Sorry, you need to enable JavaScript to visit this website.

സെർജി ബർജുവാനെ ബാഴ്‌സയുടെ താൽക്കാലിക പരിശീലകൻ

മഡ്രീഡ്- ബാഴ്‌സലോണ ഫുട്‌ബോൾ ടീമിന്റെ ഇടക്കാല പരിശീലകനായി സെർജി ബർജുവാനെ നിയോഗിച്ചു. ബാഴ്‌സ ബി ടീമിന്റെ പരിശീലകനാണ് സെർജി. ലാലിഗയിലെ താരതമ്യേന ചെറിയ ടീമായ റയോ വയെകാനോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതിന് പിന്നാലെ കോച്ച് കൂമാനെ ബാഴ്‌സ പുറത്താക്കിയിരുന്നു. 
സെർജി ബർജുവാനെ ഇടക്കാല കോച്ചാക്കിയ വിവരം ക്ലബ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. സ്പാനിഷ് താരവും ബാഴ്‌സയുടെ മുൻ മധ്യനിര താരവുമായ സാവിയെ ബാഴ്‌സ പരിശീലകനാക്കിയേക്കും. 41-കാരനായ സാവിയുമായുള്ള ചർച്ച നടന്നുവരികയാണ്. നിലവിൽ ഖത്തറിലെ അൽ സാദിന്റെ പരിശീലകനാണ് സാവി. അൽ സാദുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമാകും സാവിയുടെ ഭാവിയെ പറ്റി ഒരു തീരുമാനം ഉണ്ടാകൂ. ബെൽജിയം പരിശീലകൻ റൊബെർട്ടോ മാർട്ടിനെസ്, അയാക്‌സിന്റെ ടെൻ ഹാഗ് എന്നിവരുടെ പേരും പരിശീലക സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും സാവിക്ക് തന്നെയാണ് ബാഴ്‌സലോണ പരിശീലക സ്ഥാനത്തേക്ക് ഏറെ സാധ്യത കൽപ്പിക്കുന്നത്.
നേരത്തെ പരിശീലക സ്ഥാനത്തേക്ക് വരുമെന്ന വാർത്തകൾ സാവി നിഷേധിച്ചെങ്കിലും ഇപ്പോൾ മുൻ താരത്തിന് പരിശീലകനാവാൻ താത്പര്യമുണ്ട്. പെപ് ഗാർഡിയോളയുടെ ബാഴ്‌സലോണ ടീമിൽ മധ്യനിര ഭരിച്ചിരുന്ന സാവി പരിശീലകനായി എത്തുന്നത് ടീമിന് പുത്തൻ ഉണർവ് നൽകും. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കൂമാൻ ബാഴ്‌സയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. സെറ്റിയൻ ബാഴ്‌സലോണ വിട്ടതിന് പിന്നാലെയായിരുന്നു ഇത്. ബയേൺ മ്യൂണിക്കിനെതിരെ 8-2 ന്റെ വമ്പൻ തോൽവിയാണ് സെറ്റിയന് പുറത്തേക്കുള്ള വഴി തുറന്നത്. ആദ്യ സീസണിൽ കൂമാന് കീഴിൽ ബാഴ്‌സലോണ കിതച്ചെങ്കിലും കോപ്പ ഡെൽ റേ കിരീടം നേടി. പീന്നീട് സൂപ്പർ താരം ലിയണൽ മെസി ക്ലബ്ബ് വിട്ടതും ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പലതാരങ്ങളെയും വിൽക്കേണ്ടി വന്നതും ബാഴ്‌സലോണയിൽ കാര്യങ്ങൾ കലുഷിതമാക്കി. കൂമാന്റെ കീഴിൽ ബാഴ്‌സലോണ 67 മത്സരങ്ങളാണ് കളിച്ചത്. 40ജയങ്ങളും 16 പരാജയങ്ങളും 11 സമനിലയും സ്വന്തമാക്കി. പുതിയ പരിശീലകൻ സെർജി ബർജുവാനെ നാളെ മാധ്യമങ്ങളെ കാണും.
 

Latest News