വോളിബോളിന്റെ ആരവം മുഴങ്ങുന്ന ഗ്രാമം

ദിനേശ് കുമാർ
കേരള ക്യാപ്റ്റൻ അനുശ്രീ

കോഴിക്കോട് നഗരത്തിൽനിന്നും ഏറെ കാതം അകലെയല്ല കരുവട്ടൂർ പഞ്ചായത്തിലെ പയമ്പ്ര എന്ന ഗ്രാമം. സവിശേഷതകളൊന്നും അവകാശപ്പെടാനില്ലാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കാർഷികഗ്രാമം. എന്നാൽ രണ്ടു പതിറ്റാണ്ടിനിപ്പുറം ആ ഗ്രാമത്തിന്റെ രാപ്പകലുകൾക്ക് വോളിബാളിന്റെ ആരവമാണ്. വായുവിൽ കുതിച്ചുയർന്ന് കൈകരുത്തിന്റെ ബലത്തിൽ എതിർ ടീമുകളെ തളച്ചിടുന്ന യുവതാരങ്ങളുടെ സാഹസിക കഥകളാണ് അവർ കേട്ടുകൊണ്ടിരിക്കുന്നത്. നിരവധി ദേശീയ-സംസ്ഥാന താരങ്ങളെ ഈ ഗ്രാമം സംഭാവന ചെയ്തുകഴിഞ്ഞു. തകർപ്പൻ സ്മാഷുകൾ കൊണ്ട് എതിരാളികളെ നിലംപരിശാക്കുന്ന ഈ വിദ്യ അവർക്ക് പകർന്നുകൊടുക്കുന്നത് മറ്റാരുമല്ല. താഴേക്കോട്ട് ദിനേശ് കുമാർ എന്ന ഒരു പിക്കപ്പ് വാൻ ഡ്രൈവറാണ്. 
മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് യുവജനങ്ങൾ സ്വയം നശിക്കുന്ന കാഴ്ചയാണ് ഈ മനുഷ്യസ്‌നേഹിയുടെ കണ്ണു തുറപ്പിച്ചത്. നാടിന്റെ നാശം കൺമുന്നിൽ കണ്ടപ്പോൾ പരിഹാരമെന്നോണമാണ് യുവാക്കളെ കായികവിനോദങ്ങളിൽ പങ്കാളികളാക്കാൻ അദ്ദേഹം തുനിഞ്ഞിറങ്ങിയത്. തന്റെ ആശയത്തോട് യോജിച്ചു നിൽക്കുന്ന കുറേ സുഹൃത്തുക്കളെയും അദ്ദേഹം കൂടെ നിർത്തി. വോളിബാളിലൂടെ ഒരു ദേശം സ്വയംപര്യാപ്തത നേടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.


ഒരുകാലത്ത് വോളിബാൾ കളിയിൽ ഏറെ പ്രചാരം നേടിയ ഗ്രാമമായിരുന്നു പയമ്പ്ര. സ്വാതന്ത്ര്യസമരം അലയടിച്ചിരുന്ന മുപ്പതുകളിൽ ഈ നാടിന്റെ കളിപ്പെരുമ ബ്രിട്ടീഷുകാർപോലും അംഗീകരിച്ചിരുന്നു. പയമ്പ്ര രാമന്റെയും ചെറോറമണ്ണിൽ ഗോപാലന്റെയും സ്മാഷുകളുടെ ചരിത്രം ഇവിടത്തെ കുട്ടികൾക്കുപോലും മനഃപാഠം. ഒരിക്കൽ പയമ്പ്ര രാമന്റെ ശക്തമായ സ്മാഷ് ചെന്നുപതിച്ചത് കളി കാണാനെത്തിയ ബ്രിട്ടീഷുകാരന്റെ മുഖത്തായിരുന്നുവെന്നും ആ ആഘാതത്തിൽ വിദേശിയുടെ പല്ല് കൊഴിഞ്ഞുപോയെന്നുമാണ് ചരിത്രം. തുടർന്ന് രാമൻ മലബാർ ചാമ്പ്യൻ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് അധ്യാപകവൃത്തിയിലൂടെ തലമുറകൾക്ക് അറിവു പകർന്നുകൊടുത്ത ഗുരുനാഥന്മാരായി അവർ മാറുകയായിരുന്നു. ഈ പൂർവ്വിക പാരമ്പര്യം ഇന്നും നിലനിർത്തുകയാണ് പയമ്പ്രയിലെ വോളി ഫ്രണ്ട്‌സ് സ്‌പോർട്‌സ് സെന്റർ.
2001 ൽ പയമ്പ്ര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒരുമാസത്തെ അവധിക്കാല വോളിബാൾ കോച്ചിംഗ് നടത്തിയായിരുന്നു തുടക്കം. തുടർ പരിശീലനത്തിനു സൗകര്യമില്ലാതെ വന്നപ്പോഴാണ് ആ ഉദ്യമം കായികപ്രേമിയായ ദിനേശ് ഏറ്റെടുത്തത്. സ്വന്തമായുണ്ടായിരുന്ന ഇരുപത്താറു സെന്റ് ഭൂമി മണ്ണിട്ടു നികത്തി അദ്ദേഹം കളിക്കളമൊരുക്കി. ദിനേശന്റെ ഉദ്യമത്തിന് നാട്ടുകാരിൽനിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ലഹരിയിലേയ്ക്കും മറ്റു ദുശ്ശീലങ്ങളിലേയ്ക്കും യുവതലമുറ വഴിതെറ്റി പോകാതിരിക്കാനായി ഒരു കായിക സംസ്‌കാരം വളർത്തിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു മാതൃകാഗ്രാമം എന്ന വിശേഷണത്തിലേയ്ക്കും ആ നാട് ചുവടുവയ്ക്കുകയായിരുന്നു.

 


കാൽപന്തുകൡയിലൂടെ ഒട്ടേറെ ഗോൾവലകൾ കാത്ത ചരിത്രമുണ്ട് ദിനേശിന്. നാട്ടിലെ കഌബ്ബിനുവേണ്ടി മലപ്പുറത്തും കൊണ്ടോട്ടിയിലുമെല്ലാം പോയി കളിച്ചിട്ടുമുണ്ട്. തുടക്കത്തിൽ ഫുട്ബാൾ പരിശീലനമായിരുന്നു ലക്ഷ്യമിട്ടതെങ്കിലും സ്ഥല പരിമിതിമൂലം വോളിബാളിലേയ്ക്കു കളം മാറ്റുകയായിരുന്നു. പയമ്പ്ര ഹൈസ്‌കൂൾ കായികാധ്യാപകനായിരുന്ന മനോജ്, വോളിബാൾ പരിശീലകനായിരുന്ന സുധീഷ് നരിക്കുനി, കെ.കെ. ശ്രീധരൻ, ടി.കെ.രാഘവൻ നായർ തുടങ്ങിയവരായിരുന്നു പരിശീലകർ. ക്രമേണ ദിനേശും നല്ലൊരു പരിശീലകനായി മാറുകയായിരുന്നു.
2004 ലാണ് വോളി ഫ്രണ്ട്‌സ് സ്‌പോർട്‌സ് സെന്റർ എന്ന പേരിൽ കഌബ്ബ് രൂപീകരിക്കുന്നത്. പരിശീലനത്തിനു പുറമെ യുവാക്കളെ നല്ല പൗരന്മാരായി വളർത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം.
ലക്ഷ്യം തെറ്റിയില്ല. വോളിബാൾ അസോസിയേഷൻ മത്സരങ്ങളും സോൺ മത്സരങ്ങളും സ്വന്തം ഗ്രൗണ്ടിൽ നടത്തി. രണ്ടു പതിറ്റാണ്ടിനിടെ നൂറിലേറെ കിരീടങ്ങളാണ് വോളി ഫ്രണ്ട്‌സിന്റെ താരങ്ങൾ കൈപ്പിടിയിലാക്കിയത്. 2019 ലെ സംസ്ഥാന ഇന്റർ സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ജേതാക്കളായ പയമ്പ്ര സ്‌കൂൾ ടീമിലെ മുഴുവൻ കുട്ടികളും വോളി ഫ്രണ്ട്‌സിലെ താരങ്ങളായിരുന്നു. അതേ വർഷം തിരുവനന്തപുരത്തു നടന്ന സംസ്ഥാന കേരളോത്സവത്തിലും വനിതാ വോളി കിരീടം കരസ്ഥമാക്കി. ജില്ലാ ഇന്റർ സ്‌കൂൾ ചാമ്പ്യൻപദവിയും ആറുവർഷമായി മറ്റാർക്കും ഭേദിക്കാൻ കഴിഞ്ഞിട്ടില്ല.


ഒട്ടേറെ ദേശീയ, സംസ്ഥാന, ജില്ലാ താരങ്ങളെ സംഭാവന നൽകാനും വോളി ഫ്രണ്ട്‌സിന കഴിഞ്ഞിട്ടുണ്ടെന്ന് ദിനേശ് പറയുന്നു. നാല് ദേശീയ താരങ്ങളെയും പതിനാറോളം സംസ്ഥാന താരങ്ങളേയും ഇരുപത്തിമൂന്ന് ജില്ലാ താരങ്ങളേയും സംഭാവന ചെയ്യാൻ കഴിഞ്ഞു. എൻ. എം. വിനയയും ടി. രേഷ്മയും കെ.പി. അനുശ്രീയും വി.നന്ദനയുമെല്ലാം ഇന്ത്യൻ ജേഴ്‌സി അണിഞ്ഞത് കഌബ്ബിന് അഭിമാനമുഹൂർത്തമായിരുന്നു. ചെറുവറ്റ സ്വദേശിയായ അനുശ്രീ കെ.എസ്.ഇ.ബി ടീമിലൂടെ വളർന്ന് അണ്ടർ 23 ഏഷ്യൻ വനിതാ വോളിബാൾ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. മാത്രമല്ല, ഇവിടത്തെ താരങ്ങളായിരുന്ന മുപ്പതോളം പേർ മിലിട്ടറിയിലും എയർ ഫോഴ്‌സിലും റെയിൽവേയിലും പൊലീസിലും കെ.എസ്. ഇ.ബിയിലുമെല്ലാമായി സുപ്രധാന തസ്തികകളിൽ ജോലി നോക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ യൂണിവേഴ്‌സിറ്റി ടീമിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട കെ.വി.രാഹുൽ, സംസ്ഥാന താരമായ കെ.പി. അതുൽ, പശ്ചിമ റെയിൽവേയുടെ നിതിൻ ലാൽ എന്നിവരും വോളി ഫ്രന്റ്‌സിൽ കളിച്ചുവളർന്നവരാണ്. ജില്ലാ ജൂനിയർ, സബ് ജൂനിയർ, മിനി വോളി എന്നിവയിലും ആൺകുട്ടികൾ കരുത്ത് തെളിയിച്ചു. ജില്ലാ ബീച്ച് ഗെയിംസ് വനിതാ വോളിയിലും അവർ ഒന്നാമതായി.


സാമ്പത്തിക പരിമിതികൾ ഏറെയുണ്ടെങ്കിലും താരങ്ങൾക്കുവേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കാറുണ്ടെന്ന് ദിനേശ് പറയുന്നു. പതിനാറു ലക്ഷം രൂപ ചെലവഴിച്ചാണ് ഇൻഡോർ സ്‌റ്റേഡിയം പണികഴിപ്പിച്ചത്. കേരളത്തിലെ ഒരു പ്രമുഖ മാധ്യമം മികച്ച കഌബ്ബായി തിരഞ്ഞെടുത്തതിലൂടെ ലഭിച്ച മൂന്നു ലക്ഷം രൂപയും സ്‌റ്റേഡിയം നിർമ്മാണത്തിന് സഹായകരമായി. ഇപ്പോൾ കളിക്കാർക്ക് മഴക്കാലത്തും മുടങ്ങാതെ പരിശീലനം നടത്താൻ കഴിയുന്നു. രണ്ട് ഓപ്പൺ കോർട്ടുകളും ഇൻഡോർ സ്‌റ്റേഡിയവും ഓഫീസും കളിക്കാർക്കുളള ഡ്രസിംഗ് റൂമും, ജിംനേഷ്യവും സെമിനാർ ഹാളുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
പുലർച്ചെ അഞ്ചര മണിയോടുകൂടി ഇവിടത്തെ കളിയാരവം തുടങ്ങും. അഞ്ചര മുതൽ എട്ടര വരെ തുടക്കക്കാർക്കുള്ളതാണ്. ഒൻപതു മുതൽ ഒരുമണിവരെ മീഡിയം ലെവലിലുള്ളവർക്കാണ് പരിശീലനം. വൈകീട്ട് മൂന്നു മുതൽ ആറര വരെ ജൂനിയർ താരങ്ങളും ഏഴുമുതൽ ഒൻപതര വരെ സീനിയർ താരങ്ങളും പരിശീലനത്തിനെത്തും. രാവിലെയുള്ള ബാച്ചിന്റെ പരിശീലനം കഴിഞ്ഞാണ് ദിനേശ് ജോലിക്കു പോകുന്നത്. ഉച്ചവരെ പിക്കപ്പ് വാൻ ഓടിച്ചാണ് നിത്യജീവിതത്തിനു വഴികണ്ടെത്തുന്നത്. ഒരു മണിക്കുള്ള ബാച്ചിന്റെ പരിശീലനത്തിനു മുൻപുതന്നെ ദിനേശ് ഗ്രൗണ്ടിലെത്തും.
പയമ്പ്രയുടെ സമീപപ്രദേശങ്ങളിൽനിന്നു മാത്രമല്ല, കോഴിക്കോട് നഗരത്തിൽനിന്നും മലപ്പുറം ജില്ലയിൽനിന്നുമായി പത്തു വയസ്സു മുതൽ പ്രായമുള്ള നൂറ്റിമുപ്പതോളം വിദ്യാർഥികൾ ഇവിടെ പരിശീലനം നടത്തുന്നുണ്ട്. അവരിൽ പകുതിയോളം പെൺകുട്ടികളാണ്. വിദ്യാർഥികൾക്ക് താമസിച്ച് പഠനവും പരിശീലനവും നേടാനായി ഒരു ഹോസ്റ്റലിന്റെ അഭാവമാണ് ക്ലബ്ബ് നേരിടുന്ന വലിയ പ്രതിസന്ധി. ഈ വർഷം വാക്ക്‌റൂ ഫൗണ്ടേഷൻ താരങ്ങളുടെ ജേഴ്‌സി സ്‌പോൺസർ ചെയ്തിട്ടുണ്ട്. കൂടാതെ പരിശീലകരിൽ ഒരാളുടെ ഒരു വർഷത്തേയ്ക്കുള്ള പ്രതിഫലവും അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്.


നെല്ലിക്കൽ ദേവദാസൻ പ്രസിഡന്റായും ബൈജു തട്ടാരിൽ സെക്രട്ടറിയായും രൂപേഷ് മരുതാട്ട് ട്രഷററായുമുള്ള കമ്മിറ്റിയാണ് വോളി ഫ്രന്റ്‌സിനെ നയിക്കുന്നത്. നൂറ്റിമുപ്പതോളം പേർ അംഗങ്ങളായുണ്ട്.
തന്റെ പ്രതീക്ഷയിലുപരിയായുള്ള വളർച്ചയാണ് വോളിബാൾ പരിശീലനത്തിലൂടെ ഈ ഗ്രാമത്തിന് കൈവന്നിരിക്കുന്നത്. ഞാനെല്ലാം ഫുട്‌ബോൾ കളിക്കുന്ന കാലത്ത് പിന്തുണ നൽകാൻ ആരുമില്ലായിരുന്നു. എന്നാൽ ഇവിടത്തെ കുട്ടികൾക്ക് ഈ ഗ്രാമം മുഴുവൻ പിന്തുണയുമായി കൂടെയുണ്ട് -അഭിമാനത്തോടെ ദിനേശ് പറയുന്നു.
ഒരു നാടിന്റെ വികസനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെയാണ് ഈ നാല്പത്തിയൊൻപതുകാരൻ നീക്കിവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നിഷ്‌കാമകർമ്മത്തിന് പിന്തുണ നൽകുന്നവരാണ് ഭാര്യയും മക്കളും. വീട്ടമ്മയായ ദീപയും പ്‌ളസ് വൺ വിദ്യാർഥിയായ മകൾ ദേവനന്ദയും എട്ടാം ക്ലാസുകാരനായ മകൻ പാർത്ഥിവും ദിനേശന്റെ പ്രവർത്തനങ്ങളിൽ കരുത്തായി കൂടെയുണ്ട്. മക്കൾ ഇരുവരും വോളി ഫ്രന്റ്‌സിൽ പരിശീലനം നേടുന്നുണ്ട്.


കായികരംഗത്തു മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങളിലും വോളി ഫ്രന്റ്്‌സ് സജീവമായി രംഗത്തുണ്ട്. ക്ലബ്ബിന്റെ ചാരിറ്റി വിഭാഗമായ ഉറവയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങളിലും ഇവർ സജീവമായി ഇടപെടുന്നു. നിർധന രോഗികൾക്കുള്ള മരുന്നു വിതരണവും യുവതികൾക്കായി തയ്യൽ പരിശീലനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 
ഒരു ദേശത്തിന്റെ വികസനചരിത്രത്തിൽ കായികമേഖലയ്ക്കുള്ള പങ്ക് എത്രത്തോളമുണ്ടെന്ന് ഈ ഗ്രാമം വെളിപ്പെടുത്തുന്നു. ഏതൊരു പ്രദേശത്തിനും മാതൃകയാക്കാവുന്നതാണ് വോളി ഫ്രന്റ്‌സിന്റെയും അതിന്റെ അമരക്കാരനായ ദിനേശിന്റെയും പ്രവർത്തനങ്ങൾ. ആരോഗ്യവും സംസ്‌കാരവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഇവരുടെ ലക്ഷ്യം.


 

Latest News