ഫൈനൽ എക്‌സിറ്റ് അടിച്ചാൽ മറ്റു രാജ്യങ്ങൾ വഴി പോകാനാവുമോ?

സൗദിയിലെ തൊഴിൽ, എമിഗ്രേഷൻ നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുന്ന പ്രതിവാര പംക്തി മലയാളം ന്യൂസിൽ ആരംഭിക്കുകയാണ്. വായനക്കാർക്ക് ചോദ്യങ്ങൾ മലയാളം ന്യൂസ് ഇ-മെയിൽ വഴിയോ, വാട്‌സാപ് വഴിയോ ചോദിക്കാവുന്നതാണ്. ചോദ്യങ്ങൾക്ക് ജവാസാത്ത്, തൊഴിൽ വകുപ്പുകളിൽനിന്ന് മറുപടി ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും പ്രസിദ്ധീകരിക്കുക. 

ചോദ്യം: എനിക്ക് ഫൈനൽ എക്‌സിറ്റ് വിസയുണ്ട്.  അതിനിടെ യു.എ.ഇ സന്ദർശിക്കുന്നതിനുള്ള വിസയും ലഭിച്ചു. ഈ സാഹചര്യത്തിൽ എനിക്ക് സൗദിയിൽനിന്ന് നേരിട്ട് യു.എ.ഇയിലേക്ക് പോകാമോ? അതോ ഫൈനൽ എക്‌സിറ്റ് ആയതിനാൽ നേരിട്ട് എന്റെ രാജ്യത്തേക്കു മാത്രമാണോ പോകാനാവുക?


ഉത്തരം: സൗദിയിലെ നിലവിലെ എമിഗ്രേഷൻ നിയമ പ്രകാരം അതിനു തടസ്സമില്ല. ഒരാൾക്ക് നിയമപ്രകാരം സാധുവായ വിസയും വിമാന ടിക്കറ്റും ഉണ്ടെങ്കിൽ ഫൈനൽ എക്‌സിറ്റ് ആണെങ്കിലും ഏതു രാജ്യത്തേക്കും യാത്ര ചെയ്യാം. സ്വന്തം രാജ്യത്തേക്കു മാത്രമേ ഫൈനൽ എക്‌സിറ്റ് വിസയിൽ പോകാവൂ എന്നു നിബന്ധനയില്ല. വിസയുണ്ടെങ്കിൽ ഏതു രാജ്യത്തേക്കും ആ രാജ്യത്തെ നിയമം അനുസരിച്ച് യാത്ര ചെയ്യാം. അതിനു സൗദി എമിഗ്രേഷൻ, പാസ്‌പോർട്ട് വകുപ്പിന് യാതൊരുവിധ തടസവുമില്ല.


ചോദ്യം: സ്‌പോൺസറായ സൗദി പൗരന്റേതാണ് ചോദ്യം. കന്നുകാലികളെ മേയ്ക്കുന്ന ഇന്ത്യക്കാരനായ തന്റെ തൊഴിലാളി ഇപ്പോൾ അവധിക്ക് നാട്ടിലാണുള്ളത്. അദ്ദേഹത്തിന്റെ എക്‌സിറ്റ് റീ എൻട്രിയുടെ കാലാവധി അടുത്ത ദിവസം കഴിയും. നേരിട്ടുള്ള രാജ്യാന്തര സർവീസുകൾ ആരംഭിക്കുന്നതുവരെ തൊഴിലാളിയുടെ റീ എൻട്രി നീട്ടി നൽകാൻ സാധിക്കുമോ?

ഉത്തരം: തീർച്ചയായും സാധിക്കും. സ്‌പോൺസറുടെ അബ്ശിർ, മുഖീം പോർട്ടലുകൾ വഴി ഇതു സാധ്യമാവും. ഇഖാമയുടെ കാലാവധി അനുസരിച്ച് എത്ര മാസത്തേക്കാണോ നീട്ടേണ്ടത് അതിനുസരിച്ച ഫീസ് അടച്ച് നിയമപരായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എക്‌സിറ്റ് റീ എൻട്രി നീട്ടി നൽകാൻ സാധിക്കും. ഒരു മാസത്തേക്ക് 100 റിയാൽ ആണ് എക്‌സിറ്റ് റീ എൻട്രി ഫീസ്. പലരും ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ എക്‌സിറ്റ് റീ എൻട്രി അടിക്കാൻ ശ്രമിക്കുമ്പോൾ സിസ്റ്റം അതു സ്വീകരിക്കപ്പെടാതെ പോകാറുണ്ട്. നടപടിക്രമങ്ങൾ പാലിച്ചാണ് റീ എൻട്രി നീട്ടാൻ ശ്രമിക്കുന്നതെങ്കിൽ ഒരു തടസവും നേരിടില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. 

ചോദ്യം: എക്‌സിറ്റ് റീഎൻട്രി വിസ അടിച്ചശേഷം നിശ്ചിത സമയത്തിനകം പോകാൻ കഴിഞ്ഞില്ലെങ്കിൽ എന്തു ചെയ്യണം. 

ഉത്തരം: എക്‌സിറ്റ് റീ എൻട്രി ലഭിച്ചയാൾ നിശ്ചിത സമയത്തിനകം രാജ്യം വിടണം എന്നതാണ് നിബന്ധന. 60 ദിവസത്തിനുള്ളിലായാണ് എക്‌സിറ്റ് റീ എൻട്രി അടിച്ചയാൾ പോകേണ്ടത്. ഇതിനകം പോകാൻ കഴിയാതിരിക്കുകയും വിസ റദ്ദാക്കപ്പെടുകയും ചെയ്തില്ലെങ്കിൽ പിഴയായി 1000 റിയാൽ നൽകേണ്ടിവരും. പോകുന്നില്ലെന്നു തീരുമാനിക്കുകയും 60 ദിവസത്തിനുള്ളിലായി എക്‌സിറ്റ് റീ  എൻട്രി റദ്ദാക്കുകയും ചെയ്താൽ പിഴയുണ്ടാവില്ല. എക്‌സിറ്റ് റീ എൻട്രി റദ്ദാക്കൽ എളുപ്പമാണ്. അബ്ശിർ വഴിയോ മുഖീം വഴിയോ സ്‌പോൺസർക്ക് ഇത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. 

ചോദ്യങ്ങൾ അയക്കേണ്ട ഇ-മെയിൽ:  [email protected] 
വാട്‌സാപ്: +966 531422983. 
 

Latest News