Sorry, you need to enable JavaScript to visit this website.

ഉറുമ്പുകളുടെ ഉന്മാദം

പ്രകൃതിയുടെ ഉപാസകനായ എഴുത്തുകാരനാണ് താനെന്ന് എസ്.ആർ.സി നായർ ഈ നോവലിലും വെളിപ്പെടുത്തുന്നു. സൂക്ഷ്മനിരീക്ഷണപാടവവും തുറന്ന എഴുത്തും അദ്ദേഹത്തെ മറ്റ് എഴുത്തുകാരിൽനിന്ന് വേറിട്ടുനിർത്തുന്നു. ശ്രദ്ധേയനായ സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഡോ. എസ്.രാജശേഖരന്റേതാണ് പഠനം.

 

മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരിലൊരാളായ എസ്.ആർ.സി നായരുടെ ഏറ്റവും പുതിയനോവലാണ് ഉറുമ്പുകൾ. പുകയില്ലാത്ത അടുപ്പുകൾ, ഗന്ധരാജന്റെ ഇലകൾ (കഥകൾ), വാളമ്പും വില്ലും( നോവൽ), നീലനിറമുള്ള സൂര്യൻ (അനുഭവം) എന്നിപുസ്തകങ്ങൾക്ക് ശേഷമാണ് ഉറമ്പുകൾ പുറത്തുവരുന്നത്. നാലുപതിറ്റാണ്ടുമുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശാർങരക്കാവിലെ കുരങ്ങൻ എന്ന പേരിൽ എസ്.ആർ.സി നായരുടെ ആദ്യകഥ വെളിച്ചത്തുവന്നപ്പോൾതന്നെ സാഹിത്യലോകം അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു. ആനുകാലികങ്ങളിൽ നിരവധി കഥകൾ അദ്ദേഹത്തിന്റെതായി അക്കാലത്തൊക്കെ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഔദ്യോഗിക ജീവിതതിരക്കിലേക്ക് വഴുതിവീണതുകൊണ്ടാകണം എഴുത്തിൽ ഇടവേളകൾവന്നു. ഇപ്പോൾ വീണ്ടും എഴുത്തിൽ സജീവമാണ്.
ഉറുമ്പുകളെന്ന നോവൽ ചെറിയമനുഷ്യരുടെ വലിയ ആത്മസംഘർഷങ്ങളെ ആവിഷ്‌കരിച്ചിരിക്കുന്ന കൃതിയാണ്.യഥാർത്ഥത്തിൽ ചെറിയമനുഷ്യരും വലിയമനുഷ്യരുമെന്നത് ഒരു സങ്കൽപ്പം മാത്രമാണ്. മനുഷ്യരുണ്ടാക്കിയ ഒരു ചവിട്ടുപടി. ഗ്രാമ്യമായ കാഴ്ചകളും അനുഭവങ്ങളും ചേർത്തുവെച്ചിരിക്കുന്ന പുസ്തകമെന്നും ഇതിനെ വിശേഷിപ്പിക്കാം. അര നൂറ്റാണ്ടിന് മുമ്പ് കേരളത്തിലെ ഗ്രാമം എങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് വരിച്ചിടുകകൂടിയാണ് ഈ നോവലിലൂടെ അദ്ദേഹം ചെയ്തിരിക്കുന്നത്. 
നമുക്ക് എന്തൊക്കെയാണ് ഈ കാലത്തിനുള്ളിൽ നഷ്ടമായത്. എന്തൊക്കെ പുതുതായി നേടിയെന്നൊക്കെ ഉറുമ്പുകൾ ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിച്ചുകാണിക്കുന്നു. എന്തിനും ഏതിനും പടിഞ്ഞാറോട്ട്മാത്രം നോക്കിയിരിക്കുന്നവർ കാണാതെ പോയൊരു സത്യമുണ്ട്. പാശ്ചാത്യർക്കില്ലാത്തത് പലതും ഇവിടെയുണ്ടായിരുന്നു. പല എഴുത്തുകാരും പാടിഞ്ഞാറിന്റെ മാറ്റൊലിക്കാരായിരുന്നു. എന്നാൽ എസ്.ആർ.സി നായർ തന്റെ ചുറ്റുവട്ടത്തുനിന്നുതന്നെ ജീവിതം കണ്ടെത്തി എഴുതുന്നു. മൗലികമായ വീക്ഷണമാണിതിലുള്ളത്.
ഉറുമ്പുകളുടെ ഉന്മാദം എന്ന കുറിപ്പിൽ നോവലിസ്റ്റ് എഴുതുന്നു: അടൂർ താലൂക്കിലെ ഏഴംകുളം എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും. ഏഴംകുളം ക്ഷേത്രവും ചരിത്രപ്രസിദ്ധമായ വഴിപാടുതൂക്കങ്ങളും കൊണ്ട് സമ്പന്നമായ ഗ്രാമം. ഇപ്പോൾ ഏഴംകുളത്തെ വഴികൾ മിക്കതും ടാർചെയ്തിരിക്കുന്നു. ഓലപ്പുര എങ്ങുമില്ല. ഓടിട്ട വീട് തന്നെ അപൂർവ്വം. നിലംതല്ലികൊണ്ട് അടിച്ചൊതുക്കിയ കയ്യാലകൾകാണാനേയില്ല. കയ്യാലയിൽ വളർന്നുകിടന്നിരുന്ന വെള്ളംകൊള്ളിയെന്ന വള്ളിച്ചെടി അപ്രത്യക്ഷമായി. പുറമെ മാറ്റങ്ങളുണ്ടായെങ്കിലും നാട്ടുമ്പുറത്തിന്റെ നേരുകൾ ഇപ്പോഴും ഈ ഗ്രാമത്തിൽ അവശേഷിക്കുന്നുണ്ട്. എന്റെ ആദ്യനോവലായ വാളമ്പും വില്ലും ഏഴംകുളത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണ്. ഉറുമ്പ് എന്ന ഈ നോവലിന്റെ പശ്ചാത്തലവും ഏഴംകുളം ഗ്രാമം തന്നെ. അതൊരുപോരായ്മയായി തോന്നുന്നില്ല.'
ഇതൊരു നേട്ടമാണ്. ഈ നോവലിലെ പാറുവമ്മതന്നെ മലയാളി സ്ത്രീസ്വാതന്ത്ര്യത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ്. പാശ്ചാത്യർക്ക് സ്ത്രികളുടെ സ്വാതന്ത്ര്യം വലിയപ്രശ്‌നമായിരുന്നു. കേരളത്തിലതായിരുന്നില്ല സ്ഥിതി. കേരളത്തിലെ പഴയകാലജീവിതത്തിലൂടെ കന്നുപോയാൽ സ്ത്രീകൾ സ്വതന്ത്രജീവിതമാണിവിടെ ജീവിച്ചിരുന്നതെന്ന് കാണാം. സെക്‌സിന്റെ കാര്യത്തിൽപോലും സ്ത്രീകൾക്ക് ഈ സ്വാതന്ത്ര്യമുണ്ടായിരുന്നു. സമുദായങ്ങളുടെ സ്വഭാവമനുസരിച്ച് ഇതിൽ ഏറ്റകുറച്ചിലുണ്ടാകാമെന്ന് മാത്രം.
'അവർ നടക്കുകയാണ്. പാറുവമ്മയും ശിവൻകുട്ടിയും. റോഡിലാകെ മെറ്റൽ ഇളകികിടക്കുകയാണ്. ഇരുമ്പ് പട്ട ചുറ്റിയ കാളവണ്ടിച്ചക്രങ്ങൾ ഉരുണ്ടുപോയപാട് ഒരു റിബൺപോലെ റോഡിൽ തെളിഞ്ഞുകാണാം. ഇളകിതെറിച്ച മെറ്റൽ കഷ്ണങ്ങളിൽ തട്ടി പാറുവമ്മയുടെ കാല് വേദനിച്ചെങ്കിലും അതൊന്നും അവർ അറിയുന്നുണ്ടായിരുന്നില്ല' തന്റെ കൊച്ചുമകൻ ശിവൻകുട്ടി പത്താംക്ലാസ്സ് ജയിച്ചു.  ഇനി അവന് പലചരക്കുകടയിൽ കണക്കപ്പിള്ളയാകാം. കടമുതലാളി കോന്നപിള്ളപണ്ടേ അവർക്ക് വാക്കുകൊടുത്തതാണ്. പാറുവമ്മയുടെയുംശിവൻകുട്ടിയുടെയും പോക്ക് അതിന് വേണ്ടിയാണ്. പ്രതീക്ഷകളെയൊക്കെ തട്ടിത്തെറിപ്പിച്ച് ജീവിതം അതിന്റെ വഴിക്കങ്ങനെ ഒഴുകുകയാണ്.
ജീവിതത്തിലൊരിക്കലും റൗക്കധരിച്ചിട്ടില്ലാത്ത പാറുവമ്മ അമ്പലത്തിലെ തൂപ്പുപണിക്കുവേണ്ടി റവുക്ക ധരിക്കാൻ നിർബന്ധിതയാകുന്നു. പിന്നീട് തൂപ്പ് പണിവേണ്ടെന്ന് വയ്ക്കുന്നതോടെ റവുക്ക ഊരി ദൂരെക്കളയുന്നു. ഒരുകാലത്തിവിടെയാരും മാറുമറച്ചിരുന്നില്ല. ഇതിൽ ഉയർന്ന ജാതിയെന്നോ താഴ്ന്ന ജാതിയെന്നോ വ്യത്യാസമില്ലായിരുന്നു. മാറുമറയ്ക്കാതെ നടക്കുന്നത് മാനക്കേടായി അക്കാലത്തെ ആണും പെണ്ണും കരുതിയില്ല. പിന്നെ മാറുമറയ്ക്കുന്നതാണ് പരിഷ്‌കാരമെന്നു വന്നു. മാറുമറയ്ക്കാത്ത പെണ്ണുങ്ങൾക്ക് റവുക്ക വാങ്ങിനൽകി റോഡിലൂടെ ഒരു ജാഥ നടത്തി. റവുക്ക ധരിച്ച പച്ചപരിഷ്‌കാരികളെ കാണാൻ ചങ്ങനാശ്ശേരി ചന്തയിലാളുകൂടിനിന്നു. ആളുകളെ കണ്ടപ്പോൾ നാണം കൊണ്ട് പെണ്ണുങ്ങളിൽ പലരും റവുക്ക ഊരി തോളത്തിട്ടു. പെണ്ണുങ്ങൾ മാറുമറച്ച് പിന്നെയും കാലം കഴിഞ്ഞാണ് ഇവിടുത്തെ ആണുങ്ങൾ മാറുമറച്ചത്. ( മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ഇടയിൽസ്ഥിതി കുറച്ചൊക്കെ വ്യത്യസ്തമായിരുന്നു)
പണ്ട് തിരുവനന്തപുരത്തെ ഏജീസ് ഓഫിസിൽ നടന്ന സമരകഥ ഏതാണ്ടതുപോലെ ഈ നോവലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരനായിരുന്ന എം. സുകുമാരനെ ഈ സമരകാലത്താണ് അവിടെനിന്ന് പിരിച്ചുവിടുന്നത്. എം.സുകുമാരൻ നോവലിലെ ഒരു കഥാപാത്രമാണ്.  ശിവൻകുട്ടിയും സമരത്തിൽ പങ്കെടുത്ത് പുറത്താക്കപ്പെടുകയാണ്. ഇങ്ങനെ ചരിത്രവും ഗ്രാമീണജീവിതവും മനുഷ്യരുടെ വേദനയും ജീവിതപെടാപാടുമൊക്കെ ലളിതമായ ഭാഷയിൽ ഈ നോവലിൽ എഴുതിയിരിക്കുന്നു. വായിക്കപ്പെടേണ്ട നോവലാണിത്. മറഞ്ഞുപോയൊരുകാലത്തെ പുനരാവിഷ്‌കരിക്കുകയാണിതിൽ. ഏഴംകുളത്തെ ജീവിച്ചിരിക്കുന്ന പലമനുഷ്യരും ഇതിലെ കഥാപാത്രങ്ങളാണ്. പ്രകൃതിയുടെ ഉപാസകനായ എഴുത്തുകാരനാണ് താനെന്ന് എസ്.ആർ.സി നായർ ഈ നോവലിലും വെളിപ്പെടുത്തുന്നു. സൂക്ഷ്മനിരീക്ഷണപാടവവും തുറന്ന എഴുത്തും അദ്ദേഹത്തെ മറ്റ് എഴുത്തുകാരിൽനിന്ന് വേറിട്ടുനിർത്തുന്നു. ശ്രദ്ധേയനായ സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഡോ. എസ്.രാജശേഖരന്റേതാണ് പഠനം.


ഉറുമ്പ്
നോവൽ
എസ്.ആർ.സി നായർ
ചിന്ത പബ്ലിഷേഴ്‌സ്,
തിരുവനന്തപുരം.
വില 300
 

Latest News