സംഗീതത്തെ പ്രണയിക്കുന്ന കലാകാരനാണ് ഫായിസ് ഉമർ. ഖത്തറിലെ ഒരു കൺസൾട്ടൻസി സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഫായിസ് പാടാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. ഈയിടെ അലെസാഹ് ശാസ് മീഡിയ ക്രിയേഷൻസിന്റെ ബാനറിൽ ഷംസീർ അബ്ദുല്ല നിർമിച്ച് അൻഷാദ് തൃശൂരിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു കൊട്ട പൊന്നുണ്ടല്ലോ എന്ന ഗാനത്തിന്റെ റീമിക്‌സ് വേർഷനിലൂം ഫായിസിന്റെ പങ്കാളിത്തമുണ്ടായിരുന്നു.
തൃശൂർ ജില്ലയിലെ കേച്ചേരി സ്വദേശിയായ ഫായിസിന് ചെറുപ്പം മുതലേ പാട്ടുകളോട് കമ്പമുണ്ടായിരുന്നെങ്കിലും പാട്ടു പഠിക്കാനുള്ള സൗകര്യം ലഭിച്ചില്ല. ധാരാളം പാട്ടുകൾ പാടിയും കേട്ടും സംഗീതത്തെ പ്രണയിച്ച ഫായിസ് സ്‌കൂൾ കലോൽസവങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഫായിസിന്റെ ഉമ്മ സൈനബയായിരുന്നു അവനെ ഏറ്റവുമധികം പ്രോൽസാഹിപ്പിച്ചത്. ദീർഘകാലമായി ഖത്തറിൽ ബിസിനസുകാരനായ ഉമർ ഹാജിയാണ് ഫായിസിന്റെ പിതാവ്.
തൃശൂർ കേരള വർമ കോളേജിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ ചെയ്തപ്പോഴും സംഗീത വേദികളിലെ സജീവ സാന്നിധ്യമായി ഫായിസുണ്ടായിരുന്നു. കൊമേഴ്‌സിൽ മാസ്റ്റേഴ്‌സ് ബിരുദമെടുത്ത് കണക്കുകളുടെ ലോകത്ത് ജോലി ചെയ്യുമ്പോഴും ഫായിസിനെ ഏറ്റവും പ്രചോദിപ്പിക്കുന്നത് പാട്ട് വേദികളാണ്. കൊറോണ കാരണം കാര്യമായ വേദികളൊന്നുമില്ലെങ്കിലും വീണുകിട്ടുന്ന ചെറിയ അവസരങ്ങളെ ആഘോഷമാക്കിയാണ് ഫായിസ് ആനന്ദം കണ്ടെത്തുന്നത്.
പാട്ടു പാടിത്തുടങ്ങിയപ്പോൾ ലഭിച്ച വിശാലമായ സൗഹൃദം സംഗീതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നുണ്ട്. ഡ്രൈവിംഗ് സ്‌കൂളിൽ ചേർന്ന സമയത്ത് തികച്ചും യാദൃഛികമായാണ് ഖത്തറിലെ സംഗീത സംവിധായകനായ അൻഷാദ് തൃശൂരിനെ പരിചയപ്പെട്ടത്. തന്റെ ഡ്രൈവിംഗ് ഇൻസ്ട്രക്ടറായി അൻഷാദിനെ കിട്ടിയതോടെ പഠനം മാത്രമല്ല, സംഗീത ജീവിതവും ആഘോഷമായി. മാപ്പിളപ്പാട്ടുകൾ പാടിയാണ് തുടങ്ങിയതെങ്കിലും എല്ലാ തരം പാട്ടുകളും ഫായിസിന് വഴങ്ങും. അറബിപ്പാട്ടുകളോട് പ്രത്യേക താൽപര്യമുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് ഗാനങ്ങളും ഗസലുകളും പാടി സഹൃദരുടെ കൈയടി വാങ്ങുന്ന ഫായിസ് സ്വന്തമായ താൽപര്യത്തിൽ യു ട്യൂബ് നോക്കിയും കൂട്ടുകാരോട് ചോദിച്ചുമൊക്കെയാണ് ഗിറ്റാർ വായിക്കാൻ പഠിച്ചതെന്നത് അദ്ദേഹത്തിന്റെ സംഗീതത്തോടുള്ള താൽപര്യമാണ് അടയാളപ്പെടുത്തുന്നത്.






