മുഗ്ധം, മധുരം - മുത്തുവിന്റെ ആലാപനം

മുത്തു കെ. ലത്തീഫ്
മുത്തു കുടുംബത്തോടൊപ്പം
മുത്തു ഖത്തറിലെ ഗായകര്‍ക്കൊപ്പം

അൻഷാദ് സംഗീതം നൽകിയ മരുഭൂമിയിലെ കൂട്ടുകാർ എന്ന ജനപ്രിയ ആൽബമടക്കം പത്തോളം ആൽബങ്ങളിൽ പാടിയിട്ടുണ്ട്. ഷംസീർ അബ്ദുല്ല നിർമിച്ച ഒരു കൊട്ട പൊന്നുണ്ടല്ലോ എന്ന റീമിക്‌സ് ആൽബത്തിലും മുത്തുവിന്റെ പങ്കാളിത്തമുണ്ടായിരുന്നു.

ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തറിലെ ശ്രദ്ധേയനായ മലയാളി ഗായകൻ മുത്തു കെ. ലത്തീഫ് ഹിന്ദി പാട്ടുകളുടെ തോഴനാണ്. പഴയ ഹിന്ദി ഗാനങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന മുത്തു സംഗീത വേദികളിൽ ഓളങ്ങൾ സൃഷ്ടിച്ച് ആസ്വാദക ഹൃദയങ്ങൾ കവരുമ്പോൾ സ്‌നേഹ സൗഹൃദങ്ങളുടെ വിശാലമായ ലോകമാണ് സൃഷ്ടിക്കപ്പെടുന്നത്. മനുഷ്യ മനസ്സിൽ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും അലകളുണ്ടാകുമ്പോൾ മാനസിക പിരുമുറുക്കവും സമ്മർദവും ലഘൂകരിക്കുന്ന ഉത്തമമായ ഒറ്റമൂലിയായും അനുഭവപ്പെടും. പ്രവാസത്തിന്റെ വരണ്ട നിമിഷങ്ങളെ ഹൃദയരാഗങ്ങളുടെ ഇശലുകളിൽ മനോഹരമാക്കാനാകുമെന്നതും സംഗീതത്തിന്റെ പുണ്യമാകാം.
തൃശൂർ ജില്ലയിൽ കുന്ദംകുളത്തിനടുത്ത് വടുതലയിൽ അബ്ദുൽ ലത്തീഫ് സൈബുന്നീസ ദമ്പതികളുടെ മകനായാണ് മുത്തു ജനിച്ചത്. മാതാപിതാക്കൾ സംഗീതാസ്വാദകരായിരുന്നതിനാൽ പാട്ടുജീവിതത്തിന് അനുകൂലമായ പരിസരമാണുണ്ടായിരുന്നത്. സ്‌കൂൾ കാലത്ത് കാര്യമായൊന്നും പാടാൻ ശ്രമിച്ചില്ലെങ്കിലും ദഫ് മുട്ട് പോലെയുള്ള പരിപാടികളിൽ പങ്കെടുക്കുമായിരുന്നു.
ഒരു സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ വേദിയിൽ പാടിയാണ് സംഗീത രംഗത്തേക്ക് കടന്നുവന്നത്. അന്ന് അവിടെ പാടിയ കലാഭവൻ ബാദുഷയാണ് മുത്തുവിലെ പാട്ടുകാരനെ തിരിച്ചറിഞ്ഞത്. ബാദുഷയുടെ നാട്ടിലെ ഉൽസവത്തിന് പാടാൻ ക്ഷണിച്ചു. പാട്ട് എല്ലാവർക്കും ഇഷ്ടമായി. കൊച്ചിൻ ഹീറോസ് മാനേജർ ഡെന്നിയുമായുണ്ടായ സൗഹൃദം കൂടിയായപ്പോൾ ആ ട്രൂപ്പിൽ ഒരു പാട് പാട്ടുകൾ പാടാൻ അവസരം ലഭിച്ചു.

തബല വിദ്വാൻ കിഷോർ, സൗണ്ട് എൻജിനീയർ ഇസ്മാഈൽ, ഗായകൻ അക്ബർ ചാവക്കാട് എന്നിവരും മുത്തുവിന് വേദികൾ നൽകാനും പ്രോൽസാഹിപ്പിക്കാനും കൂടെ നിന്നവരാണ്. കൊച്ചിൻ നിസരിയുടെ ബാനറിൽ നിരവധി സംഗീത പരിപാടികളിൽ പാടാൻ അവസരം ലഭിച്ചത് അങ്ങനെയാണ്. കലാഭവൻ പീറ്ററും മുത്തുവിലെ ഗായകനെ ഏറെ പ്രോൽസാഹിപ്പിച്ച കലാകാരനാണ്.

 

ചലച്ചിത്ര പിന്നണിഗായകൻ എടപ്പാൾ വിശ്വനാഥുമായി പരിചയപ്പെട്ടതാണ് മുത്തുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അദ്ദേഹത്തോടൊപ്പം കുറെ വേദികളിൽ ഹിന്ദി പാട്ടുകൾ പാടാൻ അവസരം ലഭിച്ചത് വലിയൊരു ഭാഗ്യമായാണ് കരുതുന്നത്. കൊച്ചിൻ ഹീറോസിൽ പാടുന്ന സമയത്ത് വിനീഷ് എന്ന ഗായകനാണ് ഏറ്റവുമധികം പ്രചോദനം നൽകിയതും ഹിന്ദി പാട്ടുകളാണ് തനിക്ക് ഏറ്റവും ചേരുകയെന്ന് ബോധ്യപ്പെടുത്തിയതും. അതോടെയാണ് ഹിന്ദി പാട്ടുകളോട്, വിശിഷ്യ പഴയ പാട്ടുകളോട് കമ്പം കൂടിയത്.

ഗാനമേള വേദികളിൽ സജീവമായിരുന്ന കാലത്ത് ചലച്ചിത്ര പിന്നണിഗായകരായ അഫ്‌സൽ, ഫ്രാങ്കോ, വിധു പ്രതാപ്, സിതാര തുടങ്ങിയ പലരുമായും നിരവധി വേദികൾ പങ്കിടാൻ കഴിഞ്ഞെങ്കിലും സിനിമയിൽ പാടാൻ അവസരം ഒത്തുവന്നില്ല.

2011 ൽ കുടുംബ സുഹൃത്ത് നൗഫൽ വഴിയാണ് ഖത്തറിലെത്തിയത്. വരുമ്പോൾ നിന്റെ പാട്ടുപുസ്തകവും കൂടെ കരുതിക്കോ എന്നദ്ദേഹം പറഞ്ഞത് വലിയ പ്രത്യാശ നൽകി. ദോഹയിലെത്തി രണ്ടാഴ്ച കഴിയുന്നതിന് മുമ്പ് തന്നെ ശക്കീർ അയോരയോടൊപ്പം ഒരു സംഗീത പരിപാടിയിൽ സംബന്ധിക്കാനായപ്പോൾ വലിയ സന്തോഷമായി.

അൻഷാദ് തൃശൂർ എന്ന സംഗീത സംവിധായകനുമായുള്ള സൗഹൃദം സംഗീത ജീവിതം സജീവവും ആനന്ദകരവുമാക്കി. അദ്ദേഹത്തിന്റെ ഖത്തർ ഒലീലി എന്ന ട്രൂപ്പിന്റെ ഭാഗമായി നിരവധി വേദികളും അവസരങ്ങളും ലഭിച്ചതോടെ ഖത്തറിലെ സംഗീത പ്രേമികളുടെ ഇഷ്ടഗായകരിൽ ഇടം പിടിക്കുവാൻ അധിക സമയം വേണ്ടിവന്നില്ല.

 

അനിത്തിന്റെ ഇമ്യൂസിക്കും മുത്തുവിന്റെ സംഗീത ജീവിതത്തിലെ അവിസ്മരണീയ അധ്യായമാണ്.

 ആദ്യമായി ആൽബത്തിൽ പാടിയത് 2007 ലാണ്. പിന്നീട് 98.6 ലെ രഞ്ജിത് സംഗീതം ചെയ്ത് അലൻ സ്‌കോർ ചെയ്ത ആൽബത്തിൽ കൂട്ടുകാരായ ചലച്ചിത്ര പിന്നണിഗായകരായ ഹാരിബ് ഹുസൈൻ, അജ്മൽ എന്നിവരും ജിത്തു കുന്ദംകുളം, ഹംസ പട്ടുവം എന്നിവരുമോടൊപ്പം അഹദോൻ എന്ന ആൽബത്തിലും പാടി.

അൻഷാദ് സംഗീതം നൽകിയ മരുഭൂമിയിലെ കൂട്ടുകാർ എന്ന ജനപ്രിയ ആൽബമടക്കം പത്തോളം ആൽബങ്ങളിൽ പാടിയിട്ടുണ്ട്. ഷംസീർ അബ്ദുല്ല നിർമിച്ച ഒരു കൊട്ട പൊന്നുണ്ടല്ലോ എന്ന റീമിക്‌സ് ആൽബത്തിലും മുത്തുവിന്റെ പങ്കാളിത്തമുണ്ടായിരുന്നു.

മൂന്ന് മാസത്തെ പ്രവാസത്തിന് ശേഷം തിരിച്ചുപോകാനുള്ള ടിക്കറ്റുമായാണെത്തിയത്. എങ്ങനെയെങ്കിലും പിടിച്ചുനിന്നാൽ സാംസ്‌കാരിക പരിപാടികളാൽ സജീവമായ ഖത്തറിൽ അവസരം ലഭിക്കുമെന്ന സുഹൃത്ത് കരീമിന്റെ വാക്കുകളാണ് ഇവിടെ തുടരാൻ പ്രേരകമായത്. ഇപ്പോൾ പരന്ന സൗഹൃദവും സംഗീതവും തന്നെയാണ് ഖത്തറെന്ന ഈ പുണ്യഭൂമിയെ തന്റെ ഹൃദയത്തോട് ചേർത്തുനിർത്തുന്നത്. ഹാരിബ് ഹുസൈൻ, വിനോദ് നമ്പലാട്ട്, മജീദ് പെരിന്തൽമണ്ണ, ജിത്തു കുന്ദംകുളം, ശബിത്ത്, ഹംസ പട്ടുവം, മഞ്ജു മനോജും കുടുംബവും, അരുൺ പിള്ള, പ്രകാശ്, സമീർ എന്നിവരൊക്കെ സംഗീത വഴിയിലെ സ്‌നേഹ താരകങ്ങളാണ്. ഖത്തറിലെത്തിയതു മുതൽ എല്ലാ പ്രോഗ്രാമുകളിലേക്കും എത്തിക്കാനും ഒത്താശകൾ ചെയ്യുവാനും കൂടെയുണ്ടായിരുന്ന റഫീഖ് പി.എം.ആർ, ശമി എന്നിവരെ വിസ്മരിക്കാനാവില്ല.

ഫൺ ഫാമിലി എന്ന കൂട്ടായ്മ നൽകുന്ന കരുത്തും നന്ദിയോടെ ഓർക്കാം.

അസ്മയാണ് ഭാര്യ. ഫാതൈൻ മകളാണ്.


 

Latest News