Sorry, you need to enable JavaScript to visit this website.

പൊള്ളിക്കുന്ന ഭാവുകത്വം


വായന
 

അകം പുറം എന്നത് വൈരുധ്യങ്ങളുടെ സൂക്ഷിപ്പു കേന്ദ്രമായി മാറിയ ലോകത്താണ് വി.എം. അരവിന്ദാക്ഷൻ ആദ്യ കവിതാ സമാഹാരത്തിന് പൊള്ള എന്ന് പേരിടുന്നത്. കാലത്തോടും സെൻസിബിലിറ്റിയോടുമുള്ള നിരന്തര കലഹം തന്നെയാണ് കവിത. സമാഹാരത്തിലെ 58 കവിതകളിൽ ഏറിയതും വിരുദ്ധങ്ങളെ ചൂണ്ടിക്കാട്ടുകയാണ്. സമൂഹത്തിന്റെ സെൻസിബിലിറ്റിയിലേക്ക് വരാത്ത ഒന്നിനെ ചൂണ്ടിക്കാട്ടുകയെന്നതാണ് അരവിന്ദാക്ഷന്റെ കാവ്യലക്ഷ്യമെന്ന് തോന്നാം. 
മരുപ്പരപ്പ് മണൽത്തരിയും കടൽ ജലബിന്ദുവും കൂരിരുളിനെ മുറിക്കുന്ന വെളിച്ചക്കീറും  മുഴക്കമായി മുറുകുന്ന വിമൂകതയും ഒറ്റയാകലും ആൾക്കൂട്ടവും അടയ്ക്കാനും തുറക്കാനുമുള്ള വാതിലിന്റെ സാധ്യതയും അകവും പുറവും ഡേർട്ടിയും കുലീനതയും ഈ കവിതകളിൽ കയറി വരുന്ന വിരുദ്ധങ്ങളാണ്. ചെറുതിനെ പഠിപ്പിക്കാനുറച്ച ഗോപാലൻമാഷ്‌ക്ക് വലിയ ഗോളം വായുവിൽ സൃഷ്ടിച്ച് ചെറുത്, ചെറുത് എന്നലറേണ്ടിവരുന്നിടത്തും ഈ വിരുദ്ധങ്ങൾ വരുന്നുണ്ട്. 


കാലത്തെ ചേർത്തു വെച്ച് മാത്രമേ ഈ കവിത വായിക്കാൻ കഴിയൂ. ഇന്ത്യൻ ജീവിതം അകപ്പെട്ടിരിക്കുന്ന പ്രശ്‌ന മേഖലകളെ കവിതയിലേക്ക് കൊണ്ടുവരുന്നുണ്ട് പലേടത്തായി കവി. 'ഒരു രാസ ലായനിക്കും അണുവിമുക്തമാക്കാനാവാത്ത ദുഷിച്ച വൃത്താന്ത ലഹള' യാണ് പത്രം വിളമ്പുന്നത്. 'വിണ്ടു കീറിയ ഒരു ചോദ്യചിഹ്‌ന'ത്തിൽ തിരിച്ചുവരാത്ത ഇടയൻ ഇന്ത്യയിൽ ഗോക്കളുടെ പേരിൽ കൊന്നു തള്ളുന്ന മനുഷ്യരെ പറ്റി തന്നെയാണ്. വായ്ത്തല തിളങ്ങിയ ആൾക്കൂട്ടപ്പെരുമഴയിൽ ഉരിഞ്ഞുപോയ നിലവിളി നാടിന്റെ  പെരും വിളിയാണ്. വെറുപ്പിന്റെയും നുണയുടെയും  പെരും ഭാണ്ഡങ്ങളുമായി നടക്കുന്നവർ യഥാർഥത്തിൽ കാണേണ്ടത് റൊട്ടി കിട്ടാതെ തെരുവിൽ തളർന്നിരിക്കുന്ന മനുഷ്യന്റെ രോദനവും കാണേണ്ടത് വയലിലെ തുന്നിക്കൂട്ടിയ ചെരുപ്പിലെ ചോരക്കറയുമാണ്. ഇതൊന്നും ഒരു ചോദ്യചിഹ്നം പോലും ആകാതെ പോകുന്നതിന്റെ ഖിന്നത കവി പങ്കു വെക്കുന്നു. 


താരാട്ടിന് പകരം അപരനെ വെറുക്കാൻ പഠിപ്പിക്കുന്ന ഇന്നിന്റെ പ്രത്യയശാസ്ത്രമാണ് ആർക്കുനേർ എന്ന കവിതയിൽ. തോക്കിലെ ആദ്യ വെടിയുണ്ട പാഞ്ഞത് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്കാണെന്ന് ധ്വനിപ്പിക്കുന്നു. വിത്ത് എന്ന വാക്ക് പലേടത്തായി കടന്നു വരുന്നു. എത്ര മണ്ണിട്ടു മൂടിയാലും മുളയ്ക്കുന്നുണ്ട് വിത്തുകൾ എന്നും ഹരിത സ്വപ്‌നങ്ങളെയുള്ളിലൊളിപ്പിച്ചിട്ട് മുളപൊട്ടീടാൻ തുടിച്ചീടുന്ന വിത്തുപോലെ എന്നും ഉടലുപൊട്ടിപ്പിളർന്നുയിരു കൊടുത്തൊരു വിത്തിന് മാത്രമെല്ലാമറിയാമായിരുന്നുവെന്നും എന്നും അരവിന്ദാക്ഷൻ എഴുതുന്നു. 


തന്റെ തന്നെ ഉള്ളിൽ തിളക്കുന്ന അരുതായ്മകളെ ആവാഹിച്ചു കളയുന്ന ആഭിചാര ക്രിയയാണ് എഴുത്തെന്ന് പ്രശസ്ത കവികൾ നിരീക്ഷിച്ചിട്ടുണ്ട്. അകവും പുറവും എന്ന ദ്വന്ദം ഈ നിലയിലാണ് കവിതയിൽ കടന്നുവരുന്നത്. പുറത്തു കാണുന്നത് അകത്തില്ലാതാവുന്നതാകലാണല്ലോ  പൊള്ളയാവൽ. മരുന്നിന്  പോലും കുറുക്കനുണ്ടാവില്ലെന്ന് കരുതി കുറുക്കൻമല കയറിയെത്തിയപ്പോൾ കണ്ടത് കുറുക്ക മഹാ സമുദ്രം. അന്നു മുതൽ അതിൽ കൂടി കൂവാൻ തുടങ്ങുകയാണ്. കുറുക്കനെ വാഴ്ത്തിപ്പാടാൻ ഒരുങ്ങുകയാണ്. എത്ര ഞാൻ തിരഞ്ഞിട്ടും കാണുന്നില്ലേയെൻ പുറം എന്ന് കവി വിലപിക്കുമ്പോൾ അകം പൊള്ളയായ തീപ്പെട്ടിക്കൂട് മതി പുതിയ തലമുറയ്ക്ക് എന്നും നിരീക്ഷിക്കുന്നുണ്ട്. ഈ പൊള്ളത്തരത്തെ പൊള്ളിക്കുകയാണ് ഷക്കീല എന്ന നടി. പിന്നെ പൊള്ളിച്ചു നീ നിന്റെ കണ്ണീരു തീർത്ത വെന്ത നക്ഷത്രത്തുണ്ടുകളാൽ ഞങ്ങളുടെ ഹൃത്തടം എന്നെഴുതി മലയാളിക്ക് വേണ്ടി സത്യവാങ്മൂലം സമർപിക്കുകയാണ് കവി. 
ഹൈക്കു സ്വഭാവത്തിലുള്ള വരികളും ഈ സമാഹാരത്തിൽ കുറവല്ല. ചിലതിന് പാരഡി സ്വഭാവവുമുണ്ട്. 
'ഒറ്റയാവുകയെന്നാൽ
ഒറ്റക്കാവുകയേ അല്ല'   (ഒറ്റ മരം)
'ഇവിടെയുണ്ടായിരുന്നു ഞാനെന്നതി-
നൊരു വെറും ലൈക്കുമാത്രം മതി' (ലൈക്ക്)

കാവ്യഭാഷയിലും കവി ചിലത് ചേർത്തുവെക്കുന്നു. പ്രഭാതത്തിലെ പാരായണത്തിനെടുത്ത പത്രത്തിലെ കൊടുങ്കാടുകളെ കുറിച്ച് പറഞ്ഞുവന്ന കവിത അങ്ങനെയാണ് ആ മഴ തോർന്നത് എന്ന മട്ടിൽ അവസാനിപ്പിച്ചു കളയും. ഒരിക്കൽ പോലും സൂത്രക്കണ്ണോടെ പതിയിരുന്നിട്ടില്ല, ഒരു മുന്തിരിക്കും ഉയർന്നു ചാടിയിട്ടില്ല... എന്നിങ്ങനെ പതിവ് കാവ്യഭാഷയിലെഴുതുന്നതിനിടെ ഒരു 'നായ്ക്കുറുക്കനെയും കഴുതപ്പുലിയെ കുറിച്ചു പറയുന്നതിനിടെ കൊനുഷ്ടിനെയും ലോക്ഡൗണിനെയുമെല്ലാം അവതരിപ്പിച്ചു അമ്പരപ്പിക്കും.  

പൊള്ള (കവിതാ സമാഹാരം)
പേജ് 88
ലോഗോസ് ബുക്‌സ് 
വില 120 രൂപ 


 

Latest News