Sorry, you need to enable JavaScript to visit this website.
Friday , January   21, 2022
Friday , January   21, 2022

സംഘർഷങ്ങളുടെ സംപ്രേഷണകാലം

അശോക് ചന്ദ്ര ഐ.എ.എസ്
ആകാശവാണി ഭവൻ, ന്യൂദൽഹി

1992 ജനുവരി 6. സാധാരണഗതിയിൽ ഒരു സ്ഥലംമാറ്റ ഉത്തരവ് ഒരു ഓർഡറായിട്ടാണ് വരുന്നത്. ഡൽഹി ദൂരദർശൻ ഹെഡ്ക്വാർട്ടേഴ്‌സിലേക്കുളള എന്റെ ഉത്തരവ് വന്നത് ടെലക്‌സിലായിരുന്നു. മൂത്തമകൻ പ്ലസ് ടു അവസാനമാസങ്ങളിലാണ്. പ്ലസ് ടു പരീക്ഷ അവന്റെ ഭാവിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. മുൻപ് 1989ലെ സ്ഥലംമാറ്റം അവന്റെ പത്താംക്ലാസ് പഠനകാലത്തായിരുന്നു. അന്ന് എന്നെ മണ്ഡിഹൗസിന്റെ പിന്നാംപുറത്തിരുത്തണമെന്ന് സഹമന്ത്രി നിർദ്ദേശിച്ചിരുന്ന തായി ഡയറക്ടർ ജനറൽ ശിവ് ശർമ എന്നോ പറഞ്ഞിരുന്നു. ഇത്തവണ ഹൈദരാബാദിൽ ഡയറക്ടറായി നിയമിച്ചിരുന്ന എന്റെ പിൻഗാമിക്ക് അവിടെ ചുമതലയേൽക്കാൻ കഴിഞ്ഞില്ല. അവർ അവിടെ എത്തുന്നതിന് മുമ്പ് അവിടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുളള നിർദ്ദേശമനുസരിച്ച് വേറൊരാൾ ചുമതലയേറ്റിരിക്കുന്നു.1989ൽ എന്നെ ഡൽഹിയിലേക്ക് മാറ്റിയപ്പോൾ, അക്കൊല്ലത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സംപ്രേഷണച്ചുമതല  പ്രശംസാവഹമായി നിർവ്വഹിച്ചിരുന്നതിനാൽ ഞാൻ തിരിച്ചവിടെത്തന്നെയെത്തണമെന്ന് മേലുദ്യോഗസ്ഥർ കരുതി. അങ്ങനെ ടെലക്‌സിൽ നിർദ്ദേശവുമയച്ചു. മുഖ്യമന്ത്രി കെ.കരുണാകരന്റെ വീട്ടിൽച്ചെന്ന് ഞാൻ കാര്യം പറഞ്ഞു. അദ്ദേഹം മന്ത്രി അജിത് പാഞ്ചയെ ഫോണിൽ വിളിച്ചുപറഞ്ഞതിനാൽ മാർച്ച് 31 വരെ എനിക്ക് തുടരാൻ അനുവാദം കിട്ടി. ചുമതല ഒഴിഞ്ഞശേഷം ഞാൻ മൂന്ന് മാസം ലീവെടുത്ത് മകന്റെ പ്ലസ് ടു കഴിഞ്ഞുളള വഴിത്തിരിവിന് കളമൊരുക്കി. ബാംഗ്ലൂരിലെ ഒരു സഹപ്രവർത്തകന്റെ സഹായത്താൽ മകൻ ജയദീപിന് പ്രശസ്തമായ ആർ.വി എൻജിനീയറിംഗ് കോളേജിൽ പ്രവേശനം കിട്ടി. ഹോട്ടൽ മാനേജ്‌മെന്റിൽ മണിപ്പാലിലും പ്രവേശനം കിട്ടിയെങ്കിലും എന്റെ നിർബന്ധത്താൽ അത് വേണ്ടെന്ന് വച്ചു.


ഡൽഹിയിൽ ചേർന്നു കഴിഞ്ഞ് എന്നെ ഡൽഹി ദൂരദർശൻ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിച്ചു. മുൻപേ തന്നെ അവിടെ നിയമിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും തനിക്ക് വിശ്വാസമുളള ഒരാൾ അവിടെയുണ്ടെങ്കിലേ തന്റെ ജോലി സുഗമമാകൂ എന്നും ഡയറക്ടർ ജനറൽ ശശികാന്ത് കപൂർ എന്നോടു പറഞ്ഞു. (അദ്ദേഹം മദിരാശിയിൽ ഡയറക്ടറായിരുന്നപ്പോൾ ഞാൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു). ആഗസ്റ്റ് മാസത്തിൽ മകന്റെ ക്ലാസ് തുടങ്ങുന്ന ദിവസം രക്ഷിതാക്കൾ കോളേജിൽ ഉണ്ടാകണമെന്ന നിബന്ധന നിമിത്തം ഞാൻ ലീവെടുത്ത് ബാംഗ്ലൂരിലെത്തി. ഡൽഹിയിൽ താമസസ്ഥലം കിട്ടിയിരുന്നില്ലാത്തതിനാൽ കേരള ഹൗസിലായിരുന്നു താമസം; അത് ഏതാനും മാസങ്ങളോളം വേണ്ടിവന്നു. മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഓർഡർ നിമിത്തം ഒരു തടസ്സവുമുണ്ടായിരുന്നില്ല; ഭാര്യ രാഗിണി ഗോപാലകൃഷ്ണന്റെ ടാൻഡം കമ്മ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിന്റെ മാനേജരും 'ഗൃഹലക്ഷ്മി'മാസികയുടെ പ്രതിനിധിയുമായി  ജോലി ചെയ്തിരുന്നതിനാൽ എന്റെ ശമ്പളമില്ലാതെ തന്നെ അവർക്ക് ചെലവുനടത്താൻ പറ്റി. മകനെ ആർ.വി.എൻജിനീയറിംഗ് കോളേജിൽ ചേർക്കാൻ മദിരാശിയിലെ മുൻ സഹപ്രവർത്തകനും തിരുവനന്തപുരത്ത് എന്റെ പിൻഗാമിയുമായിരുന്ന, ബിബിസിയിൽ ജോലി ചെയ്തിരുന്ന ആർ.മഹാദേവനും ഞങ്ങളെ കുടുംബമായി കരുതുന്ന എം.ടി.വാസുദേവൻ നായരും സഹായിച്ചു. കോളേജിലെ ഫീസും ഹോസ്റ്റൽ ചെലവുകളും ഭാരിച്ചതായിരുന്നു. (കനറാ ബാങ്കിൽനിന്ന് ലഭ്യമായിരുന്ന വിദ്യാഭ്യാസവായ്പയും എടുത്തിരുന്നു.) ബാംഗ്ലൂരിലായിരുന്നപ്പോൾ ദൂരദർശൻ വാർത്തയിൽ നിന്നാണറിഞ്ഞത് ഡയറക്ടർ ജനറൽ ശശികാന്ത് കപൂറിനെ ആകാശവാണിയിലേക്ക് മാറ്റി അവിടെ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എസ്.കൃഷ്ണനെ ആക്ടിംഗ് ഡയറക്ടർ ജനറലായി നിയമിച്ചിരിക്കുന്നു! ഡൽഹി ദൂരദർശന്റെ ജോലിയിൽ ഞാൻ ചേരുമ്പോൾ ശ്രീ കപൂർ ഏതാനും കാര്യങ്ങളിൽ ഞാൻ പ്രത്യേക നടപടികളെടുക്കണമെന്ന് പറഞ്ഞിരുന്നു. അതിലൊന്ന് അവിടെ സ്റ്റുഡിയോവിൽ റെക്കോർഡിംഗിന് വരുന്നവർക്കൊഴിച്ചുളള ചെക്കുകളെല്ലാം  രജിസ്‌റ്റേർഡ് പോസ്റ്റായി മാത്രമേ അയയ്ക്കാവൂ. ചെക്കുകൾ ബാങ്കിൽ കൊടുത്ത് പണം വാങ്ങാൻ മറ്റൊരാൾക്ക് കഴിയരുത്. ദേശീയ വാർത്താബുളളറ്റിനുകളും കൃത്യസമയത്തുതന്നെ തുടങ്ങണം. ചാർജെടുത്തതിന്റെ പിറ്റേദിവസം എന്നെ വിളിപ്പിച്ച വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെ സെക്രട്ടറി അശോക് ചന്ദ്ര നിർദ്ദേശിച്ചത് മുപ്പത് സെക്കൻഡിലധികം വാർത്താബുളളറ്റിനുകൾ വൈകിയാൽ അദ്ദേഹത്തെ, ലിസ്റ്റ് ചെയ്യാത്ത ടെലിഫോൺ നമ്പർ തന്ന്, അതിൽ വിളിച്ചു  പറയണമെന്നായിരുന്നു. ബുളളറ്റിനുകൾക്കിടയിൽ വരുന്ന പരമ്പരകളായിരുന്നു പ്രശ്‌നം. ബോംബെയിലെ വലിയ പ്രൊഡ്യൂസർമാർ നിർമ്മിക്കുന്ന പരമ്പരകളുടെ സമയം കൂടിയാൽ, ആർക്കും തൊടാൻ ധൈര്യമില്ല. അശോക് ചന്ദ്ര പറഞ്ഞു,  ''ധൈര്യമായി നടപടിയെടുക്കണം. ഞാൻ ഇവിടെ ഇരിക്കുന്നിടത്തോളം കാലം നിങ്ങളെ ആരും തൊടില്ല. '' 


ആകാശവാണിയുടെ ഭാഗമായിട്ടാണ് ദൂരദർശൻ തുടങ്ങിയത്. ഡൽഹി കേന്ദ്രം ആകാശവാണി ഭവന്റെ ഭാഗമായി; നാല് സ്റ്റുഡിയോകളുണ്ടായിരുന്നത് പല നിലകളിലായി; ആകാശവാണിയുടെ ഡൽഹി കേന്ദ്രത്തിന്റെ അറ്റത്തായിരുന്നു വാർത്തകൾ അവതരിപ്പിക്കുന്ന സ്റ്റുഡിയോ. ദൂരദർശന്റെ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്മാർ മിക്കവരും അഞ്ചും ആറും നിലകളിലായിരുന്നു. അതിനാൽ ആയിരത്തിലധികം ഉദ്യോഗസ്ഥരുളള കേന്ദ്രത്തിന്റെ നടത്തിപ്പിൽ പ്രായോഗികമായ ബുദ്ധിമുട്ടകൾ വളരെയേറെ! പഞ്ചാബ് പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരുന്നു. ദൂരദർശൻ മുൻ ഡയറക്ടർ ജനറൽ ശിവ് ശർമ്മയെ ഭീകരർ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചിരുന്നതിനാൽ സുരക്ഷ കൂട്ടിയതിന്റെ ഭാഗമായി ഡൽഹി കേന്ദ്രത്തിന്റെ മേധാവിക്കും എപ്പോഴും എവിടെയും ഒരു സെക്യൂരിറ്റി പൊലീസുകാരൻ കൈത്തോക്കുമായി കൂടെയുണ്ടാകുമായിരുന്നു. എനിക്കും അത് തുടർന്നു. ചെക്കുകളുടെ കാര്യത്തിൽ ഞാൻ ചുമതലയേറ്റെടുത്ത ഉടനെ ഒരു ഉത്തരവിറക്കി, റെക്കോർഡിംഗിന് വരുന്നവർക്ക് അത് കഴിയുമ്പോൾ നിയമാധിഷ്ഠിതമായി തന്നെ ചെക്ക് നൽകണം. തിരിമറി നടന്നിരുന്നത് പ്രധാനമായും ദേശീയശൃംഖലയിൽ പ്രക്ഷേപണം ചെയ്തിരുന്ന ചലച്ചിത്രങ്ങളുടെ കാര്യത്തിലായിരുന്നു; അക്കാലത്ത് പുരസ്‌കാരം നേടിയ ചിത്രങ്ങൾക്ക്, തിയേറ്ററുകളിൽ നിന്ന് കിട്ടുന്ന വരുമാനം തുച്ഛമായിരുന്നതിനാൽ ദൂരദർശൻ നൽകിയിരുന്ന എട്ടുലക്ഷം രൂപ വലിയൊരു ആശ്വാസമായിരുന്നു. ചിത്രങ്ങളുടെ സംപ്രേഷണാവകാശം പല ഇടത്തട്ടുകാരും വാങ്ങി അവരാണ് ഇടപാടുകൾ നടത്തിയിരുന്നത്. മലയാളപടങ്ങളുടെ കാര്യത്തിൽ ഭോപ്പാലിൽ നിന്നുളള സമർത്ഥനായ ഒരിടത്തട്ടുകാരനെ എനിക്ക് പിന്നീട് പരിചയപ്പെടുത്തിയത് അക്കാലത്ത് നല്ല അടുപ്പമുണ്ടായിരുന്ന മദിരാശിയി ലെ ഒരു പ്രമുഖ മലയാളി നിർമ്മാതാവാണ്. ഇടത്തട്ടുകാർക്ക് ദൂരദർശന്റെ അകത്തളങ്ങളിൽ പിടിപാടുണ്ടായിരുന്നതിനാൽ, സിനിമ അതിന്റെ മേന്മ കൊണ്ട് സംപ്രേഷണം ചെയ്തുകഴിഞ്ഞാലും, ചെക്ക് വാങ്ങാൻ അവരെത്തും. ഉത്തരവിറക്കിയ ഉടനെ അത് പിൻവലിക്കാൻ ഏറെ സമ്മർദ്ദമുണ്ടായെങ്കിലും ഞാൻ ഉറച്ചുനിന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് ചെക്കുകൾ യഥാർത്ഥത്തിൽ കൈമാറ്റം നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ച് ഞാൻ ഉത്തരവിന്റെ സാധുത എല്ലാവരെയും ബോധ്യപ്പെടുത്തി. കൂട്ടത്തിൽ ആക്ടിംഗ് ഡയറക്ടർ ജനറലിനെയും ശാസ്ത്രിഭവനിലെ പ്രക്ഷേപണ ചുമതലയുളള ജോയിന്റ് സെക്രട്ടറിയെയും സെക്രട്ടറി അശോക് ചന്ദ്രയെയും. പക്ഷേ, എനിക്കെതിരെ ഒരു ശത്രുനിര രൂപംകൊളളാൻ അതിടയാക്കി; മാത്രവുമല്ല, ഏതാനും മാസങ്ങൾ കഴിഞ്ഞ് ഡൽഹി കേന്ദ്രത്തിന്റെ തലപ്പത്തുനിന്നും എന്നെ ഒഴിവാക്കാനും അത് വഴിതെളിച്ചു. മറ്റ് നിലകളിലും 1992 സംഭവബഹുലമായ മുളളുകളായിരുന്നു.


ദേശീയ പുരസ്‌കാരം നേടിയ ബംഗാളി ചലച്ചിത്രം  ദൂരദർശൻ ഒരു വാരാന്ത്യത്തിൽ സംപ്രേഷണം ചെയ്തു. അവാർഡ് പടങ്ങളെല്ലാം രാത്രിയിൽ വളരെ വൈകിയാണ് ദൂരദർശൻ കാണിക്കുന്നതെന്ന പരാതി സിനിമാപ്രേമികളിൽ നിന്ന് എപ്പോഴുമുണ്ടായിരുന്നു! അത്തരം നയപരമായ തീരുമാനങ്ങളെല്ലാമെടുക്കുന്നത് ദൂരദർശന്റെ ആസ്ഥാനമായ മണ്ഡിഹൗസിൽ നിന്നായിരുന്നു. ഡൽഹി കേന്ദ്രത്തിന് ചെയ്യാനുണ്ടായിരുന്നത്, കരാറും അനുബന്ധരേഖകളുമനുസരിച്ച് ചെക്ക് നൽകുക മാത്രമായിരുന്നു. ചിത്രത്തിന്റെ പ്രക്ഷേപണം കഴിഞ്ഞ് പണം കൊടുക്കുന്നതിന്  സാധാരണഗതിയിൽ ഒന്നോ രണ്ടോ മാസമെടുക്കും. ബംഗാളി ചിത്രത്തിന്റെ ചെക്ക് വാങ്ങാൻ വന്ന വ്യക്തിയോട് അത് കൊൽക്കത്തയിലെ ഓഫീസിലേക്ക് രജിസ്റ്റർ ചെയ്ത് അയയ്ക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ അറിയിച്ചു. അയാൾ എന്നെ വന്ന് കണ്ടപ്പോൾ അദ്ദേഹത്തിന്റെ മേൽവിലാസത്തിലെയും കൽക്കത്തയിലെ ചിത്രത്തിന്റെ കരാറൊപ്പിട്ട അവകാശികളുടെയും പൊരുത്തക്കേട് ചൂണ്ടിക്കാണിച്ചു. അദ്ദേഹം പിറ്റേന്ന് മടങ്ങിയെത്തി; കൊൽക്കത്തയിലെ അവകാശികൾ പ്രതിഫലം വാങ്ങാൻ അധികാരപ്പെടുത്തിയ കത്തുമായിട്ടാണ് വന്നത്; കരാറൊപ്പിട്ട കടലാസുകളിലെ സീലും കത്തിലെ സീലും ഒപ്പും തമ്മിൽ വ്യത്യാസമുളളതായി കണ്ടു. കൊൽക്കത്തയിലെ ഓഫീസിലെ ഫോൺനമ്പറിലേക്ക് വിളിച്ച് യാഥാർത്ഥസ്ഥിതി ആരായാൻ നിർദ്ദേശിച്ചപ്പോൾ ചെക്ക് വാങ്ങാൻ വന്നയാൾ ക്ഷുഭിതനായി ഇറങ്ങിപ്പോയി. രണ്ടുദിവസം കഴിഞ്ഞപ്പോൾ വാർത്താവിതരണ പ്രക്ഷേപണമന്ത്രിയുടെ ഓഫീസിൽനിന്ന് ഒരു പേഴ്‌സണൽ അസിസ്റ്റന്റ് എന്നെ വിളിച്ച് ചെക്ക് നേരിട്ട് കൊടുക്കണമെന്ന് പറഞ്ഞു; താങ്കൾ ഒരു കത്ത് കൊടുത്തയച്ചാൽ അത് ചെയ്യാമെന്ന്  ഞാൻ മറുപടി പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്നും മുമ്പ് ഇത്തരമൊരു ആവശ്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു. ഞാൻ ഉദ്ദേശ്യശുദ്ധി അദ്ദേഹത്തെ ധരിപ്പിക്കാൻ ശ്രമിച്ചത് വിഫലമായി. പിറ്റേദിവസം എന്നെ വിളിച്ചത് മന്ത്രിയുടെ സെക്രട്ടറി തന്നെയായിരുന്നു; മുമ്പ് പ്ലാനിംഗ് കമ്മീഷനിൽ അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തോടും ഞാൻ പണം അർഹരല്ലാത്തവരുടെ കൈകളിൽ എത്താതിരിക്കാനുളള നടപടിയാണിതെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രതികരണം ശുഭസൂചകമായിരുന്നില്ല! തന്റേത് ഒരു കൽപനയാണെന്നും അനുസരിക്കണമെന്നും പറഞ്ഞപ്പോൾ അത് നിയമാനുസൃതം എഴുതിത്തരണമെന്ന് ഞാൻ തിരിച്ചടിച്ചു. ചെക്ക് രജിസ്‌റ്റേർഡ് പോസ്റ്റിൽ അയച്ചശേഷം പ്രൈവറ്റ് സെക്രട്ടറിക്ക് സംഭാഷണത്തിൽ അപേക്ഷിച്ചിരുന്നതുപോലെ, എഴുതിയ നിർദ്ദേശത്തിന് കാത്തിരുന്നെങ്കിലും അത് കിട്ടാതിരുന്നതിനാൽ മേൽവിലാസത്തിലെ പൊരുത്തക്കേടുകളിൽ സംശയം തോന്നിയതിനാൽ ചെക്കുകൾ അയക്കുന്ന കാര്യവും അറിയിച്ചു.


താമസിയാതെ എനിക്ക് പിന്തുണയായിരുന്നയാൾ വാർത്താവിതരണ പ്രക്ഷേപണവകുപ്പ് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയായി സ്ഥലം മാറിപ്പോവുകയും ചെയ്തു. ഞാൻ ഒരു ഒൗദ്യോഗികയാത്രയിലായിരുന്നപ്പോൾ, ലക്‌നൗ ദൂരദർശൻ കേന്ദ്രത്തിന്റെ മേധാവിയെ ഡൽഹി കേന്ദ്രത്തിന്റെ തലവനായി നിയമിക്കുകയും ഉടനെ തന്നെ ചുമതലയേൽപ്പിക്കുകയും ചെയ്തു. എനിക്ക് അത് ഒരു പുതുമയായിരുന്നില്ല. 1989 ൽ തിരുവനന്തപുരത്ത് നിന്ന് സ്ഥലംമാറ്റിയപ്പോൾ, എന്റെ നല്ല സുഹൃത്തായ പിൻഗാമിയെ, തിരുവനന്തപുരം കേന്ദ്രത്തിന്റെ ചുമതല മദ്രാസിൽ നിന്ന് ഏറ്റെടുക്കാനുളള  അസാധാരണനടപടി വകുപ്പ് സഹമന്ത്രിയുടെ നിർബന്ധം നിമിത്തം നടപ്പാക്കപ്പെട്ടിരുന്നു. ഉന്നതപദവികളിലിരിക്കുന്ന രാഷ്ട്രീയക്കാരെ പ്രീണിപ്പിക്കാതിരുന്നതിന് ഔദ്യോഗിക ജീവിതത്തിൽ അനിഷ്ടകരമായ പലതും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അപ്പോൾ വലിയ വിഷമം തോന്നിയിരുന്നെങ്കിലും പിന്നീട് സമചിത്തതയോടെ അവ നേരിടാൻ കഴിഞ്ഞു, ദൈവകാരുണ്യത്താൽ.

    


 

Latest News