Sorry, you need to enable JavaScript to visit this website.

ശിഷ്ടജീവിതം വിശിഷ്ടമാക്കാൻ

അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ലോകം.  ലോകത്ത് പ്രതിസന്ധികളെ  സന്തോഷത്തോടെ അതിജീവിച്ച് മുന്നേറിയവർ   ഏറ്റവും ബുദ്ധിയുള്ളവരോ കൗശലക്കാരോ  അല്ല; മറിച്ച് അതാത് കാലങ്ങളിലുള്ള മാറ്റങ്ങളെ പ്രസാദാത്മകമായി ഉൾക്കൊള്ളാനും അതിനോട് ഇണങ്ങിക്കഴിയാനും  അതിവേഗം  സ്വയം പ്രാപ്തരാവുന്നവരാണ്. നാമോരോരുത്തരും അതുല്യവും ഗണനീയവുമായ  സിദ്ധികളോടു കൂടി പിറന്നവരാണ്.  നമുക്ക് ഓരോരുത്തർക്കും തികച്ചും വൈവിധ്യമാർന്ന  ശേഷികളും അറിവും അനുഭവങ്ങളും കഴിവുകളും ഉണ്ട്.
ഒരുനൂറു ജന്മങ്ങളെ വെല്ലാൻ പര്യാപ്തമായ  തരത്തിൽ പലതും നേടിയെടുക്കാനുള്ള   സവിശേഷമായ  ബുദ്ധിശക്തിയും  കഴിവുകളും   ഇനിയും കണ്ടെടുക്കപ്പെടാതെ, വേണ്ട രീതിയിൽ  ഉപയോഗപ്പെടുത്താതെ  നമ്മിൽ ഉറങ്ങിക്കിടപ്പുണ്ട്.  

നമ്മുടെ മസ്തിഷ്‌കം ഏകദേശം നൂറുകോടി ന്യൂറോണുകൾ കൊണ്ട് നിർമിതമാണ്. ഇരുപതിനായിരം  കോശങ്ങളുമായി
അവ ഓരോന്നും പല രീതികളിലും ഗാംഗ്ലിയയുടെയും ഡെൻഡ്രൈറ്റിസുകളുടെയും സങ്കീർണമായ വലക്കണ്ണികളാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന്  ആ രംഗത്ത് പഠനം നടത്തിയവർ കണ്ടെത്തിയിട്ടുണ്ട്.  അവിടെ രൂപംകൊള്ളുന്ന നമ്മുടെ  ചിന്തകളെ  രേഖപ്പെടുത്തി  വെയ്ക്കുകയാണെങ്കിൽ ഒന്നെന്നെഴുതിയതിനു ശേഷം  എട്ടോളം പേജുകളിൽ  തുടർച്ചയായി പൂജ്യങ്ങൾ എഴുതിയാൽ കിട്ടുന്ന  സംഖ്യയോളം വരുമത്രേ.  

ഓരോ കുട്ടിയും  ഈ ലോകത്ത് പിറന്നുവീഴുന്നത് രഹസ്യമായ ചില നിയോഗങ്ങളോട് കൂടിയാണ്.
ചില  പ്രത്യേക ഇടങ്ങളിൽ, നേരങ്ങളിൽ,  സാഹചര്യങ്ങളിൽ അത്ഭുതകരമായ ചില കാര്യങ്ങൾ നിറവേറ്റാൻ വേണ്ടി നിയുക്തരായവരാണെന്ന ബോധം നമുക്കുണ്ടാവണം. നാം ചെയ്യുന്ന ആ കാര്യങ്ങൾ അതേ രൂപത്തിലും ഭാവത്തിലും താളത്തിലും മേന്മയിലും മറ്റൊരാൾക്കും ചെയ്യാൻ കഴിയില്ല എന്നു തിരിച്ചറിയണം. ഓരോരുത്തരും അത്രമാത്രം വ്യത്യസ്തരും അദ്വിതീയരുമാണ്. നമ്മുടെ സവിശേഷ സിദ്ധികളോട് കൂടി പിറന്നവർ മനുഷ്യ ചരിത്രത്തിൽ ഇല്ല. ഇനി വരാനിരിക്കുന്ന കാലത്ത് ഉണ്ടാവുകയുമില്ല. നമ്മുടെ കഴിവുകളും അറിവും അനുഭവങ്ങളും വികാരങ്ങളും പ്രത്യാശകളും സ്വപ്നങ്ങളും താൽപര്യങ്ങളും അതേ അളവിൽ മറ്റൊരാൾക്കുമില്ല.
അതുകൊണ്ടു തന്നെ നമ്മളിൽ ചേർത്തുവെക്കപ്പെട്ട കഴിവുകളെയും സാധ്യതകളെയും  പരമാവധി ഉപയോഗിച്ച് ആകാവുന്നത്ര നമ്മുടെ ജീവിതം സാർത്ഥകമാക്കാനാണ് നാം പരിശ്രമിക്കേണ്ടത്.
ഈ കാര്യത്തിൽ നാം ശുഭാപ്തി വിശ്വാസികളാണോ അതല്ല അശുഭാപ്തി ബോധം  പേറി  നിരാശയിൽ കഴിഞ്ഞ് പാഴ്ജന്മങ്ങളാണെന്ന് സ്വയം വിലയിരുത്തുന്നവരാണോ എന്ന  ഏറ്റവും  പ്രസക്തമായ  ചോദ്യം ഉയരുന്നത് ഇവിടെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ വരുമാനവും ഒപ്പം സന്തോഷവുമുള്ളവർ തലച്ചോറിന്റെ അളവറ്റ സാധ്യതയെ പരമാവധി ഉപയോഗപ്പെടുത്തിയവരാണെന്ന് കാണാം.  അനന്യമായ ചിന്താശേഷിയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയവർ.  നിങ്ങൾ ശുഭകരമായി ചിന്തിക്കുകയാണെങ്കിൽ ഫലപ്രദമായ തീരുമാനങ്ങൾ എടുക്കാൻ കഴിയും; നിങ്ങൾ ഫലപ്രദമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നവരാണെങ്കിൽ മെച്ചപ്പെട്ട കർമങ്ങളിൽ നിങ്ങൾ വ്യാപൃതരാവും;  മെച്ചപ്പെട്ട കർമങ്ങളിൽ നിങ്ങൾ വ്യാപൃതരാവുമ്പോൾ നിങ്ങൾക്ക് മെച്ചപ്പെട്ട ഫലങ്ങൾ അനുഭവിക്കാൻ കഴിയും എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതായത് നിങ്ങളുടെ ചിന്തയുടെ മേന്മ നിങ്ങളുടെ ജീവിതത്തിന്റെ മേന്മ വർധിപ്പിക്കുമെന്നർത്ഥം.

ഏതാനും വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയ കാര്യം പൊടുന്നനെയുള്ള  തൊഴിൽ നഷ്ടമാണ്.
പഠന വിധേയമാക്കപ്പെട്ട മുന്നൂറോളം  വിജയശ്രീലാളിതരായവരിൽ  ഒരാളൊഴികെ മുഴുവനാളുകളുടെയും  ജീവിതത്തിൽ ഏറ്റവും നിർണായകമായ  വഴിത്തിരിവായതെന്നാണ്. അത് വരെ അവർ ലഭിച്ച ജോലിയിൽ നിന്ന് കിട്ടുന്ന ശമ്പളവുമായി ഒരു ശരാശരി ജീവിതം നയിക്കുന്നവരായിരുന്നത്രേ. പെട്ടെന്ന് തൊഴിൽ നഷ്ടമെന്ന അപ്രതീക്ഷിത സംഭവം ഉണ്ടായപ്പോഴാണ് തന്റെ  ജീവിതം കൊണ്ട് താനെന്താണ് യഥാർത്ഥത്തിൽ നേടാനാഗ്രഹിക്കുന്നത് എന്ന ചോദ്യം അവരിൽ ഉടലെടുത്തത്.
അവരുടെ ചെറിയ നീക്കിയിരിപ്പ് ഉപയോഗപ്പെടുത്തി അവർ ആ വെല്ലുവിളിയെ അതിജീവിക്കാൻ സ്വയം സന്നദ്ധരാവുകയും അവരുടെ ചിന്താശേഷിയെയും അനുഭവങ്ങളെയും പ്രാവീണ്യങ്ങളെയും കോർത്തിണക്കി തന്റേടത്തോടെ മുന്നേറുകയും ചെയ്തപ്പോഴാണ് അവരിലെ അപൂർവ സാധ്യതകളെ അവർ നേരിൽ കണ്ട് ഫലം കൊയ്‌തെടുത്തത് എന്നും  പഠനം വിലയിരുത്തുന്നു.

ജോലി നഷ്ടമോ കച്ചവടത്തിലുള്ള തകർച്ചയോ സൗഹൃദങ്ങളിലുള്ള ഇടർച്ചയോ ബന്ധങ്ങളിലുണ്ടായ ഉലച്ചിലോ അനാരോഗ്യമോ പ്രിയപ്പെട്ടവരുടെ വേർപാടോ  നമ്മെ നിഷ്‌ക്രിയരാക്കുകയല്ല വേണ്ടത്; നമ്മുടെ ജീവിത ദൗത്യത്തെ കൂടുതൽ വ്യക്തതയോടെ തിരിച്ചറിയാനും  സാധ്യതകളെയും സാഹചര്യങ്ങളെയും നിശ്ചയ ദാർഢ്യത്തോടെ ഉപയോഗപ്പെടുത്തി ത്വരിതഗതിയിലുള്ള  വളർച്ചയ്ക്കുതകുന്ന
തുറവിയായി കണ്ട് കർമനിരതരാവണം നാം. അതത്രേ ശിഷ്ടജീവിതം വിശിഷ്ടമാക്കാനുള്ള രഹസ്യം.


 

Latest News