Sorry, you need to enable JavaScript to visit this website.

സ്പിന്‍ പിച്ചില്‍ ഇന്ന്‌ ആദ്യ ടെസ്റ്റ്, ശ്രേയസ് അരങ്ങേറും

കാണ്‍പൂര്‍ - സ്പിന്നിനെ അമിതമായി തുണക്കുന്ന കാണ്‍പൂര്‍ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ഇന്നാരംഭിക്കുന്നു. പരിചയസമ്പത്തില്ലാത്ത ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് വലിയ പരീക്ഷണമാവും ഈ മത്സരം. രണ്ടു മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലി വിട്ടുനില്‍ക്കുകയാണ്. പകരം അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്. രഹാനെ നയിച്ച ഒരു ടെസ്റ്റിലും ഇന്ത്യ തോറ്റിട്ടില്ല. റിഷഭ് പന്ത്, മുഹമ്മദ് ഷാമി, ജസപ്രീത് ബുംറ എന്നിവരും ഈ പരമ്പരയില്‍ കളിക്കുന്നില്ല.
തുടയില്‍ പരിക്കേറ്റ ഓപണര്‍ കെ.എല്‍ രാഹുലിന് രണ്ടു ടെസ്റ്റിലും വിട്ടുനില്‍ക്കേണ്ടി വന്നതോടെ പത്ത് ടെസ്റ്റിലേറെ പരിചയമുള്ള മൂന്ന് ബാറ്റര്‍മാരേ ടീമില്‍ അവശേഷിക്കുന്നുള്ളൂ  -അതില്‍ രഹാനെയും ചേതേശ്വര്‍ പൂജാരയും സമീപകാലത്ത് ഫോമിലല്ല. മായാങ്ക് അഗര്‍വാളാവാട്ടെ ഓസ്‌ട്രേലിയന്‍ പര്യടനം മുതല്‍ ടീമിന് പുറത്താണ്. 
ശ്രേയസ് അയ്യര്‍ പ്ലേയിംഗ് ഇലവനിലുണ്ടാവുമെന്ന് രഹാനെ പ്രഖ്യാപിച്ചു. ഹനുമ വിഹാരിയാണ് റിസര്‍വ് ബാറ്ററെങ്കിലും വിഹാരിയെ സെലക്ടര്‍മാര്‍ ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് അയച്ചിരിക്കുകയാണ്. ശ്രേയസിന് അമ്പതിന് മുകളില്‍ ഫസ്റ്റ് ക്ലാസ് ബാറ്റിംഗ് ശരാശരിയുണ്ട്. മാറ്റ് ഹെന്റി, ലോക്കീ  ഫെര്‍ഗൂസന്‍, ഈശ് സോധി എന്നിവരടങ്ങുന്ന ന്യൂസിലാന്റ് എ-ക്കെതിരെ 2017 ല്‍ വിജയവാഡയില്‍ 108, 82 എന്നിങ്ങനെ സ്‌കോര്‍ ചെയ്തിരുന്നു.
ശുഭ്മാന്‍ ഗില്ലും മായാങ്ക് അഗര്‍വാളുമായിരിക്കും ഓപണ്‍ ചെയ്യുക. രാഹുലിനു പകരം സൂര്യകുമാര്‍ യാദവിനെ വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സൂര്യകുമാറിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടാനിടയില്ല. 
മൂന്ന് സ്പിന്നര്‍മാരുമായാവും ഇരു ടീമുകളും കളിക്കുക. ആര്‍. അശ്വിനും രവീന്ദ്ര ജദേജയും അക്ഷര്‍ പട്ടേലും ഇന്ത്യന്‍ ടീമിലുണ്ടാവും. അഞ്ച് സ്പിന്നര്‍മാരുമായാണ് ന്യൂസിലാന്റ് ടീം ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ ജനിച്ച രചിന്‍ രവീന്ദ്ര, ഇന്ത്യന്‍ വംശജരായ അജാസ് പട്ടേല്‍ എന്നിവര്‍ ടീമിലുണ്ട്. 
ഈ ടീമുകള്‍ അവസാനം ഏറ്റുമുട്ടിയത് ജൂലൈയില്‍ ഇംഗ്ലണ്ടില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിലാണ്. ന്യൂസിലാന്റ് എട്ടു വിക്കറ്റിന് ജയിച്ചു. 
കാണ്‍പൂര്‍ ഇന്ത്യയുടെ കോട്ടയാണ്. അവസാനം ഇവിടെ ആതിഥേയര്‍ തോറ്റത് 1983 ലാണ്. ന്യൂസിലാന്റ് മൂന്ന് ടെ്‌സ്റ്റ് ഇവിടെ കളിച്ചിട്ടുണ്ട്. രണ്ടെണ്ണം തോറ്റു, ഒന്ന് സമനിലയായി. ഇന്ത്യ 22 ടെസ്റ്റ് ഇവിടെ കളിച്ചതില്‍ ഏഴെണ്ണം ജയിച്ചു. മൂന്നില്‍ തോറ്റു. 12 കളി സമനിലയായി.

Latest News