Sorry, you need to enable JavaScript to visit this website.

സുവർണ ജൂബിലി: പൗരന്മാരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് യു.എ.ഇ

അബുദാബി- രാജ്യം സുവർണ ജൂബിലി ആഘോഷിക്കുന്ന വേളയിൽ യു.എ.ഇ പൗരന്മാർക്ക് ആശ്വാസമേകി രാഷ്ട്രത്തലവന്മാർ. 4511 പേരുടെ കടങ്ങൾ എഴുതിത്തള്ളാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽനഹ്യാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും പ്രത്യേക നിർദേശം നൽകി. 1,157,388,000 ദിർഹമാണ് ഇപ്രകാരം എഴുതിത്തള്ളുന്നത്. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, എമിറേറ്റ്‌സ് എൻ.ബി.ഡി, അബുദാബി ഇസ്ലാമിക് ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, മഷ്‌റഖ് ബാങ്ക്, ഇത്തിസാലാത്ത്, നാഷണൽ ബാങ്ക് ഓഫ് ഫുജൈറ, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്‌സ് ഇസ്ലാമിക്, കൊമേഴ്‌സ്യൽ ബാങ്ക് ഇന്റർനാഷണൽ, ഷാർജ ഇസ്ലാമിക് ബാങ്ക്, ആർ.എ.കെ ബാങ്ക്, അംലാക് ഫിനാൻസ്, അൽമസ്റഫ് അറബ് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ഉമ്മുൽ ഖുവൈൻ, കൊമേഴ്സ്യൽ ബാങ്ക് ഓഫ് ദുബായ്, അജ്മാൻ ബാങ്ക്, ആഫാഖ് ഇസ്ലാമിക് ഫിനാൻസ്, റീം ഫിനാൻസ് എന്നീ 20 ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് കടങ്ങൾ എഴുതിത്തള്ളുന്നതെന്ന് യു.എ.ഇയുടെ നോൺ-പെർഫോമിംഗ് ഡെബ്റ്റ് റിലീഫ് ഫണ്ട് ചെയർമാൻ ജാബിർ മുഹമ്മദ് ഗാനിം അൽസുവൈദി പറഞ്ഞു. മുഴുവൻ യു.എ.ഇ പൗരന്മാർക്കും മാന്യമായ ജീവിതവും സാമൂഹിക സുസ്ഥിരതയും ഉയർന്ന നിലവാരവും നൽകുക എന്ന രാഷ്ട്ര നേതാക്കളുടെ അതീവ താൽപര്യമാണ് തീരുമാനത്തിന്റെ പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇ പൗരന്മാർക്ക് ആശ്വാസം പകരുന്ന തീരുമാനമെടുത്ത ധനകാര്യ സ്ഥാപനങ്ങളെ അൽസുവൈദി പ്രശംസിച്ചു. മാനവിക മൂലധനമാണ് രാജ്യത്തിന്റെ യഥാർഥ സമ്പത്തെന്നും ഓരോ പൗരന്റെയും ഊർജം രാഷ്ട്ര പുനർനിർമാണത്തിന് അനിവാര്യമാണെന്നുമാണ് യു.എ.ഇ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ പൗരന്മാരുടെ ഭാരം ലഘൂകരിക്കുക, സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും മാർഗങ്ങൾ വഴി പൗരന്മാരിൽ പരസ്പര വിശ്വാസം വളർത്തുക, രാഷ്ട്ര ശിൽപികളുടെ ജീവകാരുണ്യ, മാനുഷിക വീക്ഷണങ്ങൾ നടപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് തീരുമാനത്തിന് മുൻകൈയെടുത്ത ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പിന്നിലെന്ന്  മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

Tags

Latest News