Sorry, you need to enable JavaScript to visit this website.

ഈ എം.ബി.ബി.എസുകാർക്കെന്താ ജനറൽ മെഡിസിനിൽ കാര്യം?

എം.ബി.ബി.എസ്  പഠിച്ച വ്യക്തി എം.ബി.ബി.എസ് ചികിത്സ നടത്തിയാൽ മതിയെന്ന ഷംസീർ എംഎൽഎയുടെ പ്രസംഗം  വൈറലായി.  കഴിഞ്ഞ ദിവസം നിയമസഭയിൽ നടത്തിയ പ്രസംഗമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്. മാതൃഭൂമി ന്യൂസിൽ വിശദമായ റിപ്പോർട്ടുണ്ടായിരുന്നു. 
വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിർമ്മാണ അവതരണ വേളയിലാണ് ഷംസീർ എം.എൽ.എ ഇക്കാര്യം പറഞ്ഞത്. ചർച്ചയാവുന്ന ഈ വിഷയം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുന്നുമുണ്ട്.   ഷംസീറിന്റെ പ്രസംഗം ഇങ്ങനെ- 'എം.ബി.ബി.എസുകാരൻ എം.ബി.ബി.എസ് ചികിത്സ മാത്രമേ നടത്താൻ പാടുള്ളൂ. ആശുപത്രിക്കകത്ത് എം.ബി.ബി.എസ് എന്ന പേര് വെച്ചുകൊണ്ട് അവിടെ പീഡിയാട്രിക് ചികിത്സ നടത്തുന്നു, ഒബ്‌സ്ട്രടിക്‌സ് ആൻഡ് ഗൈനക്കോളജി ചികിത്സ നടത്തുന്നു. ഇങ്ങനെയുള്ള കള്ളനാണയങ്ങളെ നമുക്ക് തിരിച്ചറിയാൻ സാധിക്കണം. എം.ബി.ബി.എസ് പഠിച്ചൊരാൾ എം.ബി.ബി.എസിനുള്ള ചികിത്സ മാത്രമേ നടത്താൻ പാടുള്ളൂ. അയാൾ ജനറൽ മെഡിസിൻ, നെഫ്രോളജി തുടങ്ങിയ ചികിത്സ നൽകാൻ പാടില്ല. അത് തടയണം. 
ഷംസീറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ട്രോളുകളും പുറത്തിറങ്ങുന്നുണ്ട്. മുൻ മന്ത്രി പികെ അബ്ദുറബ്ബ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കുണ്ഠിതപ്പെടരുത്.. ആളൊരു പണ്ഡിതനാണെന്ന് തോന്നുന്നു എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. കോട്ടയത്തെ ഒരു മുതിർന്ന ഡോക്ടറാണ് ഷംസീറിന് സമൂഹ മാധ്യമങ്ങളിൽ പരമോന്നത ബഹുമതി സമ്മാനിച്ചത്. 1967 ബാച്ചിലെ പി.ജി ഡോക്ടർ എം.ബി.ബി.എസുകാരൻ അറ്റൻഡ് ചെയ്ത പ്രസവത്തിന്റെ കണക്ക് വരെ രേഖപ്പെടുത്താറുണ്ടെന്ന് പറയുന്നു. അപ്പോഴാണ് ഷംസീറിന് ഗൗരവം പിടികിട്ടിയത്. ഇപ്പോഴിതാ ലേലു അല്ലുവും പറഞ്ഞിറങ്ങിയിരിക്കുന്നു. 


***  ***  ***

വിവാദ പരാമർശത്തിൽ നടി കങ്കണാ റണാവത്തിനെതിരെ വ്യാപക വിമർശനം. നടിയെ അറസ്റ്റ് ചെയ്യണമെന്നും പത്മശ്രീ  പുരസ്‌കാരം തിരിച്ചെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 2014ൽ നരേന്ദ്രമോഡി  പ്രധാനമന്ത്രിയായപ്പോഴാണ് യഥാർഥത്തിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും 1947ൽ കിട്ടിയ സ്വാതന്ത്ര്യം ഭിക്ഷയായിരുന്നെന്നുമാണ് കങ്കണാ റണാവത്ത് ടൈംസ് നൗ ടിവി അഭിമുഖത്തിൽ പറഞ്ഞത്.
തുടർന്ന് ആം ആദ്മി പാർട്ടി, ബിജെപി നേതാവ് വരുൺ ഗാന്ധി, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ എന്നവർ നടിക്കെതിരെ രംഗത്തെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ടാഗ് ചെയ്തായിരുന്നു ആനന്ദ് ശർമയുടെ ട്വീറ്റ്. കങ്കണക്ക് നൽകിയ പത്മ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും സിവിലിയൻ പുരസ്‌കാരം നൽകും മുമ്പ് മാനസിക നില പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെയും മഹാന്മാരെയും അവമതിക്കുന്നവർക്ക് പുരസ്‌കാരം നൽകാതെ നോക്കണം. 
 മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായി പട്ടേൽ തുടങ്ങിയ ഉന്നത നേതാക്കളെയും ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ രക്തസാക്ഷികളെ അപമാനിക്കുന്നതുമാണ് നടിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹമെന്നാണ് കങ്കണയുടെ പ്രസ്താവനയെ കോൺഗ്രസ് വിശേഷിപ്പിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് കങ്കണ വിവാദ പരാമർശം നടത്തിയതെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചു. മലാന ക്രീം എന്ന മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് നടിയുടെ പ്രസ്താവനയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.


***  ***  ***

മാധ്യമ പ്രവർത്തനം ലോകത്തിന്റെ പല ഭാഗത്തും അപകടം പിടിച്ച പണിയാണ്. ഇന്ത്യയും ഒട്ടും ഭിന്നമല്ലെന്നാണ് ത്രിപുരയിലെ അനുഭവം തെളിയിക്കുന്നത്.   ത്രിപുരയിലെ കലാപ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയതിൽ എഡിറ്റേഴ്‌സ് ഗിൽഡ് ആശ്ചര്യം പ്രകടിപ്പിച്ചു. 
നേരത്തെ വസ്തുതാന്വേഷണ സംഘത്തിന്റെ ഭാഗമായി ത്രിപുര സന്ദർശിച്ച ദൽഹിയിൽ നിന്നുള്ള അഭിഭാഷകർക്കെതിരെ യുഎപിഎ ചുമത്തിയത് വലിയ വാർത്തയായിരുന്നു. പിന്നാലെയാണ് മാധ്യമപ്രവർത്തകർക്കെതിരെയും യുഎപിഎ പ്രകാരം കേസെടുത്തത്. കലാപം അടിച്ചമർത്തുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു. അത് മറച്ചുവയ്ക്കാനാണ് ഇത്തരത്തിൽ കേസെടുക്കുന്നതെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് വാർത്താ കുറിപ്പിൽ അറിയിച്ചു. ത്രിപുരയിലെ സംഭവങ്ങളിൽ പ്രതികരിച്ച് വാർത്തകളും വീഡിയോകളും പങ്കുവച്ച 102 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും യുഎപിഎ ചുമത്തി. ത്രിപുര കത്തുന്നു എന്ന് ട്വീറ്റ് ചെയ്തതാണ് മാധ്യമപ്രവർത്തകൻ ശ്യാം മീര സിങിനെതിരെ കേസെടുക്കാൻ കാരണം. കലാപത്തിന് കാരണം എന്ത് എന്നറിയാൻ സുതാര്യമായ അന്വേഷണം നടത്തുന്നതിന് പകരം വാർത്ത നൽകിയവർക്കെതിരെ കേസെടുക്കുന്നത് ശരിയല്ല. മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ശിക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് പകരം സുതാര്യമായ അന്വേഷണം നടത്തി പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ആവശ്യപ്പെട്ടു.
തൊട്ടപ്പുറത്ത് ചൈനയിൽ ഒരു മാധ്യമ പ്രവർത്തക മരണവുമായി മല്ലിടുകയാണ്. വുഹാനിലെ കോവിഡ് സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന് ജയിലിലടച്ച സിറ്റിസൺ ജേണലിസ്റ്റ്, ഷാങ് ഷാൻ മരണത്തിന്റെ വക്കിലാണ്. 
അറസ്റ്റിനെതിരെ നിരാഹാരം തുടരുന്ന ഷാനിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരിക്കുന്നു. 38 വയസുള്ള ഷാനിന്റെ ശരീരഭാരം വല്ലാതെ കുറഞ്ഞിട്ടുണ്ടെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. നിലവിലെ സ്ഥിതി തുടർന്നാൽ, ഷാൻ അധികകാലം ജീവിച്ചിരിക്കില്ലെന്ന ആശങ്കയും ബന്ധുക്കൾ പങ്കുവെക്കുന്നു. ഷാനിനെ എത്രയുംവേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെ മനുഷ്യാവകാശ സംഘടനകളും, മാധ്യമസംഘടനകളും, മാധ്യമപ്രവർത്തകരുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ചൈനീസ് ഭരണകൂടം പ്രതികരിച്ചിട്ടില്ല. 

***  ***  ***

താനും കുടുംബവും നേരിട്ട സൈബർ ബുള്ളിയിംഗിനെ കുറിച്ച് തുറന്ന് പറഞ്ഞു നടി അഹാന കൃഷ്ണ. പലപ്പോഴും തന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ഇത് കാര്യമായി ബാധിക്കാറുണ്ടെന്നും നടി പറയുന്നു. 'അമ്മയൊന്നും ഒരാഴ്ച നേരെ ഉറങ്ങിയിട്ടില്ല. സോഷ്യൽ മീഡിയയിലൂടെ ഒരാൾക്കെതിരെ എന്തെങ്കിലും നടക്കുകയാണെങ്കിൽ അത് നെഗറ്റീവാണെങ്കിൽ അതുമായി ബന്ധമില്ലാത്തവർ വരെ പോസ്റ്റുകളുമായെത്തുമായിരുന്നു. ഞങ്ങൾക്കെതിരെ പറയാനായി പലരും യൂട്യൂബ് ചാനൽ തുടങ്ങി. അവർക്ക് വ്യൂസ് കിട്ടുന്നുണ്ടായിരുന്നു. അവർക്ക് എന്നോട് വ്യക്തിപരമായി പ്രശ്‌നമില്ലെന്ന് എനിക്കറിയാം. മാത്രമല്ല എവിടേലും കണ്ടാൽ സംസാരിക്കാനും സെൽഫി എടുക്കാനുമൊക്കെ അവർ വന്നേക്കുമെന്നും അറിയാമായിരുന്നു. 
നമുക്ക് എന്തെങ്കിലും പറ്റുമ്പോൾ കൂടുതൽ അത് ബാധിക്കുക പ്രിയപ്പെട്ടവരെയാണ്. നമ്മളെ സ്‌നേഹിക്കുന്നവർക്ക് അത് സഹിക്കാനാവില്ല. ആ സമയത്ത് അച്ഛനും അമ്മയും കൂട്ടുകാരുമൊന്നും കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ല. അത് എന്നെ വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു' അഹാന പറഞ്ഞു. സൈബർ ബുള്ളിയിംഗ് അധികമാകുമ്പോൾ കൂട്ടുകാർ നടൻ പൃഥ്വിരാജിനെ കണ്ടു പഠിക്കൂവെന്നാണ് പറഞ്ഞിരുന്നതെന്നും അഹാന പറയുന്നു. പ്രശസ്തരായവരെല്ലാം നേരിടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണിത്. 'പൃഥ്വിരാജ് ഒരുകാലത്ത് വലിയ സൈബർ ആക്രമണങ്ങൾ നേരിട്ട വ്യക്തിയായിരുന്നു. അദ്ദേഹം നേരിടുന്ന രീതി കണ്ടു പഠിക്കാനായിരുന്നു കൂട്ടുകാർ നിർദേശിച്ചിരുന്നത്. ഇപ്പോൾ സൈബർ ബുള്ളിയിംഗിനെ മറികടക്കാൻ ഞാൻ പഠിച്ചു' -അഹാന കൂട്ടിച്ചേർത്തു.


***  ***  ***

തിരുവനന്തപുരത്തെ ദൂരദർശൻ സെന്ററിലെ സ്ത്രീകളുടെ ശുചിമുറിയിൽനിന്ന് ഒളിക്യാമറ കണ്ടെടുത്തു. ശുചിമുറിയിൽ കയറിയ ഒരു സ്ത്രീയാണ് ക്യാമറ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനെ പുറത്താക്കിയതായി അധികൃതർ അറിയിച്ചു. 
പ്രധാന സ്റ്റുഡിയോയ്ക്ക് സമീപമുള്ള ശുചിമുറിയിലാണ് ഇയാൾ ക്യാമറ സ്ഥാപിച്ചത്. കേന്ദ്രത്തിന്റെ ഉന്നത ഉദ്യോഗസ്ഥർ തിരുവനന്തപുരം സൈബർ സെൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ദൂരദർശനിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന വനിതാ കമ്മിറ്റിയും അച്ചടക്ക സമിതിയും വിഷയം ഗൗരവമായാണ് കാണുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സ്വകാര്യ ടിവി നിലയങ്ങളുടെ തള്ളിക്കയറ്റത്തിനിടെ കേന്ദ്രന്റെ ഇത്തരമൊരു സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രേക്ഷകരെ ഓർമിപ്പിച്ചതിന് നന്ദി. 
 

Latest News