കുവൈത്തില്‍ ആശുപത്രിയിലെ  അവസാന രോഗിയും രോഗമുക്തി നേടി

കുവൈത്ത് - വ്യാഴാഴ്ച കുവൈത്തിലെ മിശ്രിഫ് ഫീല്‍ഡ് ആശുപത്രിയിലെ അവസാന കോവിഡ് രോഗിയും രോഗം ഭേദമായി പുറത്തിറങ്ങി. ഇതോടെ സീറോ കോവിഡ് സ്റ്റാറ്റസ് ഏതാനും ദിവസത്തിനകം നേടുന്ന രാജ്യമായി മാറാന്‍ സാദ്ധ്യതയേറി. ആശുപത്രി ഡെപ്യൂട്ടി ഡയറക്ടറായ ഡോ.ഫൗസി അല്‍ ഖവാരി ഈ വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചു. രോഗമുക്തി നേടിയയാള്‍ക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരും ആശുപത്രി അധികൃതരും യാത്രയയപ്പ് നല്‍കി. രോഗമുക്തി നിരക്ക് 99.33 ആണ് നിലവില്‍ കുവൈത്തില്‍. ആരോഗ്യമന്ത്രാലയം അറിയിച്ചതനുസരിച്ച് ഇപ്പോള്‍ 18 പേരാണ് രാജ്യത്ത് ചികിത്സയിലുളളത്. ഇവരും വൈകാതെ രോഗമുക്തി നേടുമെന്നാണ് പ്രതീക്ഷ. നേട്ടം കൈവരിക്കാന്‍ സഹായിച്ച ആരോഗ്യ പ്രവര്‍ത്തകരോടും കുവൈത്ത് ആരോഗ്യമന്ത്രി ഷെയ്ഖ് ബാസില്‍ അസ്വബാഹിന്‍ നന്ദി പറഞ്ഞു.
 

Latest News