മലയാളത്തിന്റെ ഋതുഭംഗികളെ സൈകത ഭൂമിയുടെ മനസ്സിലേക്ക് ആവാഹിച്ച സായാഹ്നം. ജിദ്ദയിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ 'തൃപ്തി' ഇരുപതു വർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രേക്ഷകർ സാക്ഷ്യം വഹിച്ചത് ഒരു പുതിയ ഋതു സംക്രമത്തിനാണ്. ജിദ്ദയുടെ കലാസാംസ്‌കാരിക രംഗത്ത് വേറിട്ട ഒരു പാത തുറന്നുകൊണ്ട്, ഇടശ്ശേരിയുടെ 'പൂതപ്പാട്ടിന്റെ' രംഗാവിഷ്‌കാരത്തോടെ യാത്ര ആരംഭിച്ച തൃപ്തി രണ്ടു ദശകങ്ങൾ പൂർത്തിയാക്കുന്ന സന്തോഷകരമായ മുഹൂർത്തത്തിന്റെ ആഘോഷവേള.

കശ്മീരിൽ നിന്നും കന്യാകുമാരിയിലേക്ക് വിവിധ സാംസ്‌കാരിക വൈവിധ്യങ്ങളിലൂടെ തൃപ്തി ഓടിച്ച 'സംസ്‌കൃതി എക്‌സ്പ്രസ്' എന്ന തീവണ്ടി, അമ്പത്തിനാല് കലാകാരന്മാരെ ഒരേ വേദിയിൽ അണിനിരത്തി കേരളത്തിന്റെ സാംസ്‌കാരിക തനിമയും കലാരൂപങ്ങളും പരിചയപ്പെടുത്തിയ ദൃശ്യകേരളം സൗദിയിലെ ആദ്യത്തെ പ്രൊഫഷണൽ നാടകമായ ആലിബാബയും നാൽപതു കള്ളന്മാരും, വർഷവും ഗ്രീഷ്മവും വസന്തവും അരങ്ങിലെത്തിച്ച ഋതുക്കൾ, മലയാളിയുടെ ഗൃഹാതുരത യുടെ ആഴങ്ങൾ കാണിച്ചുതന്ന നൊസ്റ്റാൾജിയ, കേരളത്തിന്റെ സ്വന്തം സ്‌കൂൾ യുവജനോത്സവത്തെ ഈ മുത്തശ്ശി നഗരത്തിലേക്ക് പറിച്ചുനട്ട തൃപ്തി യൂത്ത് ഫെസ്‌റ് അങ്ങനെ രണ്ടു ദശകങ്ങൾ തൃപ്തിക്കു നൽകിയത് ഒട്ടനവധി പൊ ൻതൂവലുകളാണ്.

തൃപ്തിയുടെ ഇരുപതാം വാർഷികോപഹാരമായി പുറത്തിറക്കിയ ഋതു എന്ന ഓർമപ്പുസ്തകത്തിന്റെ പ്രകാശന വേള കൂടിയായിരുന്നു. കൈയെഴുത്തു പ്രതിയിൽ തുടങ്ങി, മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരും ജിദ്ദയുടെ സ്വന്തം കലാകാരന്മാരും ഭാഗമായ ഋതുവിൽ എത്തിനിൽക്കുന്നു തൃപ്തിയുടെ അക്ഷരയാത്ര. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വേദിയിലും വിദൂര സാന്നിധ്യത്തിലും ആയി പ്രശസ്ത ഗായകനും തൃപ്തി അംഗവുമായ ബൈജൂദാസിന്റെ പ്രാത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയുടെ അവതാരക പ്രിയാ രാജേഷ് ആയിരുന്നു. തൃപ്തിയുടെ ഇന്നലെകളെക്കുറിച്ചു അനിൽ നാരായണയും ഋതുവിന്റെ നാൾവഴികൾ കുറിച്ച് ഹംസ മദാരിയും സംസാരിച്ചു. കാളിദാസ് പുതുമന, അബു ഇരിങ്ങാട്ടിരി, പി.ജെ. ജെ. ആന്റണി, പി.ടി നരേന്ദ്ര മേനോൻ, സുകുമാരി നരേന്ദ്ര മേനോൻ, മണ്ണൂർ രാജകുമാരനുണ്ണി, പി മുരളി, രംഗനാഥ ശർമ എന്നിവർക്കൊപ്പം, മൺമറഞ്ഞ അക്ബർ കക്കട്ടിലിന്റേയും ഷഡാനനൻ ആനിക്കത്തിന്റേയും രചനകളുമുണ്ട്. സൗദി അറേബ്യയുടെ സ്വന്തം എഴുത്തുകാരുടെ സൃഷ്ടികളും ഋതുവിനെ സമൃദ്ധമാക്കുന്നു. സുനിൽ മംഗലശ്ശേരി, അനിൽ നാരായണ, ഹംസ മദാരി, ഷെൽന വിജയ്, രാജേഷ് കുളങ്ങര സജ്ന റസാഖ്, ഹരി കൊഴുവല്ലൂർ, ലൗലി സജി, സജി പണിക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള എഡിറ്റോറിയൽ ബോർഡാണ് ഋതുവിനെ അണിയിച്ചൊരുക്കിയത്. തൃപ്തി പ്രസിഡന്റ് സുനിൽ മംഗലശ്ശേരിയുടെ അധ്യക്ഷതയിൽ തുടങ്ങിയ യോഗം ഒ.ഐ.സി.സി പ്രസിഡന്റ് ശങ്കർ എളങ്കൂർ ഉദ്ഘാടനം ചെയ്തു.
അമൽ അനിൽ നാരായണ സാക്ഷാത്കാരം നിർവഹിച്ച, സ്മൃതി സജി, അനഘ അനിൽ എന്നിവർ ചേർന്നവതരിപ്പിച്ച ഋതു എന്ന നൃത്ത ശിൽപം, ഷെല്ല ദിൽഷാദിന്റെ കവിത, പ്രതിക് ബാജി അവതരിപ്പിച്ച കവിത എന്നിവ ചടങ്ങിന്റെ ഭാഗമായി. അതിഥിയായി എത്തിയ മിർസ ഷെരിഫ്, ബൈജു ദാസ് എന്നിവർ മനോഹരമായ ഗാനങ്ങൾ ആലപിച്ചു.

നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, കഥാകൃത്ത് റുബീന നിവാസിന് ഓർമപ്പുസ്തകം നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. തുടർന്ന് ഏഴുത്തുകാരായ കാളിദാസ് പുതുമന, ഗോപി നെടുങ്ങാടി, ഉസ്മാൻ ഇരുമ്പുഴി, പി. മുരളി, അബു ഇരിങ്ങാട്ടിരി, ഡോക്ടർ വിനിത പിള്ള, അരുവി മോങ്ങം, തൃപ്തി മുൻ സാരഥികളായ മുരളി തച്ചൻകോട്, വിജയരാഘവൻ, സി.പി ബാബു, അനന്തകൃഷ്ണൻ, മാഗസിൻ കമ്മിറ്റി അംഗങ്ങളായ ഷെൽന വിജയ്, സജ്ന റസാഖ്, ലൗലി സജി, ഹരി കൊഴവല്ലൂർ എന്നിവർ ആശംസകൾ നേർന്നു. രാജേഷ് കുളങ്ങര, തൃപ്തി അംഗവും എഴുത്തുകാരനുമായ അനിൽ നാരായണയുടെ കലാ സാഹിത്യ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ജിദ്ദയിലെ ഇതര കലാ സാംസ്‌കാരിക, രാഷ്ട്രീയ പ്രവർത്തനങ്ങളിലും തൃപ്തിയുടെ കൈയൊപ്പുണ്ടായിരുന്നു എന്ന് അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു. സുജിത് നമ്പ്യാർ, സജി പണിക്കർ എന്നിവർ നിയന്ത്രിച്ച പരിപാടിയുടെ നന്ദി ദിൽഷാദ് കൂളത്ത് പറഞ്ഞതോടെ ഋതു സംക്രമത്തിനു തിരശ്ശീല വീണു. ഋതു കോപ്പി ആവശ്യമുള്ളവർ വാട്‌സ് ആപ് ചെയ്യുക: 0506646628 (സജി പണിക്കർ) 0535207876 (ദിൽഷാദ്).






