Sorry, you need to enable JavaScript to visit this website.

ജന്മസുകൃതം, ജയഘോഷം

'ഉലയില്ല ബന്ധം, ദൃഢമാണ് സൗഹൃദം 
ഉയരില്ല,വേർപിരിയൽ തീർക്കുന്ന ഗദ്ഗദം.' 

'ഒരു പുലർകാല സ്വപ്‌നം' എന്ന കവിതയിൽ ജയഘോഷ് മാഷ് കുറിച്ചിട്ട വരികൾ കേവലമൊരു കവിഭാവനയല്ലെന്നും സ്വന്തം ജീവിതത്തോട് ചേർത്തു വെച്ച ചങ്ങാതിക്കൂട്ടങ്ങളെ എക്കാലവും കരുതലോടെ കാത്തു സൂക്ഷിക്കുന്ന ഒരാത്മാവിന്റെ ആഴങ്ങളിൽ നിന്ന് താനേ പ്രവഹിച്ച സത്യസന്ധമായ ഒരാത്മഗതം തന്നെയാണെന്നും മാഷെ  അറിയുന്ന ഏതൊരാളും എളുപ്പം തിരിച്ചറിയും. തീർച്ച! 
ഈ സൗഹൃദത്തിന്റെ ഊഷ്മള ഭാവങ്ങൾ ആവോളം അനുഭവിക്കാൻ ഭാഗ്യം ലഭിച്ച കോഴിക്കോട് സർവകലാശാല മലയാള-കേരള പഠന വിഭാഗത്തിലെ സഹപ്രവർത്തകരും വിദ്യാർത്ഥികളുമെല്ലാം  ചേർന്ന് അക്ഷരങ്ങൾ കൊരുത്തു ജയഘോഷ് മാഷ്‌ക്ക് നൽകിയ ഹൃദ്യമായ ഒരു യാത്രാമൊഴിയത്രേ, 'നാട്ടുവഴിയുടെ മിടിപ്പുകൾ' എന്ന പുസ്തകം.  


വിവിധ കാലങ്ങളിലായി ആനുകാലികങ്ങളിലും ആകാശവാണിയിലും മറ്റുമായി മാഷ് അവതരിപ്പിച്ച കവിതകളും കഥകളും നർമക്കുറിപ്പുകളും ഒപ്പം മലയാള കേരള പഠന വിഭാഗത്തിലെ സഹപ്രവർത്തകരും വിദ്യാർത്ഥികളും പങ്കുവെച്ച അദ്ദേഹത്തെ കുറിച്ചുള്ള ആർദ്രമായ ഓർമകളും അനുഭവങ്ങളും സമാഹരിച്ച ഈ പുസ്തകം, ഒരു സഹപ്രവർത്തകന്റെ യാത്രയയപ്പ് വേളയിൽ നൽകാവുന്ന ഏറ്റവും മികച്ച പാരിതോഷികമായി തന്നെയാണ് അനുഭവപ്പെടുന്നത്. വിശിഷ്യാ കുട്ടിക്കാലം തൊട്ടേ അക്ഷരങ്ങളുമായി അഭേദ്യമായ ചങ്ങാത്തത്തിലേർപ്പെട്ട മാഷെ പോലുള്ള ഒരാൾക്കാകുമ്പോൾ ഈ പുസ്തകത്തിന്ന് മാറ്റ് കൂടുന്നുമുണ്ട്.


'ഉടനീളം എഴുതിയെഴുതി നിലകൊള്ളണമെന്നതോ അതിലൂടെ സ്വയം സ്ഥാപിച്ചെടുക്കണമെന്നതോ അദമ്യ ചോദനയല്ലാതാകയാൽ നെഞ്ചുപൊള്ളിക്കുന്ന തീ നോവുകളിൽ പിടച്ചു അവനെഴുതുന്നു, ഇടവിട്ട് മാത്രം. വറ്റിപ്പോകുന്ന പുഴയെ കുറിച്ച് ആശങ്കപ്പെടാതെ ഒഴുകുന്നു. എഴുതിയതിനേക്കാൾ ഇനിയും എഴുതാനുള്ള വിപുലവും വിശുദ്ധവുമായ കവിതകളിലായിരിക്കും ജയഘോഷിന്റെ സർഗവൈഭവം കൂടുതൽ തേജോമയമാവുക എന്ന് തോന്നുന്നു.''


പുസ്തകത്തിന്റെ ആമുഖമായി ചേർത്ത നാന്ദി എന്ന് പേരിട്ട കുറിപ്പിൽ എൽ തോമസുകുട്ടി എഴുതിയ വരികൾ തന്റെ സഹപ്രവർത്തകനുള്ള വാഴ്ത്തുപ്പാട്ടല്ല. ഒരു വ്യക്തി എന്ന നിലയ്ക്കും എഴുത്തുകാരൻ എന്ന നിലയ്ക്കും ശരിക്കും അടുത്തറിയുകയും മനസ്സിലാക്കുകയും ചെയ്ത ഒരാളുടെ കൃത്യമായ നിരീക്ഷണത്തിന്റെ ഫലമായുള്ള വരമൊഴികളായി തന്നെ വായിക്കപ്പെടേണ്ടതുണ്ട്. നിരന്തരം എഴുതുക, സാധ്യമാകുന്നിടത്തെല്ലാം തന്റെ പേരും എഴുതപ്പെടുക എന്ന തരത്തിൽ മാഷ് ഒരിക്കലും തന്റെ സർഗ ചേതനയെ സമീപിച്ചിട്ടില്ല എന്നത് വൈയക്തികമായും അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരു സത്യമാണ്
സർവകലാശാലയിലെ മലയാള വിഭാഗത്തിൽ ഒരു ഉദ്യോഗസ്ഥനെയും ഒരു വർഷത്തിലധികം കാലം ഒരേ ഡിപ്പാർട്‌മെന്റിൽ നിലനിർത്താറില്ല. 


പക്ഷേ ആ പതിവും ചരിത്രവും വഴി മാറി നിന്നത് ജയഘോഷ് മാഷിന്റെ കാര്യത്തിലാണെന്നത് മാത്രമല്ല മലയാള വിഭാഗം എസ് ഓ ആയി മൂന്ന് വർഷത്തോളം പിരിയും വരെ നിലനിർത്താൻ വകുപ്പ് മേധാവികളും ഗവേഷക വിദ്യാർത്ഥികളും ഒരേപോലെ ആവശ്യപ്പെട്ടു എന്നതും ഇനിയുള്ള കാലം ഒരുപക്ഷേ കൗതുകമാർന്ന ഒരു ചരിത്രമായി അവശേഷിച്ചേക്കും. തന്റെ ഔദ്യോഗിക കൃത്യ നിർവഹണത്തിലെ ആത്മാർത്ഥതയ്ക്കും അശ്രാന്ത പരിശ്രമത്തിനും കാലം ചാർത്തിക്കൊടുത്ത ഏറ്റവും മികച്ച ദൃഷ്ടാന്തമാണത്. ഏറെ വിലമതിക്കാവുന്ന പുരസ്‌കാരവും അത് തന്നെയാണ്.


എഴുപത്തിരണ്ട് പേജുകളുള്ള പുസ്തകത്തിന്റെ അവസാന ഇരുപത്തിരണ്ട് താളുകളും നിറഞ്ഞിരിക്കുന്നത് ജയഘോഷ് മാഷ്  തന്റെ ഡിപ്പാർട്‌മെന്റിലും തന്റെ മുന്നിലുള്ള ഒഴിഞ്ഞ കസേരകളിൽ വന്നിരുന്നവരുടെ മനസ്സും നിറച്ച, പെരുമാറ്റത്തിന്റെയും ഇടപെടലുകളുടെയും നേരനുഭവങ്ങളുടെ സുഖവും സമൃദ്ധവുമായ ഓർമകൾ കൊണ്ടാണ്.
അവരോരുത്തരും കുറിച്ചിട്ട എക്കാലവും കേൾക്കാനും വായിക്കാനും ഇമ്പമുള്ള ഓർമകളിലൂടെ കടന്നു പോകുമ്പോൾ, പാലാഴിയിലെ അർച്ചന എന്ന ട്യൂട്ടോറിയലിൽ നിന്ന് നാല് വർഷക്കാലം ഇഴമുറിയാതെ അനുഭവിച്ച ആ കരുതലും സ്‌നേഹവും  ഒരു കാലത്തും കൈമോശം വരരുതേയെന്ന് പ്രാർത്ഥനയോടെ ഉള്ളേറ്റിയ സൗഹൃദത്തിന്റെയും ദീപ്തമായ ഓർമകൾക്ക് ആധികാരികമായ വാക്കുകൾ രചിതമാവുകയായിരുന്നു എന്ന ചാരിതാർഥ്യം സത്യമായും 'നാട്ടുവഴിയുടെ മിടിപ്പുകളിലെ' ഓരോ വരിയിലും അനുഭവിക്കുകയായിരുന്നു.
വിദ്യ മാത്രമല്ല ഉദാത്തമായ ഒരു സംസ്‌കാരവും നിഷ്‌കളങ്കമായ മാനവികതയും  ഞങ്ങളിലേക്ക് പകർന്നു തന്ന,  അക്ഷരങ്ങൾക്ക് ക്ഷരമില്ലെന്ന് ആദ്യമായി കരളിൽ ഉറപ്പിച്ചു തന്ന മാഷിന്റെ നിവർത്തി പിടിച്ച കൈക്കുമ്പിളിലേക്ക് ചുരുങ്ങിയ ഒരു മൂർദ്ധാവായി, ഞാനിതാ ഈ അക്ഷരക്കൂട്ടങ്ങളെയും ചേർത്തു വെക്കുന്നു.

Latest News