തിരൂർ മുതൽ ബ്രൂണെ വരെ

മന്ത്രിയായി ചുമതലയേറ്റ ഡത്തിൻ ദയാങ് ഹാജാ ഇലിൻഡയും ഇലിൻഡയുടെ സഹോദരീ ഭർത്താവും മന്ത്രിയുമായ ദത്തൂർ അവാങ് ഹാജി മത്‌സുനിയും

തലശ്ശേരിക്കാരൻ ദേവൻനായർ സിംഗപ്പൂരിൽ പ്രസിഡന്റായത് പോലെ, കണ്ണൂരിൽ വേരുകളുള്ള മഹാതീർ മുഹമ്മദ് മലേഷ്യയിൽ പ്രധാനമന്ത്രിയായത് പോലെ, തിരൂർ വൈലത്തൂർ സ്വദേശി ബി.എം. കുട്ടി പാക് പ്രതിപക്ഷ പാർട്ടി നേതാവും പെഷവാർ ഗവർണറുടെ അഡൈ്വസറുമായത് പോലെ പിതാവിന്റെ താവഴിയിലൂടെ തിരൂർ പോത്തനൂരുമായി ബന്ധമുള്ള രണ്ടു പേർ ഇതാ ബ്രൂണെ ക്യാബിനറ്റിൽ...  ഭരണസിരാകേന്ദ്രങ്ങളിൽ മലയാളത്തിന്റെ പെരുമ വീണ്ടും കടൽ കടക്കുന്നു.

ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ ബ്രൂണെയുടെ തലസ്ഥാനമായ ബന്തർ സെരി ഭഗവാനിലെ പാർലമെന്റ് മന്ദിരത്തിൽ ഇരുന്ന് മന്ത്രിയായ ഇലിൻഡ അയക്കുന്ന സ്‌നേഹസന്ദേശങ്ങൾ ഇങ്ങകലെ മലപ്പുറം ജില്ലയിലെ തിരൂർ വൈരങ്കോടിനടുത്ത പോത്തനൂരിലുള്ള ചുങ്കത്ത് കുടുംബത്തിൽ എത്തുമ്പോൾ സീമകളില്ലാത്ത സാഹോദര്യത്തിന്റെ ആഹ്ലാദം നിറയുന്നു. ബ്രൂണെയിലെ ഈ പുതിയ മന്ത്രിയും പോത്തനൂരിലെ ചുങ്കത്ത് കുടുംബവും തമ്മിലുള്ള അകലം ഇപ്പോൾ ഒരു വാട്‌സ്ആപ്പ് മെസേജിനോളം ചെറുതാണ്. തിരൂരിലെ പത്ത് മക്കളടങ്ങളിയ കുടുംബവും ബ്രൂണെയിലെ 14 മക്കളടങ്ങിയ കുടുംബവും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട സാഹോദര്യത്തിന്റെ വർണചിത്രങ്ങളാണ് ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നത്.
തിരൂർ പോത്തനൂർ ചുങ്കത്ത് സി.എ.കുഞ്ഞഹമ്മദ് ഹാജി എന്ന സി.എ.മുഹമ്മദിന്റെ മകളും മരുമകനും ബ്രൂണെയിൽ മന്ത്രിമാരായ വാർത്ത ഏറെ അദ്ഭുതത്തോടെയാണ് കേരളം കഴിഞ്ഞ ദിവസം കേട്ടത്. 

ബ്രൂണെ ഫാമിലി- ചുങ്കത്ത് സി.എ.കുഞ്ഞഹമ്മദ് ഹാജിയുടെ ആദ്യകാലത്തെ ബ്രൂണെയിലെ കുടുംബചിത്രം. ഭാര്യ ഹാജാ നൂർബിയുടെ കൈകളിലുള്ളത് മന്ത്രി ഹാജാ ഇലിൻഡ.


പതിറ്റാണ്ടുകൾക്ക് മുമ്പ് ബ്രൂണെയിൽ പ്രവാസിയായി എത്തിയ സി.എ. മുഹമ്മദിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ബാക്കിപത്രമായിരുന്നു ഈ ശുഭവാർത്ത. ഈ മലയാളിയുടെ മകളായ ഡത്തിൻ ദയാങ് ഹാജ ഇലിൻഡയും അവരുടെ സഹോദരി മൈമൂനയുടെ ഭർത്താവ് ദത്തൂർ അവാങ് ഹാജി മത്‌സുനിയും അടുത്തിടെ ബ്രൂണെയിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് മന്ത്രിപദവിയിലെത്തിയത്. ബ്രൂണെ സുൽത്താൻ ഹാജി ഹസൻ അൽ ബുലൂഖിയ നടത്തിയ മന്ത്രിസഭാ പുനഃസംഘടനയിൽ നിലവിലുള്ള ചില മന്ത്രിമാരെ നിലനിർത്തുകയും പുതിയവരെ ഉൾപ്പെടുത്തുകയുമായിരുന്നു. നേരത്തെ മന്ത്രിസഭയിലുണ്ടായിരുന്ന അവാങ് ഹാജി മത്‌സുനിക്ക് വീണ്ടും മന്ത്രി സ്ഥാനം ലഭിച്ചു. ഊർജവകുപ്പിന്റെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. ഹാജാ ഇലിൻഡക്കാകട്ടെ സുൽത്താന്റെ ഓഫീസ് കാര്യങ്ങളുടെ ചുമതലയുള്ള സഹമന്ത്രിയെന്ന പദവിയും ലഭിച്ചു. അഭിഭാഷകയായ ഹാജ ഇലിൻഡ ആദ്യമായാണ് മന്ത്രിസ്ഥാനത്തെത്തുന്നത്. കുഞ്ഞിഹമ്മദ് ഹാജിയുടെ മകൾക്കും മരുമകനും ലഭിച്ച മന്ത്രിസ്ഥാനം തിരൂർ ചുങ്കത്ത് കുടുംബത്തിനും അഭിമാനമാവുകയാണ്. 
1930 കളിലാണ് കുഞ്ഞഹമ്മദ് ബ്രൂണെയിലേക്ക് പോകുന്നത്. അവിടെ നേരത്തെയുണ്ടായിരുന്ന അടുത്ത ബന്ധുക്കൾ മുഖേന ജോലി തേടിയുള്ള കുടിയേറ്റം. അക്കാലത്ത് കേരളത്തിൽനിന്നുള്ള കുടിയേറ്റം പ്രധാനമായും മലേഷ്യയിലേക്കും സിങ്കപ്പൂരിലേക്കുമായിരുന്നു. എന്നാൽ സി.എ. മുഹമ്മദിന്റെ യാത്രാനിയോഗം ബ്രൂണെയിലേക്കായിരുന്നു. അന്ന് ബ്രിട്ടീഷ് കോളനിയായിരുന്ന ബ്രൂണെയിലെ സെറിയയിൽ വ്യവസായ മേഖലയിൽ ചെറിയൊരു ഹോട്ടൽ ആരംഭിച്ച് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ലോക   മഹായുദ്ധത്തിന്റെ അസ്വസ്ഥതകൾ പുകഞ്ഞുയരുന്ന കാലമായിരുന്നു പിന്നീട്. സഖ്യകക്ഷികൾക്കെതിരെ യുദ്ധം ശക്തമാക്കിയ ജപ്പാൻ സൈന്യം ബ്രൂണെയെ അവരുടെ അധീനതയിലാക്കി. ബ്രൂണെയുടെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രവും എണ്ണസമ്പത്തും ഉപയോഗപ്പെടുത്താൻ വേണ്ടിയായിരുന്നു ജപ്പാന്റെ അധിനിവേശം. യുദ്ധത്തിൽ വിജയിക്കാൻ ബ്രൂണെയുടെ എല്ലാ വിഭവങ്ങളും ജപ്പാൻ ഉപയോഗപ്പെടുത്താൻ തുടങ്ങി. ഈ സാഹചര്യം നിലനിൽക്കുന്നതിനിടെയായിരുന്നു കുഞ്ഞഹമ്മദ് ഹാജിയുടെ വിവാഹം. ബ്രൂണെ സ്വദേശിനിയായ നൂർബി അങ്ങിനെ മലയാളിയായ മുഹമ്മദിന്റെ പത്‌നിയായി. തിരൂരും ബ്രൂണെയും തമ്മിലുള്ള അപൂർവമായ ഒരു കുടുംബ ബന്ധത്തിന്റെ കഥ തുടങ്ങുന്നത് അവിടെ നിന്നാണ്.

സി.എ.കുഞ്ഞഹമ്മദ് ഹാജി (പഴയചിത്രം)

നൂർബിയിൽ സി.എ.മുഹമ്മദിന് ജനിച്ചത് 14 മക്കൾ. കുടുംബത്തോടൊപ്പം ബിസിനസും വളർന്നു. തലസ്ഥാനമായ ബന്തർ സരി ഭഗവാനിലും 150 കിലോമീറ്ററോളം അകലെയുള്ള സെറിയയിലുമായി ഹോട്ടലുകളും പ്രൊവിഷൻ സ്റ്റോറുകളും അദ്ദേഹം തുടങ്ങി. ചെറിയ രാജ്യമായ ബ്രൂണെയിൽ സി.എ.മുഹമ്മദ് അറിയപ്പെടുന്ന ആളായി  മാറി. ഇടക്കാലത്ത് നാട്ടിലെത്തിയ അദ്ദേഹം തിരൂർ കന്മനം സ്വദേശിനിയായ ഞാറക്കാട്ട്  നഫീസയെ വിവാഹം കഴിച്ചു. ആ ബന്ധത്തിൽ 10 മക്കളാണുള്ളത്. തിരൂർ പോത്തനൂരിലും ബ്രൂണെയിലുമുള്ള കുടുംബങ്ങളെ പരസ്പര സ്‌നേഹത്തോടെയും അടുപ്പത്തോടെയുമാണ് അദ്ദേഹം വളർത്തിയത്. നാട്ടിലുള്ള മക്കളായ സുബൈദ, ഫാത്തിമ, ജമീല, സൈനബ, അലവിക്കുട്ടി എന്ന കുഞ്ഞു, കുഞ്ഞിക്കാദർ, സഫിയ, റംല, സെയ്ഫുദ്ദീൻ, ഹസീന എന്നിവർ ബ്രൂണെയിൽ പല തവണ പോയവരാണ്.  ഹസീന ജനിച്ചത് തന്നെ ബ്രൂണെയിലാണ്. സുബൈദ, ഫാത്തിമ എന്നിവരൊഴികെ എല്ലാ മക്കളും ബ്രൂണെയിൽ പഠിച്ചിട്ടുമുണ്ട്. ബ്രൂണെയിലെ പോലെ തിരൂരിലും സി.എ.കുഞ്ഞിമുഹമ്മദ് ഹാജി വ്യാപാര സ്ഥാപനങ്ങൾ ആരംഭിച്ചിരുന്നു. സി.എ.കെ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഈ സ്ഥാപനങ്ങൾ ഇപ്പോൾ നടത്തുന്നത് ഇവിടെയുള്ള മക്കളാണ്. ബ്രൂണെയിൽ സി.എ.എം. ഗ്രൂപ്പ് എന്ന പേരിൽ കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ ബിസിനസ് അദ്ദേഹത്തിന്റെ മരണശേഷം നടത്തുന്നത് അവിടെയുള്ള മക്കളാണ്.      ബ്രൂണെയിലുള്ള 14 മക്കളിൽ ഒമ്പതാമത്തെ മകളാണ് മന്ത്രിയായ ഹാജാ ഇലിൻഡ.


കുഞ്ഞഹമ്മദ് ഹാജി 1990 ൽ 72 -ാമത്തെ വയസിൽ തിരൂർ പോത്തനൂരിലെ വീട്ടിൽ വെച്ചാണ് മരിച്ചത്. അതിന്റെ എട്ടുമാസം മുമ്പാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നാട്ടിലെത്തിയത്.  അവസാന നാളുകളിൽ അദ്ദേഹത്തെ കാണാൻ, ബ്രൂണെയിലെ പത്‌നി നൂർബിയും ഇപ്പോൾ മന്ത്രിയായ ഇലിൻഡ ഉൾപ്പടെയുള്ള മക്കളും തിരൂരിലെത്തിയിരുന്നു. സി.എ കുഞ്ഞിമുഹമ്മദ് ഹാജി മരിക്കുന്നതിന്റെ രണ്ടുദിവസം മുമ്പ് അവിടുത്തെ മൂത്തമകൻ ഇബ്രാഹിം വീണ്ടും തിരൂലെത്തിയിരുന്നു. ഹാജിയുടെ ഭാര്യ ഹാജാ നൂർബി പത്തുവർഷം മുമ്പും നഫീസ ഹജ്ജുമ്മ ഒരു വർഷം മുമ്പും മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷവും ബ്രൂണെയിലെ മക്കൾ തിരൂരിലെത്താറുണ്ട്. നാട്ടിലെ പള്ളിക്കും മദ്രസക്കും അവർ കൈയയച്ച് സഹായങ്ങൾ നൽകി വരുന്നുണ്ട്.
പിതാവ് രണ്ടു വിവാഹം കഴിച്ചിരുന്നെങ്കിലും ഒരു തരത്തിലുമുള്ള വേർതിരിവില്ലാതെയാണ് രണ്ടു കുടുംബങ്ങളെയും വളർത്തിയതെന്ന് തിരൂർ താഴെപാലത്ത് താമസിക്കുന്ന അദ്ദേഹത്തിന്റെ മക്കളായ അലവിക്കുട്ടി എന്ന കുഞ്ഞുവും കുഞ്ഞിക്കാദറും ഓർക്കുന്നു. ഇരുവരും തിരൂരിൽ ബിസിനസ് നടത്തുകയാണ്. ബ്രൂണെയിലുള്ള സഹോദങ്ങളുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്ന് അവർ പറയുന്നു. ബ്രൂണെയിലും തിരൂരുമുള്ള കുടുംബാംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. പിതാവിന്റെ മരണശേഷവും ബന്ധം ശക്തമായി തന്നെ തുടരുന്നു. കഴിഞ്ഞ വർഷം അലവിക്കുട്ടിയുടെ മൂത്ത മകന്റെ വിവാഹത്തിന് ഇലിൻഡയുടെ സഹോദരി മൈമൂനയും ഭർത്താവും ഊർജമന്ത്രിയുമായ അവാങ് ഹാജി മത്‌സുനി ഉൾപ്പടെ എട്ടു കുടുംബാംഗങ്ങളും എത്തിയിരുന്നു. തിരൂരിലും പോത്തനൂരിലുമെല്ലാം ഏറെ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു കുഞ്ഞഹമ്മദ് ഹാജി. പാണക്കാട് സയ്യിദ് പൂക്കോയതങ്ങളുമായും മുഹമ്മദലി ശിഹാബ് തങ്ങളുമായൊക്കെ ബാപ്പക്കുണ്ടായിരുന്ന അടുപ്പത്തെ കുറിച്ച് മകൻ അലവിക്കുട്ടി ഓർക്കുന്നു. ബ്രൂണെയിലായിരുന്നപ്പോഴും നാടുമായി അടുത്ത ബന്ധമാണ് കുഞ്ഞഹമ്മദ് ഹാജി പുലർത്തിയിരുന്നത്. എല്ലാവർഷവും ഡിസംബറിൽ ബ്രൂണെയിൽ സ്‌കൂൾ അവധി തുടങ്ങുമ്പോൾ കുടുംബവുമായി നാട്ടിലെത്തും. പിന്നീട് രണ്ടുമാസത്തിന് ശേഷമാണ് തിരിച്ചു പോയിരുന്നത്. 

കുഞ്ഞഹമ്മദ് ഹാജിയുടെ മക്കളായ അലവിക്കുട്ടി എന്ന കുഞ്ഞുവും കുഞ്ഞിക്കാദറും തിരൂരിലെ വസതിയിൽ.


ഇരുകുടുംബങ്ങളിലും പ്രധാനപ്പെട്ട ചടങ്ങുകൾ നടക്കുേമ്പാഴെല്ലാം പരസ്പരം അറിയിക്കുകയും പങ്കെടുക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു വരുന്നുണ്ട്. കുഞ്ഞിമുഹമ്മദ് ഹാജിയുടെ നാട്ടിലെ മക്കളും ബ്രൂണെയിലെ മക്കളും ഏറെക്കാലം അവിടെ ഒന്നിച്ചാണ് വളർന്നത്. നബീസയും മക്കളും ബന്ദർ സെരി ഭഗവാനിലെ വീട്ടിലായിരുന്നു താമസം. ഹാജാ നൂർബിയും മക്കളും സെറിയയിലും. എല്ലാ മക്കൾക്കും മികച്ച വിദ്യാഭ്യാസം നൽകാൻ കുഞ്ഞിമുഹമ്മദ് ഹാജി ശ്രദ്ധിച്ചിരുന്നു. ഇരു കുടുംബാംഗങ്ങളും തമ്മിൽ ഇംഗ്ലീഷിലാണ് പ്രധാനമായും ആശയവിനിമയം നടത്തുന്നത്.  സഹോദരി ഇലിൻഡയും അളിയനും മന്ത്രിമാരായപ്പോൾ തിരൂരിലെ കുടുംബാംഗങ്ങൾ ആശംസാസന്ദേശങ്ങൾ കൈമാറിയിരുന്നു.

ഏറെ കഠിനാധ്വാനിയായിരുന്നു പിതാവെന്ന് അലവിക്കുട്ടിയും കുഞ്ഞിക്കാദറും ഓർക്കുന്നു. ആദ്യകാലങ്ങളിൽ ബ്രൂണെയിലെ ജീവിതം കഷ്ടപ്പാടിന്റേതായിരുന്നു. എന്നാൽ ഏറെ ബുദ്ധിമുട്ടി കച്ചവടം വളർത്തിയെടുക്കുകയും സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്ന വ്യക്തിയായി മാറുകയും ചെയ്തു. ആദ്യകാലങ്ങളിൽ ബ്രൂണെ ഭരണാധികാരികളുടെ വിരുന്നുകളിൽ അദ്ദേഹം ക്ഷണിതാവുമായിരുന്നു. നാട്ടിൽ അദ്ദേഹമുണ്ടാക്കിയ പോത്തനൂരിലുള്ള തറവാട്ട് വീട്ടിൽ ഇപ്പോൾ താമസിക്കുന്നത് ചെറിയ മകൻ സെയ്ഫുദ്ദീനും കുടുംബവുമാണ്. മറ്റ് ആൺ മക്കളെല്ലാം തിരൂരിന്റെ വിവിധ ഭാഗങ്ങളിലാണ് താമസം. 

തിരൂർ പോത്തനൂരിൽ കുഞ്ഞഹമ്മദ് ഹാജി താമസിച്ചിരുന്ന ചുങ്കത്ത് തറവാട്. 


രണ്ടു രാജ്യങ്ങൾക്കിടയിലുള്ള കുടുംബബന്ധങ്ങൾ അരക്കിട്ടുറപ്പിച്ചാണ് കുഞ്ഞിമുഹമ്മദ് ഹാജി യാത്രയായത്. അപൂർവ്വമായൊരു രക്തബന്ധത്തിന്റെ സ്മരണകൾ പോത്തനൂരിൽ ഇപ്പോഴും നിലനിൽക്കുന്നു. അത് ചിറകു വിടർത്തി പറക്കുകയാണ്, അങ്ങകലെ ബ്രൂണെയിലേക്ക്...
തലശ്ശേരിക്കാരൻ ദേവൻനായർ സിംഗപ്പൂരിൽ പ്രസിഡന്റായത് പോലെ, കണ്ണൂരിൽ വേരുകളുള്ള മഹാതീർ മുഹമ്മദ് മലേഷ്യയിൽ പ്രധാനമന്ത്രിയായത് പോലെ, തിരൂർ വൈലത്തൂർ സ്വദേശി ബി.എം. കുട്ടി പാക് പ്രതിപക്ഷ പാർട്ടി നേതാവും പെഷവാർ ഗവർണറുടെ അഡൈ്വസറുമായത് പോലെ പിതാവിന്റെ താവഴിയിലൂടെ തിരൂർ പോത്തനൂരുമായി ബന്ധമുള്ള രണ്ടു പേർ ഇതാ ബ്രൂണെ ക്യാബിനിറ്റിൽ.. 
ഭരണസിരാകേന്ദ്രങ്ങളിൽ മലയാളത്തിന്റെ പെരുമ വീണ്ടും കടൽ കടക്കുന്നു.

 

 

 


 

Latest News