സ്വപ്‌നങ്ങൾ വിളയിച്ച നൂറുമേനി


കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ അരിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തേയ്ക്കു വരിക. അവിടെയാണ് മണ്ണിൽ കുശുമ്പിൽ ഡൊമിനിക്കിന്റെ വീട്. മികച്ച കേര കർഷകനുള്ള ദേശീയ പുരസ്‌കാരം തേടിയെത്തിയത് ഈ കർഷകനെയാണ്. മണ്ണിൽ പൊന്നു വിളയിക്കുന്ന ഒരു കർഷകനെയാണ് അവിടെ കാണാനാവുക. 
പറമ്പിലെ ജോലികൾക്കിടയിലാണ് ഡൊമിനിക്ക് സംസാരിക്കാനെത്തിയത്. മുറിക്കൈയൻ ഷർട്ടും കൈലിയുമാണ് വേഷം. സ്വീകരണമുറിയിലെ ഷോകേസിൽ അലങ്കരിച്ചുവച്ചിരിക്കുന്ന നിരവധി അവാർഡുകളും ഫലകങ്ങളും. നാലു പതിറ്റാണ്ടിലേറെയായി മണ്ണിൽ പണിയെടുത്തു നേടിയ അംഗീകാരങ്ങളാണവയെല്ലാം. പൂർവിക സ്വത്തൊന്നുമില്ലെങ്കിലും പത്താം ക്ലാസും ഗുസ്തിയുമായി തുടങ്ങിയ അധ്വാനം. കൃഷി ചതിക്കില്ലെന്നും പത്തുവർഷമെങ്കിലും അധ്വാനിക്കാൻ തയ്യാറുള്ളവർക്ക് മികച്ച നേട്ടം കൈവരിക്കാനാവും എന്നാണ് ഡൊമിനിക്കിന്റെ ഭാഷ്യം. അഞ്ചേക്കറെങ്കിലും ഭൂമിയുണ്ടാവണമെന്നു മാത്രം.
കോട്ടയം ജില്ലയിലെ പാലായിൽനിന്നും അറുപതുവർഷം മുൻപ് കുടിയേറിയവരാണ് ഡൊമിനിക്കിന്റെ മാതാപിതാക്കൾ. അപ്പൻ മാത്യുവും അമ്മ ഏലിയാമ്മയും ഈ മലയോരത്ത് താമസം തുടങ്ങുകയായിരുന്നു.

മൊയ്തീൻകുട്ടി ഹാജിയിൽനിന്നും എഴുന്നൂറ്റി അൻപതു രൂപയ്ക്ക് മൂന്നേക്കർ ഭൂമി വാങ്ങിയാണ് അവർ കൃഷി തുടങ്ങിയത്. രണ്ട് സഹോദരിമാരും ഞാനുമടക്കം ഞങ്ങൾ മൂന്നു മക്കളാണ്. പത്താം  ക്ലാസ് കഴിഞ്ഞയുടനെ അപ്പനോടൊപ്പം കൃഷിപ്പണി തുടങ്ങി. കൃഷിയിൽനിന്നും ലഭിച്ച മിച്ചംകൊണ്ട് കുറച്ചുകൂടി ഭൂമി വാങ്ങി. പകലന്തിയോളം പണിക്കാരോടൊപ്പം ഞങ്ങളും പണിയെടുത്തു. ആദ്യം റബ്ബറായിരുന്നു കൂടുതലെങ്കിലും പിന്നീട് സമ്മിശ്ര കൃഷിയിലേയ്ക്കു മാറി. പന്ത്രണ്ട് ഏക്കറിലായി തെങ്ങ്, കവുങ്ങ്, ജാതി, കുരുമുളക്, കൊക്കോ, വാഴ, ചേന, ഇഞ്ചി, മഞ്ഞൾ, കപ്പ തുടങ്ങിയവയാണ് ഇപ്പോൾ കൃഷി ചെയ്തുവരുന്നത്. കൂടാതെ പശുവും കോഴിയും താറാവും മീനും വളർത്തുന്നുണ്ട്. പലതരം കൃഷികളുള്ളതിനാൽ ഒന്നിൽ നഷ്ടം സംഭവിച്ചാൽ അടുത്തതിൽ ലാഭമായിരിക്കും. അറിയാത്ത കൃഷി ചെയ്യുന്നതുകൊണ്ടാണ് പലരും കടക്കെണിയിൽ ചെന്നുപെടുന്നത്. ഒന്നു പരാജയപ്പെടുമ്പോൾ അടുത്തതിലേയ്ക്കു മാറണം. തേങ്ങയ്ക്കു വില കുറയുന്നെന്നു കരുതി വളമിടുന്നത് നിർത്തരുത്. ഇന്നു കുറയുന്നത് നാളെ കൂടും. അനുഭവത്തിന്റെ വെളിച്ചത്തിൽ ഡൊമിനിക് പറയുന്നു.
കൃഷി മാത്രമല്ല, നടീൽ വസ്തുക്കളുടെ വില്പനയുമുണ്ട് ഡൊമിനിക്കിന്. കാർമൽ നഴ്‌സറിയിൽ തെങ്ങും കവുങ്ങും ജാതിയും വില്പനയ്ക്കുണ്ട്. ഏഴെട്ടു വർഷമെടുത്ത് കായ്ക്കുന്ന തെങ്ങുകളേക്കാൾ മൂന്നു വർഷത്തിനകം കായ്ക്കുന്ന തെങ്ങുകൾക്കാണ് ആവശ്യക്കാരേറെ. സ്വന്തം പറമ്പിൽ കായ്ക്കുന്ന തെങ്ങിൽനിന്നുള്ള വിത്തുകളാണ് തെങ്ങിൻതൈയായി മുളപ്പിക്കുന്നത്. ജനുവരി മുതൽ മേയ് മാസം വരെയാണ് തെങ്ങ് മുളപ്പിക്കാനിടുന്നത്. രണ്ടുമാസത്തോളം നനച്ച് താർപായയിൽ മൂടിയിടും. മൂന്നര മാസം കഴിയുമ്പോഴാണ് മുളപൊട്ടുന്നത്. 


ചകിരിച്ചോറിലാണ് മുളപ്പിക്കുക. പോയവർഷം ഇരുപതിനായിരം തെങ്ങിൻതൈകളാണ് നട്ടത്. ഓരോ തെങ്ങിൻതൈയ്ക്കും 140 രൂപയാണ് വിലയിട്ടതെങ്കിലും എല്ലാം വിറ്റുതീർന്നു. ആവശ്യക്കാർക്ക് കൊടുത്തുതീർക്കാൻ കഴിഞ്ഞില്ല. അടുത്ത വർഷം മുപ്പതിനായിരം തെങ്ങിൻതൈ നടാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
കേര കർഷകർക്കുള്ള ചില പൊടിക്കൈകളും പറഞ്ഞുതരാൻ ഈ കർഷകൻ തയ്യാറാണ്. എല്ലാവരും മൂന്നടി വീതിയിലും മൂന്നടി ആഴത്തിലുമുള്ള കുഴികളെടുത്താണ് തെങ്ങിൻ തൈ നടുന്നതെങ്കിൽ ഡൊമിനിക് ഒരു മീറ്റർ ആഴവും മൂന്നുമീറ്റർ വീതിയുമുള്ള കുഴിയെടുത്താണ് തെങ്ങിൻ തൈ നടുന്നത്. രണ്ടുവർഷം കഴിഞ്ഞ് മണ്ണ് മാറ്റി വളം ചെയ്യണം. ഇത്തരത്തിൽ നട്ട തെങ്ങിൻ തൈകൾ മൂന്നുവർഷത്തിനകം കായ്ക്കും. അതുപോലെ എല്ലാ തെങ്ങിന്റെയും തേങ്ങ വിത്തുതേങ്ങയായി ഉപയോഗിക്കാൻ പാടില്ല. മേടമാസത്തിൽ വിളവെടുത്ത തേങ്ങയാണ് വിത്തുതേങ്ങയാക്കാൻ ഏറ്റവും ഉത്തമം.
തെങ്ങിൻതൈകൾക്ക് കരുത്തുണ്ടാകാൻ തേങ്ങ ചെരിച്ചുവേണം നടേണ്ടത്. തൈകൾ നട്ടശേഷം അഞ്ചുവർഷം കഴിഞ്ഞിട്ടേ ഇടവിളയായി എന്തെങ്കിലും കൃഷി ചെയ്യാൻ പാടുള്ളു. കുരുമുളക്, കവുങ്ങ്, ജാതി എന്നിവ ഇടവിളയായി കൃഷി ചെയ്യാം.


ജൈവകൃഷിയാണെന്നു പറഞ്ഞ് എല്ലാവർഷവും ചാണകം വളമായി ചേർക്കുന്നത് നല്ലതല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ജീവാമൃതം നൽകുന്നതാണ് നല്ലത്. ഇതിനായി ഒരു കിലോ കടലപ്പിണ്ണാക്കിൽ മൂന്നു കിലോ ചാണകം ചേർക്കണം. മുന്നൂറു ഗ്രാം ശർക്കരയും ചേർത്ത് ഏഴുദിവസം വയ്ക്കണം. ആവശ്യത്തിന് വെള്ളം ചേർത്ത് നേർപ്പിച്ചാണ് തെങ്ങിന് ഒഴിച്ചുകൊടുക്കേണ്ടത്. ജീവാമൃതം തയ്യാറാക്കാനായില്ലെങ്കിൽ കടലപ്പിണ്ണാക്ക് വളമായി നൽകാം കൂടാതെ ചാണകവും എല്ലിൻപൊടിയും മത്തിവളവും കോഴിവളവും ചേർക്കാം. തെങ്ങിൻ ചുവട്ടിൽ എന്തെങ്കിലും പുതയിട്ടുകൊടുക്കണം. പറമ്പിലുള്ള അടിക്കാടുകൾ വെട്ടിയിട്ടുകൊടുത്താൽ മതി. അങ്ങനെയായാൽ എത്ര മഴ പെയ്താലും വെള്ളം മണ്ണിലേയ്ക്കു താഴ്ന്നിറങ്ങും. 
മൂന്നിടങ്ങളിലെ തെങ്ങിൻതോപ്പുകളിൽനിന്നും എൺപതിനായിരം തേങ്ങയാണ് ഒരു വർഷം ഡൊമിനിക്കിന് ലഭിക്കുന്നത്. 
ഡൊമിനിക്കിന്റെ ഒരു ദിവസം ആരംഭിക്കുന്നത് പുലർച്ചെ നാലുമണിയോടെയാണ്. പശുക്കറവയാണ് തുടക്കം. തുടർന്ന് പശുക്കൾക്കും കോഴികൾക്കും പട്ടികൾക്കും താറാവുകൾക്കും മീനുകൾക്കുമെല്ലാം ഭക്ഷണം നൽകുന്നു. അമ്മ ഏലിയാമ്മയും ഭാര്യ എൽസിയും ഡൊമിനിക്കിന് കൂട്ടുണ്ട്. പറമ്പിലെ പണികൾക്കായി നാലുപേർ സ്ഥിരമായുണ്ട്. 


ഡൊമിനിക്കിന്റെ കൃഷിമികവിന് ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തി. മികച്ച കർഷകനുള്ള ബ്‌ളോക്ക് പുരസ്‌കാരമായിരുന്നു തുടക്കം. പിന്നീട് ജില്ലാതലത്തിൽ മികച്ച കേര കർഷകനുള്ള അംഗീകാരം ലഭിച്ചു. സമ്മിശ്ര കൃഷിക്കുള്ള കർഷകോത്തമ പുരസ്‌കാരമായിരുന്നു അടുത്തത്. കേന്ദ്ര സർക്കാരും നാളികേര വികസന ബോർഡും ചേർന്നാണ് 2016 ലെ മികച്ച നാളികേര കർഷകനുള്ള ദേശീയ പുരസ്‌കാരം സമ്മാനിച്ചത്. ടാറ്റാ വൈറോൺ കർഷക പുരസ്‌കാരം, സരോജിനി ദാമോദർ ഫൗണ്ടേഷൻ നൽകുന്ന മികച്ച ജൈവ കർഷകനുള്ള അക്ഷയശ്രീ പുരസ്‌കാരം എന്നിവയും ലഭിച്ചു.
അംഗീകാരങ്ങൾ ഏറെ ലഭിച്ചുവെങ്കിലും എളിമയാണ് ഈ കർഷകന്റെ മുഖമുദ്ര. കൃഷി മാത്രമല്ല, കർഷകർക്കും കൃഷി ഓഫീസർമാർക്കും വിദ്യാർഥികൾക്കുമെല്ലാം തന്റെ കൃഷിരീതിയെക്കുറിച്ച് പറഞ്ഞുകൊടുക്കാനും ഡൊമിനിക്ക് മുൻപന്തിയിലുണ്ട്. കൃഷിയിൽ തല്പരരായി ഒട്ടേറെ ചെറുപ്പക്കാർ കടന്നുവരുന്നത് നല്ലതാണ്. ആർക്കു കീഴിലും ജോലി ചെയ്യാതെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരമാണ് കൃഷി നൽകുന്നത്. നിരവധി വിദ്യാസമ്പന്നർ ഈ രംഗത്തേയ്ക്കു കടന്നുവരുന്നുണ്ട്. സ്ത്രീകളും അക്കൂട്ടത്തിലുണ്ട്. നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന നടപടിയാണിത്.


അന്യനാട്ടിൽനിന്നുമെത്തുന്ന കുള്ളൻ തെങ്ങുകളും മറ്റും ഇവിടെ വിജയിക്കില്ലെന്നും ഡൊമിനിക്ക് പറയുന്നു.നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങുന്ന, നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും ഉതകുന്ന രീതിയിലുള്ള തെങ്ങിൻതൈകളാണ് നടേണ്ടത്. അന്യനാട്ടിൽനിന്നും കൂടിയ വിലയ്ക്ക് നല്ല വിളവ് വാഗ്ദാനം ചെയ്യുന്ന തെങ്ങിൻ തൈകൾ ഗുണനിലവാരം കുറഞ്ഞവയാണെന്നും അദ്ദേഹം പറയുന്നു.
ഡൊമിനിക്കിന്റെ കൃഷിരീതികൾക്ക് പിന്തുണയുമായി മൂത്ത മകൻ ജുബിനുമുണ്ട്. സിവിൽ എൻജിനീയറിംഗ് ബിരുദധാരിയായ ജുബിൻ ഊരാളുങ്കൽ സൊസൈറ്റിയിൽ ഏറെക്കാലം ജോലി നോക്കിയിരുന്നു. പിന്നീട് അപ്പനോടൊപ്പം കൃഷിയിലേയ്ക്കു ചുവടുമാറ്റി. ഇളയ മകൻ ജിഫിനും ഭാര്യയും ഇംഗഌണ്ടിലാണ്. നഴ്‌സിംഗ് ഹോം മാനേജരായി ജോലി ചെയ്യുകയാണ് ജിഫിൻ.
നാളികേര കൃഷിയെക്കുറിച്ച് എന്തെങ്കിലും അറിവു വേണമെന്നുള്ളവർക്ക് ഏതുസമയത്തും ഡൊമിനിക്കിനെ വിളിക്കാം. തന്റെ അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ അദ്ദേഹം എപ്പോഴും തയ്യാറാണ്. അദ്ദേഹത്തിന്റെ ഫോൺ നമ്പർ 9447084502.

Latest News