തെക്കൻ കേരളത്തിലെ പടപ്പാട്ടുകൾ

പ്രൊഫ. ഡോ. മഹാപണ്ടകശാല എം.എം. മീരാൻപിള്ളയുടെ 'പടപ്പാട്ടുകളുടെ ചരിത്രവും സഞ്ചാരവഴികളും' എന്ന പുസ്തകം പുറത്തുവന്നതോടെ തമിഴ് സാഹിത്യത്തിൽ മുസ്‌ലിം പടപ്പാട്ടുകളുടെ പുതിയൊരു അദ്ധ്യായം തുറക്കുകയാണ്. 25 വർഷക്കാലത്തെ ഗവേഷണങ്ങളുടെയും പഠനത്തിന്റെയും ഫലമായാണ് ഇങ്ങനെയൊരു കൃതി അദ്ദേഹത്തിന് എഴുതാൻ കഴിഞ്ഞത്. തമിഴിൽ എഴുതപ്പെട്ട 'വീരക്കഥൈ പാടലുകൾ വിളക്കവിയൽ' എന്ന കൃതിയുടെ  മലയാള പരിഭാഷയാണ് പടപ്പാട്ടുകളുടെ ചരിത്രവും സഞ്ചാരവഴികളും. മലയാളത്തിലേക്ക് ഈ പുസ്തകം മൊഴിമാറ്റം ചെയ്തിരിക്കുന്നത് നോവലിസ്റ്റും ചരിത്രകാരനും പരിഭാഷകനുമായ പി. സുദർശനനാണ്. 
തമിഴിലെ ആദ്യത്തെ പടൈപ്പോർ വീരാംഗനകാവ്യമായ സെയ്ദത്ത് പടൈപ്പോർ, മഹാവീരാംഗനകാവ്യമായ സർഹാപടൈപ്പോർ, വീരകഥാപാട്ടുകളായ കുരുക്ഷേത്ര അമ്മാനെ, ഇതിരീസ് കഥൈ, പതിനാല് ചെറുസാഹിത്യരൂപങ്ങൾ എന്നിവകൾ രചിച്ച വിപ്ലവകവിയായ കുഞ്ഞുമൂസാ പുലവരുടെയും ഏതാനും കീർത്തനങ്ങളും മാലകളും രചിച്ച ഫക്കീർ മീരാൻപിള്ള പാവലരുടെയും ചരിത്രമഹത്വമികവാർന്നവീട്ടിൽ ജനിച്ചയാളാണ് ഗ്രന്ഥകാരനെന്ന് അവതാരികയിൽ  കേന്ദ്രസാഹിത്യ അക്കാദമി ജേതാവായിരുന്ന തോപ്പിൽ മുഹമ്മദ് മീരാൻ പരിചയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എം.എം. മീരാൻപിള്ളയുടെ ഗവേഷണം തന്റെ തായ് വേരുകളിലേക്കുകൂടിയായിരുന്നുവെന്ന് കാണാം. കാർത്തികതിരുനാൾ മഹാരാജാവിന്റെ പ്രധാനമന്ത്രിയും ദിവാനുമായിരുന്ന ധരാജാകേസവദാസ് ചെറുപ്പകാലത്ത് എം.എം.മീരാൻപിള്ളയുടെ പൂർവ്വികരുടെ കണക്കപ്പിള്ളയായിരുന്നു. ദിവാൻ തന്റെ വീടിന്റെ മാതൃകയിൽ എം.എം.മീരാൻപിള്ളയുടെ പൂർവ്വികർക്ക് നിർമ്മിച്ച് നൽകിയ വീടാണ് മഹാപണ്ടകശാല പുത്തൻവീടെന്നും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഭഗവത്ഗീത തന്നെ ഒരു പടപ്പാട്ടാണെന്ന് കാണാം, ഗാന്ധിജി മഹാഭാരതം മുഴുവൻ പഠിച്ചശേഷം അഭിപ്രായപ്പെട്ടത് ഇതൊരു അഹിംസാ ഗീതമാണെന്നാണ്. ഹിംസയിലൂടെ ആരും ജയിക്കുന്നില്ല. സർവ്വനാശമാണ് ഫലം. അത് കൃത്യമായി രേഖപ്പെടുത്തുകയാണ് മഹാഭാരതമെന്നാണ് ഗാന്ധിജി പറഞ്ഞത്. എം.എം.മീരാൻപിള്ള അവതരിപ്പിക്കുന്ന പടപ്പാട്ടുകളിലൂടെ കടന്നുപോകുമ്പോഴും ഇതുതന്നെയാണ് വായനക്കാരന് ബോധ്യപ്പെടുക. യുദ്ധം ചെയ്യേണ്ട സാഹചര്യം വരുമ്പോഴൊക്കെ ധർമ്മം പാലിക്കണമെന്നും യുദ്ധം ചെയ്യാൻവരുന്ന പടയാളികളെയല്ലാതെ മറ്റാരെയും ഉപദ്രവിക്കരുതെന്നും പടപ്പാട്ടുകളിലൂടെ കവികൾ പഠിപ്പിക്കുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും പ്രകൃതിക്കും പ്രത്യേകം സംരക്ഷണവും നിർദ്ദേശിക്കുന്നുണ്ട്.
12-ാം നൂറ്റാണ്ടുമുതൽ 18 -ാം നൂറ്റാണ്ടുവരെ പാണ്ഡ്യനാട്ടിൽ നടന്ന യുദ്ധങ്ങളും സംഘർഷങ്ങളും നിറഞ്ഞ ഭരണമാണ് പാടൈപ്പോർ സാഹിത്യം ഉൽഭവിച്ചകാലമെന്ന് ഗ്രന്ഥകാരൻ കണ്ടെത്തുന്നുണ്ട്. മലയാളത്തിൽ പടപ്പാട്ടുകൾ പുരാതനകാലത്തുതന്നെയുണ്ട്. വടക്കൻ പാട്ടുകളൊക്കെ പടപ്പാട്ടുകൾ കൂടിയാണ്. ഉണ്ണിയാർച്ചയും ആരോമൽ ചേകവരും ചന്തുവും തുടങ്ങി വടക്കൻപാട്ടുകൾ എത്രവേണമെങ്കിലും കാണാം. തെക്കൻ പ്രദേശത്തിന്റെ ഒരു ചരിത്രം കൂടി പടപ്പാട്ടുകളുടെ ചരിത്രവും സഞ്ചാരവഴികളും എന്ന ഗ്രന്ഥത്തിൽകാണാം,

പടപ്പാട്ടുകളുടെ ചരിത്രവും സഞ്ചാരവഴികളും.
ഡോ: എം.എം.മീരാൻപിള്ള.
പരിഭാഷ: പി. സുദർശനൻ.
മൈത്രിബുക്‌സ്, തിരുവനന്തപുരം.
വില 380 രൂപ.

Latest News