Sorry, you need to enable JavaScript to visit this website.

സൗദി ഗായകന്റെ മാസ്റ്റർപീസ്: ജിമിക്കിക്കമ്മൽ..

ഹാഷിം അബ്ബാസ് എന്ന സൗദി യുവാവ്, പ്രവാസി മലയാളികളുടെ പ്രിയഗായകനായി മാറിയത് വളരെപ്പെട്ടെന്നാണ്. റിയാദിലെ ചില മലയാളി  സൗഹൃദങ്ങളിൽ നിന്നാണ് അനുഗൃഹീതനായ ഈ കലാകാരന് മലയാള ഗാനങ്ങളിൽ താൽപര്യം ജനിച്ചതും ഇക്കഴിഞ്ഞ നാലു വർഷത്തിനകം നൂറ്റമ്പതിലധികം മലയാള ഗാനങ്ങൾ സൗദിയിലേയും മറ്റു ഗൾഫ് നാടുകളിലേയും സ്റ്റേജുകളിൽ അവതരിപ്പിക്കാനും നിരവധി ഓഡിയോ - വീഡിയോ ആൽബങ്ങളിൽ അവ അപ്‌ലോഡ് ചെയ്യാനും സാധിച്ചത്. ജിമിക്കിക്കമ്മൽ എന്ന പാട്ട് , നൃത്തം ചെയ്ത് കൊണ്ടാണ് ഹാഷിം അബ്ബാസ് വേദികളിൽ അവതരിപ്പിച്ചത്. 


ഉച്ചാരണശുദ്ധിയോടെ പഴയതും പുതിയതുമായ മലയാളഗാനങ്ങൾ ആലപിക്കുകയും പ്രേക്ഷകരുടെ മനം കവരുന്ന രീതിയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്ത ഹാഷിം അബ്ബാസിനെ, മജീദ് മാറഞ്ചേരി സംവിധാനം ചെയ്യുന്ന 'കൊണ്ടോട്ടി പൂരം' എന്ന സിനിമയിൽ അഭിനയിപ്പിക്കുക കൂടി ചെയ്തതോടെ സഹൃദയലോകം ഏറ്റെടുത്തിരിക്കുകയാണ്. മൂവി ഡ്രാമ എന്ന വിഭാഗത്തിലുൾപ്പെടുത്താവുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഈ കലാകാരൻ, ഏറെ നാൾ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ സഞ്ചരിക്കുകയുണ്ടായി. മലപ്പുറം,തൃശൂർ ജില്ലാതിർത്തിയായ ചങ്ങരംകുളത്തും എടപ്പാളിലും മറ്റുമായിരുന്നു കൊണ്ടോട്ടി പൂരത്തിന്റെ ചിത്രീകരണം. യു.എ.ഇ പൗരൻ മലയാളി യുവതിയെ വിവാഹം കഴിക്കുന്നതും തുടർന്നുള്ള രസകരമായ രംഗങ്ങളുമടങ്ങിയ സിനിമയിലെ മുഖ്യകഥാപാത്രമാണ് ഹാഷിം അബ്ബാസ് അവതരിപ്പിക്കുന്നത്.
- കേരളം എന്റെ രണ്ടാം സ്വദേശമാണ്. കേരളത്തിന്റെ പ്രകൃതിഭംഗിയേയും മലയാളികളുടെ സൽക്കാരപ്രിയത്തേയും എത്ര അഭിനന്ദിച്ചാലും മതി വരില്ല. നല്ല കുറേ ഓർമകളാണ് എനിക്ക് കേരളയാത്ര സമ്മാനിച്ചത്. സൗദി മലയാളികളുടെ സ്‌നേഹവും എന്നെ കേരളത്തോടും കേരളീയ കലാരംഗത്തോടും അടുപ്പിക്കാൻ കാരണമായി.. -ഹാഷിം അബ്ബാസ് പറയുന്നു.


2017 ലാണ് ആന്ധ്രക്കാരനായ ഒരു സഹപ്രവർത്തകൻ ജിമിക്കിക്കമ്മൽ എന്ന ഗാനം ഹാഷിം അബ്ബാസിനെ കേൾപ്പിച്ചത്. അപ്പോൾത്തന്നെ വരികളും ഈണവും മനപ്പാഠമാക്കി, ചില മലയാളി സുഹൃത്തുക്കൾക്കിടയിൽ പാടിക്കേൾപ്പിക്കുകയും ചെയ്തു. ഉച്ചാരണവൈകല്യങ്ങളൊക്കെ വളരെപ്പെട്ടെന്ന് ശരിയാക്കുകയും കോമഡി ഉൽസവത്തിലൂടെ ഈ പാട്ട് വൻഹിറ്റാവുകയും ചെയ്തു. വീഡിയോ വൈറലായി മാറി. 
ഷബീബ് അബ്ദുറഹ്മാൻ എന്ന മലയാളി സുഹൃത്തിൽനിന്ന് മലയാളം പാട്ടുകളിലെ അക്ഷരങ്ങൾ പഠിച്ച് മൂന്നു ദിവസം കൊണ്ടു തന്നെ ഒരു പാട്ട് ഹൃദിസ്ഥമാക്കാൻ സാധിക്കുന്നതായും ഹാഷിം പറയുന്നു. സൗദിയിലേയും യു.എ.ഇയിലേയും ഖത്തറിലേയും ബഹ്‌റൈനിലേയും നിരവധി മലയാളി പരിപാടികളിൽ ഹാഷിം അബ്ബാസിന്റെ സാന്നിധ്യം ശ്രദ്ധേയമായി മാറി. മലയാളികൾക്കിടയിൽ ഈ ഗായകൻ പെട്ടെന്നാണ് ജനകീയനായത്. തിരക്കേറിയതോടെ ഹാഷിം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നടത്തുന്ന സംഗീതവേദികൾക്ക് പ്രാധാന്യം നൽകുകയും ചെയ്തു. ചാലക്കുടി ചന്തയിലെ, ഓടണ്ടാ ഓടണ്ടാ ഓടിത്തളരേണ്ട, മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക.. തുടങ്ങിയ ഗാനങ്ങളിലൂടെയാണ് ഈ ഗായകൻ പെട്ടെന്ന് പ്രശസ്തിയിലേക്കുയർന്നത്. ഓണപ്പാട്ടുകളിലൂടെയും നിരവധി വേദികളിൽ ഹാഷിം അബ്ബാസ് സാന്നിധ്യമറിയിച്ചു.
കെ.എസ്. ചിത്രയോടൊപ്പം റിയാദിലെ വേദിയിൽ പാടാനായത് അവിസ്മരണീയമായ അനുഭവമായിയെന്ന് ഹാഷിം അബ്ബാസ് പറയുന്നത്. ഇത്രയും മനോഹരമായി മലയാള ഗാനങ്ങൾ ആലപിച്ച ഈ സൗദി ഗായകനുമായി ഏറെ ആദരവോടെയാണ് ചിത്ര സൗഹൃദം പങ്കിട്ടത്. തമിഴ് ഗാനങ്ങൾ കൂടി പരിശീലിക്കുന്ന ഹാഷിം (34), റിയാദിൽ ടാറ്റാ കൺസൾട്ടൻസി സർവീസിന്റെ ഹ്യൂമൻ റിസേഴ്‌സസ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. സ്വദേശം സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അൽഹസ. അവസരം ലഭിച്ചാൽ സിനിമയിലും മറ്റ് വേദികളിലും കൂടുതൽ മലയാളഗാനങ്ങൾ ആലപിക്കുകയും കലയെ ആദരിക്കുന്ന കേരളീയരുടെ മനസ്സുകളിൽ ആഴത്തിൽ ഇടം നേടുകയുമാണ് തന്റെ ലക്ഷ്യമെന്ന് ഹാഷിം അബ്ബാസ് പറയുന്നു. 
 

Latest News