ഫോട്ടോഗ്രഫിയിൽ പുതിയ പരീക്ഷണങ്ങളുമായി മുസ്തഫ പട്ടാമ്പി ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ നിറ സാന്നിധ്യമാണ്. ഫോട്ടോഗ്രഫിയിൽ ഔപചാരിക വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും നിരന്തരമായ പരിശ്രമങ്ങളിലൂടെ പലതും പഠിച്ചും മനസ്സിലാക്കിയുമാണ് അദ്ദേഹം തന്റെ പാഷനായും പ്രൊഫഷണായും ഫോട്ടോഗ്രഫിയെ സ്വീകരിച്ചത്.
പാലക്കാട് ജില്ലയിൽ പട്ടാമ്പി സ്വദേശിയായ മുസ്തഫയുടെ ക്യാമറക്കണ്ണുകൾ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒപ്പിയെടുത്ത ചിത്രങ്ങൾ നിരവധിയാണ്.
കലാപരിപാടികളും ആഘോഷങ്ങളും സമ്മേളനങ്ങളുമെന്നപോലെ പ്രൊഡക്ടുകളുടെ ഫോട്ടോകളും കുടുംബഫോട്ടോകളുമൊക്കെയുൾകൊള്ളുന്ന വിശാലമായ മേഖലകളിൽ നിന്നും നേടിയെടുത്ത അനുഭവ സമ്പത്ത് തന്നെയാണ് മുസ്തഫയുടെ ഏറ്റവും വലിയ കരുത്ത്. ചെറുപ്പത്തിലേ ഫോട്ടോഗ്രഫി മുസ്തഫക്ക് വലിയ ഹരമായിരുന്നു. കല്യാണങ്ങളിലും മറ്റാഘോഷങ്ങളിലും ഫോട്ടോഗ്രാഫർമാരുടേയും വീഡിയോഗ്രാഫർമാരുടേയും ചുറ്റും ആളുകൾ കൂടുന്നതും പ്രധാനപ്പെട്ടവരായി അവരെ പരിഗണിക്കുന്നതുമൊക്കെ തന്നെയാണ് ആദ്യാകർഷണത്തിന് കാരണമായത്.
മൂത്ത സഹോദരന്റെ കല്യാണം കവർ ചെയ്യാൻ വന്നപ്പോഴാണ് വീഡിയോഗ്രാഫറുമായി അടുത്തിടപഴകുവാൻ അവസരം ലഭിച്ചത്. പട്ടാമ്പിയിലെ സാനഡു സ്റ്റുഡിയോയായിരുന്നു അന്ന് കല്യാണം കവർ ചെയ്തത്. പത്താം ക്ളാസ് കഴിഞ്ഞപ്പോൾ നേരെ അവിടെ ജോലിക്ക് കയറി. ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയുമൊക്കെ പഠിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.
ഓങ്ങല്ലൂർ സ്വദേശിയായ ജിഷാർ പറമ്പിൽ എന്ന ഒരു കൂട്ടുകാരനും അന്ന് അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ഏകദേശം കാര്യങ്ങളൊക്ക പഠിച്ചെടുത്ത് 6 മാസം കഴിഞ്ഞപ്പോൾ സ്റ്റുഡിയോ വിട്ട് ജിഷാറുമായി ചേർന്ന് കാമറ വാടകക്കെടുത്ത് ഫ്രീലാൻസായി ജോലി ആരംഭിച്ചു. കല്യാണ പരിപാടികളും മറ്റുമായി വീഡിയോഗ്രഫി ചെയ്ത് മുന്നോട്ടുപോയി.
1995 മുതൽ 2000 വരെ തൃത്താല നലൂരിൽ ഉമ്മർ കക്കാട്ടിരിയുടെ സ്റ്റുഡിയോയിൽ ജോലി ചെയ്തു. ജീവിതത്തിലെ അനുഭവ പാഠങ്ങളിൽ നിന്നും പഠിച്ചെടുത്ത തന്ത്രങ്ങളാണ് മുസ്തഫ പട്ടാമ്പി എന്ന ഫോട്ടോഗ്രാഫറെ അടയാളപ്പെടുത്തുക. ഇപ്പോഴും കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷനിൽ അംഗമാണ് മുസ്തഫ.
2010 - ലാണ് ഖത്തറിലെത്തിയത്. ഖത്തറിലെ പ്രമുഖ സംരംഭകനും ജീവകാരുണ്യപ്രവർത്തകനുമായ കെ. മുഹമ്മദ് ഈസയും മുസ്തഫയുടെ സുഹൃത്തും കൂടി വക്‌റ ബർവ വില്ലേജിൽ ആരംഭിച്ച പരസ്യകമ്പനിയിലൂടെയാണ് ഖത്തറിലെ കരിയർ ആരംഭിച്ചത്. രണ്ട് വർഷം ജോലി ചെയ്ത ശേഷമാണ് അവിടം വിട്ടത്. അത്യാധുനിക ക്യാമറകളും സാങ്കേതിക വിദ്യയും വികസിച്ച ഇക്കാലത്തും ഫോട്ടോഗ്രാഫറുടെ സാമർഥ്യമാണ് ഫോട്ടോകളെ സവിശേഷമാക്കുകയെന്നാണ് മുസ്തഫ കരുതുന്നത്. നല്ല ഫോട്ടോഗ്രാഫർക്ക് കാമറ ആവശ്യമില്ല എന്ന് പറയുന്നത് വെറുതെയല്ല. കഴിവും പരിചയവുമാണ് പ്രധാനം.
ലൈറ്റിംഗ്, ബാക് ഗ്രൗണ്ട് , കോസ്റ്റിയൂംസ് എന്നിവയൊക്കെയാണ് പ്രത്യേകം പരിഗണിക്കേണ്ടത്. ഇൻഡോർ ഫോട്ടോഗ്രഫിയും ഔട്ട്ഡോർ ഫോട്ടോഗ്രഫിയും അനുയോജ്യമായ ലൈറ്റിംഗ്, ബാക് ഗ്രൗണ്ട് എന്നിവയെക്കൊണ്ട് സവിശേഷമാക്കാം. പിന്നെയുള്ളത് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോട്ടോ പ്രോസസ് ചെയ്യുന്നതിലെ മിടുക്കാണ്. യസീറയാണ് മുസ്തഫയുടെ ഭാര്യ. അംന മെഹ്‌റിൻ, അൻഫ മെഹ്റിൻ, അഫ്ന മെഹ്റിൻ എന്നിവർ മക്കളാണ്. മക്കൾ ചിത്രരചനയിൽ തൽപരരാണ്.