Sorry, you need to enable JavaScript to visit this website.

സ്‌നേഹവിനിമയങ്ങളുടെ മാനവികത

നജ്ല

നിറയെ വ്യത്യസ്തമായ കഥാപാത്രങ്ങൾ, അവർക്കോരുത്തർക്കും യോജിച്ച ജീവിത പശ്ചാത്തലങ്ങൾ, അവയിലേക്ക് ചേർത്ത് നിർത്തി അതി മനോഹരമായി ചിത്രീകരിക്കുന്ന പ്രകൃതി ദൃശ്യങ്ങൾ, പ്രകൃതി പോലെ സുന്ദരവും ലളിതവുമായ ഭാഷ ഇതൊക്കെയാണ് സൈറ എന്ന കഥാസമാഹാരത്തിന്റെ പ്രത്യേക സവിശേഷതകൾ.
മഴകൊണ്ടവൾ എന്ന പേരിൽ കുഞ്ഞു വാക്കുകളിൽ വലിയ വലിയ ആശയങ്ങൾ പറയുന്ന നജ്‌ല പുളിക്കൽ രചിച്ച 16 കഥകളുടെ സമാഹാരമാണ് സൈറ. നജ്‌ലയുടെ ആദ്യ പുസ്തകം. ഒരു എഴുത്തുകാരിയുടെ ആദ്യ പുസ്തകം എന്ന നിലയിൽ നോക്കുമ്പോൾ പൊതുവെ കണ്ടേക്കാവുന്ന ബാലാരിഷ്ടതകളൊന്നും തന്നെ സൈറയിൽ വായനക്കാർക്ക് കണ്ടെത്താൻ കഴിയില്ല. എന്നാൽ ഈ പുസ്തകം നജ്‌ലയുടെ ഏറ്റവും മികച്ച പുസ്തകമാണെന്ന് പറയാനാവില്ല. കാരണം സൈറക്കു ശേഷം നജ്‌ല രചിച്ച കഥകൾ പലതും സൈറയിൽ രേഖപ്പെട്ട കഥകളേക്കാൾ മനോഹരങ്ങളാണ്. അതാകട്ടെ, അനുഭവങ്ങളും പരിശ്രമങ്ങളും വഴി കഥാകാരി തന്നെത്തന്നെ കൂടുതൽ മെച്ചപ്പെടുത്തുന്നു എന്നതിന്റെ വ്യക്തമായ തെളിവുമാണ്.


നമുക്കു ചുറ്റും സാധാരണ കാണുന്ന മനുഷ്യരെയും സാഹചര്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചെടുത്ത് കഥാപാത്രങ്ങളും കഥകളുമാക്കി മാറ്റുന്ന തന്ത്രമാണ് ഈ കഥകളിലെമ്പാടും സ്വീകരിക്കപ്പെട്ടിട്ടുള്ളത്. അതിനാൽ തന്നെ വായിക്കുന്ന ഓരോരുത്തർക്കും ചുമ്മാ വായിച്ചു തള്ളാൻ കഴിയാതെ പോകുന്നു ഈ കഥകൾ. മറിച്ച് ചില കഥകൾ താൻ തന്നെയാണെന്നും മറ്റു ചില കഥാപാത്രങ്ങൾ തനിക്കറിയുന്ന; തന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന ചിലരാണെന്നും ഓരോ വായനക്കാരനും വായനക്കാരിയും സ്വയം വിശ്വസിച്ചു പോകുന്നു. അതിനാൽ തന്നെ വായനക്കു ശേഷവും പെട്ടെന്നൊന്നും ഒഴിഞ്ഞു മാറാത്ത ഒരു വേദന ഉള്ളിൽ അവശേഷിക്കുന്നു. അങ്ങനെ, പഠനവും പുറംലോകവുമായുള്ള ബന്ധവുമെല്ലാം വിവാഹത്തോടെ ഇടക്കുവെച്ച് മുറിഞ്ഞ ഓരോ പെൺകുട്ടിയും 'പേറ്' എന്ന കഥ വായിക്കുമ്പോൾ അറിയാതൊന്ന് കണ്ണു നിറക്കുന്നു. ഓരോ ജോലിക്കാരികളായ വീട്ടമ്മമാരും 'അരിക് മൊരിഞ്ഞ ദോശകൾ' മറിച്ചിടാൻ മറന്ന് നെടുവീർപ്പിടുന്നു.

 


നൊസ്റ്റാൾജിയ സൂക്ഷിച്ചു വെച്ച കൂടകളാണ് ഓരോ മലയാളിയുടെയും മനസ്സുകളെന്ന് കൃത്യമായി മനസ്സിലാക്കി, വായനക്കാരുടെ ആ വികാരത്തെ കൃത്യമായി ഉണർത്തിയെടുക്കുന്ന രീതി ഈ കഥകളിൽ ഒരുപാടിടങ്ങളിൽ കാണാം. 'സൂറാബി എന്ന ഹൂറി' വായിക്കവെ ഓരോ വായനക്കാരനും 'കിഴക്കോട്ടുള്ള ഇടവഴി കുത്തനെയിറങ്ങി' പഴയ സ്‌കൂളിലെ ഉയരമില്ലാത്ത ബെഞ്ചിൽ ചെന്നിരിക്കുന്നതും 'ഒറ്റമുലച്ചി'ക്കൊപ്പം കാവിലെ ഉത്സവപ്പിറ്റേന്ന് അയലോത്തെ ഏതെങ്കിലും ചക്കിച്ചേച്ചിയോ ലക്ഷ്‌മ്യേച്ചിയോ മാള്വേച്ചിയോ കൊണ്ട് തന്ന ചോപ്പും മഞ്ഞയും ചോക്കുമിഠായി തിന്നുന്നതുമെല്ലാം നൊസ്റ്റാൾജിയയെ ആ കൂട തുറന്ന് പുറത്തു വിടുന്ന സൂത്രപ്പണിയുടെ ഫലമായാണ്.


ഈ കഥകളിൽ അങ്ങിങ്ങോളം ഒട്ടും പിശുക്കില്ലാതെ വാരിയെറിയപ്പെട്ടിട്ടുള്ള വിഭവങ്ങൾ രണ്ടു തരത്തിലുള്ളവയാണ്. അവയിൽ ഒന്ന് പ്രകൃതിയുടെ വർണ്ണനകളാണ്. 
'കോഴിപ്പൂവുകളും കാട്ടുചെടികളും അതിരിട്ട ഇടവഴിയുടെ മറുഭാഗത്ത് കാട്ടുതെച്ചിയും ചേരിക്കായകളും ഇടവിട്ട് വളർന്നിരിക്കുന്നു.' (ഒറ്റമുലച്ചി)
'കുലകുലയായി പച്ചയായും പഴുത്തും നിൽക്കുന്ന അധികം ഉയരമില്ലാത്ത ആശാരിപ്പുളിമരത്തിന്റെ ചാഞ്ഞ് കിടക്കുന്ന കൊമ്പിൽ നിന്ന് കൈനീട്ടി പുളിങ്കുലകൾ പറിച്ചെടുത്ത് ആദിക്കൊപ്പം ഞാനും കഴിച്ചു.' (കോലുമിഠായി)


ഇത്തരത്തിൽ ഓരോ കഥയിലും സാഹചര്യത്തിന് അനുയോജ്യമായ വിധത്തിൽ ചേർക്കാൻ കഴിയുന്നിടത്തെല്ലാം പ്രകൃതിയെ വിസ്തരിച്ചു തന്നെ ചേർത്തു വെക്കുന്നു. കഥകളിൽ യഥേഷ്ടം ഉപയോഗിച്ചിട്ടുള്ള രണ്ടാമത്തെ കൂട്ട് വേദനകളും സ്‌നേഹത്താലുള്ള മുറിവുകളുമാണ്. അവയെ കുറിച്ച് 'സ്‌നേഹം കിട്ടാനും കൊടുക്കാനുമുള്ള മാനവികമായ ഒരു അലച്ചിൽ ഈ കഥകളുടെ പൊതു മുദ്രയെന്നു പറയാം' എന്ന് അവതാരികയിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞിരിക്കുന്നു. 2019 ൽ ആദ്യപതിപ്പായി പുറത്തിറങ്ങിയ സൈറയിൽ എൺപത്തിനാല് പേജുകളിലായി പതിനാറു കഥകളാണുള്ളത്. 85 രൂപയാണ് വില. 'പേജ് ഇന്ത്യ'യാണ് പ്രസാധകർ.

Latest News