Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കെതിരെ കളിച്ച്  ബ്രസീല്‍ ഇതിഹാസം വിടവാങ്ങി

മനോസ് - സൗഹൃദ മത്സരത്തില്‍ ഇന്ത്യയെ ഒന്നിനെതിരെ ആറു ഗോളില്‍ മുക്കി ബ്രസീല്‍ വനിതാ ഫുട്‌ബോള്‍ ടീം ഐതിഹാസിക താരം ഫോര്‍മിഗക്ക് രാജകീയമായ വിടവാങ്ങല്‍ സമ്മാനിച്ചു. ആദ്യ പകുതിയില്‍ പഴുതടച്ച് പ്രതിരോധിച്ച ഇന്ത്യ ആതിഥേയരെ 2-1 ലീഡില്‍ ഒതുക്കിയിരുന്നു. എന്നാല്‍ ഇടവേളക്കു ശേഷം ഗോളിന്റെ അണ പൊട്ടി. സീനിയര്‍ തലത്തില്‍ ഇന്ത്യ, ബ്രസീല്‍ ടീമുകള്‍ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ പുരുഷ ടീം പോലും ഇതുവരെ  ബ്രസീലിനെ നേരിട്ടിട്ടില്ല. 
ഇന്ത്യന്‍ വനിതകള്‍ ഉറച്ചുനിന്നെങ്കിലും ക്യാപ്റ്റന്‍ ഒലിവേര ദേബീഞ്ഞയിലൂടെ ബ്രസീല്‍ ആദ്യ മിനിറ്റില്‍ തന്നെ ലീഡ് നേടി. ദേബീഞ്ഞയുടെ കുതിപ്പ് തടയാന്‍ ഇന്ത്യന്‍ ഗോളി അതിഥി ചൗഹാന്‍ ബോക്‌സ് വിട്ടിറങ്ങുകയായിരുന്നു. ആദ്യ ഷോട്ട് ഡിഫന്റര്‍ തടുത്തെങ്കിലും റീബൗണ്ടില്‍ ക്യാപ്റ്റന്‍ ലക്ഷ്യം കണ്ടു. ഇടതു വിംഗിലൂടെ കുതിച്ച മനീഷ കല്യാണ്‍ എട്ടാം മിനിറ്റില്‍ സമനില ഗോളിലൂടെ ബ്രസീലിനെ ഞെട്ടിച്ചു. പിന്നീടങ്ങോട്ട് ബ്രസീലിന്റെ മുന്നേറ്റത്തെ ഇന്ത്യന്‍ പെണ്‍പട നെഞ്ചു വിരിച്ച് നേരിട്ടു. മുപ്പത്താറാം മിനിറ്റില്‍ ജിയോവാനയുടെ മിന്നല്‍ കുതിപ്പിലാണ് ഒടുവില്‍  ഇന്ത്യന്‍ പ്രതിരോധത്തില്‍ തുള വീണത്. 
എന്നാല്‍ രണ്ടാം പകുതിയില്‍ ബ്രസീല്‍ വിശ്വരൂപം പുറത്തെടുത്തു. അമ്പത്തിരണ്ടാം മിനിറ്റില്‍ ബോര്‍ഹസ് അരിയാദിന മൂന്നാം ഗോള്‍ നേടി. കരോലിന്‍, ഗെയ്‌സെ ഫെരേര, ബോര്‍ഹസ് എന്നിവരും ഇന്ത്യന്‍ വല ചലിപ്പിച്ചു. 
പത്തു മിനിറ്റ് മാത്രം അവശേഷിക്കുമ്പോഴാണ് ഫോര്‍മിഗ കളത്തിലിറങ്ങിയത്. ഫോര്‍മിഗയെ ഗോളടിപ്പിക്കാന്‍ ബ്രസീല്‍ കളിക്കാരികള്‍ സര്‍വശ്രമവും നടത്തി. ഒരവസരം കിട്ടിയെങ്കിലും ഷോട്ട് ഇന്ത്യന്‍ ഗോളി തടുത്തു. ഇഞ്ചുറി ടൈമില്‍ വീണ്ടും അവസരം കിട്ടിയപ്പോള്‍ ക്രോസ്ബാറിനു മുകളിലൂടെ പറത്തി. അവസാന വേളയില്‍ പതിനെട്ടുകാരി മറിയമ്മാളിന് ഇന്ത്യ അവസരം നല്‍കിയെങ്കിലും  ആവേശം വീണ്ടെടുക്കാനായില്ല. 
ഫോര്‍മിഗക്ക് ഇന്ത്യന്‍ കളിക്കാരികളെല്ലാം ഒപ്പിട്ട ജഴ്‌സി സമ്മാനിച്ചു. സ്റ്റേഡിയം വലംവെച്ച് നാല്‍പത്തൊന്നുകാരി ആരാധകര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു. 
29 ന് ചിലെയെയും ഡിസംബര്‍ രണ്ടിന് വെനിസ്വേലയെയും നേരിട്ടാണ് ഇന്ത്യന്‍ ടീം മടങ്ങുക. ഇന്ത്യയില്‍ നടക്കുന്ന അടുത്ത വര്‍ഷത്തെ ഏഷ്യന്‍ കപ്പിനുള്ള ഒരുക്കമാണ് ഇത്. 

 

Latest News