രുചിവൈവിധ്യങ്ങളുടെ കലവറ തീർത്ത ഇന്ത്യൻ ഭക്ഷ്യമേളയ്ക്ക് ഇന്ത്യൻ കോൺസുലേറ്റ് വേദിയായപ്പോൾ അത് അക്ഷരാർഥത്തിൽത്തന്നെ വേറിട്ട അനുഭവമായി. ഭക്ഷണ വിഭവങ്ങൾ, രുചി ഭേദങ്ങളുടെ സങ്കലനം തീർത്ത വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാദേശിക ഊട്ടുപുരകൾ, ജിദ്ദയിലെ ഇന്ത്യൻ ഭക്ഷ്യ വസ്തു വ്യാപാരികളുടെ വിശാലമായ പ്രദർശന സ്റ്റാളുകൾ അങ്ങനെ മനോഹരമായ കാഴ്ചകളും വനിതകൾക്കായി സംഘടിപ്പിച്ച ഡിസ്സേർട്ട് മത്സരവും കൊണ്ട് 'ഫ്‌ളവേഴ്‌സ് ഓഫ് ഇന്ത്യ' ജിദ്ദയിലെ പ്രവാസികൾക്ക് നവ്യാനുഭൂതി പകരുന്നതായി. ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു വരുന്ന 'ആസാദി കാ അമൃത് മഹോത്സാവിന്റെ' ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കമ്മിറ്റിയാണ് കഴിഞ്ഞ 29ന് വെള്ളിയാഴ്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ 'ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ' എന്ന തലക്കെട്ടിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

കോൺസുലേറ്റ് കവാടം സന്ദർശകരെ സ്വീകരിക്കാൻ ദൽഹിയിലെ ചെങ്കോട്ടയുടെ മാതൃകയിൽ രൂപകൽപ്പന ചെയ്തിരുന്നു. കരവിരുതിൽ വിസ്മയം തീർത്ത കവാടത്തിലൂടെ ആഘോഷസ്ഥലത്തേക്കുള്ള പ്രവേശനം മുഗൾ രാജവംശത്തിന്റെ ചരിത്ര ശേഷിപ്പിലേക്ക് സ്വീകരിക്കുന്ന അനുഭൂതിയാണ് സന്ദർശകരിലുണ്ടാക്കിയത്. പ്രധാനവേദിക്ക് താജ്മഹലിന്റെ മേൽക്കൂരയും പാർശ്വങ്ങളിൽ തൂണുകളും നൽകിയാണ് സജ്ജമാക്കിയത്. കോൺസുലേറ്റ് അങ്കണത്തിൽ ഒരുക്കിയ ഭക്ഷണ സ്റ്റാളുകൾ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളുടെയും പൈതൃകം വിളിച്ചോതുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തത്. അവയിൽ തയ്യാറാക്കിയ ഭക്ഷണവിഭവങ്ങൾ പ്രാദേശികത്തനിമ എടുത്തുകാട്ടുന്നതായി.

കെട്ടുവള്ളത്തിന്റെ മാതൃകയിൽ കേരളത്തിന്റെയും മൈസൂർ കൊട്ടാരത്തിന്റെ മാതൃകയിൽ കർണാടകയും, ചെന്നൈയിലെ വള്ളുവർ കോട്ടയുടെ രൂപത്തിൽ തമിഴ്‌നാടും സ്റ്റാളുകൾ സജ്ജമാക്കി. വൈദ്യുതവിളക്കുകളുടെ വർണ്ണശോഭയിൽ തിളങ്ങിയ കോൺസുലേറ്റ് അങ്കണത്തിൽ കോവിഡ് ഭീതിയിൽ നിന്നും മുക്തമായി വരുന്ന പ്രവാസികളുടെ സംഗമം സന്തോഷം പകർന്ന ദൃശ്യമായി. ഉത്തരേന്ത്യൻ വിഭവങ്ങളുടെയും ദക്ഷിണേന്ത്യൻ വിഭങ്ങളുടെയും സ്വാദിഷ്ടമായ വൈവിധ്യങ്ങൾ രുചിച്ചറിഞ്ഞ സന്ദർശകർക്ക് വിവിധ സംസ്‌കാരങ്ങളുടെ സംഗമ വേദിയായാണ് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ അനുഭവപ്പെട്ടത്. കോവിഡിന്റെ മാനദണ്ഡങ്ങൾ പൂട്ടിക്കെട്ടിയ സാഹചര്യം ഏതാണ്ടെല്ലാം മാറിയിരുന്നെങ്കിലും തെല്ല് കരുതലോടെയാണ് കോൺസുലേറ്റ് അധികൃതരും സംഘാടകരായ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികളും ഫെസ്റ്റിവലിനുള്ള സംവിധാനങ്ങളെല്ലാം ഒരുക്കിയത്.
വിവിധങ്ങളായ സംസ്‌കാരങ്ങളുടെയും ആഹാര പദാർത്ഥങ്ങളുടെയും കലവറയായ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രുചി വൈഭവങ്ങളുടെ സ്വാദ് പങ്കുവെക്കാനും പൈതൃകങ്ങളെ കണ്ടും അനുഭവിച്ചുമറിയാനും അത് വഴി സൗഹൃദവും സന്തോഷവും പങ്കിടാനുമാണ് രുചിക്കൂട്ടുകളുടെ ഉത്സവം സംഘടിപ്പിച്ചതെന്ന് സംഘാടകസമിതി ചെയർമാനും ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജിയൻ പ്രസിഡന്റുമായ ഫയാസുദ്ദിൻ ചെന്നൈ പറഞ്ഞു.

രാജ്യത്തിന്റെ അഖണ്ഡതക്ക് വേണ്ടി ലോകത്തിന്റെ ഏതു കോണിലായാലും ഒരുമയോടെ നിൽക്കാൻ ഓരോ ഇന്ത്യക്കാരനും കഴിയുമെന്ന സന്ദേശം ആസാദീ കാ അമൃത് മഹോത്സവത്തിലൂടെ നൽകാൻ ഇന്ത്യൻ കോൺസുലേറ്റും ഫ്രറ്റേണിറ്റി ഫോറവും സഹകരിച്ച് ഒരുക്കിയ 'ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ' തെളിയിച്ചു.
യൂനിലിവർ, ലുലു, ഈസ്റ്റേൺ ഗ്രൂപ്പ്, ഗ്രീൻ ലാൻഡ് ഹോട്ടൽ, ബിരിയാണി ഗേറ്റ്, ബാഫ്കോ, പെട്രോണസ്, ഹിമാലയ, പ്രീമിയർ, ഷൂഫിയാസ് കുക്ക് ഹൗസ് എന്നീ സ്ഥാപങ്ങൾ സജ്ജമാക്കിയ സ്റ്റാളുകൾ സന്ദർശകർക്ക് നവ്യാനുഭൂതി നൽകുന്നവയായിരുന്നു.
വനിതകൾക്കായി സംഘടിപ്പിച്ച ഡിസ്സേർട്ട് കോണ്ടെസ്റ്റ് സ്വാദിഷ്ടവും കൊതിയൂറുന്നതുമായ വിഭവങ്ങൾ കൊണ്ട് സമൃദ്ധമായി. പ്രമുഖ സ്റ്റാർ ഹോട്ടലുകളിലെ പാചക വിദഗ്ധരടങ്ങിയ ജഡ്ജിങ് പാനലാണ് ഡിസ്സേർട്ട് വിഭവങ്ങളുടെ മത്സരം വിലയിരുത്തി വിജയികളെ നിർണ്ണയിച്ചത്. കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കോൺസൽ ജനറൽ, വൈസ് കോൺസൽമാർ, മക്ക മറാക്കിസുൽ അഹ് യാ പ്രതിനിധികൾ, പ്രവാസ ലോകത്തെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ തുടങ്ങി നിരവധി പേർ സംബന്ധിച്ച ഫുഡ് ഫെസ്റ്റിവൽ സംഘാടനപാടവം കൊണ്ടും പൈതൃക കാഴ്ചകൾ കൊണ്ടും അനുപമമായ രുചിക്കൂട്ടുകളുടെ സംഗമ വേദിയായി.






