Sorry, you need to enable JavaScript to visit this website.

ദുബായിൽ വൻ മയക്കുമരുന്ന് വേട്ട; പിന്നിൽ  അന്തർദേശീയ ക്രിമിനൽ സംഘമെന്ന് സൂചന 

ദുബായ് പോലീസിലെ ആന്റി നാർകോട്ടിക്‌സ് വിഭാഗം രണ്ട് പേരിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരം  
  •  91 വിതരണക്കാർ അറസ്റ്റിൽ 
  •  പിടികൂടിയത് 176 മില്യൺ ദിർഹമിന്റെ മയക്കുമരുന്ന് 

 

ദുബായ്- യു.എ.ഇയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ദുബായ് പോലീസിലെ ആന്റി നാർകോട്ടിക്‌സ് വിഭാഗം പരാജയപ്പെടുത്തി. റെയ്ഡിൽ 176 മില്യൺ ദിർഹം വിലമതിക്കുന്ന 1,342 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. ഹഷീഷ്, ഹെറോയിൻ, കൊക്കൈൻ, ക്രിസ്റ്റൽ മെത്ത്, മെറവാന, കറുപ്പ്, നാർകോട്ടിക് പൈൽസ് തുടങ്ങി വിവിധയിനം മയക്കുമരുന്നുകളുടെ വൻശേഖരമാണ് പിടികൂടിയത്. 'അൽമവാഖിഅ്' (ലൊക്കേഷൻസ്) എന്ന് നാമകരണം ചെയ്യപ്പെട്ട മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയതെന്ന് ആന്റി നാർകോട്ടിക്‌സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഖാലിദ് ബിൻ മുവൈസ പറഞ്ഞു. മയക്കുമരുന്ന് വിതരണ ശൃംഖലയിൽ പ്രവർത്തിച്ചിരുന്ന 91 പേർ റെയ്ഡിൽ അറസ്റ്റിലായിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് കുറ്റവാളികൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
'സാങ്കേതിക വിദ്യയുടെ പുരോഗതിയെ സാമൂഹ്യദ്രോഹികൾ തങ്ങളുടെ വിനാശകരമായ അജണ്ടകൾ നടപ്പാക്കുന്നതിനും യുവസമൂഹത്തെ ചൂഷണം ചെയ്യുന്നതിനും വേണ്ടി ഉപയോഗിക്കുകയാണ്. സമൂഹ മാധ്യമ ഉപയോക്താക്കൾ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം. സൈബർ കുറ്റവാളികളുടെയും മയക്കുമരുന്ന് വ്യാപാരികളുടെയും കെണികളിൽ കുടുങ്ങിപ്പോവരുത്' -അദ്ദേഹം പറഞ്ഞു. 
യു.എ.ഇയിലേക്ക് മയക്കുമരുന്ന് കടത്താൻ വേണ്ടി ഒരു അന്താരാഷ്ട്ര ക്രിമിനൽ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുവെന്നും സമൂഹ മാധ്യമങ്ങളെ അവർ ദുർവിനിയോഗം ചെയ്യുന്നുണ്ടെന്ന് അസിസ്റ്റന്റ് കമാണ്ടർ മേജർ ഖലീൽ ഇബ്രാഹിം അൽമൻസൂരി മാധ്യമങ്ങളോട് പറഞ്ഞു. സൈബർ കുറ്റവാളികളും ഓൺലൈൻ മാഫിയയും സംഘടിതമായി ഒരുക്കുന്ന ഗൂഢപദ്ധതികളെ പരാജയപ്പെടുത്താനും സാധാരണക്കാരെ അവരുടെ വലയങ്ങളിൽ നിന്നു സംരക്ഷിക്കാനും പൊതു ഇടങ്ങൾ സുരക്ഷിതമാക്കാനും ദുബായ് പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മയക്കുമരുന്നുകൾ കുഴിച്ചിടുകയും ഈ സ്ഥലങ്ങളുടെ മുഴുവൻ വിവരങ്ങളും അന്താരാഷ്ട്ര കണ്ണികൾക്ക് കൈമാറുകയും തുടർന്ന് വിദേശ കണ്ണികൾ യു.എ.ഇയിലെ ഉപഭോക്താക്കളെ കണ്ടെത്തുകയും അവരുമായി ആശയവിനിമയം നടത്തുകയുമാണ്  ചെയ്തുവന്നിരുന്നതെന്ന് പോലീസ് കണ്ടെത്തി. 
സൈബർ കുറ്റവാളികളെയും സംശയാസ്പദമായ ഓൺലൈൻ പ്രവർത്തനങ്ങളെയും കുറിച്ച് ദുബായ് പോലീസിന്റെ സൈബർ ക്രൈം വിരുദ്ധ പ്ലാറ്റ്ഫോമായ www.ecrime.ae ലേക്ക് റിപ്പോർട്ട് ചെയ്യാൻ ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽമർറി പൊതുജനങ്ങളോട് അഭ്യർഥിച്ചു.

 

Tags

Latest News