Sorry, you need to enable JavaScript to visit this website.

മാഹി: ഫ്രഞ്ച് പോരാട്ടത്തിന്റെ വിപ്ലവഭൂമി 

മാഹി ഗവ.ഹൗസ്                
മാഹി മുനിസിപ്പൽ ഓഫീസ്    
മാഹി റെയിൽവെ സ്റ്റേഷൻ        
മാഹി സെന്റ് തേരാസാസ് പള്ളി
മാഹി പ്രദേശം ഒരു ആകാശ ദൃശ്യം    

ഇന്തോ- ഫ്രഞ്ച് സംസ്‌കൃതിയുടെ അമൂല്യശേഷിപ്പുകളുടെ കഥ


കേവലം ഒമ്പത് ചതുരശ്ര അടി മാത്രം  വിസ്തീർണ്ണമുള്ള മാഹി കേരളക്കാർക്ക് എന്നും ഒരു വിസ്മയം തന്നെയാണ്. വിഖ്യാത നോവലിസ്റ്റ് എം. മുകുന്ദന്റെ  നോവലിലൂടെ പ്രസിദ്ധമായ മയ്യഴിപ്പുഴയുടെ തീരത്തിലൂടെ നടക്കാൻ ആരും ഒന്ന് കൊതിച്ചു പോകും. അവിടെയും ഇവിടെയുമായി മുറിഞ്ഞ് കിടക്കുന്ന പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി ഒരു കാലത്ത് മദ്യപൻമാരുടെ പറുദീസയായിരുന്നു. ഈ കൊച്ചു നഗരത്തിൽ 65 ഓളം ബാറുകളാണ് പ്രവർത്തിച്ചു വരുന്നത.്  നികുതിയിനത്തിലെ വ്യത്യാസം കൊണ്ട്  വീട് നിർമ്മാണ സാമഗ്രികളും മറ്റ് ഇലക്ട്രിക്ക് ഉൽപന്നങ്ങളും തേടി കേരളത്തിലെ അതിർത്തി ജില്ലകളിൽ നിന്ന് ജനം ഒഴുകിയെത്തിയ കാലവും മാഹിക്കാർക്ക് ഇന്ന് ഓർമ്മ മാത്രമാണ്. ഇന്ത്യയിലെ ചെറു പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ സാക്ഷരത നേടിയ സ്ഥലമെന്ന ബഹുമതിയും ഈ കൊച്ചു മയ്യഴിക്ക് സ്വന്തമാണ്. ഈ ചരിത്ര പട്ടണത്തിന്  എണ്ണിയാലൊടുങ്ങാത്ത ഒരുപാട് പോരാട്ടങ്ങളുടെ കഥകൾ പറയാനുണ്ട.് 

 

ഫ്രഞ്ചുകാരുടെ വരവിനു ശേഷമാണ് മാഹി ചരിത്രത്തിലിടം നേടുന്നത.് 1721 ലാണ് മാഹിയിൽ ഫ്രഞ്ചു ചരിത്രത്തിന് തുടക്കം കുറിക്കുന്നത.് ബ്രിട്ടീഷുകാരുമായി കച്ചവടത്തിൽ മത്സരിക്കാൻ ഭദ്രമായ കേന്ദ്രം എന്ന നിലയിലാണ് ഫ്രഞ്ചുകാർ മാഹിയെ തെരഞ്ഞെടുത്തിരുന്നത.് അക്കാലത്ത് മയ്യഴിയുടെ അധിപൻ വടകര വാഴുന്നോരായിരുന്നു.17-ാം നൂറ്റാണ്ടു വരെ കോലത്തിരിയുടെ മേൽക്കൊയ്മ അംഗീകരിച്ചിരുന്ന വടകര വാഴുന്നോരെ കടത്തനാട്ട് രാജാവ് എന്ന് വിളിച്ചിരുന്നു. ഫ്രഞ്ചുകാർ ആദ്യം 1670 ൽ തലശ്ശേരിയിൽ കോട്ടസ്ഥാപിച്ചു. എന്നാൽ തലശ്ശേരിയിൽ തമ്പടിച്ച ഇംഗ്ലീഷുകാരുമായി മത്സരിക്കാൻ ഫ്രഞ്ചുകാർക്കായില്ല.തുടർന്ന് 1720ൽ തലശ്ശേരിക്കും മാഹിക്കും മധ്യേയുള്ള പുന്നോലിൽ പാണ്ടികശാല പണിതു. അവിടെയും കച്ചവടം ശോഭിപ്പിക്കാൻ ഫ്രഞ്ചുകാർക്ക് സാധിക്കാതെ പോയി. തുടർന്നാണ് മാഹിയിലേക്ക് ഫ്രഞ്ച് കുടിയേറ്റമുണ്ടായത.് 
സെങ്-ലൂയി എന്ന കപ്പലിൽ മാഹിയിലെത്തിയ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധിയായ മൊല്ലന്തേനെ മയ്യഴിയുടെ അധിപനായ വടകര വാഴുന്നോർ സ്വീകരിച്ചു. 1722 ൽ വാഴുന്നോരുടെ അനുമതിയോടെ ഫ്രഞ്ചുകാർ ഒരു കോട്ടയും പാണ്ടികശാലയും പണിതു. ആദ്യമായി  മാഹി ചെറു കല്ലായിലാണ് സെന്റ് ജോർജ്ജ് എന്ന പേരിൽ  കോട്ട പണിതത്. അതിനു ശേഷമാണ് ഭീമാകാരമായ ഫോർട്ട് മാഹി പണിതത്. എന്നാൽ ഇംഗ്ലീഷുകാരുമായുള്ള യുദ്ധത്തിൽ ഈ കോട്ട നിലംപൊത്തി.


വാഴുന്നോരുമായി വാണിജ്യ ഉടമ്പടിയുണ്ടാക്കി ഫ്രഞ്ചുകാർ താമസിയാതെ മയ്യഴി പിടിച്ചെടുക്കുകയായിരുന്നു. ഇതിന് അവർ പറഞ്ഞ ന്യായം വാഴുന്നോർ ഉടമ്പടി തെറ്റിച്ചെന്നായിരുന്നു. അന്നത്തെ കരാറനുസരിച്ച് വടകര ഉൾപ്പെടെയുള്ള കടത്തനാട്ടിലെ മുഴുവൻ കുരുമുളകും ഫ്രഞ്ചു കമ്പനിക്ക് വിൽക്കാൻ വാഴുന്നോർ ബാധ്യസ്ഥനായിരുന്നു. ഇത് ഇംഗ്ലീഷുകാർക്ക്  ദഹിച്ചില്ല. അവർ വാഴുന്നോരുടെ അധികാര പരിധിയെക്കുറിച്ച് ആരോപണം ഉന്നയിച്ചു. ഫ്രഞ്ചുകാർക്ക് വിട്ടു കൊടുത്ത സ്ഥലം കോലത്തിരി രാജാവിന്റെതാണെന്നും അത് ഇംഗ്ലീഷുകാർക്ക് പണ്ട് കോലത്തിരി വിട്ടുകൊടുത്തതാണെന്നുമായിരുന്നു അവരുടെ അവകാശവാദം. ഇതിനെ കോലത്തിരി പിൻതുണക്കുകയും ചെയ്തു. തുടർന്ന് വാഴുന്നോരെ പാട്ടിലാക്കി ഇംഗ്ലീഷുകാർ 1725 ഫെബ്രുവരി 17ന് പുതിയ ഒരു ഉടമ്പടിയിൽ ഒപ്പ് വെച്ചു.ഇത് ഫ്രഞ്ചുകാരുമായുണ്ടാക്കിയ കരാറിന്റെ ലംഘനം കൂടിയായിരുന്നു.
തുടർന്ന് വാഴുന്നേരെ കോലത്തിരിയുടെ നായർപ്പട ആക്രമിച്ചു. ഫ്രഞ്ചുകാർക്ക്  മാഹിയിൽനിന്ന് പിൻവാങ്ങേണ്ട അവസ്ഥ വന്നു. മയ്യഴിയെ സംബന്ധിച്ച് ഫ്രഞ്ചുകാർ ഒരു കീഴടങ്ങലിന് തയ്യാറായില്ല. അവർ 1725 ൽ വാഴുന്നോർക്കെതിരെ യുദ്ധം ചെയ്ത് മയ്യഴി കീഴടക്കുകയായിരുന്നു.

ഇംഗ്ലീഷുകാരുടെ കൈവശമുണ്ടായിരുന്ന തലശ്ശേരിയുടെ ഔട്ട്‌പോസ്റ്റ്ുകളിൽ നിന്നും അടുത്തായി നിലകൊണ്ടാണ് മയ്യഴിയിൽ ഫ്രഞ്ചുകാർ സ്ഥാനമുറപ്പിച്ചത.് ഇംഗ്ലീഷുകാരെ എന്നും ഭയപ്പെടുത്തി.തുടർന്ന് അവർ ഫ്രഞ്ചുകാരുമായി സന്ധിയിലും കരാറിലും ഏർപ്പെട്ടു.1728 മാർച്ച് ഒമ്പതിന് കുരുമുളകിന്റെ വിലയിൽ അവർ ധാരണയിലെത്തുകയും അതിന്റെ വില നിയന്ത്രിക്കാൻ സാധിക്കുകയും ചെയ്തു.അങ്ങിനെ തലശ്ശേരിയിൽ ഇംഗ്ലീഷുകാരും മയ്യഴിയിൽ ഫ്രഞ്ചുകാരും കച്ചവടം തുടരുകയായിരുന്നു.

 

1761ൽ യൂറോപ്പിൽ ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ യുദ്ധം ആരംഭിച്ചത് കേരളത്തിലും ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കി. മയ്യഴിയിലെ ഫ്രഞ്ചുകാരോട് കീഴടങ്ങാൻ ഇംഗ്ലീഷ് മേധാവി തോമസ് ഹോഡ്ജ് ആവശ്യപ്പെട്ടു. 1761 ഫെബ്രുവരി ആറിന് ഫ്രഞ്ചുകാർ ചില വ്യവസ്ഥകളോടെ ഇംഗ്ലീഷുകാർക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് രണ്ട് വർഷത്തോളം ഇംഗ്ലീഷുകാരും മാഹി ഭരിച്ചു.1763 ലെ പാരീസ് സമാധാന ഉടമ്പടി വരുന്നത് വരെ അവർ മാഹിയിൽ തന്നെ തങ്ങി. വീണ്ടും വർഷങ്ങൾക്ക് ശേഷം അവർ മയ്യഴി കീഴടക്കി. മയ്യഴി പിന്നീട് തിരികെ ലഭിക്കാൻ 1785 വരെ ഫ്രഞ്ചുകാർക്ക് കാത്തിരിക്കേണ്ടി വന്നു. എന്നാൽ ഇംഗ്ലീഷുകാർ ഒരിക്കൽ കൂടി മാഹിയെ ആക്രമിച്ചു. പിന്നീട് 1817ൽ മാത്രമാണ് ഫ്രഞ്ചുകാർക്ക് മയ്യഴി തിരികെ ലഭിച്ചത.് 54 ജൂലൈ 16നാണ് മയ്യഴി സ്വതന്ത്രയായത.് 
മയ്യഴിയുടെ ഫ്രഞ്ച് ബന്ധം ഒരിക്കലും മനസിൽനിന്ന് മായ്ക്കാനാവാത്ത ചിലരെങ്കിലും ഇന്നും മയ്യഴിയിൽ ജീവിക്കുകയാണ്. അതേ ഫ്രഞ്ച് പൗരൻമാരായി തന്നെ. ഫ്രഞ്ചുകാർ മയ്യഴി വിടുമ്പോൾ നാട്ടുകാർക്ക് പൗരത്വം തെരഞ്ഞെടുക്കാൻ അവസരം നൽകിയിരുന്നു. അന്നത് വളരെ സമർത്ഥമായി ഉപയോഗിച്ചവർ പിന്നീട് ഫ്രഞ്ച് പൗരൻമാരായി പരിണമിച്ചു. ഫ്രാൻസിൽ ഉദ്യോഗം നോക്കി തിരിച്ചെത്തിയപ്പോൾ മോഹിപ്പിക്കുന്ന ഫ്രഞ്ച് പെൻഷനും ഇവർക്ക് ലഭിച്ചു. അങ്ങനെയുള്ളവരുടെ മക്കളും ഫ്രാൻസിൽ പൗരത്വം നേടാൻ മറന്നില്ല. മാഹിയിൽ 32 കുടുംബങ്ങളിൽ 150 ഓളം ഫ്രഞ്ച് പൗരൻമാരുണ്ട്. 

ഴാം ഴാക്ക് ദാനിയൽ ബൊയ്യേയും,  വടുവൻകുട്ടി വക്കീലുമിരുന്ന 'മയ്യഴി മെറി'യിലെ മേയർ കസേരയിൽ  ഇത്തവണ ചരിത്രത്തിലാദ്യമായി ഒരു വനിതാ മേയറെത്തുമെന്ന പ്രതീക്ഷയിലായിരുന്നു മയ്യഴിക്കാർ. എന്നാൽ കോടതിയുടെ ഇടപെടലിനെ തുടർന്ന് ഇവിടുത്തെ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാണ്, 141 വർഷത്തെ നഗരസഭയുടെ ചരിത്രം തിരുത്തുന്ന ഒരു തെരഞ്ഞെടുപ്പിനായി മയ്യഴി ജനത കാത്തിരിക്കുകയാണ്.
 
നഗരസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ഓരോ വോട്ടർക്കും രണ്ട് വോട്ടുണ്ടാവും. ഒന്ന് ചെയർമാനും മറ്റൊന്ന് വാർഡംഗത്തിനും. കേരളത്തിൽനിന്ന് വ്യത്യസ്തമായി നഗരസഭാധ്യക്ഷയെ വോട്ടർമാർ നേരിട്ടാണ് തെരഞ്ഞെടുക്കുക. ജനാധിപത്യമെത്തിയ ഫ്രഞ്ച് വിപ്ലവത്തിനുശേഷമാണ് മയ്യഴിയടക്കമുള്ള കോളനികളിൽ ഫ്രഞ്ചുകാർ ജനാധിപത്യ ഭരണസംവിധാനം ഏർപ്പെടുത്തുന്നത്. 1791ൽ ഴാം ഴാക്ക് ദാനിയൽ ബൊയ്യേ മേയറായ 'മെറി '(നഗരസഭ) പ്രവർത്തിച്ചതായി ചരിത്രരേഖകളുണ്ട്. എന്നാൽ 1880ൽ പുതുച്ചേരിയിലും മാഹിയിലും രൂപീകരിച്ച  മെറിക്കാണ് പ്രഥമ നഗരസഭയെന്ന ഔദ്യോഗിക സ്ഥാനം. പുന്ന രാമോട്ടി, ഗോപാലൻ വക്കീൽ, സഹദേവൻ വക്കീൽ, വടുവൻകുട്ടി വക്കീൽ, മേയർ സുകുമാരൻ എന്നിവരാണ് ഫ്രഞ്ച് മയ്യഴിയിലെ ആദ്യകാല മലയാളി മേയർമാർ.

 


 
ഫ്രഞ്ച് ഡിക്രി അനുസരിച്ച് മേയർക്ക് വിപുലമായ അധികാരങ്ങളായിരുന്നു. ഒന്നാംക്ലാസ് മജിസ്ട്രേറ്റായ മേയർക്ക് ക്രമസമാധാന പ്രശ്നംവരുമ്പോൾ വെടിവയ്പ്പിന് ഉത്തരവിടാനും അധികാരമുണ്ടായിരുന്നു. 1881 മാർച്ച് 12ന്റെ ഡിക്രി അനുസരിച്ച് പ്രവർത്തിച്ച മയ്യഴി മെറിയിൽ 1974ലാണ് ഇന്ത്യൻ മുനിസിപ്പൽ ആക്ട് ബാധകമാക്കിയത്. അതോടെ മെറിയും മേയറുംപോയി മുനിസിപ്പാലിറ്റിയും ചെയർമാനും വന്നു. സ്വാതന്ത്ര്യാനന്തരം മയ്യഴിയിൽ വളവിൽ കേശവൻ, വി. എൻ പുരുഷോത്തമൻ എന്നിവരും മേയർമാരായിരുന്നു. ആറുവർഷമായിരുന്നു മെറിയുടെ കാലാവധി. 1880 മുതൽ 1946 വരെ ആറുവർഷത്തെ ഇടവേളയിൽ ഫ്രഞ്ചുകാർ പതിനൊന്ന് തെരഞ്ഞെടുപ്പ് നടത്തി. വിമോചനത്തിന് ശേഷം മാഹിയിൽ  ആകെ നടന്നത് നാല് തെരഞ്ഞെടുപ്പ് മാത്രമാണ്.
നേരത്തെ പള്ളൂർ, മാഹി എന്നീ നിയമസഭാ മണ്ഡലങ്ങൾ മാഹി മേഖലയിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ രണ്ടും കൂടി ലയിപ്പിച്ച് ഒറ്റ നിയമസഭാ മണ്ഡലമാക്കി. നിലവിൽ കോൺഗ്രസിലെ രമേശ് പറമ്പത്താണ് മയ്യഴിയിലെ നിയമസഭാംഗം. ഐ.കെ കുമാരൻ, വി.എൻ പുരുഷോത്തമൻ, ടി.കെ ചന്ദ്രശേഖരൻ, അഡ്വ.എൻ.കെ സചീന്ദ്രനാഥ്, കെ.വി രാഘവൻ,സത്യാനന്ദൻ, എ.വി ശ്രീധരൻ, ഇ.വത്സരാജ്, ഡോ.വി.രാമചന്ദ്രൻ തുടങ്ങിയവരായിരുന്നു നേരത്തെ മാഹി മേഖലയെ പ്രതിനിധീകരിച്ചവരിൽ പ്രമുഖർ. 

 

 ചരിത്രത്തിൽ മറ്റൈാരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത സവിശേഷതകൾ കൊണ്ട് നിറഞ്ഞതാണ് മയ്യഴി. മയ്യഴിയുടെ പ്രശസ്തിക്ക് കാരണം ഒന്ന് അതിന്റെ ചരിത്രം ഇന്നും ജീവിക്കുന്നുണ്ടെന്നത് തന്നെയാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസനേയും ചന്ദ്രികയെയും തിരഞ്ഞ് അന്യദേശക്കാർ പോലും ഇന്നും ഇവിടെയെത്തുന്നത്  ചരിത്രം പൊടിപിടിച്ച് കിടക്കാതെ എന്നും ഇവിടെയെഴുതപ്പെടുന്നത്  കൊണ്ട് മാത്രമാണ് .ആവില മാതാവ് മയ്യഴിയമ്മയായി മാറിയതും ഈ ദേശത്തിന്റെ മറ്റൊരു നിയോഗമാണ്. മാഹി സെന്റ് തേരാസാസ് പള്ളിയിലെ ദർശന പുണ്യം തേടാൻ സ്വദേശത്തു നിന്നും വിദേശത്തു നിന്നുമായി നാനാജാതി മതസ്ഥർ ഇന്നും  ഈ കൊച്ചു പട്ടണത്തിലെത്തുകയാണ്. ഇന്തോ-ഫ്രഞ്ച് സംസ്‌കൃതിയുടെ അമൂല്യശേഷിപ്പുകളാണ് മാഹിയെ മാഹിയാക്കി ഇന്നും നിലനിർത്തുന്നത്. 

 

Latest News