Sorry, you need to enable JavaScript to visit this website.

വരകളുടേയും വർണങ്ങളുടേയും കൊളാഷ് 

വായന


വിശ്രുത സംഗീതജ്ഞൻ ബീഥോവൻ ലോകത്തോട് വിടപറഞ്ഞിട്ട് 250 വർഷം തികയുന്നു.അദ്ദേഹം മായികസംഗീതം പകർന്ന ഒൻപതാം സിംഫണി ഇന്നും ലോകമെമ്പാടും സംഗീതപ്രേമികൾ ആഘോഷിക്കുന്നുണ്ട്. ബീഥോവന്റെ ഉന്മാദം നിറഞ്ഞ സംഗീതരാവുകളുടെ കഥ എക്കാലവും ആസ്വാദകലക്ഷങ്ങളുടെ പ്രിയപ്പെട്ട അന്വേഷണവിഷയവുമായിരുന്നു. ഇരുന്നൂറ്റിയമ്പതാം വാർഷികം കൊണ്ടാടിയ 2020 ലോകമാകെ മഹാമാരിയുടെ പിടിയിൽ അമർന്നുപോയ വർഷം കൂടിയായിരുന്നു. എന്നിട്ടും ബീഥോവനെ അനുസ്മരിച്ചുകൊണ്ടുള്ള സൊനാറ്റകളും പിയാനോ സദസ്സുകളും ലോകമെമ്പാടും അരങ്ങേറി.

വിശ്രുത ഗായകനെ വാഴ്ത്തുന്ന രചനകളും സിംഫണികളും സംഗീത പ്രണയികൾ ആവിഷ്‌കരിക്കുകയുമുണ്ടായി.
ഇദംപ്രഥമമായി മലയാളത്തിലും  ആ മഹാപ്രതിഭയെ സമാദരിക്കുന്ന ഒരു നോവൽ ജനിച്ചു എന്നത് നമുക്ക് അഭിമാനാർഹമായ കാര്യമാണ്.
എന്നാൽ നർഗീസ് എഴുതിയത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. ബീഥോവന്റെ ജീവചരിത്രമല്ല ഈ കൃതി. പാശ്ചാത്യസംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം വിടർത്തുന്ന ആവിഷ്‌കാരവുമല്ല. ബീഥോവൻ എന്ന പ്രതിഭാശാലിയായ മനുഷ്യന്റെ സ്വകാര്യലോകവും ജീവിതവും അന്വേഷിച്ചുള്ള യാത്രയിൽ ഇടക്കെപ്പോഴോ ഉള്ളിൽ താനറിയാതെ കയറിവന്ന് ഇടം പിടിച്ച മിനോന എന്ന കൊച്ചുപെൺകുട്ടിയാണ് ഈ നോവലിലെ മുഖ്യ കഥാപാത്രം. ബീഥോവൻ വൈവഹികജീവിതം നയിച്ചതായി എവിടെയും നാം വായിച്ചിട്ടില്ല. പാശ്ചാത്യ ലോകം കലാകാരന്മാരുടെ കുടുംബജീവിതം ചിക്കിചികയാറുമില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രണയവും വൈഷയിക
ജീവിതവും രഹസ്യാത്മകതയുടെ തിരനീക്കി പുറത്തുവരുമ്പോൾ, അനേകകാലത്തിനിപ്പുറം മറ്റൊരു ദേശത്തിരുന്ന് ഒരെഴുത്തുകാരി ആ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ ഭാവന ചെയ്യുമ്പോൾ  അതിന് പുതിയൊരു മാനം കൈവരുന്നു.


ബീഥോവൻ താൻ കണ്ടുമുട്ടിയവരിൽ ആരെക്കാളുമേറെ പ്രണയിച്ച ഹൃദയത്തോട് ചേർത്തുനിർത്തിയ ജോസഫൈനിൽ ജനിച്ച കുട്ടിയാണ് മിനോന. ഹതഭാഗ്യയായ മിനോനയെ ലോകം കൈവിട്ടെങ്കിലും ആ കുഞ്ഞുവിരലുകളിൽ വിടർന്ന സംഗീതം നർഗീസ് ചെവിയോർക്കുകയാണ് ഈ നോവലിൽ.
മിനോനയെക്കുറിച്ച് വളരെ ലഘുവായ പരാമർശങ്ങൾ മാത്രമേ ഗൂഗിൾ പങ്കുവെക്കുന്നുള്ളൂ. അവൾ വിശ്വപ്രതിഭയായ ബീഥോവന്റെ മകളാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. എന്നാൽ അക്കാലം ആ സത്യം ഹിരണ്മയപാത്രം കൊണ്ട് മൂടിവെച്ചു. തമസ്‌കരിക്കപ്പെട്ട ചരിത്രത്തിലെ ഒരേടാണ് നർഗീസ് കണ്ടെടുക്കുന്നത്.

ബീഥോവനെ തേടിയുള്ള യാത്രയുടെ തുടക്കത്തിൽ തന്നെ സഫ്ദർ തിരിച്ചറിഞ്ഞു, താനൊരു രാവണൻകോട്ടയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന്. തനിക്കജ്ഞാതമായ ഏതോ പുരാതന അറിവുകൾക്ക് മുന്നിൽ കാലത്തെ ബലികൊടുക്കാൻ പോവുകയാണെന്നും. 

നഗരം തെരുവ് വിളക്കുകൾ കൊളുത്തിയ സന്ധ്യകളിൽ തേക്കിൻകാട് മൈതാനത്തിലെ പുൽത്തകിടിയിൽ മലർന്നുകിടന്നു കൊണ്ട് മേഘസഞ്ചാരം നടത്തുമ്പോഴാണ് സഫ്ദർ മഹാഗണിമരത്തോടും ഇലക്കൂടാരങ്ങളോടും സംസാരിക്കുന്നത്. മഹാഗണി വൃക്ഷമേ നിന്റെ പരുക്കൻ തോലിനുള്ളിലെ ഏതു മോതിരവളയത്തിനുള്ളിലാണ് സംഗീതത്തിന്റെ വിപഞ്ചിക നീ ഒളിപ്പിച്ചു വെച്ചത്? പ്രകൃതിയുടെ വൃന്ദവാദ്യം സഫ്ദറിനു ഉത്തരം നൽകുകയായി.പേരറിയാത്ത അനേകം പുഷ്പങ്ങൾ വിടർന്നുനിന്ന പാതയിലൂടെ ഏകനായി നടന്നുപോയ ബീഥോവനെ സഫ്ദർ ഭാവനയിൽ കണ്ടുമുട്ടി. കാറ്റുവീശിയ മരച്ചില്ലകൾ ഉലയുന്ന പോലെയും ആകാശച്ചെരുവിലെ പക്ഷിച്ചിറകുകൾ തരംഗം കൊള്ളുന്ന പോലെയും അദ്ദേഹത്തിന്റെ കാരങ്ങൾ താളാത്മകമായി ചലിച്ചുകൊണ്ടിരുന്നത് സഫ്ദർ ശ്രദ്ധിച്ചു.

അഞ്ജലി പൊടുന്നനെ അയാളോട് പറഞ്ഞത്, ഞാൻ തിരയുന്നത് മിനോനയെയാണ്. ചരിത്രത്തിൽ ഇടംതേടാതെ പോയ രേഖകൾ ഇല്ലാത്ത ജാരസന്തതി മിനോനയെ. ബീഥോവന്റെ മകൾ. മേൽവിലാസമില്ലാതെ ജീവിക്കേണ്ടിവന്ന പാവം പെൺകുട്ടി.ഞാൻ മിനോനയാണ് സഫ്ദർ . അവളെ അറിഞ്ഞ ശേഷം എനിക്കവളല്ലാതെ മറ്റാരുമാകാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ അവളെക്കുറിച്ചെഴുതുക. അഞ്ജലി ആവശ്യപ്പെട്ടു,  സഫ്ദർ, നീ മിനോന കണ്ട ബീഥോവനെക്കുറിച്ച് എഴുതൂ .


പരിചിതമായൊരു സ്ഥലരാശിയിൽ നിന്നുതന്നെയാണ് നോവൽ ആരംഭിക്കുന്നത്. തൃശൂർ നഗരവും തേക്കിൻകാട് മൈതാനവും സാഹിത്യ അക്കാദമിയും ക്രൈസ്തവ ദേവാലയങ്ങളും ക്ലാസിക്കൽ സംഗീതമുറങ്ങുന്ന ലൈബ്രറിയും പള്ളിമേടകളും സായാഹ്നനഗരത്തിന്റെ കാഴ്ചകളും കോഫീ ഹൗസും ശക്തൻ മാർക്കറ്റും നേർത്ത ആരവം നിറഞ്ഞ വീഥികളും പുൽമൈതാനത്തിൽ മലർന്നു കിടന്നു നോക്കുമ്പോൾ വെള്ളിവലാകകൾ ഒഴുകിനീന്തുന്ന നീലാകാശവും കഥാനായകനായ സഫ്ദർ  തന്റെ അന്വേഷണം തുടങ്ങുന്നത് ഇവിടെനിന്നാണ്. സംഗീതാധ്യാപികയായ അഞ്ജലീസുധയെ കണ്ടുമുട്ടിയതും ഈ നഗരചത്വരത്തിൽ വെച്ചുതന്നെയാണ്. സഫ്ദർ തന്റെ സ്വപ്‌നം അഞ്ജലിയുമായി പങ്കിടുന്നതും പിയനോയുടെ മൃദുശയ്യയിൽ ആദ്യമായി സ്പർശിച്ചപ്പോൾ സ്വർഗീയമായൊരു നാദമുണർന്നതും അതിന്റെ സ്പന്ദനം തനിക്കു ചുറ്റും പ്രസരിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.


പതിവായി ബിനാലെ അരങ്ങേറുന്ന ഫോർട്ട് കൊച്ചി എന്ന ആർട്ട് ഗാലറിയുടെ തീരത്താണ് നർഗീസ് ജനിച്ചു വളർന്നത്. കലയും സംസ്‌കാരവും കൈകോർത്ത തുറമുഖ നഗരിയുടെ പശ്ചാത്തല ഭൂമിക ഈ എഴുത്തുകാരിയുടെ മനോഗതങ്ങളിൽ അപൂർവചാരുതയാർന്ന കാൻവാസ് നിർമിച്ചിരിക്കാം. ജൂതന്മാരും പറങ്കികളും ലന്തക്കാരും ഇംഗ്ലീഷ്  ഫ്രഞ്ച് യാത്രികരും കരോൾ ഗാനങ്ങളും ഗസൽ രാവുകളും ഉണർത്തിയ ഭാവനയുടെ യാനപാത്രത്തിലാണ് കഥാകാരി സഞ്ചരിച്ചിരിക്കുക. അറബികളും റോമാക്കാരും വന്നിറങ്ങിയ പായ്വഞ്ചികളുടെ കലാവാണിജ്യ പാതയിൽ തദ്ദേശീയയായ ഒരെഴുത്തുകാരി അബോധമായെങ്കിലും വായിച്ചെടുക്കുന്ന ചില ലിപികളുണ്ട്.
അതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത, പിറന്ന നാടും വീടും വിട്ട് അധികം യാത്ര ചെയ്ത ഒരാളല്ല ഈ എഴുത്തുകാരി എന്നതാണ്. വിവാഹിതയായി ഏറെ വിദൂരത്തിലല്ലാതെ മറ്റൊരു പട്ടണപ്രവിശ്യയിലെ ഒരുൾനാടൻ ഗ്രാമത്തിലെത്തുകയും അവിടെ സ്‌കൂൾ അധ്യാപികയായി ജീവിക്കുകയും ചെയ്യുന്ന നർഗീസ്, ഇംഗ്ലീഷ് സാഹിത്യമാണ് പഠിച്ചത്. ബിരുദാനന്തര ബിരുദകാലത്ത് സാഹിത്യപഠനത്തിനിടെ പരിചയപ്പെടാനിടയായ കഥകളും കവിതാലോകവും ഭാവനയുടെ മറുകര തേടിപ്പോകാൻ തനിക്കു സഹായകമായി എന്ന് അവർ രേഖപ്പെടുത്തിയിട്ടുമുണ്ട്.
അപൂർവമായ കൽപനാവൈഭവം ഇരു നോവലുകളുടെ രചനയിലും തെളിഞ്ഞുനിൽപ്പുണ്ട്. ക്ലാസ്സിക് നോവലുകളുടെയും കവിതകളുടെയും പാരായണവും വിശിഷ്ട സംഗീതത്തിന്റെ കേവലാസ്വാദനവും നവോത്ഥാന ചിത്രകലയുടെ കാഴ്ചകളും ശിൽപസൗഷ്ഠവം  തികഞ്ഞ കൃതികൾ നിർമിക്കാൻ നർഗീസിലെ കഥാകാരിയെ ഒരുക്കിനിർത്തിയതാവാം.

അതെന്തുമാകട്ടെ, ഒമ്പതാം സിംഫണി എന്ന നോവൽ വരകളുടെയും വർണങ്ങളുടെയു മനോഹരമായ കൊളാഷാണ് മനസ്സിൽ അവശേഷിപ്പിക്കുക. കവിത നിറഞ്ഞ വാക്കുകളും വരികളും വർണനയുടെ മലർവാടിയിൽ സുഗന്ധികളായി വിടർന്നു  നിൽക്കുന്നു. 

ഓരോ ഇടവേളയിലും എഴുത്തുകാരന്റെ ഉള്ളിൽ അടുത്ത വരിക്കുള്ള നെയ്ത്ത് നടക്കണം..' അഞ്ജലി സഫ്ദറിനെ ഓർമിപ്പിച്ചു. സഫ്ദർ, നീ എഴുതിയ ഓരോ വരിയും എനിക്കറിയാം. ഞാനത് വായിച്ചറിഞ്ഞതല്ല, അനുഭവിച്ചതാണ്.

ബീഥോവൻ മരണകിടക്കയിൽ ആസന്നമൃത്യുവായി ശയിക്കുന്ന വാർത്ത അറിയുമ്പോഴും മിനോന നിർന്നിമേഷയായിരുന്നു. അച്ഛൻ തന്റെയുള്ളിലെ ഉണങ്ങാത്ത മുറിവാണ്, എന്നും. ആ മുറിവിനെ വലം വെച്ചുകൊണ്ടാണ് ജീവിതത്തിലെ ഓരോ പ്രഭാതവും അവളിലൂടെ കടന്നുപോയത്. ഏകാന്തതയിൽ മിനോനയുടെ കണ്ണീരൊപ്പാൻ വന്ന ലിയോ എന്ന കൂട്ടുകാരന് പോലും അവളുടെ കൈത്തലം ഗ്രഹിക്കാനോ ഒപ്പം നടത്താനോ കഴിയാതെ പോയി. സ്വന്തമാക്കാൻ യാതൊന്നും മുന്നിലില്ലാതെ അറ്റം കാണാത്ത വഴിയുടെ തുമ്പിൽ അവൾ നിന്നു. അച്ഛൻ, ലിയോ,പിയാനോ, അമ്മ നൽകിയ ഓർമകളുടെ ആൽബം... എല്ലാം മിനോനയെ വിട്ടുപോയി. ഇടയഗ്രാമത്തിലേക്കു നീണ്ടുപോകുന്ന മൺപാതയിലൂടെ അവൾ നടന്നു നീങ്ങി.

അവസാനവരികളിൽ എത്തിനിന്ന സഫ്ദർ തുടർന്നെഴുതാനാവാതെ തളർന്നിരുന്നു. നിറമിഴികളോടെ അയാൾ പറഞ്ഞു. പ്രിയപ്പെട്ട മിനോനാ, ദുഃഖപര്യവസായിയായ ഒരന്ത്യം ആഗ്രഹിച്ചുകൊണ്ടെഴുതിയതല്ല ഇതൊന്നും. ഇനി സ്വതന്ത്രയാണ് നീ. മിനോനാ ഞാൻ ഇവിടെ എഴുത്ത് നിർത്തുകയാണ്.


സഫ്ദർ എഴുതി നിർത്തിയ അവസാനവാചകം എന്തെന്ന് അഞ്ജലിക്ക് അറിയാമായിരുന്നു. അതയാളെ അത്ഭുതപ്പെടുത്തുക മാത്രമല്ല വികാരാധീനനാക്കുകയും ചെയ്തു. മറ്റെല്ലാ കാഴ്ചകളും കണ്ണിൽനിന്ന് മാഞ്ഞുപോയി. കഥാപാത്രങ്ങൾ ഓരോരുത്തരായി മറവിയിലേക്ക്  നടന്നുപോയി.

ജോസഫൈൻ, തെരേസ, ഷാർലറ്റ്, മാഡം അന്ന, ഷിൻഡ്ലർ,മാരിയൂസ്, ലിയോ,നീന... അവർക്കിടയിൽ ബാറ്റൺ ചലിപ്പിക്കുന്ന മഹാസംഗീതജ്ഞന്റെ കൈകൾ... കാഴ്ചയുടെ കാൻവാസിൽ നിന്ന് ഹംഗറിയിലെ കാടുകളും കുതിരക്കുളമ്പടികളും സംഗീതവിരുന്നുണ്ടു മടങ്ങുന്ന പുരുഷാരവും അയാളെ കടന്നുപോയി.
യൂറോപ്പിലെ വർഗസമരവും വർണവെറിയും അധഃസ്ഥിതരോടുള്ള തികഞ്ഞ അവഗണനയും സഫ്ദർ ഓർത്തെടുത്തു. എന്തിന് കൊച്ചുകേരളത്തിൽ പോലും ജാതിയും വർണവും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും നിലനിൽക്കുന്നല്ലോ എന്ന് വേദനയോടെ അഞ്ജലിയോട് അയാൾ പറയുന്നുണ്ട്.

നോവലിലെ അവസാന അധ്യായം തീർക്കുന്ന മായികത വായനക്കാർക്കായി ബാക്കിവെക്കുകയാണ്. കഥാകാരി ഇവിടെ വരച്ചുചേർക്കുന്ന ട്വിസ്റ്റ് നോവലിന്റെ ജൈവാംശവുമായി ഇഴ ചേർന്നുകിടക്കുന്നതാണ്. അതങ്ങനെത്തന്നെ നിൽക്കട്ടെ.
ഒമ്പതാം സിംഫണി ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ഹംസഗാനമായിരുന്നു. പാശ്ചാത്യ സംഗീതലോകം പിൽക്കാലത്തും അവ്വിധം ഒരു വിശ്വാസം വെച്ചുപുലർത്തിയിരുന്നത്രെ. ഒൻപതാം സിംഫണിക്കു ശേഷം മറ്റൊരു രചന അസാധ്യമായിരിക്കും എന്ന്.

ഈ നോവൽ മനുഷ്യന്റെ വേദനയുടെയും നിസ്സഹായതയുടെയും നിലവിളിയാണ്. വായനക്കാർ ഇരുകൈകളും നീട്ടി ഈ കൃതിയെ വരവേൽക്കുമെന്ന് ഉറപ്പാണ്. നർഗീസ് എന്ന കഥാകാരിയുടെ 'ഒമ്പതാം സിംഫണി'  അനേകം വായനക്കാരിലെത്തട്ടെ എന്ന് ആശംസിക്കുന്നു.

കൈരളി ബുക്‌സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
വില : 240 രൂപ.


 

Latest News