Sorry, you need to enable JavaScript to visit this website.

'ഒരു അറബ് നയതന്ത്രജ്ഞന്റെ സാംസ്‌കാരിക വിചാരങ്ങൾ' മലയാള വിവർത്തനം 28 ന് പ്രകാശനം ചെയ്യും

സെന്റർ ഫോർ സ്റ്റഡീസ് ആന്റ് റിസർച്ച് (സി.എസ്.ആർ) ദോഹ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ.

ദോഹ- 'ഒരു അറബ് നയതന്ത്രജ്ഞന്റെ സാംസ്‌കാരിക വിചാരങ്ങൾ' എന്ന കൃതി ഈ മാസം 28 ന് രാവിലെ 11 മണിക്ക് കതാറ ജനറൽ മാനേജർ ഖാലിദ് ബിൻ ഇബ്റാഹിം അൽസുലൈത്തി പ്രകാശനം ചെയ്യുമെന്ന് സെന്റർ ഫോർ സ്റ്റഡീസ് ആന്റ് റിസർച്ച് (സി.എസ്.ആർ) ദോഹ ഭാരവാഹികൾ അറിയിച്ചു. ഖത്തർ സഹമന്ത്രി ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽകുവാരിയുടെ 'അലാ ഖദ്‌രി അഹ്‌ലിൽ അസ്മ്' എന്ന അറബി പുസ്തകത്തിന്റെ മലയാള വിവർത്തനമാണ് ഈ കൃതി. ദോഹയിലെ അറബിഭാഷാ പണ്ഡിതനും വിവർത്തകനും ഇന്ത്യൻ ഓതേഴ്സ് ഫോറം ജനറൽ സെക്രട്ടറിയുമായ ഹുസൈൻ കടന്നമണ്ണയാണ് ഗ്രന്ഥത്തിന്റെ വിവർത്തനം ചെയ്തിരിക്കുന്നത്.
ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ കൃതി ഏറ്റുവാങ്ങും. സി.ഐ.സി പ്രസിഡന്റ് കെ.ടി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. ഗ്രന്ഥകാരൻ കൂടിയായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരി പ്രഭാഷണം നടത്തും. ഡി.ഐ.സി.ഐ.ഡി ചെയർമാൻ ഡോ. ഇബ്റാഹിം ബിൻ സാലിഹ് അൽനഈമി, ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി (ഓൺലൈനിൽ) എന്നിവർ ആശംസയർപ്പിക്കും. മുഖ്യാതിഥികളെയും ദോഹയിലെ ഐ.പി.എച്ച് ഗ്രന്ഥകർത്താക്കളായ വ്യക്തിത്വങ്ങളെയും പ്രകാശന ചടങ്ങിൽ ആദരിക്കും.


സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഖത്തറിന്റെ ഗവേഷണ വിഭാഗമായ സി.എസ്.ആർ ദോഹയും കതാറയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ മികച്ച ഇസ്‌ലാമിക പ്രസാധകരായ ഐ.പി.എച്ച് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
അറബ് രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും, അമേരിക്കയിലും ഖത്തർ സ്ഥാനപതിയായും, യുനെസ്‌കോ, ഐക്യരാഷ്ട്രസഭ തുടങ്ങിയ രാഷ്ട്രാന്തരീയ വേദികളിൽ ഖത്തർ സ്ഥിരം പ്രതിനിധിയായും പിന്നീട് ഖത്തർ സാംസ്‌കാരിക മന്ത്രിയായും പ്രവർത്തിച്ച ഒരു അറബ് നയതന്ത്രജ്ഞന്റെ അനുഭവ വിവരണമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം. സംസ്‌കാരം, നയതന്ത്രം, വിദ്യാഭ്യാസം, വാർത്താവിനിമയം തുടങ്ങിയ വിഷയങ്ങൾ ഗ്രന്ഥത്തിൽ ചർച്ചയാവുന്നുണ്ട്. സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നിവയിലൂടെ ഗ്രന്ഥകാരൻ ചവിട്ടി കയറിയ ജീവിത ഔന്നത്യത്തിന്റെ കഥ കൂടിയാണ് ഈ കൃതി. അതിനാൽ തന്നെ ജീവിത വിജയം നേടാൻ ആഗ്രഹിക്കുന്ന ആയിരങ്ങൾക്ക് ഇതിനകം തന്നെ ഈ പുസ്തകം വലിയ പ്രചോദനമായിത്തീർന്നിട്ടുണ്ട്. വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളിൽ ഖത്തർ നടത്തുന്ന ഇടപെടലുകളും മുന്നേറ്റവും ഗ്രന്ഥത്തിൽ വിശകലനം ചെയ്യുന്നുണ്ട്. കൃതി ഇതിനകം തന്നെ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പേർഷ്യൻ തുടങ്ങി ഒട്ടേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
സി.ഐ.സി നേതാക്കളായ ആർ.എസ്. അബ്ദുൽ ജലീൽ, ടി.കെ. ഖാസിം, കെ.സി. അബ്ദുല്ലത്തീഫ്, അബ്ദുറഹ്മാൻ പുറക്കാട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

Tags

Latest News