ദുബായ്- വിരമിച്ച പ്രവാസികള്‍ക്ക് യു.എ.ഇയില്‍ താമസം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കിയതായി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അറിയിച്ചു. യു.എ.ഇയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വിരമിച്ചതിനു ശേഷവും രാജ്യത്ത് തുടരാം.
ഞങ്ങള്‍ എല്ലാവരേയും രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ഭേദഗതി പ്രകാരം വിരമിക്കുന്ന പ്രവാസിക്ക് താഴെ പറയുന്ന മാനദണ്ഡങ്ങളിലൊന്ന് നിറവേറ്റുകയാണെങ്കിലാണ് താമസത്തിന് അര്‍ഹത ലഭിക്കുക.
ഒരു മില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന ഒരൊറ്റ സ്വത്തോ അല്ലെങ്കില്‍ ഒന്നിലധികം സ്വത്തുക്കളോ യു.എ.ഇയില്‍ ഉണ്ടായിരിക്കണം. ഓരോ എമിറേറ്റിലെയും ബന്ധപ്പെട്ട സ്ഥാപനമാണ് മൂല്യനിര്‍ണയം നടത്തുക. അല്ലെങ്കില്‍ പത്ത് ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത ബാങ്ക് നിക്ഷേപം ഉണ്ടായിരിക്കണം. ഇതുമല്ലെങ്കില്‍ വര്‍ഷം 1,80,000 ദിര്‍ഹത്തില്‍ കുറയാത്ത സജീവ വരുമാനം ഉണ്ടായിരിക്കണം.
ഫെഡറല്‍ ഗവണ്മെന്റിലെ പ്രത്യേക ഫണ്ടുകളുടെ നയത്തിനും കാബിനറ്റ് അംഗീകാരം നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഇതിലൂടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ചട്ടങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് അവരുടെ വികസന പരിപാടികള്‍ക്കായി ഫണ്ടുകള്‍ സ്ഥാപിക്കാന്‍ കഴിയും.
പൊതുജനങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന്റെ ഉല്‍പ്പാദനക്ഷമതയും വഴക്കവും വര്‍ധിപ്പിക്കുയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.