80 ആയി. 
ട്വന്റി20 ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷം ആദ്യമായി ഇന്ത്യന്‍ കുപ്പായമിട്ട കോലി നാല് പന്തേ അതിജീവിച്ചുള്ളൂ. അമ്പയര്‍ അനില്‍ ചൗധരിയുടെ എല്‍.ബി അപ്പീലിനെതിരെ കോലി റിവ്യൂ ചെയ്തു. നിരവധി റീപ്ലേകള്‍ക്കു ശേഷം തേഡ് അമ്പയര്‍ വിധി ശരിവെച്ചു. ചില ആംഗിളുകളില്‍ പന്ത് ആദ്യം ബാറ്റിലാണ് സ്പര്‍ശിക്കുന്നതെന്നാണ് തോന്നിയത്. അമ്പയര്‍ നിതിന്‍ മേനോനോട് പ്രതിഷേധം പ്രകടിപ്പിച്ചാണ് കോലി മടങ്ങിയത്.
 

Latest News