Sorry, you need to enable JavaScript to visit this website.

അഞ്ചടിച്ച് പരമേശ്വരി , നാലു ഗോള്‍ നേടി മംത

കോഴിക്കോട്- ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായക മത്സരത്തില്‍ കേരളത്തിനും മികച്ച ജയം. ദാമന്‍ ദിയു, ഹരിയാന, റെയില്‍വെ, ഒഡിഷ, മിസോറം, മണിപ്പൂര്‍ എന്നീ ടീമുകളും ഇന്നലെ വിജയം കണ്ടെത്തി. 
ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചത്. ആദ്യപകുതിയുടെ 44-ാം മിനുട്ടില്‍ കേരളത്തിനായി വിനീത വിജയനാണ് ആദ്യ ഗോള്‍ നേടിയത്. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലായിരുന്നു കളി.
രണ്ടാം പകുതി തുടങ്ങി ഏഴാം മിനിറ്റില്‍ ഭഗവതി ചൗഹാനിലൂടെ ഉത്തരാഖണ്ഡ് സമനില പിടിച്ചു. കളി ശക്തമാക്കിയ കേരളം 75-ാം മിനുട്ടില്‍ മാനസയുടെ ഹെഡര്‍ ഗോളിലൂടെ മുന്നിലെത്തി. കെ വി അതുല്യയുടെ പാസില്‍ നിന്നാണ് മാനസയു
ടെ ഹെഡ്. കളിയുടെ അവസാന നിമിഷത്തില്‍ ഫെമിനയെ ബോക്സില്‍ വീഴ്ത്തിയതിന് കേരളത്തിന് ലഭിച്ച പെനാല്‍റ്റി  ഫെമിന തന്നെ ഗോളാക്കിയതോടെ കേരളം 3-1 ന് വിജയം ഉറപ്പിച്ചു. 
മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ രാവിലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഹരിയാന ആന്ധ്രപ്രദേശിനെ തോല്‍പ്പിച്ചു. ജ്യോതി (18), വിധി (22), താനു (71), പൂജ (75), എന്നിവരാണ് ഹരിയാനക്കായി ഗോളുകള്‍ നേടിയത്.
കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മേഘാലയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ദാമന്‍ ദിയു തോല്‍പിച്ചു. 34ാം മിനുട്ടില്‍ ഇബാഷിഷ് കൊന്‍വയിലൂടെ മേഘാലയാണ് മുന്നിലെത്തിയത്. 51 , 79 മിനുട്ടുകളില്‍ യഥാക്രമം ദുര്‍വെയും ജീവന്തിയും നേടിയ ഗോളുകള്‍ക്ക് ദാമന്‍ ദിയു വിജയം ഉറപ്പിച്ചു. 
ദാദ്രാനഗര്‍ ഹവേലിക്കെതിരായ റെയില്‍വെയുടെ വിജയം ആധികാരികമായി. ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് റെയില്‍വെ ദാദ്രാനഗറിനെ തുരത്തിയത്. നാലു ഗോളുകള്‍ മംതയുടെ വകയാണ്. സുപ്രിയ റൂട്ട്രേ ഒരു ഗോള്‍ നേടി. 
ഗുജറാത്തിനെ ഒഡീഷ നാണം കെടുത്തി്. ഒഡിഷയുടെ സുഭദ്ര സാഹുവും സത്യബതി ഖേദിയയും മൂന്നു വീതം തവണ ഗോള്‍ നേടി. സുമന്‍ പ്രഗിന മഹാപത്രയുടെ ഗോള്‍ 48ാം മിനുട്ടിലായിരുന്നു. മിസോറാം എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് മധ്യപ്രദേശിനെ തോല്‍പിച്ചപ്പോള്‍ മണിപ്പൂരിന്റെ വിജയം 12 ഗോളുകള്‍ക്കാണ്. മിസോറാമിന് വേണ്ടി എലിസബത്ത് വന്‍ലാമാവി, സൈറമ്മാന ചാന്‍തു, ഗ്രേസ് ഹോന എന്നിവര്‍ ഗോളുകള്‍ നേടി.  മണിപ്പൂരിന്റെ അഞ്ചു ഗോളുകള്‍ കളിയിലെ കേമിയായി തെരഞ്ഞെടുത്ത ഇറോം പരമേശ്വരി ദേവിയുടേതാണ്. രണ്ടു ഗോള്‍ യംഗോജു കിരണ്‍ബാല ദേവിയുടെതും. സലാം റിനറോയ് മൊയിങ്കാനം മന്ദാകിനി ദേവി, പ്രീത, തിങ്കബൈജാം ബേബിയാനദേവി എന്നിവരും ലക്ഷ്യം കണ്ടു. 
ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏഴു തവണ വിജയം കണ്ടത് മണിപ്പൂരാണ്. രണ്ടു തവണ റണ്ണര്‍ അപ്പാവുകയും ചെയ്തു. 
----------------------------

Latest News