കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച  വീട്ടുജോലിക്കാരി പിടിയില്‍

ദുബയ്- അവിഹിത ബന്ധത്തിലൂടെ പിറന്ന  പെണ്‍കുഞ്ഞിനെ 10,000 ദിര്‍ഹം വില പറഞ്ഞ് വില്‍ക്കാന്‍ ശ്രമിച്ച എത്യോപ്യക്കാരിയെ പോലീസ് രഹസ്യ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു. യു.എ.ഇ പൗരനുമായുള്ള ബന്ധത്തില്‍ പിറന്ന കുഞ്ഞിനെയാണ് 30-കാരിയായ വീട്ടു ജോലിക്കാരി വില്‍ക്കാന്‍ ശ്രമിച്ചത്. 2013-ല്‍ യു.എ.ഇയിലെത്തിയ യുവതി ഒരു യു.എ.ഇ പൗരന്റെ വീട്ടിലായിരുന്നു ജോലി ചെയ്തിരുന്നത്. 2017-ല്‍ ഇവിടെനിന്ന് മുങ്ങിയ യുവതി ആറു മാസത്തോളം പലയിടത്തും ജോലി ചെയ്ത ശേഷം ഒരു സുഹൃത്താണ് ഇമാറാത്തി പൗരനുമായി ബന്ധപ്പെടുത്തി കൊടുത്തത്. രേഖകളില്‍ പറയുന്നത് ഇയാളുടെ വീട്ടു ജോലിക്കാരിയാണ് എന്നാണ്. എന്നാല്‍ യുവതിയെ സ്വദേശി പൗരന്‍ ഒരു ഫ്‌ളാറ്റിലാണ് താമസിപ്പിച്ചിരുന്നത്്. 

പിന്നീട്  സ്വദേശി പൗരന്‍  യുവതിയെ 500 ദിര്‍ഹം നല്‍കി തെരുവിലിറക്കി വിടുകയായിരുന്നു. ശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം യുവതി അറിയുന്നത്. ഇക്കാര്യം സുഹൃത്തായ നാട്ടുകാരിയോട് യുവതി പറഞ്ഞു. ഈ സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചത്. പിന്നീട് യുവതി പ്രസവിച്ച ശേഷം കുഞ്ഞിനെ 10,000 ദിര്‍ഹമിന് വില്‍ക്കാന്‍ യുവതികള്‍ ശ്രമം നടത്തുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചു.

കുഞ്ഞിനെ വാങ്ങാനെത്തിയവര്‍ എന്ന വ്യാജേന പോലീസ് പണവുമായി രഹസ്യ സംഘത്തെ വിട്ടാണ് യുവതിയെ കുരുക്കിലാക്കിയത്. ഇവര്‍ പതിനായിരം ദിര്‍ഹം നല്‍കി കുഞ്ഞിനെ വാങ്ങിയതോടെ പോലീസ് യുവതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് യുവതി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അജ്മാനിലാണ് കുഞ്ഞിനെ പ്രസവിച്ചത്. 

Latest News