കൗമാരക്കാർ കുറ്റവാളികളായി മാറുന്ന പ്രവണത തീർത്തും അപകടകരമായ ഭാവിയെക്കുറിച്ചുള്ള താക്കീതാണ് നമുക്ക് നൽകുന്നത്.
ഒക്‌ടോബർ അവസാനവാരം മലപ്പുറം-കൊണ്ടോട്ടിക്കടുത്ത കൊട്ടുക്കര പ്രദേശത്ത് വിജനമായ നാട്ടുപാതയിലൂടെ നടന്ന് പോവുകയായിരുന്ന 21-കാരി യുവതിയെ പട്ടാപ്പകൽ കടന്നാക്രമിക്കുകയും, ബലാൽസംഗ ശ്രമം നടത്തുകയും ചെയ്ത സംഭവം നാട്ടുകാരേയും, പോലിസിനേയും ഒരു പോലെ അമ്പരപ്പിച്ചിരുന്നു. യുവതിയെ പിറകിൽനിന്ന് കടന്ന് പിടിക്കുകയും, വലിച്ചിഴച്ച് ഉയർന്ന മൺതിട്ടയ്ക്ക് മുകളിലൂടെ അപ്പുറമുള്ള വാഴത്തോപ്പിലേക്ക് തള്ളിയിടുകയും ചെയ്താണ് ബലാൽക്കാരത്തിന് ശ്രമിച്ചത്. ഇതിനിടയിൽ യുവതിയുടെ വസ്ത്രങ്ങളും വലിച്ച് കീറിയിരുന്നു. ശക്തമായി പ്രതിരോധിച്ച് കുതറി രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നതിനിടെ കല്ല് കൊണ്ട് യുവതിയുടെ തലയ്ക്ക് ഇടിയുമേറ്റു. ബലപ്രയോഗത്തിനിടെ യുവതിയുടെ കഴുത്തും ശക്തമായി ഞെരിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് യുവതിയ്ക്ക് ജീവഹാനി സംഭവിക്കാതിരുന്നതെന്ന് പോലീസ് പറയുന്നു. ദേഹാസകലം പരിക്കുകളും, കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ഏതാണ്ട് നൂറ് മീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയാണ് യുവതി രക്ഷപ്പെടുന്നത്. വീട്ടിൽ നിന്ന് കംപ്യൂട്ടർ ക്ലാസിനായി യുവതി പതിവായി നടന്ന് പോകുന്ന വഴിയിലാണ് സംഭവം. ഏറെക്കുറെ വിജനവുമാണ് ഇവിടം. യുവതിയുടെ വീട്ടിൽ നിന്ന് ഏതാണ്ട് ഒന്നര കിലോമീറ്റർ ഇപ്പുറത്ത് വെച്ചാണ് സംഭവം.
വിവരമറിഞ്ഞ് നാട്ടുകാർ ഞൊടിയിടയിൽ തടിച്ച് കൂടി. പോലീസും സ്ഥലത്തെത്തി. യുവതിയെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റുകയും ചെയ്തു. പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു ചെരുപ്പ് വാഴത്തോട്ടത്തിൽനിന്ന് ഡോഗ് സ്‌ക്വാഡ് കണ്ടെടുത്തിരുന്നു. വിജനമായ പ്രദേശത്ത് വെച്ച് പട്ടാപ്പകൽ നടന്ന സംഭവമായതിനാൽ, സ്വാഭാവികമായും പ്രതി ബംഗാളിയോ, മറ്റേതെങ്കിലും അന്യസംസ്ഥാനക്കാരനോ ആയിരിക്കാനുള്ള സാധ്യതയാണ് പോലീസുൾപ്പെടെ പലരും അനുമാാനിച്ചത്. എന്നാൽ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധന നടത്തിയ പോലീസിന് പ്രതിയിലേക്കെത്താൻ വളരെ കുറഞ്ഞ സമയമേ വേണ്ടി വന്നുള്ളൂ. ജില്ലാ പോലീസ് മേധാവി സുജിത്ത് ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി അഷ്‌റഫും സി.ഐ പ്രമോദും ഉൾപ്പെടുന്ന പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലുമായി. ഓടി രക്ഷപ്പെട്ട പ്രതിക്ക് മീശയും, താടിയൊന്നുമില്ലെന്നാണ് യുവതി മൊഴി നൽകിയിരുന്നത്. തടിച്ച ശരീര പ്രകൃതമാണെന്നും, കണ്ടാൽ തിരിച്ചറിയുമെന്നും യുവതി പറഞ്ഞിരുന്നു. പ്രാദേശിക തലത്തിൽ, യുവതി വിവരിച്ച ശാരീരിക ഘടനയുള്ള ആരൊക്കെ ഉണ്ടെന്നായിരുന്നു പോലീസ് ആദ്യം അന്വേഷണം നടത്തിയത്. അങ്ങനെയുള്ള ചിലരെ കണ്ടെത്തി അവരുടെ ഫോട്ടോ യുവതിയെ കാണിച്ചു. പ്രതിയുടെ സഹോദരന്റെ ഫോട്ടോയും അക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ അയാൾക്ക് താടിയും മീശയുമുണ്ടായിരുന്നു. ഒടുവിലായി പ്രതിയുടെ ഫോട്ടോ കാണിച്ചതോടെ യുവതി പ്രതിയെ തിരിച്ചറിഞ്ഞു.
കേവലം 15 വയസ്സ് മാത്രമുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥിയാണ് ഈ കേസിൽ പിടിയിലായത്. പിടിവലിയ്ക്കിടെ യുവതിയുടെ വിരൽ നഖമേറ്റ് പ്രതിയുടെ ശരീരത്തിൽ പലയിടത്തും പോറലേറ്റിരുന്നു. പ്രായപൂർത്തി ആകാത്തത് കാരണം പേരുൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ പോലീസ് പുറത്ത് വിട്ടില്ല. പട്ടാപ്പകൽ, പൊതു സ്ഥലത്ത് ഒരു യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്ന സംഭവം തന്നെ ഞെട്ടൽ ഉണ്ടാക്കുന്നതാണ്. അത് ഒരു 15-കാരൻ പയ്യനാണെന്നത് ഏറെ അത്ഭുതമുളവാക്കുന്നു. വസ്ത്രത്തിൽ ചെളി പറ്റിയതും, ശരീരത്തിലെ പോറലും കണ്ട്, പയ്യനോട് വീട്ടുകാർ കാര്യം തിരക്കിയപ്പോൾ, നായ കടിക്കാൻ ഓടിച്ചപ്പോൾ വീണ് പോയത് കൊണ്ടാണെന്നായിരുന്നു വീട്ടുകാരോട് പറഞ്ഞിരുന്നത്. ഈ നഖപ്പാടുകളും പോറലുകളും പ്രതിയെ തിരിച്ചറിയുന്നതിന് ഏറെ സഹായകവുമായി. പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്ത ചെളി പറ്റിയ വസ്ത്രങ്ങൾ യുവതി തിരിച്ചറിയുകയും ചെയ്തു. പിതാവിന്റെ സാന്നിധ്യത്തിലുള്ള ചോദ്യം ചെയ്യലിൽ തുടക്കത്തിൽ പരിഭ്രമത്തോടെ ഒഴിഞ്ഞ് മാറിയെങ്കിലും, പ്രതി പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയാണെങ്കിലും, നല്ല ആരോഗ്യവാനും, ജില്ലാതല ജൂഡോ ചാമ്പ്യനുമാണ് പ്രതി.

യൂട്യൂബ് നോക്കിയുള്ള പ്രസവം
ഒക്‌ടോബർ മധ്യവാരത്തിൽ മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടി മലപ്പുറം കോട്ടക്കലിൽ അരങ്ങേറി. അയൽവാസിയായ യുവാവിന്റെ പീഡനത്തിനിരയായ 17-കാരി പ്ലസ്ടു വിദ്യാർത്ഥിനി ഗർഭം ധരിക്കുകയും, ഈ വിവരം വീട്ടുകാരെ പോലും അറിയിക്കാതെ മറച്ച് വെച്ച് യുവതി പ്രസവിക്കുകയുമായിരുന്നു. മാനഹാനി മൂലമായിരിക്കാം പെൺകുട്ടി എല്ലാം മറച്ച് വെച്ചതെന്ന് അനുമാനിക്കാമെങ്കിലും, അമ്പരപ്പിക്കുന്ന ചില കാര്യങ്ങൾ ഈ വിഷയത്തിൽ ശ്രദ്ധേയമാണ്. യൂട്യൂബിലെ വീഡിയോ നോക്കി പ്രസവ കാര്യങ്ങൾ സ്വയം പഠിച്ച് പരസഹായം ഏതുമില്ലാതെയാണ് ഈ പെൺകുട്ടി പ്രസവിച്ചത്. നവജാത ശിശുവിന്റെ പൊക്കിൾ കൊടി മുറിച്ച് മാറ്റിയതാകട്ടെ യൂട്യൂബിലെ ദൃശ്യങ്ങൾ അനുകരിച്ചായിരുന്നു. വീട്ടിൽ ഒരു കുഞ്ഞ് പിറന്ന കാര്യം മൂന്നാം ദിവസമാണ് പെൺകുട്ടിയുടെ വീട്ടുകാർ അറിയുന്നത്. ഒക്‌ടോബർ 20-ന് പ്രസവിച്ച പെൺകുട്ടിയേയും കുഞ്ഞിനേയും 23-നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യ നില തൃപ്തികരമായതിനാൽ ഇവരെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
കോവിഡ് കാലത്ത് സ്‌കൂൾ അവധിയായതിനാൽ വീട്ടിൽ തന്നെയായിരുന്നു പെൺകുട്ടി. കാഴ്ച പരിമിതിയുള്ള ആളാണ് പെൺകുട്ടിയുടെ മാതാവ്. പിതാവ് സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനുമാണ്. ഈ അനുകൂല സാഹചര്യമാണ് പെൺകുട്ടിയ്ക്കും അയൽവാസിയായ യുവാവിനും പലപ്പോഴും സന്ധിക്കാൻ അവസരമുണ്ടായത്. ഓൺലൈൻ പഠനത്തിലെ സംശയം ദൂരീകരിക്കുവാനെന്ന നാട്യേന ഇരുവരും പലപ്പോഴും അടുത്തിഴപഴകിയിരുന്നു. യൂട്യൂബിലൂടെ മനസ്സിലാക്കിയ വിവരങ്ങളാണ് പ്രസവം സ്വയം നടത്താൻ തനിയ്ക്ക് സഹായകമായതെന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്. പെൺകുട്ടിയെ ഗർഭിണിയാക്കിയ അയൽവാസി 21-കാരൻ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിട്ടും, ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്ന കുറ്റവും യുവാവിനെതിരെയുണ്ട്.
ബാലാവകാശം..?
മലപ്പുറം ജില്ലയിൽ ഇത് വരെയുണ്ടായ സംഭവങ്ങളിൽ പ്രായപൂർത്തി എത്തിയിട്ടില്ലാത്ത ഒരു ബാലൻ പ്രതിയായ ഏറ്റവും ക്രൂരമായ ആദ്യത്തെ കുറ്റമാണിത്. ഈ സംഭവത്തിന്റെ സ്വഭാവവും, രീതിയും വിലയിരുത്തുമ്പോൾ കൊടും ക്രൂരമായ കുറ്റകൃത്യമായി തന്നെയാണ് നിയമം ഇതിനെ പരിഗണിയ്ക്കുക. എന്നാൽ പ്രതിയ്ക്ക് അനുകൂലമായ മുഖ്യ പഴുതും നമ്മുടെ നിയമത്തിലുണ്ട്. ബലാത്സംഗം, കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങളിലാണ് പോലീസ് എഫ്.ഐ.ആർ തയ്യാറാക്കിയിരുന്നത്. ബാലനീതി നിയമ പ്രകാരം മൂന്ന് തരത്തിലാണ് കുറ്റകൃത്യങ്ങളെ പരിഗണിയ്ക്കുക. പെറ്റി കേസ് അഥവാ നിസ്സാര കുറ്റം. സീരിയസ്സ് കേസ് അഥവാ ഗുരുതര കുറ്റം. ഹീനിയസ്സ് അഥവാ ഹീനമായ, ക്രൂരമായ കുറ്റം. 16 വയസിൽ താഴെ പ്രായമുളളവർ ഏറ്റവും ഹീനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടാലും അതിനെ ഗുരുതര കുറ്റം എന്ന നിലയിലാണ് നിയമം വീക്ഷിക്കുക. ഗുരുതര ഗണത്തിൽപെടുന്ന കുറ്റത്തിന് മൂന്ന് മുതൽ ഏഴു വർഷം വരെയാണ് തടവ് ശിക്ഷ. അതേസമയം, ഇത് ജയിൽ ശിക്ഷയുമല്ല. 'തിരുത്തൽ കേന്ദ്ര'ത്തിലാണ് പ്രതിയെ പാർപ്പിക്കുക. ഈ കേസിൽ പിടിയിലായ 15-കാരൻ മൂന്നാമത്തെ ഗണത്തിൽ പെട്ട ക്രൂരമായ കുറ്റകൃത്യമാണ് ചെയ്തെ
തങ്കിലും, പ്രായം പരിഗണിച്ച് അതിനെ ഗുരുതര കുറ്റമായിട്ടാണ് നിയമം കണക്കാക്കുക. അത് കൊണ്ട് തന്നെ കടുത്ത ശിക്ഷ ലഭിയ്ക്കില്ല. കാഠിന്യം കുറയും. ഈ പ്രതി മറ്റ് കുറ്റകൃത്യങ്ങളിലൊന്നും ഇത്‌വരെ പ്രതിയായിട്ടില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മലപ്പുറം ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് വെളളിമാട് കുന്നിലുള്ള കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയുടെ കുടുംബ പശ്ചാത്തലം, കുറ്റകൃത്യ ചരിത്രം എന്നിവയെല്ലാം ജുവനൈൽ ജസ്റ്റിസ് ബോർഡ് വിലയിരുത്തും. ഇത്തരം കേസ്സിൽ പ്രതിയുടെ പേരോ, തിരിച്ചറിയുന്ന മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്താൻ പാടില്ലെന്നും നിയമം അനുശാസിക്കുന്നുണ്ട്. പോലീസ് ചുമത്തിയ ഐ.പി.സി വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും നില നിൽക്കില്ല. ചുരുക്കത്തിൽ ഇരയ്ക്ക് നീതി നേടിക്കൊടുക്കുന്നതിന് പകരം, കേരള സമൂഹം അന്വേഷിച്ച് കണ്ടെത്തുന്നത് പ്രതികളായ കുട്ടിക്കുറ്റവാളികളുടെ ബാലാവകാശങ്ങളെ എങ്ങനെയെല്ലാം സംരക്ഷിക്കാം എന്നതാണ്. മലപ്പുറത്തെ രണ്ടാമത്തെ സംഭവത്തിൽ അതായത് യൂട്യൂബ് മാതൃകയാക്കിയുള്ള പ്രസവത്തിൽ, അതിന്റെ പേരിൽ മാത്രം പെൺകുട്ടിയുടെ പേരിൽ പോലീസിന് കേസ്സെടുക്കാനാകില്ല. യൂട്യൂബിനും മുമ്പുള്ള നിയമങ്ങളാണ് നമ്മുടേത്. സ്വയം പ്രസവിക്കാൻ പാടില്ല എന്ന നിയമവും നിലവിലില്ല. സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയിലും ഇതുൾപ്പെടില്ല.
എന്ത് കൊണ്ട്..?
പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള കുറ്റവാളികളുടെ എണ്ണം കേരളത്തിൽ വർദ്ധിച്ച് കൊണ്ടേയിരിക്കുന്നു. മോഷണം, കഞ്ചാവ്, മറ്റ് ലഹരി വസ്തുക്കളുടെ ഇടപാടുകൾ, ലൈംഗീകാതിക്രമം തുടങ്ങി കേരളത്തിൽ പലയിടത്തുമായി രജിസ്റ്റർ ചെയ്യപ്പെട്ട കേസ്സുകളിൽ നിരവധി കൗമാരക്കാർ പ്രതികളായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബാന്തരീക്ഷത്തിൽ നിന്നുള്ളവരാണ് ഇവരെല്ലാമെന്ന് പറയാനാകില്ല. സാമ്പത്തിക ഉയർച്ചയുള്ള കുടുംബങ്ങളിലെ കുട്ടികളും ഇത്തരം കേസ്സുകളിൽ പ്രതിയായിട്ടുണ്ട്. ചിലരുടെ രക്ഷിതാക്കൾ സമൂഹത്തിൽ ഉന്നത നിലയിൽ ഉള്ളവരുമാണ്. ചുരുക്കത്തിൽ ദാരിദ്ര്യമല്ല ഈ കുട്ടിക്കുറ്റവാളികൾക്ക് പ്രേരകമായിട്ടുള്ളതെന്ന് കണ്ടെത്താനാകും. കോവിഡ് അവധിയ്ക്ക് ശേഷം വിദ്യാലയങ്ങൾ സജീവമായതോടെ, കേരളത്തിലെ പോലീസുകാർ ഏറ്റവുമധികം ജാഗ്രത പുലർത്തുന്നത് നമ്മുടെ വിദ്യാലയ പരിസരങ്ങളാണ്. ലഹരി വസ്തുക്കളുടെ വിപണനവും, ഉപയോഗവും കൂടുതലായും അരങ്ങ് വാഴുന്നത് വിദ്യാലയ പരിസരങ്ങളാണ് എന്നത് തന്നെ ഇതിനുള്ള കാരണം. മക്കളെ നല്ല കുട്ടികളായി വളർത്താൻ പല രക്ഷിതാക്കൾക്കും ഇന്ന് കഴിയാതെ വരുന്നു. അമിത സ്വാതന്ത്ര്യം നൽകുന്നതാണ് ഇതിന് കാരണം. തത്ഫലമായി അവർക്കിഷ്ടമുള്ള വഴിയിലൂടെയാണ് അവർ സഞ്ചരിക്കുന്നത്. ഇന്നത്തെ കാലത്ത് മക്കളെ വീട്ടിനുള്ളിൽ അടച്ചിട്ട് വളർത്താൻ കഴിയുമോ എന്നതാണ് പല രക്ഷിതാക്കളും ഉന്നയിക്കുന്ന ചോദ്യം. പ്രസക്തമായ ചോദ്യം തന്നെയാണത്. വിദ്യാഭ്യാസവും, സാങ്കേതിക അറിവും കുറവായ രക്ഷിതാക്കളെ പുതിയ തലമുറ വിദഗ്ധമായി കബളിപ്പിക്കുന്ന അവസ്ഥയുമുണ്ട്. കംപ്യൂട്ടറുമായോ, സെൽഫോണുമായോ എപ്പോഴും തിരക്കിലാകുന്ന മകൻ അല്ലെങ്കിൽ മകൾ പഠനത്തിരക്കിലാണെന്നാണ് ഇത്തരം രക്ഷിതാക്കൾ കരുതുക. അവരാകട്ടെ ചിലപ്പോൾ അപകടകരമായ ദൃശ്യങ്ങളുടെ മായിക പ്രപഞ്ചത്തിലുമായിരിക്കും. കൂട്ടുകുടുംബ രീതിയിൽ നിന്ന്അണു കുടുംബങ്ങളിലേയ്ക്ക് വഴി മാറിയതും, കുട്ടികളുടെ സ്വകാര്യ രൂപീകരണത്തിന് പ്രതികൂലമായ മാറ്റങ്ങളുണ്ടാക്കി.
എന്ത് കൊണ്ട് കുട്ടിക്കുറ്റവാളികൾ ഇപ്രകാരം പെരുകുന്നു. അവരെ മാത്രം ഇക്കാര്യത്തിൽ പഴിചാരി സമൂഹത്തിന് ഒഴിഞ്ഞ് മാറാനാകില്ല. യഥാർത്ഥത്തിൽ മുതിർന്നവർ സൃഷ്ടിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളുടെ ബലിയാടാവുകയാണവർ. രാവേറെ ചെന്നിട്ടും നമ്മുടെ കിടപ്പറകളിൽ വെളിച്ചം മങ്ങാതെയിരിക്കുന്ന സ്മാർട്ട് ഫോണുകളും, മറ്റ് ദൃശ്യ മാധ്യമങ്ങളുടെ അതിപ്രസരവുമാണ് ഇതിനെല്ലാം മുഖ്യ ഹേതുവായി മാറുന്നത്. രക്ഷിതാക്കൾ മാതൃകയായി പ്രവർത്തിക്കേണ്ടതുണ്ട്. അശ്ലീലതയുടേയും, വഴി വിട്ട ജീവിത ശൈലിയുടേയും ദൂഷിത കാഴ്ചകൾ ഇന്ന് പല കുടുംബങ്ങളിലും കണ്ട് വരുന്നുണ്ട്. ഇത്തരം അന്തരീക്ഷത്തിൽ രക്ഷിതാക്കളുടെ സദാചാരോപദേശം മക്കളിൽ വിപരീതഫലമാണ് ഉണ്ടാക്കുക. ശിക്ഷയുടേയും, ശിക്ഷണത്തിന്റേയും ചുറ്റുവട്ടത്തിൽ കുട്ടികളെ തളച്ചിടുന്നതാകട്ടെ, നിയന്ത്രണങ്ങളുടെ വേലിക്കെട്ട് പൊളിച്ച് സ്വതന്ത്രമായി വിഹരിക്കാനും, അനാശാസ്യ മേച്ചിൽപ്പുറങ്ങളിലേക്ക് ചെന്നെത്താനും അവർക്ക് പ്രചോദനമാവുകയും ചെയ്യുക. വിജ്ഞാന വിസ്ഫോടനത്തിന്റേയും, ഉന്നത സാങ്കേതിക വിദ്യയുടെടേയും നടപ്പ് കാലത്ത് ടി.വി, ഇന്റർനെറ്റ്, സെൽഫോൺ തുടങ്ങി സമൂഹത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളെ അപ്പാടെ ബഹിഷ്‌ക്കരിക്കുക എന്നത് പ്രായോഗികമല്ല. ഇവയുടെ ദുരുപയോഗത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് വിവേകത്തിന്റേയും, പരിഹാരത്തന്റേയും മാർഗ്ഗം. വഴിതെറ്റുന്ന കുട്ടികളെ ശരിയായ ദിശയിലേയ്ക്ക് വഴി നടത്താനുള്ള സമീപനങ്ങളാണ് ഈ വിപത്തിൽ നിന്ന് കൗമാരങ്ങളെ മോചിപ്പിക്കാനുള്ള മാർഗ്ഗം.
ന്യൂജനറേഷൻ കുട്ടികൾക്ക് മൊബൈൽ ഫോണും, നെറ്റുമില്ലാതെ ഒരു മണിക്കൂർ പോലും കഴിയാനാകില്ല എന്ന അവസ്ഥയാണിന്ന്. കാലത്ത് എഴുന്നേൽക്കുന്നത് തന്നെ മൊബൈൽ സ്‌ക്രീനിലേക്ക് നോക്കിക്കൊണ്ടാണ്. പിന്നീട് ദിവസം മുഴുവൻ എവിടെ പോയാലും എന്ത് ചെയ്താലും ഫോൺ കൂടെ തന്നെയുണ്ടാകും. മരണ വീട്ടിലായാലും, കല്യാണ വീട്ടിലായാലും ശരി. രാത്രി കിടക്കുമ്പോഴാകട്ടെ, തലയണക്കടുത്ത് തന്നെ ഫോൺ വയ്ക്കും. രക്ഷിതാക്കളുടെ അശ്രദ്ധമൂലം കുട്ടികൾക്ക് സ്വമേധയാ ലഭ്യമാകുന്ന അമിത സ്വാതന്ത്ര്യം അവരെ വഴി തെറ്റിക്കുകയാണ്. നാം ഇക്കാര്യത്തിൽ ഒട്ടും ബോധവാൻമാരല്ല. ഒരു തരം നിസ്സംഗതയാണ് നമുക്ക്. മറ്റ് കാര്യങ്ങളിലൊന്നും ഒരു ശ്രദ്ധയുമില്ലാതെ കുട്ടികൾ ഫോണുമായി ചടഞ്ഞിരിക്കുമ്പോൾ, രക്ഷിതാക്കൾ അക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ല. ഒന്നുകിൽ അത് നിസ്സാരമായി അവഗണിയ്ക്കുന്നു. അല്ലെങ്കിൽ നമ്മളുംഫോണിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് സമയം പാഴാക്കുന്നു. കുട്ടികൾ മാത്രമല്ല പ്രായമായവരും ഫോൺ അഡിക്ഷന്റെ ഇരകളായി മാറിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ കുടി ഉണ്ടായതോടെ, ഫോണിലൂടെ ഇന്റർനെറ്റിന് അടിമപ്പെടുകയായിരുന്നു പലരും. ഉറക്കം നഷ്ടപ്പെടുത്തി പോലും ഫോണുമായി സോഷ്യൽ മീഡിയായിലും മറ്റുമായി എപ്പോഴും ഒരേ ഇരിപ്പും, കിടത്തവുമൊക്കെയായിരുന്നു പലർക്കും. എന്തിന് ബാത്ത്‌റൂമിൽ കേറിയാൽ പോലും ഫോൺ കൈവിടാത്ത അവസ്ഥ. സമൂഹത്തെ മാനസികമായും, ശാരീരികമായും പ്രതികൂലമായി ബാധിച്ച ഒരവസ്ഥാ വിശേഷമാണ് ഇത്.
ഇന്റർനെറ്റിൽ നിന്നും, അതിൽ നിന്ന് തന്നെ കൂട്ടുകാർ ആർജ്ജിച്ച അറിവിൽ നിന്നുള്ള വിവരണങ്ങളിൽ നിന്നുമാണ് കൗമാരക്കാർ ലൈംഗികതയെക്കുറിച്ച് മനസ്സിലാക്കുന്നത്. ആ അറിവുകളാണ് അവരെ അപകടത്തിലേക്ക് നയിക്കുന്നതും. കുട്ടികളിൽ ക്രിമിനൽ സ്വഭാവം രൂപപ്പെടുന്നതിന് ചെറുതും വലുതുമായ നിരവധി കാരണങ്ങളുണ്ടെങ്കിലും, ദൃശ്യ മാധ്യമങ്ങളിൽ സുലഭമായി ലഭിയ്ക്കുന്ന അശ്ലീല നിഴലുകളിൽ നിന്നുള്ള പ്രചോദനമാണ് കുട്ടികളിലെ ലൈംഗീകാതിക്രമങ്ങൾക്കുള്ള സുപ്രധാന കാരണം. മറ്റുള്ള കാരണങ്ങളെല്ലാം രണ്ടാമതേ വരുന്നുള്ളൂ. ഇന്റർനെറ്റ് സൗകര്യം വ്യാപകമായതോടെ, കൂട്ടുകാരുമൊത്ത് അതിന്റെ ദുരുപയോഗത്തിലൂടെ കുട്ടികൾ വികൃത ലോകത്തെ ആസ്വദിക്കുന്നു. ഇന്റർനെറ്റ് പകർന്നു നൽകുന്ന വിവരങ്ങളെല്ലാം തന്നെ, ശരിയല്ലെന്ന ബോധ്യമുണ്ടെങ്കിൽക്കൂടി അതെല്ലാം പരീക്ഷിച്ചറിയാനും അവരിൽ താൽപര്യമുണ്ടാകുന്നു. കൊണ്ടോട്ടിയിൽ ബലാൽസംഗ ശ്രമത്തിന് പിടിയിലായ 15-കാരൻ ഇന്റർനെറ്റിന് അടിമയാണെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.
ലൈംഗികതയെക്കുറിച്ചുള്ള തെറ്റും ശരിയും മനസ്സിലാക്കേണ്ടത് വീടുകളിൽ നിന്ന് തന്നെയാണ്. എന്നാൽ അത്തരം കാര്യങ്ങളിൽ കുട്ടികളെ നാം ബോധവാൻമാരാക്കുന്നില്ല. വളർന്ന് വലുതാകുമ്പോൾ അവരെല്ലാം മനസ്സിലാക്കി കൊള്ളും എന്ന കണക്ക് കൂട്ടുന്നിടത്താണ് നമുക്ക് പിഴക്കുന്നത്. കാരണം നമ്മൾ വളർന്ന സാമൂഹ്യ സാഹചര്യത്തിലല്ല നമ്മുടെ കുട്ടികൾ വളരുന്നത്. കുട്ടികൾ മാതാപിതാക്കളെ പേടി കലർന്ന ബഹുമാനത്തോടെ കണ്ടിരുന്ന ഒരു കാലഘട്ടത്തിലൂടെ വളർന്നവരാണ് പഴയ തലമുറ. ഇന്ന് മാതാപിതാക്കളിൽ നല്ലൊരു പങ്ക് കുട്ടികളെ ഭയക്കുന്നവരാണ്. അവരെ ഗുണദോഷിക്കാൻ തുനിഞ്ഞാൽ, തിരിച്ച് അവർ കനപ്പിച്ചൊരു നോട്ടമുണ്ടാകും. അതോടെ പല രക്ഷിതാക്കളും പിന്നീടൊന്നും മിണ്ടാതെ നിസ്സഹായരാവും. ഈ സാഹചര്യമാകട്ടെ, മക്കളുടെ തെറ്റുകളെ ശരിവയ്ക്കുന്ന അവസ്ഥയുമുണ്ടാക്കുന്നു. എല്ലാം ശീലങ്ങളാണ്. നമുക്കില്ലാത്ത ശീലങ്ങളിൽ പതിവാക്കി, നാം ബോധപൂർവ്വം ആ ദുശ്ശീലങ്ങൾക്ക് അടിമകളായി മാറുന്നു. അത് കൊണ്ട് തന്നെ, തീർത്തും ഒരു ശാപം എന്ന് വിശേഷിപ്പിക്കാനാവുന്ന ഫോൺ അഡിക്ഷൻ എങ്ങനെ ഇല്ലാതാക്കും എന്നതാണ് ഇന്നിന്റെ പ്രധാന വിഷയം. ഒരു കാര്യം പ്രസക്തമാണ്. നമ്മുടെ കുട്ടികളെ കുറ്റവാളികളാക്കി മാറ്റുന്ന മാനസിക വ്യതിയാനങ്ങൾക്ക് അവർ വളർന്ന് വരുന്ന സാഹചര്യങ്ങളാണ് പ്രേരകമാവുന്നത്. ഇന്റർനെറ്റിൽ അശ്ലീല മൂവികൾ വേഗത്തിൽ ലഭ്യമാകുന്നു എന്നത് തന്നെ പ്രധാന വിഷയം. കുട്ടികൾക്ക് താൽപ്പര്യമുള്ള ഏതെങ്കിലും സൈറ്റ് സെർച്ച് ചെയ്യുമ്പോഴാകും, ചിലപ്പോൾ ഇത്തരം സൈറ്റുകളിൽ എത്തിപ്പെടുക. വളർച്ചയുടെ സുപ്രധാന ഘട്ടത്തിൽ കുട്ടികളുടെ മനസ്സിൽ പതിയുന്ന ലൈംഗീക വൈകൃതങ്ങൾ അവർ വളർന്ന് വലുതായാലും മനസ്സിൽ നിന്ന് മായില്ല.
മാതാവ് വസ്ത്രം മാറുന്ന രംഗം 12 വയസുകാരനായ മകൻ മൊബൈൽ കാമറയിൽ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചത് നമ്മുടെ കേരളത്തിൽ തന്നെയാണ്. മാതാവിന്റെ നഗ്‌നചിത്രം ഫോണിൽ പകർത്തി നെറ്റിൽ പ്രദർശിപ്പിച്ച് പണം കൈപ്പറ്റിയ 14 വയസ്സുകാരനേയും കേരളം മറന്നിട്ടില്ല. സഹപാഠിയുടേയും, അധ്യാപികയുടേയുമൊക്കെ ഫോട്ടോ അശ്ലീല കമന്റോടെ പ്രചരിപ്പിച്ച സംഭവവും നമുക്കിടയിലുണ്ടായി. സ്‌കൂൾ വിദ്യാർഥിനി കാമുകന് വേണ്ടി കുട്ടുകാരിയുടെ ചിത്രം കുളിമുറിയിൽനിന്ന് പകർത്തി നൽകിയതും ഇതേ കേരളത്തിൽ നിന്ന് തന്നെ. അധ്യാപിക വഴക്ക് പറഞ്ഞതിന് അവരുടെ ചിത്രം മോർഫ് ചെയ്ത് ഭർത്താവിന് അയച്ച് കൊടുത്ത അരുമ ശിഷ്യനും കേരളത്തിലാണ്. കോവിഡിന്റെ വരവോടെ ഓൺലൈൻ ക്ലാസ്സുകളിൽ നുഴഞ്ഞ് കയറി അസഭ്യം പറച്ചിലും, അശ്ലീല സംഭാഷണങ്ങളും നടത്തി ഹീറോ ചമഞ്ഞ കേസുകളും നിരവധിയാണ്.
കൗമാരക്കാരുടെ മനസ്സുകളിൽ ഇത്ര നേരത്തെ ലൈംഗീകാസക്തി എങ്ങനെ മുളപൊട്ടുന്നു എന്ന് വീക്ഷിക്കുമ്പോഴാണ് വഴിവിട്ട ചിന്തകളിലേക്കും, പ്രവൃർത്തികളിലേക്കും തള്ളി വിടുന്ന സാമൂഹിക മാധ്യമങ്ങളുടെ അതി ശക്തമായ സ്വാധീനം വ്യക്തമാവുക. പന്ത്രണ്ട് വയസ്സാവുമ്പോഴേക്കും കൊലപാതകം, ബലാൽസംഗം തുടങ്ങിയവ ഉൾപ്പടെയുള്ള പതിനായിരത്തോളം കുറ്റകൃത്യങ്ങൾ ഒരു കുട്ടി കണ്ട് കഴിഞ്ഞിരിക്കുമെന്നാണ് അമേരിക്കയിൽ നടന്ന ഒരു പഠനത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച് കൊച്ചു കുട്ടികളുടെത് മാത്രമായി ദശലക്ഷത്തിലേറെ അശ്ലീല മൂവികൾ ഇന്റർനെറ്റിലുണ്ട്. നെറ്റിലൂടെ ഇതെല്ലാം നമ്മുടെ കുട്ടികൾക്കും ലഭ്യമാകുന്നു എന്നതാണ് വസ്തുത. കൗമാരക്കാർ കുറ്റവാളികളായി മാറുന്ന പ്രവണത തീർത്തും അപകടകരമായ ഭാവിയെക്കുറിച്ചുള്ള താക്കീതാണ് നമുക്ക് നൽകുന്നത്.






